|
ലക്ഷ്മണിന്റെ വിടവാങ്ങല്‍ വിരുന്നിന് ധോനിയെ ക്ഷണിച്ചില്ല
Posted on: 23 Aug 2012
ഹൈദരാബാദ്: വിരമിക്കലിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിന് വീട്ടിലൊരുക്കിയ വിരുന്നിലേക്ക് വി.വി.എസ്.ലക്ഷ്മണ്‍ ടീം ക്യാപ്റ്റന്‍ ധോനിയെ ക്ഷണിച്ചില്ല. ലക്ഷ്മണും ധോനിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവവും. വിരമിക്കലിനെ സംബന്ധിച്ച് ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ലെന്ന ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് തന്റെ വീട്ടിലേക്ക് ധോനിയെ ക്ഷണിക്കേണ്ടെന്ന ലക്ഷ്മണിന്റെ തീരുമാനം.
ഹൈദരാബാദിലെ മണികോണ്ടയിലെ വീട്ടിലാണ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കായി ലക്ഷ്മണ്‍ വിരുന്നൊരുക്കിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വിരുന്നിനെത്താതിരുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ ധോനി തന്നെയാണ് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത്.
വി.വി.എസ്.ലക്ഷ്മണിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം ക്രിക്കറ്റ് ബോര്‍ഡിന്റെയും സെലക്ടര്‍മാരുടെയും മോശം സമീപനത്തോടുള്ള പ്രതിഷേധമാണെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു. ന്യൂസീലന്‍ഡിനെതിരെയുള്ള പരമ്പര തന്റെ വിടവാങ്ങല്‍ പരമ്പരയായിരിക്കുമെന്ന് ലക്ഷ്മണ്‍ കരുതിയിരുന്നില്ല. എന്നാല്‍, ടീം പ്രഖ്യാപിച്ചതിനുശേഷമാണ് സെലക്ടര്‍മാര്‍ ഇക്കാര്യം ലക്ഷ്മണിനെ അറിയിച്ചത്. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന ലക്ഷ്മണിന് ഇതുള്‍ക്കൊള്ളാനായില്ലെന്നും അതുകൊണ്ടാണ് പരമ്പരയ്ക്കുനില്‍ക്കാതെ അദ്ദേഹം വിരമിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
വിരമിക്കലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധോനിയുമായി ബന്ധപ്പെടാനായില്ല എന്ന പരാമര്‍ശത്തിനും ക്യാപ്റ്റന്‍ വിശദീകരണം നല്‍കി. എല്ലായ്‌പ്പോഴും ഫോണില്‍ കിട്ടുന്ന ഒരാളല്ല താനെന്ന് അടുപ്പമുള്ളവര്‍ക്കൊക്കെ അറിയാമെന്നും അതുതന്നെ ശീലമായിപ്പോയെന്നുമാണ് ധോനി പറയുന്നത്. ഇതില്‍ വിവാദമാക്കാനൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. ലക്ഷ്മണ്‍ പെട്ടെന്ന് വിരമിക്കാനുണ്ടായ കാരണം ലക്ഷ്മണിനോടുതന്നെ ചോദിക്കാനും ധോനി ആവശ്യപ്പെട്ടു.
|
|
Other stories in this section:
|
|