SUNDAY, JANUARY 25, 2015
വെരി വെരി സ്‌പെഷ്യല്‍
Posted on: 21 Aug 2012അക്ഷോഭ്യനായ പോരാളിയും വിശ്വസ്തനായ രക്ഷകനുമാണ് ലക്ഷ്മണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യ കീഴടക്കിയ ഉയരങ്ങള്‍ക്ക് ലക്ഷ്മണിനോട് കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ലക്ഷ്മണ്‍ ഒറ്റക്ക് നടത്തിയ പോരാട്ടങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇന്ത്യ നേടിയ പല വിഖ്യാത ടെസ്റ്റ് വിജയങ്ങളുടേയും കാതല്‍. നായകന്‍ ഗാംഗുലിയോ കുംബ്ലെയോ ധോനിയോ ആവട്ടെ രക്ഷകന്‍ ലക്ഷ്മണ്‍ തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ പല തവണ ലക്ഷ്മണിന്റെ പേര് പരാമര്‍ശിക്കേണ്ടി വരും. ഓരോ ഇന്നിങ്‌സും പിറന്നുവീണ സാഹചര്യവും അവ ഉണ്ടാക്കിയ റിസള്‍ട്ടും പരിഗണിക്കുമ്പോള്‍ സച്ചിന്‍ തെണ്ടുക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും ഇന്നിങ്‌സുകള്‍ പോലും പിറകില്‍ നില്‍ക്കും.

സ്റ്റാറ്റിസ്റ്റിക്‌സുകള്‍ക്കും മറ്റ് കണക്കുകള്‍ക്കും അപ്പുറത്താണ് ലക്ഷ്മണിന്റെ പ്രസക്തി. 134 ടെസ്റ്റില്‍ 45.97 ശരാശരിയില്‍ 17 സെഞ്ച്വറിയും 56 ഹാഫ് സെഞ്ച്വറിയും ഉള്‍പ്പെടെ 8781 റണ്‍സ് എന്ന സ്ഥിതിവിവരക്കണക്ക് ലക്ഷ്മണിന്റെ കളി മികവിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നില്ല.

ലക്ഷ്മണുമായി ഒരു അഭിമുഖം ദീര്‍ഘകാലമായി മനസ്സിലുള്ളതായിരുന്നു. പക്ഷെ ലക്ഷ്മണിന്റെ ദിവസങ്ങളില്‍ ക്രിക്കറ്റ് പരിശീലനത്തിന് മാറ്റിവെച്ച മണിക്കൂറുകള്‍ കഴിച്ചാല്‍ സമയം കഷ്ടിയാണ്. അഭിമുഖത്തിന് വേണ്ടിയുള്ള ഫോണ്‍കോളിന് ഏറെ നേരം കണക്കുകൂട്ടിയ ശേഷമാണ് അദ്ദേഹം മറുപടി തന്നത്. ബാംഗ്ലൂരിലെ നാഷണല്‍ക്രിക്കറ്റ് അക്കാദമിയില്‍ ട്രെയ്‌നിങ്ങിലാണ്. വൈകുന്നേരത്തെ ദീര്‍ഘമായ നെറ്റ്‌സെഷനു ശേഷം രാത്രി ഒന്‍പതു മണിക്ക് ഹോട്ടലിലേക്ക് ക്ഷണം. ചോദ്യങ്ങള്‍ക്കും അധികം ഇടവേളയില്ലാതെ മറുപടി. വളച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായി സംസാരിക്കുന്ന ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ സുഖം അനുഭവിച്ചു തന്നെ അറിയണം. അഭിമുഖത്തില്‍ നിന്ന്:96-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഹമ്മദാബാദില്‍ മികച്ചൊരു ഇന്നിങ്ങിസിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചായിരുന്നു ലക്ഷ്മണിന്റെ തുടക്കം. ബാറ്റിങ് ദുഷ്‌ക്കരമായ മൊട്ടേരയിലെ വിക്കറ്റില്‍ അമ്പതിനുമേല്‍ സ്‌കോര്‍ചെയ്ത ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനും അരങ്ങേറ്റക്കാരനായ ലക്ഷ്മണായിരുന്നു. അന്നുതൊട്ട് ഇന്ത്യയുടെ രക്ഷക വേഷമാണ് താങ്കള്‍ക്ക് . എന്തു തോന്നുന്നു?


(മധുരമുള്ള ഓര്‍മകള്‍ ലക്ഷ്മണിന്റെ മുഖത്ത് ഒരു ചെറുചിരി പടര്‍ത്തുന്നു.) സത്യത്തില്‍ കളിക്കളത്തിലെ സമ്മര്‍ദ്ദം ഞാന്‍ ആസ്വദിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ലാത്ത നിരാശ തോന്നും. രഞ്ജിയിലും മറ്റും ഹൈദരാബാദിന് വേണ്ടി നിരന്തരം കളിച്ചാണ് ക്രൈസിസ് സിറ്റുവേഷനില്‍ പതറാതെ ബാറ്റ് ചെയ്യാനുള്ള മനഃസാന്നിധ്യം വളര്‍ത്തിയെടുത്തത്. ഹൈദരാബാദിന് വേണ്ടികളിക്കുമ്പോള്‍ ബാറ്റിങ്ങിന്റെ ന്യൂക്ലിയസ് ഞാനായിരിക്കും. അപ്പോള്‍ ഞാന്‍ കരുതും, ഞാന്‍ കളിച്ചാലേ ടീം ജയിക്കുള്ളൂ. ടീമിനെ ജയിപ്പിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുക്കാന്‍ അതെന്നെ പ്രാപ്തനാക്കും. എന്റെ ടീമിന് വേണ്ടി പൊരുതി ജയിക്കുന്നതും തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതും ഏറ്റവും അഭിമാനം ഉണ്ടാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള മല്‍സരമാണെങ്കില്‍ ഈയൊരു ആവേശം പതിന്മടങ്ങാവുന്നു.ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലക്ക് വേണ്ടി കളിക്കുമ്പോഴേ രാഹുല്‍ ദ്രാവിഡിനൊപ്പം മികച്ച ബാറ്റിങ് കൂട്ടുകെട്ടുകള്‍ നിരന്തരം കണ്ടിരുന്നു. ഇന്ത്യക്ക് വേണ്ടി 2002-ലെ കൊല്‍ക്കത്ത ടെസ്റ്റിലേതു പോലെ ചരിത്രം കുറിച്ച പാര്‍ട്ണര്‍ഷിപ്പുകളും. രാഹുലിനും ലക്ഷ്മണിനും ഇടയിലുള്ള കെമിസ്ട്രി എന്താണ്?


Its really great. അണ്ടര്‍-19 തലം തൊട്ടേ ഞാനും രാഹുലും ഒരുമിച്ച് കളിക്കുന്നു. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നതാണ് രാഹുല്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയും ക്രിക്കറ്ററും. രാഹുല്‍ തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോയ രീതി, കരിയറില്‍ വ്യത്യസ്ഥമായ വെല്ലുവിളികള്‍ അഭിമുഖീകരിച്ച സ്‌റ്റൈല്‍, അതെല്ലാം ഒരു തികഞ്ഞ പ്രൊഫഷണലിന്റേതാണ്. ഞങ്ങളുടെ ബാറ്റിങ് ശൈലിയും മല്‍സരത്തോടുള്ള സമീപനവുമെല്ലാം വ്യത്യസ്ഥമാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ആ കാര്യങ്ങളില്‍ കൈകടത്താറില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ ഒട്ടേറെ മികച്ച പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. തികച്ചും മാന്യനായ രാഹുലിനൊപ്പം ബാറ്റ്‌ചെയ്യുന്നതില്‍ വലിയ ആനന്ദം കണ്ടെത്തുന്നുണ്ട് ഞാന്‍.

ഒരു ദിവസത്തിലധികമൊക്കെ ബാറ്റ്‌ചെയ്ത് ടീമിനെ കരകയറ്റിയ ചരിത്രം ലക്ഷ്മണിനുണ്ട്. എങ്ങനെയാണ് ഇത്ര വലിയ ഇന്നിങ്‌സുകള്‍ പ്ലാന്‍ ചെയ്യുന്നത്, എന്താണ് സ്ട്രാറ്റജി?


അങ്ങനെ പ്ലാന്‍ചെയ്ത് കളിക്കുന്നുവെന്ന് പറയാനാവില്ല. അത് നൈസര്‍ഗികമായി എന്റെയുള്ളിലുള്ളതാണ്. കളി ജയിക്കാന്‍ വേണ്ടി പലപ്പോഴും അങ്ങനെ ദീര്‍ഘനേരം ബാറ്റ്‌ചെയ്യേണ്ടി വരും. അത് എന്റെ വലിയ കരുത്താണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ദീര്‍ഘനേരം ബാറ്റുചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.

ആദ്യ ടെസ്റ്റ് സെഞ്ച്വറി പതിനേഴാമത്തെ ടെസ്റ്റിലായിരുന്നു. അത്ര വലിയൊരു കാത്തിരിപ്പ് വിഷമിപ്പിച്ചിരുന്നോ?


തീര്‍ച്ചയായും. രാജ്യത്തിന് വേണ്ടി കളിക്കുന്ന ഏത് ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളവും ആദ്യ സെഞ്ച്വറി ഏറെ പ്രധാനപ്പെട്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി നാലു വര്‍ഷം വേണ്ടിവന്നു ആദ്യ സെഞ്ച്വറിക്ക്. 1996 മുതല്‍ 99 വരെയുള്ള ഈ കാലഘട്ടം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അതേസമയം ആ കാലഘട്ടം വലിയ അനുഭവപാഠമാണ് നല്‍കിയത്. ആ സമയത്ത് രാജ്യത്തിന് വേണ്ടി ഇന്നിങ്ങ്‌സ് ഓപ്പണ്‍ചെയ്യാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. നൈസര്‍ഗികമായി ഒരു ഓപ്പണറല്ല ഞാന്‍. എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത് ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തനാക്കുന്ന രീതിയിലായിരുന്നു. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത് അതേപോലെ അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ടെന്നും പരമാവധി ഭംഗിയായി തന്നെ അത് ചെയ്യണമെന്നും അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നു. ഒരു ഓപ്പണറെന്ന നിലയില്‍ വിജയം കാണണമെന്ന വാശിയോടെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിച്ചു. അതുകൊണ്ടൊക്കെ തന്നെ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ എന്റെ കന്നിസെഞ്ച്വറി നേടാനായപ്പോള്‍ ഏറെ സന്തോഷം തോന്നി. ബാറ്റിങ് അത്ര സുഖകരമല്ലാത്ത വിക്കറ്റില്‍ മികച്ച ബൗളിങ് അറ്റാക്കിനെതിരെ, ഓപ്പണറായി തന്നെയായിരുന്നു ആദ്യ സെഞ്ച്വറിയെന്നത് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. സത്യത്തില്‍ അതൊരു സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു.

അന്ന്, അക്കാദമിക് കരിയര്‍ ഉപേക്ഷിച്ച് ക്രിക്കറ്റ് പ്രൊഫഷന്‍ തിരഞ്ഞെടുക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ലക്ഷ്മണ്‍ എന്ന് കേട്ടിട്ടുണ്ട്...


അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അവരുടെ സ്വാധീനം കൊണ്ടുതന്നെ മെഡിസിന് ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ മനസ്സിലുണ്ടായിരുന്നു. സ്‌കൂള്‍കാലം തൊട്ടേ ക്ലാസില്‍ ഒന്നാമനായിരുന്നു. ക്രിക്കറ്റ് അന്നെനിക്ക് ഹോബി മാത്രമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ശേഷം പ്ലസ് ടുവിന് സയന്‍സ് എടുത്തത് മെഡിസിന് ചേരണമെന്ന ലക്ഷ്യം വെച്ചാണ്. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ ലെവലില്‍ ഹൈദരാബാദിനും സൗത്ത് സോണിനും കളിക്കാന്‍ അവസരം കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്ക് ഹൈദരാബാദിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്നതിന് അരികില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ സമയത്ത് എന്റെ പരിശീലകരും സീനിയര്‍ കളിക്കാരുമായി ആലോചിച്ചു. അവരെല്ലാം ഉപദേശിച്ചത് ക്രിക്കറ്റില്‍ ഉറച്ചുനില്‍ക്കാനാണ്. ഒപ്പം എന്റെ അമ്മാവനായ ബാബാ കൃഷ്ണമോഹനും പിന്തുണച്ചു. ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ളയാളാണ് അമ്മാവന്‍. അമ്മാവന്‍ പറഞ്ഞു, 'ക്രിക്കറ്റില്‍ നിനക്ക് നല്ല ഭാവിയുണ്ട്. കഠിനാധ്വാനം ചെയ്യണം.'

അച്ഛനും അമ്മയുമാവട്ടെ എന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. അക്കാലത്ത് പല മാതാപിതാക്കളും അനുവദിക്കാത്ത കാര്യമായിരുന്നു അത്. ടാലന്റ് ഏറെയുള്ള പല യുവക്രിക്കറ്റര്‍മാരും ഇങ്ങനെ വീട്ടില്‍ നിന്നുള്ള പിന്തുണ കിട്ടാത്തതു കാരണം മുന്നോട്ട് പോവാതിരുന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഞാന്‍ സ്വയം അഞ്ചു വര്‍ഷത്തെ കാലാവധി നിര്‍ണയിച്ചു. ആ സമയം കൊണ്ട് ക്രിക്കറ്റില്‍ എന്തെങ്കിലും ആയിത്തീരുക അല്ലെങ്കില്‍ തിരിച്ച് പഠനത്തില്‍ തന്നെ ശ്രദ്ധിച്ച് മെഡിസിന് അഡ്മിഷന്‍ നേടുക അതായിരുന്നു പദ്ധതി. പിന്നെ കഠിനാധ്വാനമായിരുന്നു. വിവിധ ഏജ ്ഗ്രൂപ്പുകളില്‍ സ്റ്റേറ്റിനും സോണിനും വേണ്ടി കളിച്ചുകൊണ്ടിരുന്നു. 17 മുതല്‍ 22 വയസ്സു വരെയുള്ള ഈ കാലഘട്ടത്തില്‍ എനിക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. 22-ാം വയസ്സില്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടി. അതോടെ ഡോക്ടറാവുക എന്ന ഓപ്ഷന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടു.

ഹൈദരാബാദില്‍ നിന്ന് ഇന്ന് ഒട്ടേറെ മികച്ച കായിക താരങ്ങള്‍ വരുന്നു. ചെസ്സില്‍ ഹംപി, ഹരികൃഷ്ണ, ബാഡ്മിന്റണില്‍ ഗോപിചന്ദ്, സൈന... അവരെല്ലാം ലക്ഷ്മണെ പോലെ മല്‍സരങ്ങളില്‍ മികച്ച മന:സാന്നിധ്യവും കരളുറപ്പും പ്രകടിപ്പിക്കുന്നവരാണ്. എന്താണ് ഇതിനു കാരണം?


എന്റെ നാട്ടില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ താരങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇപ്പോള്‍ സൈന രാജ്യത്തിനു വേണ്ടി ഉണ്ടാക്കുന്ന നേട്ടങ്ങളില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. കളിക്കളത്തിലെ മന:ക്കരുത്ത് തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനെ സാമാന്യവത്കരിക്കാനാവില്ല. ഏത് സ്‌പോര്‍ട്‌സിലായാലും തുടര്‍ച്ചയായി രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് കഠിനമായ ദൗത്യമാണ്. വലിയ ഇച്ഛാശക്തിയോടെയുള്ള കഠിന പരിശീലനം വേണം. ഇങ്ങനെ കഠിനമായ സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ മന:ക്കരുത്തുള്ളവര്‍ ആവാതെ വഴിയില്ലല്ലോ ?

പലപ്പോഴും ലക്ഷ്മണിന്റെ ബാറ്റിങ്ങ് മൈന്‍ഡ്‌ഗെയിം ആണെന്നു തോന്നിയിട്ടുണ്ട്. മന:ക്കരുത്ത് കിട്ടാന്‍ ചെസ് പരിശീലിക്കാറുണ്ടോ?

ഇല്ല, ചെസ് കളിക്കാറില്ല. ഞാന്‍ ചെയ്യുന്നത് ബാറ്റിങ്ങില്‍ പൂര്‍ണമായും ഫോക്കസ് ചെയ്യുക എന്നതാണ്. നമ്മുടെ ഗെയ്മിലേക്ക് പൂര്‍ണമായും ഫോക്കസ് ചെയ്താല്‍ മന:കരുത്ത് സ്വാഭാവികമായിത്തന്നെ ഉണ്ടാവും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഏഴ് വര്‍ഷം പിന്നിട്ടപ്പോള്‍ താങ്കളുടെ പേരിലുണ്ടായിരുന്നത് നാല് ടെസ്റ്റ് സെഞ്ച്വറി മാത്രമായിരുന്നു. പിന്നീട് നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഒരു സെഞ്ച്വറിയെന്ന നിലയില്‍ മുന്നേറി. എന്തായിരുന്നു ആ മാറ്റത്തിന് പിന്നില്‍?


ശരിയാണ്. അതേക്കുറിച്ച് എനിക്കല്‍പം ആശങ്കയും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു പന്ത്രണ്ട് സെഞ്ച്വറിയെങ്കിലും ഞാന്‍ നേടിയിരിക്കേണ്ടതായിരുന്നു. ഇങ്ങനെ സെഞ്ച്വറികള്‍ കുറഞ്ഞിരുന്നതിന് വ്യക്തമായ കാരണമുണ്ട്. ആ സമയത്ത് ബാറ്റിങ് ഓഡറിലെ എന്റെ സ്ഥാനം നിരന്തരം മാറ്റിമറച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓപ്പണറായി കുറച്ചുകാലം. പിന്നീട് അഞ്ചാമതും ആറാമതുമൊക്കെയായി ഇറങ്ങി. ആറാമതായി ഇറങ്ങുമ്പോള്‍ ടെയ്ല്‍ എന്‍ഡര്‍മാര്‍ മറ്റേയറ്റത്ത് പിടിച്ചുനിന്നെങ്കില്‍ മാത്രമേ നമുക്ക് ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അവസരം കിട്ടൂ. പലപ്പോഴും പതിനൊന്നാമന്‍ പുറത്താവുമ്പോള്‍ നോട്ടൗട്ടാ നില്‍ക്കാനായിരുന്നു എന്റെ വിധി. സെഞ്ച്വറിയില്‍ എത്തിയില്ലെങ്കിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന കുറേ മികച്ച സ്‌കോറുകള്‍ അന്നും സ്‌കോര്‍ ചെയ്തിരുന്നു. എന്റെ കരിയര്‍ റെക്കോഡ് പരിശോധിച്ചാല്‍ അത് വ്യക്തമാവും.16 സെഞ്ച്വറി നേടിയ എനിക്ക് അതിന്റെ മൂന്നിരട്ടിയിലധികം അര്‍ദ്ധ സെഞ്ച്വറികള്‍ ഉണ്ട്.

ഇങ്ങനെ ബാറ്റിങ് ഓഡറില്‍ മാറിമാറി ഇറങ്ങേണ്ടി വന്നത് വലിയ റിസ്‌ക്ക് ആയിരുന്നില്ലേ?

തീര്‍ച്ചയായും. എന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ ആ റിസ്‌ക്കില്‍ അവസാനിച്ചുപോയേനേ. ഞാന്‍ നമ്പര്‍ ത്രീ ബാറ്റ്‌സ്മാനാണ്. അല്ലെങ്കില്‍ മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനാണ്. അങ്ങനെയുള്ള ഒരാള്‍ അന്താരാഷ്ട്ര തലത്തില്‍ ലോകനിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ ഓപ്പണ്‍ ചെയ്യാനിറങ്ങുക! വലിയ വെല്ലുവിളി ആയിരുന്നു അത്. ആ പരീക്ഷണത്തില്‍ ജയം നേടാന്‍ കഴിഞ്ഞു എന്നതായിരുന്നു അന്താരാഷ്ട്ര കരിയറിലെ ആദ്യ നേട്ടം. ഒരു ടീം ഗെയ്മില്‍ ടീമിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥവും എന്നാല്‍ സൗകര്യപ്രദവുമല്ലാത്ത റോളുകള്‍ സ്വീകരിക്കേണ്ടി വരും. ആ വെല്ലുവിളികള്‍ മടികൂടാതെ ഏറ്റെടുത്ത് വിജയം കാണുക എന്നതാണ് ടീം ഗെയ്മുകളുടെ സൗന്ദര്യം. ഏത് ബാറ്റിങ് പൊസിഷനുമായും പൊരുത്തപ്പെടാനും പരമാവധി വിജയം നേടാനും കഴിഞ്ഞുവെന്നതില്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം 2002-ലെ കൊല്‍ക്കത്ത ടെസ്റ്റ് ഒരു ടേണിങ് പോയന്റായിരുന്നു. ആ ടെസ്റ്റ് അനശ്വരമാക്കി തീര്‍ത്തത് താങ്കളുടെ മനോഹരമായ ഇന്നിങ്‌സും (281 റണ്‍സ്), ആ ഇന്നിങ്‌സിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തുതോന്നുന്നു?


അത് എന്റെ കരിയറിലെ വലിയ ടേണിങ് പോയന്റായിരുന്നു. ടീമില്‍ എന്റെ സ്ഥാനത്തെക്കുറിച്ച് ഓട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്ന സമയത്താണ് ആ ഇന്നിങ്‌സ് പിറന്നത്. ഇന്ത്യ ഓസീസിനെതിരെ ഫോളോഓണ്‍ ചെയ്ത് മുന്നൂറോളം റണ്‍സ് പിറകില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ഇറങ്ങിയത്. എങ്കിലും തികച്ചും പോസിറ്റീവായ സമീപനത്തോടെയായിരുന്നു ഞാനും രാഹുലും ബാറ്റ്‌ചെയ്തത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് വീഴാതെ ഞങ്ങള്‍ ബാറ്റുചെയ്തു. ആ കൂട്ടുകെട്ട് സ്ഥിതിഗതികള്‍ മുഴുവന്‍ മാറ്റിമറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനേയും എന്നെയും സംബന്ധിച്ചിടത്തോളം ്‌ലൃ്യ ുെലരശമഹ ഇന്നിങ്‌സായിരുന്നു അത്. തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതിക്കയറി നേടിയ ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങളെപ്പോലെ ഞാനും വിശ്വസിക്കുന്നു. നമ്മള്‍ ബാറ്റ്‌ചെയ്ത ശൈലി, മല്‍സരം ജയിച്ച രീതി, ടീമിന്റെ മൈന്‍ഡ്‌സെറ്റില്‍ തന്നെ മാറ്റമുണ്ടാക്കി. എത്ര ദയനീയമായ സ്ഥിതിയിലും പ്രതീക്ഷ കൈവിടാതെ പോരാടിയാല്‍ ക്രിക്കറ്റില്‍ ഫലമുണ്ടാവുമെന്ന് ഞങ്ങളെയൊക്കെ ബോധ്യപ്പെടുത്തിയ മാച്ചായിരുന്നു അത്. അവസാന റണ്‍ നേടുംവരെ, അവസാന വിക്കറ്റ് വീഴും വരെ ആരും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തിത്തന്ന മാച്ച്.

ദീര്‍ഘമായ ഇന്നിങ്‌സുകള്‍ ഏറെ കളിച്ചിട്ടുണ്ട്. എങ്ങിനെയാണ് സ്റ്റാമിനയും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത്?


സത്യത്തില്‍ ഞാന്‍ ഒരു നാച്വറല്‍ അത്‌ലറ്റല്ല. അതുകൊണ്ടുതന്നെ നിരന്തരം കഠിനാധ്വാനം ചെയ്താലേ ഫിറ്റ്‌നസ് നിലനിര്‍ത്താനാവൂ. യോഗ ചെയ്യും. ബ്രീതിങ് എക്‌സര്‍സൈസും ഉണ്ട്.വിവിധ രീതിയിലുള്ള പ്രാണായാമം പരീക്ഷിച്ചു നോക്കാറുണ്ട്. എല്ലാം പരീക്ഷിച്ചു നോക്കി അതില്‍ നിന്നെല്ലാം നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളും. ശാരീരികവും മാനസികവുമായ ഫിറ്റ്‌നസ്സിന് അത് ഗുണം ചെയ്യുന്നു.

പതിനായിരത്തിലധികം ടെസ്റ്റ് റണ്ണുകള്‍ സ്‌കോര്‍ ചെയ്യാനും കുറെക്കൂടി മികച്ച ശരാശരിയില്‍ സ്‌കോര്‍ചെയ്യാനുമുള്ള ടാലന്റ് ലക്ഷ്മണനുണ്ട്. ഇക്കാര്യത്തില്‍ ദു:ഖമുണ്ടോ?


നോക്കൂ സുഹൃത്തേ, ഞാനൊരിക്കലും സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടി കളിച്ചിട്ടില്ല. ഓരോ മാച്ചിലും രാജ്യത്തിന് എന്തെങ്കിലും സ്‌പെഷ്യല്‍ ആയ നേട്ടങ്ങള്‍ സമ്മാനിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. വ്യക്തിഗത നേട്ടങ്ങളും റെക്കോഡുകളും അതിന്റെ ബൈപ്രോഡക്റ്റ് മാത്രമാണ്. എന്നാല്‍ അമ്പതിന് മുകളില്‍ ആവറേജ് ഉണ്ടാവണമെന്ന ആഗ്രഹം ഉണ്ട്. അമ്പതിന് മുകളിലേക്കുള്ള ആവറേജ് രാജ്യത്തിന് വേണ്ടി അസാധാരണ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നതിന്റെ സൂചനയായിവേണം കാണാന്‍. പിന്നെ എത്ര റണ്‍ നേടി എന്നത് നമുക്ക് എത്രത്തോളം അവസരങ്ങള്‍ ലഭിച്ചു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും.

86 ഏകദിന മാച്ചുകളേ ലക്ഷ്മണ്‍ കളിച്ചിട്ടുള്ളൂ. താങ്കളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറവാണ്. ദു:ഖമുണ്ടോ?


എനിക്ക് നിരാശയുണ്ടാക്കുന്ന ഒരു ഘടകമാണത്. കുറേക്കൂടി ഏകദിന മാച്ചുകള്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞേനേ എന്നു തോന്നിയിട്ടുണ്ട്. ഏതായാലും കളിച്ച മാച്ചുകളില്‍ എന്റെ പ്രകടനം മോശമായിരുന്നില്ല. എന്നാല്‍ ഞാനങ്ങനെ നിരാശപ്പെട്ട് തളര്‍ന്നിരിക്കാറില്ല, കരിയറിനെ കുറേക്കൂടി പോസിറ്റീവായി സമീപിക്കുന്ന സ്‌പോര്‍ട്‌സ്മാനാണ്. ഏകദിന മല്‍സരങ്ങള്‍ ഇനി കളിക്കാന്‍ അവസരം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാന്‍ ചെയ്തത്.

ഇന്ത്യയില്‍ ക്രിക്കറ്റര്‍മാര്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാനും അതുവഴി ധാരാളം പണമുണ്ടാക്കാനും അവസരം കിട്ടുന്നു. ലക്ഷ്മണ്‍ പരസ്യങ്ങളോട് വിമുഖത കാട്ടുന്നതാണോ?

അല്ല, കമേഴ്‌സ്യല്‍ എന്‍ഡോഴ്‌സ്‌മെന്റ് മൂവികള്‍ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇന്ത്യയില്‍ അതിന് പ്രധാനമായും അവസരം കിട്ടുന്നത് ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നവര്‍ക്കാണ്. വണ്‍ഡേ ടീമിലുണ്ടായിരുന്നപ്പോഴാണ് എനിക്കും അത്തരം അവസരങ്ങള്‍ കിട്ടിയത്.

ഒരു സ്ലിപ്പ് സ്‌പെഷ്യലിസ്റ്റായി മാറിയത് എങ്ങിനെയാണ്?


സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നത് ഞാനേറെ ആസ്വദിക്കുന്നു. ചെറുപ്പം തൊട്ടേ ഞാനൊരു നാച്വറല്‍ സ്ലിപ്പ് ഫീല്‍ഡറാണ്. സെക്കന്റ്് സ്ലിപ്പ് എന്റെ ഇഷ്ട പൊസിഷനാണ്. കിട്ടുന്ന ക്യാച്ചുകള്‍ എല്ലാം എടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ക്രിക്കറ്റ് പൂര്‍ണമായും ടീം ഗെയ്മാണ്. ഏറെ വിയര്‍പ്പൊഴുക്കി ബൗള്‍ചെയ്യുന്ന ബൗളര്‍മാരെ നിരാശപ്പെടുത്തരുത്. ടെസ്റ്റ് ക്രിക്കറ്റില്‍ നൂറിലധികം ക്യാച്ചുകള്‍ എടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.നിങ്ങളുടെ ക്യാപ്റ്റന്മാരെ-സൗരവ്, രാഹുല്‍, ധോനി- എങ്ങനെ വിലയിരുത്തുന്നു?

ഇവര്‍ മാത്രമല്ല. അനിലും അസ്ഹറും എന്റെ ക്യാപ്റ്റന്മാരായിരുന്നു. എല്ലാവരും മുന്നില്‍ നിന്ന് നയിച്ച മികച്ച ലീഡര്‍മാര്‍ തന്നെ. ഇത്തരം മഹാന്മാരായ കളിക്കാരുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ലക്ഷ്മണ്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള സാധ്യതയുണ്ടായിരുന്നു. ആഗ്രഹിച്ചിരുന്നോ ആ പദവി ?


തീര്‍ച്ചയായും ഏത് ക്രിക്കറ്ററുടേയും വലിയ സ്വപ്‌നമായിരിക്കും സ്വന്തം രാജ്യത്തിന്റെ ക്യാപ്റ്റനാവുക എന്ന്. ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍സി ഞാനേറെ ആസ്വദിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ കഴിയാത്തതില്‍ അങ്ങനെ ദു:ഖിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. രാജ്യത്തെ നൂറിലധികം ടെസ്റ്റുകളില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞില്ലേ? അതുതന്നെ വലിയ കാര്യം.

''കംഗാരൂഫ്രൈ' ലക്ഷ്മണ്‍ ഏറെ ഇഷ്ടപ്പെടുന്നുവല്ലേ, എന്താണ് അവര്‍ക്കെതിരെ കളിക്കുമ്പോഴുള്ള പ്രത്യേകത?


(ലക്ഷ്മണില്‍ നിന്ന് പതിവില്ലാത്ത ഒരു നീണ്ട പൊട്ടിച്ചിരി) അണ്ടര്‍ 19 ലെവല്‍ തൊട്ടേ ഓസീസിനെതിരെ കളിക്കുന്നത് ഞാന്‍ പ്രത്യേകം ആസ്വദിച്ചിരുന്നു. അതിനു കാരണം അവരുടെ കേളീശൈലിയും അഗ്രഷനുമാണ്. അവരെ നേരിടുക ആര്‍ക്കും വലിയ വെല്ലുവിളിയാണ്. ഏത് പന്തിലും നിങ്ങളുടെ വിക്കറ്റെടുക്കുമെന്ന പ്രതീതി ജനിപ്പിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും കഴിയുന്നു. ഈ അവസ്ഥ എന്നെ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു. കരുത്തന്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ നമ്മളും കൂടുതല്‍ കരുത്തരാവും. ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരെ, ഏറ്റവും മികച്ച ബൗളിങ് നിരക്കെതിരെ മികവ് കാട്ടുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്.

പ്രഷര്‍ കുക്കര്‍ സിറ്റുവേഷനിലും (അമിത സമ്മര്‍ദ്ദം ജനിപ്പിക്കുന്ന സാഹചര്യം) വാലറ്റക്കാര്‍ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ ലക്ഷ്മണ്‍ മടി കാണിക്കാറില്ല. എങ്ങിനെയാണ് അവരെ ഉത്തേജിപ്പിക്കുന്നത് ?


മികച്ച രീതിയില്‍ ബാറ്റ്‌ചെയ്യുന്ന, തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ടെയ്ല്‍ എന്‍ഡേഴ്‌സിനൊപ്പം ബാറ്റ്‌ചെയ്യാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ- ഇവരെല്ലാവരും അവരുടെ ബാറ്റിങ്ങിനെക്കുറിച്ച് അഭിമാനിക്കുന്നവരും കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തവരുമാണ്. കരിയര്‍ ആരംഭിച്ചതിനു ശേഷം ഓരോ ഘട്ടത്തിലും ബാറ്റിങ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടെയ്ല്‍ എന്‍ഡേഴ്‌സാണ് അവര്‍. നമ്മള്‍ സ്‌ട്രൈക്ക് നല്‍കിയാലേ അവരുടെ ആത്മവിശ്വാസവും ഊര്‍ജവും വര്‍ധിച്ചുവരികയുള്ളൂ. ഏതെങ്കിലും ബൗളര്‍ക്കെതിരെ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു എന്ന് കണ്ടാലേ ഞാന്‍ സ്‌ട്രൈക്ക് സൂക്ഷിക്കാറുള്ളൂ. അല്ലെങ്കില്‍ അവരെ കളിക്കാന്‍ വിടും.

നിങ്ങള്‍ ബിഗ് ഫൈവ് (ലക്ഷ്മണ്‍, സൗരവ്, സച്ചിന്‍, രാഹുല്‍, സെവാഗ്) വര്‍ഷങ്ങളോളം ഇന്ത്യന്‍ ബാറ്റിങ്ങിനെ തോളിലേറ്റി. അതിനു ശേഷം വലിയൊരു വിടവുണ്ടെന്ന് കരുതുന്നുവോ?


എനിക്ക് വിശ്വാസമുണ്ട്, ഞങ്ങള്‍ക്ക് പകരക്കാരാകാവുന്ന മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇവിടെയുണ്ട്. ഈ വിശാല രാജ്യത്ത്് പ്രതിഭകള്‍ക്ക് ഒട്ടും പഞ്ഞമില്ല. റെയ്‌ന, മുരളി വിജയ്, രോഹിത് ശര്‍മ, പൂജാര, വിരാട് കോഹ്‌ലി,എല്ലാവരും കഴിവുള്ളവരാണ്. സാങ്കേതികമായും മികവുള്ളവരാണ് ഇവര്‍. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരായി രൂപപ്പെടാന്‍ അവര്‍ക്ക് കഴിയും. സമയവും അവസരവും നല്‍കണമെന്ന് മാത്രം. ഇവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി.

താങ്കളുടെ മികച്ച ടെസ്റ്റ് ഇന്നിങ്‌സുകള്‍ റേറ്റ് ചെയ്യാമോ?


അയ്യോ, അങ്ങനെ എനിക്ക് സ്വന്തം ഇന്നിങ്‌സുകള്‍ വിലയിരുത്താനാവില്ല. എങ്കിലും ടീമിന് ഗുണം ചെയ്യുന്ന, മല്‍സരം ജയിക്കാനോ, തോല്‍വിയില്‍ നിന്ന് കരകയറ്റാനോ സഹായിച്ച എല്ലാ ഇന്നിങ്‌സുകളും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. എത്ര ഷോട്ടുകള്‍ കളിച്ചു, എത്ര റണ്‍സ് എടുത്തു എന്നതിനേക്കാളൊക്കെ ആ ഇന്നിങ്‌സ് ടീമിന് എത്ര ഗുണം ചെയ്തു എന്നിടത്താണ് അതിന്റെ മഹത്വം. അങ്ങനെ ഏതാനും ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സ്വന്തം ഇന്നിങ്‌സുകളുടെ വീഡിയോ റെക്കോഡിങ് കാണുന്ന പതിവുണ്ടോ?


തീര്‍ച്ചയായും. ഇന്ത്യന്‍ ടീമിനൊപ്പം മികച്ചൊരു വീഡിയോ അനലിസ്റ്റ് ഉണ്ട്. അയാളുടെ സഹായത്തോടെ എന്റെ ബാറ്റിങ്ങിന്റെ വീഡിയോ കണ്ട് വിലയിരുത്തും. മല്‍സരങ്ങള്‍ മാത്രമല്ല, നെറ്റ് പ്രാക്ടീസും ഇങ്ങനെ റെക്കോഡ് ചെയ്ത് കാണും. നമ്മുടെ ബാറ്റിങ്ങിലെ പോരായ്മകളും പിഴവുകളും മനസ്സിലാക്കി തിരുത്തിയെടുക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ടു തന്നെ ഏറെ പ്രധാനമാണ് ഇത്.
ലക്ഷ്മണെ പലരും സച്ചിനും രാഹുലുമായി താരതമ്യം ചെയ്ത് നോക്കുന്നു. എന്തു തോന്നുന്നു?
സച്ചിനേയും രാഹുലിനേയും പോലുള്ള ലജന്റുകളുമായി എന്നെ താരതമ്യം ചെയ്യുന്നു എന്നു കേള്‍ക്കുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരും വ്യത്യസ്ഥമായ ശൈലികളും സ്‌ട്രോക്കുകളും ഉള്ള ബാറ്റ്‌സ്മാന്‍മാരാണ്. അങ്ങനെ പ്ലെയിനായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

സമ്പത്തിന് ലക്ഷ്മണ്‍ എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നു ?


രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ബൈപ്രൊഡക്ട് ആണ് പണവും പ്രശസ്തിയും. ഈ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നു എന്നതാണ് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹം. അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമായി തട്ടിച്ചു നോക്കുമ്പോള്‍ പണവും പ്രശസ്തിയും ഒന്നുമല്ല.

ലക്ഷ്മണിന്റെ ഉയര്‍ച്ചയില്‍ വളര്‍ച്ചയില്‍ ആരോടാണ് കടപ്പാട്?


പ്രധാനമായും എന്റെ മാതാപിതാക്കളും അമ്മാവനും. പറഞ്ഞുവല്ലോ മാതാപിതാക്കളും കസിന്‍സും എല്ലാം അക്കാദമിക് മികവുകൊണ്ട് മുന്നോട്ട് പോയവരാണ്. മിക്കവരും ഡോക്ടറോ എഞ്ചിനീയേറോ ആണ്. ഈ സാഹചര്യത്തിലും എനിക്ക് ക്രിക്കറ്റിന്റെ വഴിയില്‍ മുന്നോട്ടു പോവാന്‍ ധൈര്യം തന്നത് അമ്മാവനാണ്. ആ സമയത്ത് അച്ഛനും അമ്മയുമെല്ലാം കുറേ സമ്മര്‍ദ്ദം അനുഭവിച്ചു. പിന്നെ കൂട്ടുകാര്‍, പരിശീലകര്‍, അങ്ങനെ എന്നെ മുന്നോട്ട് തള്ളിവിട്ടവരെ ആരെയും മറക്കാനാവില്ല.

സ്വന്തം ഗെയിം വിലയിരുത്താറുണ്ടാവുമല്ലോ, എന്താണ് പ്രധാന കരുത്ത്?


അങ്ങനെ ഒന്ന് എടുത്തുപറയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒരിക്കലും തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത മനസ്സാണ് എന്റേത്. അത് വലിയ കരുത്താണ്. എപ്പോഴും മെച്ചപ്പെടാനുള്ള അഭിനിവേശവും എന്നിലുണ്ട്. സത്യത്തില്‍ ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശകന്‍. ഇത് വലിയ ഗുണവും അതേ സമയം ദോഷവുമാണ്. ഈ സ്വഭാവം കൊണ്ട് പലപ്പോഴും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരാറുണ്ട്.

ഇതുവരെ നേരിട്ടതില്‍ എറ്റവും വിഷമിപ്പിച്ച ബൗളര്‍ ആരാണ് ?


ഒരു സംശയവുമില്ല, വസീം അക്രം. അക്രമിന്റെ ഒരോ പന്തും ലാനിലും ലെങ്തിലും മുവ്‌മെന്റിലും എല്ലാം വ്യത്യസ്തമായിരിക്കും. ഇക്കാര്യത്തില്‍ മാസ്റ്ററാണ് അക്രം.

മോശം സമയം എങ്ങനെ അതിജീവിക്കുന്നു ?

അക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വലിയ റോള്‍ ഉണ്ട്. ആ സമയങ്ങളില്‍ അവരെ ഞാന്‍ കൂടുതലായി ആശ്രയിക്കും. അവര്‍ എനിക്ക് പോസറ്റീവ് എനര്‍ജി പകര്‍ന്നു തരും. രാജ്യത്തിന് വേണ്ടി കളിക്കണം, ജയിക്കണം എന്ന വാശി എത്ര മോശം അവസ്ഥയില്‍ നിന്നും തിരിച്ചുവരാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്നതെന്താണ് ?


ഒന്നിനേയും ഭയക്കുന്നില്ല. തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതിന്റെ അരക്ഷിതബോധമുണ്ടായിരുന്നു. ഒട്ടേറെ തവണ ടീമില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നു. അന്ന് അതുമായി പൊരുത്തപ്പെടാന്‍ ഏറെ വിഷമിച്ചു. പക്ഷെ അനുഭവപരിചയത്തില്‍ നിന്ന് എന്തും നേരിടാനുള്ള കരുത്ത് ആര്‍ജിച്ചു കഴിഞ്ഞു.നെറ്റ്പ്രാക്ടീസിന് എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്?


ഒരുക്കം ഏറെ പ്രധാനമാണ്. നെറ്റ് പ്രാക്ടീസ് മാത്രമല്ല, എല്ലാതരം പരിശീലനങ്ങളും അനിവാര്യമാണ്. ഓരോ കളിയും ഓരോ പരീക്ഷയാണ്. നന്നായി ഒരുങ്ങിയാല്‍ ടെന്‍ഷനില്ലാതെ മല്‍സരങ്ങള്‍ക്ക് ഇറങ്ങാനാവും. ഓരോവര്‍ഷവും എന്റെ പ്രിപ്പറേഷന്‍ സ്റ്റൈല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ജീവിതത്തെ എങ്ങിനെ നിര്‍വചിക്കുന്നു ?


കഠിനാധ്വാനം ചെയ്യാനുള്ളതാണ് മനുഷ്യജീവിതം. റിസല്‍ട്ടിനെക്കുറിച്ച് ആശങ്കപ്പെടാതെ അധ്വാനിച്ചു കൊണ്ടിരിക്കുക. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പഠിപ്പിച്ചുതന്നത് അതാണ്. പൂര്‍ണമായും വിശ്വാസികളാണ് അവര്‍. ചെറുപ്പത്തില്‍ അവര്‍ എന്നെ വളര്‍ത്തിയതും ഈ രീതിയില്‍ തന്നെ.

ലക്ഷ്മണിന് സുഹൃത്തുക്കള്‍ ഏറെയുണ്ടോ ?


ഉവ്വ്, ഏറെപേരുണ്ട്. ലോകം മുഴുവന്‍ യാത്രചെയ്യാന്‍ അവസരം കിട്ടി. അവിടെയൊക്കെ സുഹൃത്തുക്കളും ഉണ്ട്. എപ്പോഴും അവരുമായി ബന്ധംപുലര്‍ത്തിക്കൊണ്ടിരിക്കും. എന്റെ സൗഹൃദങ്ങള്‍ മിക്കതും ലോകാവസാനം വരെ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളവയാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഒന്നും ലക്ഷ്മണെ കാണാനില്ലല്ലോ ?


ശരിയാണ്. അതില്‍ ഇടപെടണമെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ഥതയോടെ തന്നെവേണം. അതിന് ഇപ്പോള്‍ സമയം തികയില്ല. ഉപരിപ്ലവമായ ബന്ധങ്ങളില്‍ എനിക്ക് താല്‍പര്യമില്ല.

ലക്ഷ്മണ്‍ ഏത് രീതിയിലുള്ള വ്യക്തിയാണ്. ?


വളരെ സാധാരണക്കാരന്‍. ചെയ്യുന്ന കാര്യത്തിലെല്ലാം നൂറ് ശതമാനം നല്‍കാന്‍ ശ്രമിക്കുന്ന ഒരു സാധാരണ വ്യക്തി. എപ്പോഴും റിലാക്‌സ്ഡ് ആയി നില്‍ക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണ ലൈഫ്‌സ്റ്റൈല്‍ ഇഷ്ടപ്പെടുന്നു. സംതൃപ്തനായ മനുഷ്യനുമാണ് ഞാന്‍.

ലക്ഷ്മണ്‍ വിജയങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ അധികം കണ്ടിട്ടില്ല...

നന്നായി കളിക്കുമ്പോഴും ജയിക്കുമ്പോഴും സന്തോഷമുണ്ടാവും. തോറ്റാല്‍ ദു:ഖവും ഉണ്ടാവും. എന്നാല്‍ ഈ വികാരങ്ങള്‍ അമിതമായി പ്രകടിപ്പിക്കാതിരിക്കാന്‍ ചെറുപ്പത്തിലേ ഞാന്‍ ശീലിച്ചിരുന്നു. ഫീല്‍ഡില്‍ അതിരുകടന്ന വികാരപ്രകടനങ്ങള്‍ പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു പറയുന്നു എന്നത് ഗൗനിക്കാറുണ്ടോ?

ഇല്ലേയില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ചും മീഡിയക്ക്. ആ അഭിപ്രായം നല്ലതോ ചീത്തയോ എന്ന് എന്നെ ബാധിക്കാറില്ല. അത്തരം അഭിപ്രായങ്ങള്‍ എന്റെ പ്രകടനത്തേയോ വ്യക്തിത്വത്തേയോ ബാധിക്കാതെ നോക്കാറുണ്ട്.കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല...


ഭാര്യ ശൈലജ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ജോലിക്ക് പോകണമെന്ന് വാശിപിടിക്കരുതെന്ന് ഞാന്‍ അവളോട് അഭ്യര്‍ഥിച്ചു. കാരണം അവളുടെ മുഴുവന്‍സമയ സപ്പോര്‍ട്ട് എനിക്ക് വേണ്ടിയിരുന്നു. അവള്‍ മിക്കപ്പോഴും എന്നോടൊപ്പം ട്രാവല്‍ചെയ്യുന്നുണ്ട്. പിന്നെ രണ്ട് മക്കള്‍-അഞ്ചു വയസ്സുകാരന്‍ സര്‍വജിത്തും മൂന്നു വയസ്സുകാരി അചിന്ത്യയും. രണ്ട് കുസൃതിക്കുടുക്കകളെ മാനേജ് ചെയ്യുന്നതിന്റെ തിരക്കിലാണവള്‍(ഭംഗിയുള്ള ഒരുചിരി ലക്ഷ്മണിന്റെ മുഖത്ത് തെളിയുന്നു) ഇതുപോലൊരു ലൈഫ് പാര്‍ട്ണറെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്.

റിട്ടയര്‍മെന്റിന് ശേഷം എന്താണ് പരിപാടി ?


ഉറപ്പില്ല. എന്നാലും ഹൈദരാബാദില്‍ ഒരു ക്രിക്കറ്റ് അക്കാദമി മനസ്സിലുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സും വിദ്യാഭ്യാസവും ഒരേപോലെ പ്രധാനമാണ്. ആ ഒരു വിശ്വാസം മനസ്സില്‍ വെച്ചുള്ള സംരംഭമാണ് ഉദ്ദേശിക്കുന്നത്.

താങ്കളുടെ റോള്‍ മോഡല്‍ ആരാണ്?


എന്റെ അച്ഛന്‍. വളരെ വിജയപ്രദമായ ജീവിതം നയിക്കുന്ന തിരക്കുള്ള കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം. ജീവിതവും പ്രൊഫഷനും ശരിയായി സന്നിവേശിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഈ 68-ാം വയസ്സിലും തികച്ചും ആക്ടീവാണ് അദ്ദേഹം. ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് മാതൃക. അദ്ദേഹത്തെക്കുറിച്ച് രാജ്യത്തിന് വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ ജനിപ്പിക്കുന്ന സമ്മര്‍ദം ഏറെ വലുതാണ്. പക്ഷെ മനോഹരമായി സച്ചിന്‍ അത് ഹാന്‍ഡില്‍ ചെയ്യുന്നു.

മറ്റ് സ്‌പോര്‍ട്‌സില്‍ ഒന്നും താല്‍പര്യമില്ലേ?


ടെന്നീസും ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളും കാണും. മഹാനായ സൈക്ലിസ്റ്റ് ലാന്‍സ് ആംസ്‌ട്രോങ്ങിനോട് വലിയ ആരാധനയുണ്ട്.

വായനാശീലം ഉണ്ടോ?


തീര്‍ച്ചയായും. ആംസ്‌ട്രോങ്ങിന്റെ ആത്മകഥ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതേ പോലെ ചിക്കാഗോ ബുള്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ ചീഫ് കോച്ച് ഫില്‍ ജാക്‌സന്റെ ആത്മകഥയും ഏറെത്തവണ വായിച്ചു. ഇത്തരം സ്‌പോര്‍ട്‌സ് താരങ്ങളുടെ, പരിശീലകരുടെ കഥകള്‍ വായിക്കുന്നത് എനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

സിനിമ, സംഗീതം?


ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ കാണും. നടന്‍മാരില്‍ അമിതാഭ് ബച്ചന്‍ വലിയൊരു പ്രചോദനമാണ്. ഇത്ര കാലം വലിയൊരു ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നിന്ന അമിതാഭ് ഏത് പ്രൊഫഷണലിനും മാതൃകയാണ്. സംഗീതം ഇന്ത്യനാണ് ഇഷ്ടം. റഹ്മാന്‍, എസ് പി ബി, ശങ്കര്‍മഹാദേവന്‍- ഇവരോടാണ് ഇഷ്ടം.

അഭിമുഖം ആരംഭിച്ചിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു. അഭിമുഖത്തിന് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ട് സമയമേറെയായി. പരസ്പരം ശുഭാശംസകള്‍ നേര്‍ന്ന്പിരിയുമ്പോള്‍ കളിയോടും ജീവിതത്തോടും നൂറശതമാനം ആത്മാര്‍ത്ഥയും സത്യസന്ധതയും പുലര്‍ത്തുന്ന ഒരു വെരിവെരി സ്‌പെഷല്‍ വ്യക്തിത്വത്തെ അടുത്തറിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു മനസ്സ്.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •