a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഇന്ത്യ സെമിയില്‍
Posted on: 21 Aug 2012



ടൗണ്‍സ്‌വീല്‍(ഓസ്‌ട്രേലിയ): വാലറ്റത്തിന്റെ ധീരതയാര്‍ന്ന ചെറുത്തുനില്പില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ പാകിസ്താനെ ഒരു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. 45.1 ഓവറില്‍ പാകിസ്താനെ 136 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യയുടെ കൗമാരതാരങ്ങള്‍ അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. ഒടുവില്‍, പതിനൊന്നാമന്‍ സന്ദീപ് ശര്‍മയുടെ ചെറുത്തുനില്പില്‍, 48 ഓവറില്‍ 137 റണ്‍സെടുത്ത് ഇന്ത്യ മത്സരം സ്വന്തമാക്കി.

സെമിയില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 23-നാണ് ഈ മത്സരം. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച അഞ്ചു തവണയില്‍ നാലിലും ഇന്ത്യയെ തോല്പിച്ചിട്ടുള്ള പാകിസ്താന്‍ ഇക്കുറിയും വിജയം നേടുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിലായിരുന്നു ഇന്ത്യന്‍ വാലറ്റം ചെറുത്തുനില്പ്കാട്ടിയത്. 41-ാം ഓവറിന്റെ അവസാന പന്തില്‍ ഒമ്പതാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍, വിജയത്തിലേക്ക് പത്ത് റണ്‍സുകൂടി ഇന്ത്യക്ക് വേണ്ടിയിരുന്നു. എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഹര്‍മീത് സിങ്ങും പതിനൊന്നാമന്‍ സന്ദീപ് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീടുള്ള ഏഴോവറുകള്‍ സധൈര്യം പ്രതിരോധിച്ച ഹര്‍മീത്-സന്ദീപ് സഖ്യം വിജയത്തിലേക്ക് ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

22 പന്തുകളാണ് സന്ദീപ് മാത്രം പ്രതിരോധിച്ചത്. രണ്ടുറണ്‍സ് നേടുകയും ചെയ്തു. ഹര്‍മീത് 34 പന്തുകള്‍ നേരിട്ട് 13 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി പ്രകടനത്തോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത ബാബ അപരാജിതാണ് (51) കളിയിലെ കേമന്‍.

നേരത്തേ, സന്ദീപ് ശര്‍മയുടെയും രവികാന്ത് സിങ്ങിന്റെയും മൂന്ന് വിക്കറ്റ് പ്രകടനത്തിലാണ് പാകിസ്താനെ ഇന്ത്യ 136 റണ്‍സില്‍ ഒതുക്കിയത്. പത്തോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ കമാല്‍ പാസിയും 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍മീത് സിങ്ങും റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിലും നിര്‍ണായകമായി. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എട്ടുറണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ തുണച്ചത് വിജയ് സോളും (36) അപരാജിതും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 66 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അഞ്ചിന് 120 എന്ന നിലയില്‍നിന്ന് ഒമ്പതിന് 127 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞതോടെ, ടീം വീണ്ടും തോല്‍വിയുടെ വക്കത്തായി. ഇവിടെയാണ് ഹര്‍മീതും സന്ദീപും രക്ഷകരായത്.

ആവേശകരമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ മൂന്നുവിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് ന്യൂസീലന്‍ഡ് സെമിയില്‍ കടന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനുവേണ്ടി ഇന്ത്യന്‍ വംശജനായ ഇന്ദര്‍ബീര്‍ സിങ് സോധി നടത്തിയ വെടിക്കെട്ടാണ് വിജയമൊരുക്കിയത്. പത്ത് പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 22 റണ്‍സ് നേടിയ സോധി അവസാന പന്തില്‍ ബൗണ്ടറിയടിച്ചാണ് ടീമിനെ വിജയിപ്പിച്ചത്. സ്‌കോര്‍ വെസ്റ്റിന്‍ഡീസ് 237-ന് പുറത്ത്. ന്യൂസീലന്‍ഡ് ഏഴിന് 238.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.