|
മാഞ്ചസ്റ്ററിന് 'സ്റ്റാര്‍ട്ടിങ് ട്രബിള്‍'
Posted on: 22 Aug 2012
ലണ്ടന്‍: ഡച്ച് ഗോളടി വീരന്‍ റോബിന്‍ വാന്‍പേഴ്‌സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാനായില്ല. പ്രീമിയര്‍ ലീഗില്‍ കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ യുണൈറ്റഡിനെ എവര്‍ട്ടണ്‍ സ്വന്തം തട്ടകത്തില്‍ ഒറ്റ ഗോളിന് ഞെട്ടിക്കുകയായിരുന്നു (1-0). ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ മറേനി ഫെല്ലിയാനിയാണ് വിജയഗോളടിച്ച് ആതിഥേയരുടെ ഹീറോയായത്.രണ്ടാം പകുതിയില്‍ 57-ാം മിനിറ്റിലാണ് ഫെല്ലിയാനിയുടെ ഗോള്‍ പിറന്നത്.
ഡാരന്‍ ഗിബ്‌സന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയായിരുന്നു ബെല്‍ജിയന്‍ താരത്തിന്റെ ഗോള്‍. പരിക്ക്മുലം റിയോ ഫെര്‍ഡിനാഡും ഫില്‍ ജോണ്‍സും ക്രിസ് സ്മാളിങ്ങും പുറത്തായത് യുണൈറ്റഡ് പ്രതിരോധം ദുര്‍ബലമാക്കിയിരുന്നു. മധ്യ നിരക്കാരനായ മൈക്കല്‍ കാരിക്കിനെ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിപ്പിക്കാന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ഇതുകാരണം നിര്‍ബന്ധിതനായി. ഉയര്‍ന്നുവരുന്ന പന്തുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാരിക്കിനുള്ള പിടിപ്പ്‌കേട് മുതലെടുത്തായിരുന്നു ഫെല്ലിയാനിയുടെ ഗോള്‍. ആഴ്‌സനലില്‍നിന്ന് റാഞ്ചിയ വാന്‍പേഴ്‌സിയെ ഡാനി വെല്‍ബെക്കിന്റെ പകരക്കാരനായി 68-ാം മിനിറ്റിലാണ് ഫെര്‍ഗൂസന്‍ കളത്തിലിറക്കിയത്. എന്നാല്‍, കാര്യമായൊന്നും ചെയ്യാന്‍ ഡച്ച് സ്‌ട്രൈക്കര്‍ക്ക് കഴിഞ്ഞില്ല.
|