THURSDAY, JANUARY 29, 2015
2020 ല്‍ ഇന്ത്യയുടെ ലക്ഷ്യം 25 മെഡലുകള്‍
Posted on: 21 Aug 2012ലണ്ടന്‍ ഒളിമ്പിക്‌സ് കഴിഞ്ഞു തിരിച്ചു വന്ന ഇന്ത്യന്‍ സംഘം കൊണ്ടുവന്നത് ആറു മെഡലുകളാണ്. ഏത് ദോഷൈകദൃക്കും ഒരു കാര്യം സമ്മതിച്ചേ പറ്റൂ. പതുക്കെയാണെങ്കിലും ഇന്ത്യ എന്ന കായിക ഭീമന്‍ ഉണരുകയാണ്. കണക്കുകള്‍ നിരത്തിത്തന്നെ ഇക്കാര്യം തെളിയിക്കാം. 1984,1988, 1992 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഒറ്റമെഡലും കിട്ടിയിരുന്നില്ല. 1996 ല്‍ ലിയാന്‍ഡര്‍ പെയ്‌സ് ടെന്നീസ് സിംഗിള്‍സ് നേടിയ വെങ്കലത്തോടെ ഇന്ത്യ ഒരു വ്യാഴവട്ടത്തിനുശേഷം മെഡല്‍ പട്ടികയിലേക്ക് തിരിച്ചെത്തി. 2000ല്‍ വെയ്റ്റ്‌ലിഫ്റ്റില്‍ കര്‍ണ്ണം മല്ലേശ്വരി വെങ്കലം നേടി. 2004 ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ രാത്തോഡ് ഷൂട്ടിങ്ങിലെ ഡബ്ള്‍ ട്രാപ് എന്ന ഇനത്തില്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ ഒളിമ്പിസ്ഗ്രാഫ് ഉയരാന്‍ തുടങ്ങി. 2008ല്‍ അഭിനവ് ബിന്ദ്രയുടെ സ്വര്‍ണ്ണവും വിജേന്ദര്‍ സിങ്ങും സുശീല്‍കുമാറും നേടിയ വെങ്കലങ്ങളും മെഡലുകളുടെ എണ്ണം ഒന്നില്‍ നിന്ന് മൂന്നിലേക്ക്. ലണ്ടനില്‍ അത് ആറായും ഉയര്‍ന്നു. ഈ ഗ്രാഫിന്റെ ദൃശ്യം മനസ്സില്‍ കണ്ടിട്ടുതന്നെയാണ് ഇന്ത്യയുടെ കായിക വകുപ്പ് മന്ത്രി അജയ്മാക്കന്‍ പ്രഖ്യാപിച്ചത് 2020ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ലക്ഷ്യം 25 മെഡലുകളാണെന്ന്. ഇവിടെ ഒരു ചോദ്യം നമ്മുടെ മനസ്സിലുണരുന്നു. 2020ല്‍ 25 മെഡലുകളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമോ?ഈ ചോദ്യത്തിന് എന്റെ ഉത്തരം സാക്ഷാത്കരിക്കാന്‍ കഴിയും എന്നതുതന്നെയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തില്‍ മോഹവും സ്വപ്‌നവും ഒക്കെയുണ്ട്. പക്ഷേ, യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നി നിന്നുകൊണ്ടുതന്നെയാണ് മന്ത്രി അങ്ങിനെ മോഹിക്കുന്നത്. കാരണം ഇന്ത്യ ലോകനിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിച്ച ഇനങ്ങളിലെ ആകെ മെഡലുകള്‍ അത്രയേറെയാണ്. ഹോക്കിയില്‍ ഇന്ത്യയ്ക്ക് സംഭവിച്ച തകര്‍ച്ച അത്ര വലിയ മെഡല്‍ നഷ്ടമൊന്നും ഉണ്ടാക്കുകയുമില്ല. നമുക്ക് ഓരോ ഇനമായിത്തന്നെ എടുക്കാം. ആദ്യം ഗുസ്തിയാവട്ടെ. ഗുസ്തിയില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ഗ്രീക്കോ റോമന്‍, ഫ്രീസ്റ്റൈല്‍. ഇതില്‍ ഫ്രീസ്റ്റൈലില്‍ മാത്രമേ ഇന്ത്യക്കാര്‍ മത്സരിക്കാറുള്ളൂ. ഗ്രീക്കോറോമനില്‍ 7 സ്വര്‍ണ്ണമെഡലുകളും 7 വെള്ളി മെഡലുകളും 7 വെങ്കലമെഡലുമാണ് വിജയികളെ കാത്തിരിക്കുന്നത്. അതുപോലെ ഫ്രീസ്റ്റൈലില്‍ 11 വീതം മെഡലുകള്‍ വിജയികള്‍ക്ക് ലഭിക്കും. അതായത് ഗുസ്തിയില്‍ ആകെ 54 മെഡലുകള്‍. ഇതില്‍ രണ്ടെണ്ണമാണ് ഇന്ത്യയ്ക്ക് ഇത്തവണ ലഭിച്ചത്. 52 എണ്ണം ഇനിയും ബാക്കിയുണ്ടെന്നര്‍ത്ഥം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുസ്തിയിലുള്ള പാരമ്പര്യം നൂറ്റാണ്ടുകളുടെയല്ല സഹസ്രാബ്ദങ്ങളുടെയാണ്. മഹാഭാരതത്തിലൂടെ സാമാന്യം ദീര്‍ഘമായ ഭീമ-ജരാസന്ധയുദ്ധം തന്നെ ഓര്‍ക്കുക. ഭീമന്‍ ജരാസന്ധനെതിരെ വിജയം നേടിയത് ശ്രീകൃഷ്ണന്റെ തന്ത്രങ്ങള്‍ പുറത്തെടുത്തപ്പോളാണത്രെ. ഈ പാരമ്പര്യത്തിന്റെ ഊര്‍ജ്ജത്തെ ആധുനികകാലത്തെ മത്സരങ്ങള്‍ക്കായി വഴിതിരിച്ചുവിടാന്‍ നാം തുടങ്ങിയിട്ടേ ഉള്ളൂ. ഗ്രീക്കോറോമന്‍ വിഭാഗത്തില്‍ ഇത്തരം ശ്രമങ്ങള്‍ തുടങ്ങിയിട്ടേ ഇല്ല. ചുരുക്കത്തില്‍ ഇനിയും എത്രയോ പുറത്തെടുക്കാത്ത നിക്ഷേപം ഗുസ്തിയില്‍ ഇന്ത്യയ്ക്കുണ്ട്. സുശീല്‍കുമാര്‍, യോഗേശ്വര്‍ ദത്ത് തുടങ്ങിയവരില്‍ അവസാനിക്കുന്നില്ല. ഇന്ത്യയുടെ കരുത്ത്. ഹരിയാനയിലെ ഗോദകളില്‍ ജൂനിയര്‍ തലത്തില്‍ നിരവധിപേര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ കഴിയുന്ന മറ്റൊരു രംഗം ബോക്‌സിങ് ആണെന്ന് കഴിഞ്ഞ ഒന്നു രണ്ട് ഒളിമ്പിക്‌സുകളിലായി നാം തിരിച്ചറിഞ്ഞു. ആകെ മുപ്പത്തി ഒമ്പതുമെഡലുകള്‍(സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും 13 വീതം) വിജയികള്‍ക്ക് ലഭിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പഞ്ചാബും ഹരിയാനയും മണിപൂരുമൊക്കെ ബോക്‌സിങ്ങിന്റെ മികച്ച വിളനിലങ്ങളാണ്. മേരിക്കോമും വിജേന്ദര്‍സിംഗും ജയ്ഭഗവാനുമടക്കമുള്ള ബോക്‌സര്‍മാരെക്കൂടാതെ ഗുരുബക്‌സ് സിംഗ് സന്ധുവിനെപ്പോലുള്ള ലോകനിലവാരമുള്ള കോച്ചുമാരും ഇന്ന് നമുക്കുണ്ട്. പക്ഷേ, ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ ഇന്ത്യ മെഡലുകള്‍ നേടാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യയില്‍ ബോക്‌സിങ് എന്നൊന്ന് ഉണ്ട് എന്ന്് ആളുകള്‍ക്ക് ബോധ്യമാവാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ബോക്‌സിങ്ങിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ എന്ന സംഘടന സബ്ജൂനിയര്‍ തലം തൊട്ട് സീനിയര്‍ വിഭാഗം വരെയുള്ളവര്‍ക്കായി നിരവധി ടൂര്‍ണ്ണമെന്റുകള്‍ നടത്തുന്നു. നമ്മുടെയൊക്കെ ശ്രദ്ധ ക്രിക്കറ്റിലും മറ്റും ആയിരുന്നതിനാല്‍ ഈ മത്സരങ്ങള്‍ നാം ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ 2016 ഡിസംബര്‍ വരെയുള്ള കാലത്തെ നിരവധി ടൂര്‍ണ്ണമെന്റുകളുടെ ഫിക്‌സ്ചര്‍ ഇട്ടിട്ടുണ്ടെന്നത് എത്രപേര്‍ക്കറിയാം?
www.indiaboxing.in എന്ന വെബ്‌സൈറ്റ് നോക്കിയാല്‍ ഇന്ത്യയില്‍ ബോക്‌സിങ്ങിനുവേണ്ടി നടക്കുന്ന ശ്രമങ്ങളുടെ ഏകദേശചിത്രം കിട്ടും. വളരെ ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബോക്‌സിങ് രംഗത്തിലേക്ക് കുറേക്കൂടി മാധ്യമശ്രദ്ധ എത്തുന്നത് വളരെ നന്നായിരിക്കും.അമ്പെയ്ത്താണ് ഇന്ത്യ ശ്രദ്ധിക്കേണ്ടുന്ന ഒരു ഇനം. 12 മെഡലുകളാണ് ഒളിമ്പിക്‌സില്‍ അമ്പെയ്ത്തിനുള്ളത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം അത്ര കേമമായില്ലെന്നത് സത്യമാണ്. പക്ഷെ, ഒളിമ്പിക്‌സ് സൂചിപ്പിക്കുന്ന അത്ര പിറകിലല്ല ഇന്ത്യയുടെ നിലവാരം. 2012 ജൂണ്‍ മാസത്തിലാണ് യു.എസ്.എ.യിലെ ഓഗ്ഡനില്‍ വെച്ച് ലോകചാമ്പ്യന്‍ഷിപ്പ് നടന്നത്. ഇതില്‍ ഇന്ത്യ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. തരുണ്‍ദീപ് റായി, ജയന്ത താലൂക്ദാര്‍, രാഹുല്‍ ബാനര്‍ജി എന്നിവരടങ്ങുന്ന ഇന്ത്യന്‍ പുരുഷടീം വെള്ളിമെഡല്‍ നേടുകയുണ്ടായി. ടീമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് നോര്‍വെ, കാനഡാ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ തോല്പിക്കാനും കഴിഞ്ഞു. മാധ്യമശ്രദ്ധ തീരെ ലഭിക്കാത്ത ഒരിനമായതില്‍ പലരും ദീപികാകുമാരി എന്ന അമ്പെയ്ത്തുകാരിയെ ആദ്യം കേള്‍ക്കുന്നതുതന്നെ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിന്റെ പേരിലാണ്. എന്നാല്‍ അങ്ങിനെ എഴുതിത്തള്ളേണ്ട പേരല്ല ദീപികയുടെത്. 2009 ല്‍ ലോക യൂത്ത് ചാമ്പ്യനായപ്പോള്‍ അവരുടെ പ്രായം വെറും 15 ആയിരുന്നു. തുര്‍ക്കിയിലെ ആന്‍ല്യയില്‍ ഇക്കൊല്ലം നടന്ന ലോകചാമ്പ്യന്‍ഷിപ്പി്ല്‍ അവര്‍ ചാമ്പ്യനുമായി. ലോകത്തിലെ ഒന്നാം നമ്പര്‍ താരമായ അവര്‍ക്ക് 18 വയസ്സേ പ്രായമുള്ളൂ. തീര്‍ച്ചയായും ഇനിയും ഒന്നോ രണ്ടോഒളിമ്പിക്‌സുകള്‍ അവര്‍ക്ക് മുന്നിലുണ്ട്. ശ്രദ്ധയും സൂക്ഷ്മതയും ഏറെ വേണ്ടതും അധികം തടിമിടുക്കില്ലെങ്കിലും പങ്കെടുക്കാവുന്നതുമായ ഈ ഇനത്തില്‍ ചിട്ടയായ പരിശീലനമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷിക്കാം. അമ്പെയ്ത്തിന്റെ യന്ത്രയുഗരൂപമെന്ന് വിശേഷിപ്പിക്കുന്ന ഷൂട്ടിങ്ങിലും ഇന്ത്യ നിരവധി ലോക റെക്കോഡുകാരെയും ചാമ്പ്യന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഗഗന്‍ നരംഗും അഭിനവ് ബിന്ദ്രയും മാത്രമല്ല മുമ്പും ഇന്ത്യ നല്ല ഷൂട്ടര്‍മാരുടെ നാടാണ്. അഞ്ജലി ഭഗവതും ജസ്പാല്‍ റാണയുമൊക്കെ മുമ്പ് ലോകചാമ്പ്യന്‍ഷിപ്പുകള്‍ നേടിയും ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയും ഇന്ത്യയുടെ ശക്തി തെളിയിച്ചിട്ടുള്ളവരാണ്. ഇന്ത്യ ഇതിനേക്കാള്‍ എത്രയോ മുന്നിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിറകിലാണ്. വിലപിടിച്ചതും മികച്ചതുമായ തോക്കുകള്‍, തിരകള്‍ എന്നിവയുടെ അഭാവവും നല്ല ഷൂട്ടിങ് റെയ്ഞ്ചില്ലാത്തതുമാണ് യഥാര്‍ത്ഥ പ്രശ്‌നം. എന്നാല്‍ ഷൂട്ടി്ങ്ങില്‍ വലിയ മികവൊന്നും തെളിയിച്ചിട്ടില്ലാത്ത കേരളത്തില്‍പോലും ധാരാളം കുട്ടികള്‍ ഈ ഭാഗത്ത് എത്തുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്........... സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ് സമൂഹത്തിന്റെയും സഹായമുണ്ടെങ്കില്‍ ഈ രംഗത്ത് ഇന്ത്യയ്‌ക്കെന്നല്ല കേരളത്തിനു തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ആകെ 45 മെഡലുകളാണ് ഈ രംഗത്തിനായി ഒളിമ്പിക്‌സില്‍ നീക്കി വെച്ചിട്ടുള്ളത്.ഇന്ത്യ മൂന്ന് ലോകചാമ്പ്യന്മാരെ (പ്രകാശ് പദുകോണ്‍, ഗോപിചന്ദ്, സൈന നേവാള്‍) സൃഷ്ടിച്ച ബാഡിമിന്റണില്‍ 15 മെഡലുകളും കര്‍ണ്ണം മല്ലേശ്വരിയെപ്പോലുള്ള ഭാരോദ്വാഹകര്‍ വന്ന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ 45 മെഡലുകളുമാണുള്ളത്. ചുരുക്കത്തില്‍ ഇന്ത്യ ലോക നിലവാരത്തില്‍ മുദ്ര പതിപ്പിച്ച കായിക ഇനങ്ങളില്‍ ഏകദേശം ഇരുന്നൂറിലേറെ ഒളിമ്പിക് മെഡലുകള്‍ ഉണ്ട്. ഇത് ലണ്ടനിലെ കണക്കാണ്, 2020 ലെ ഒളിമ്പിക്‌സില്‍ കുറച്ച് വ്യത്യാസം വരാം. കൂടാതെ ടെന്നീസ് ടേബിള്‍ ടെന്നീസ് ഇനങ്ങള്‍ വേറെയുമുണ്ട്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഏറെ പിറകിലാണെന്നത് ആരും സമ്മതിക്കും. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ ഇവിടെയും ചില രജതരേഖകള്‍ കാണാന്‍ കഴിയും. അപ്രതീക്ഷിതമായി ചില ഇന്ത്യന്‍ അത്‌ലറ്റുകള്‍ ലോകശ്രദ്ധയില്‍ എത്തിയിട്ടുണ്ട്. പണ്ട് ഉഷ, ഇപ്പോള്‍ ഇര്‍ഫാന്‍ എന്നിവര്‍ ഉദാഹരണങ്ങളാണ്. ഇന്ത്യ ലോകനിലവാരത്തില്‍ എവിടെയുമില്ലാത്ത അവസ്ഥയുള്ളത് സ്പ്രിന്റ് ഇനങ്ങളിലാണ്. ഉസൈന്‍ ബോള്‍ട്ടും മറ്റും മാറ്റുരയ്ക്കുന്ന ലോക സ്പ്രിന്റ് വേദികളില്‍ ഇന്ത്യ ഇറങ്ങേണ്ടതില്ല. എന്നാല്‍ 800 മീറ്റര്‍ തൊട്ടുള്ള മധ്യ ദൂരെ ഓട്ടത്തിന്റെ കാര്യത്തില്‍ ഇന്ത്യ അത്രമോശവുമല്ല. ഇത്തരം ഇനങ്ങളില്‍ സ്‌ഫോടനാത്മകമായ ശക്തിയല്ല ഏറെ നേരം ഓടാനുള്ള ശാരീരിക ശേഷിയാണ് ആവശ്യം. അക്കാര്യത്തില്‍ ഇന്ത്യയുടെ നില കുറേ ഭേദമാണ്. 20 കിലോമീറ്റര്‍, 50 കിലോമീറ്റര്‍ നടത്തത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇര്‍ഫാനെപ്പോലുള്ളവര്‍ക്ക് ശരിയായ പരിശീലനം നല്കുകയാണെങ്കില്‍ അവര്‍ മെഡലിന് തൊട്ടടുത്ത് എത്താന്‍ അധികം വിഷമമില്ല. അത്തരം ഒരു നിരയെ വാര്‍ത്തെടുക്കാന്‍ 2020 ഒളിമ്പിക്‌സിലും കുറച്ചു മെഡലുകളെങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചുകൂടെ?

ചുരുക്കത്തില്‍, ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യയ്ക്ക് ഒട്ടും പ്രതീക്ഷയില്ലാത്ത ഇനങ്ങള്‍ മുഴുവന്‍ ഒഴുവാക്കിയാല്‍പ്പോലും 25 മെഡലുകള്‍ കിട്ടാനുള്ള സാധ്യത വിശാലമായി തുറന്നു കിടക്കുന്നുണ്ട്. എന്നാല്‍ മലയാളി എന്ന നിലയില്‍ ഒരു ദുഃഖം കൂടി ഇവിടെ രേഖപ്പെടുത്തട്ടെ. ഒളിമ്പിക്‌സ് പോലുള്ള ലോക കായിക വേദികളില്‍ ഇന്ത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. എന്നാല്‍ കേരളത്തിന്റെ അവസ്ഥ മറിച്ചും. ഇന്നും മലയാളികളുടെ ഓര്‍മ്മകളില്‍ 1984 ലെ ലോസ്ആഞ്ജലീസ് ഒളിമ്പിക്‌സാണുള്ളത്. പി.ടി.ഉഷ, സണ്ണിതോമസ്, കോഴിക്കോട്ടെ ബാഡ്മിന്റണ്‍ കോച്ച് നാസര്‍ തുടങ്ങിയ കോച്ചുമാരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്ത്ി 15 വയസ്സിനു താഴെയുള്ളവരെ പരിശീലിപ്പിക്കാന്‍ കാര്യമായി എന്തെങ്കിലും പദ്ധതി രൂപപ്പെടുത്തിയാല്‍ കേരളത്തിനും നേട്ടങ്ങളുണ്ടാക്കാം. പക്ഷേ, ഇപ്പോള്‍ അതൊന്നും കാണുന്നില്ല. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും പൊതുപരിപാടികള്‍ക്കായി ഉഴുതുമറിച്ച മൈതാനങ്ങളും കേരളത്തിന്റെ കായികവര്‍ത്തമാനത്തെക്കുറിച്ച് എല്ലാം പറയാതെ പറയുന്നു.

 

 

 

Other stories in this section:
 • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 •