THURSDAY, JANUARY 29, 2015
ശൂന്യത ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍
Posted on: 20 Aug 2012ഒഴിഞ്ഞുപോക്കുകള്‍ ഉണ്ടാക്കുന്ന ശൂന്യത ശാശ്വതമായ ഒന്നല്ല. അത് കാലത്തിന്റെ അനിവാര്യതകളില്‍ ഒന്ന് മാത്രമാണ്. പക്ഷേ, വങ്കിപ്പുറപ്പ് വെങ്കടസായ് ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സമയമായിരിക്കുന്നു എന്ന തന്റെ തന്നെ ഉള്‍വിളിയെ അംഗീകരിക്കുന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് നേരത്തേ സൂചിപ്പിച്ച അനിവാര്യതകളുടെ നിയമം അതിനെ ന്യായീകരിക്കാന്‍ എത്താത്തത്? അതു തന്നെയാണ് ലക്ഷ്മണ്‍ എന്ന ബാറ്റ്‌സ്മാനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നതും. വളരെ വളരെ സാധാരണക്കാരന്‍ ആയിരിക്കെത്തന്നെ വളരെ വളരെ സ്‌പെഷ്യല്‍ ആയിട്ട് നമുക്ക് മുമ്പില്‍ അവതരിച്ച ഒരു അസാമാന്യ വ്യക്തിപ്രഭാവമായിരുന്നു വിവിഎസ്. മാന്യത എന്ന വാക്കിന് സച്ചിന്‍ തെണ്ടുല്‍കറും രാഹുല്‍ ദ്രാവിഡും പകര്‍ന്ന് നല്‍കിയ മാനങ്ങളില്‍ ലക്ഷ്മണിന്റെ നിശ്ശബ്ദ സേവനങ്ങള്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടാതെ പോയിട്ടുണ്ടാവാമെങ്കിലും ഒരു ചാമ്പ്യനും വ്യക്തിയും രണ്ടല്ല എന്ന വിശ്വാസം ലക്ഷ്മണിലൂടെ വളരുക തന്നെയാണ് ചെയ്യുന്നത്.

ഒരു നിശ്ശബ്ദ സേവകനായതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് അഞ്ചക്കത്തിലേക്ക് കടക്കാതെ പോയ ലക്ഷ്മണിന്റെ ടെസ്റ്റ് റണ്‍പട്ടിക. നാളെ എണ്ണായിരം റണ്ണുകളുടെ പട്ടിക നോക്കി ലക്ഷ്മണിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു തലമുറയ്ക്ക് ഒരിക്കലും തിരിച്ചറിയാനാവാത്ത ഒരുപാട് കാര്യങ്ങളുണ്ട്. 1996 മുതല്‍ 2012 വരെയുള്ള നീണ്ട 16 വര്‍ഷങ്ങളില്‍ ദ്രാവിഡിനോ തെണ്ടുല്‍കര്‍ക്കോ സാധിച്ചത് ലക്ഷ്മണിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് സംഭവിച്ചില്ല എന്ന് ഈ അക്കങ്ങള്‍ ആരോടും പറയുകയില്ല. ഒരുപക്ഷേ, അവരുടെ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതു തന്നെയാണ് ഈ കുറവിന്റെ കാരണം. മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന് ആവശ്യമായ മാതൃകാപരമായ എല്ലാ സവിശേഷതകളും ഉണ്ടായിട്ടും അഞ്ചാമനായും ആറാമനായും കളിക്കാന്‍ കിട്ടിയ നിയോഗത്തെ അംഗീകരിക്കേണ്ടി വന്നു എന്നത് ലക്ഷ്മണിന്റെ നേട്ടങ്ങളുടെ പട്ടികയെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ട്.കരിയറിന്റെ സിംഹഭാഗവും മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചവരുടെ-വിശേഷിച്ചും അസൂയാര്‍ഹമായ സ്ഥിരതയോടെയും ഓജസ്സോടെയും ബാറ്റ് ചെയ്ത തെണ്ടുല്‍കറുടെയും ദ്രാവിഡിന്റെയും മുമ്പില്‍ മാത്രമാണ് വിവിഎസ് പിന്നിലായിപ്പോകുന്നത് എന്ന് അവര്‍ തിരിച്ചറിയുമോ ആവോ?


എന്നും തന്റെ ഉള്‍വിളികളെ മാനിച്ചിട്ടേ ഉള്ളൂ എന്ന് പിരിയാന്‍ നേരത്ത് ലക്ഷ്മണ്‍ പറയുന്നത് കേട്ടു. അങ്ങനെയൊരു ഉള്‍വിളി തന്നെയാണ് ഒരിക്കല്‍ ലക്ഷ്മണ്‍ എന്ന മധ്യനിര ബാറ്റ്‌സ്മാന് പുനര്‍ജന്മം നല്‍കിയത്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന ദൗത്യം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്-അത് എടുക്കുന്നോ ഇല്ലയോ എന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചോദ്യം സ്വാഭാവികമായും ഒരു പുതുമുഖത്തെ സന്ദേഹിപ്പിക്കുകയോ മോഹിപ്പിക്കുകയോ ചെയ്യും. അവിടെ തികഞ്ഞ ഒരു വേദാന്തിയുടെ മുഖമാണ് 25 തികഞ്ഞിട്ടില്ലാത്ത ലക്ഷ്മണ്‍ പ്രകടിപ്പിച്ചത്. ഓപ്പണര്‍ എന്ന ചേരാത്ത കുപ്പായം അസമയത്ത് അണിയേണ്ടതില്ല, കാത്തുനിന്ന് ഏറ്റവും അടുത്ത അവസരം കൈവശപ്പെടുത്താം എന്ന് ശക്തനായ ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ അകത്തിരുന്ന് ലക്ഷ്മണിനോട് ഉറപ്പിച്ച് പറഞ്ഞു. അത് വിശ്വസിക്കാതിരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരെയും മോഹിപ്പിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ ആ ചരിത്ര ഇന്നിങ്‌സിലൂടെ ലക്ഷ്മണ്‍ എന്ന ബാറ്റ്‌സ്മാന്‍, ഇന്ത്യന്‍ ക്രിക്കറ്റിന് അതുവരെ അന്യമായിരുന്ന പ്രത്യാക്രമണത്തിന്റെയും ചെറുത്തുനില്പിന്റെയും പുതിയ പാഠങ്ങള്‍ കാണിച്ചു കൊടുത്തു. അതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു. പിന്നീട് 300 എന്ന സാങ്കല്പിക ലോകത്തേക്ക് ഒന്നിലേറെ പ്രാവശ്യം കടന്നു ചെന്ന വീരേന്ദര്‍ സെവാഗിനെപ്പോലുള്ളവര്‍ക്ക് വഴിയൊരുക്കിയത് ആ 'മതില്‍തകര്‍ക്കലാ'യിരുന്നു. 236 എന്ന താന്‍ തീര്‍ത്തവേലി പൊളിച്ചതില്‍ ലക്ഷ്മണിനേക്കാള്‍ സന്തോഷം തനിക്കാണെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്ളുതുറന്ന് ആനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് ചരിത്രത്തിന്റെ ദൈന്യതയെയാണ് ലക്ഷ്മണ്‍ മാറ്റിമറിച്ചതെന്നും ഗവാസ്‌കര്‍ അന്ന് കൂട്ടിച്ചേര്‍ത്തു.

എം.വി.പി എന്ന് ആധുനിക ലോകം വിശേഷിപ്പിക്കുന്ന ഏറ്റവും മൂല്യം കൂടിയ കളിക്കാരന്‍ എന്ന ഒരു പദവിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ലക്ഷ്മണ്‍ എന്ന ടെസ്റ്റ് ബാറ്റ്‌സ്മാന്‍ മഹത്തായ സംഭാവനകള്‍ തുടര്‍ച്ചയായിട്ട് നല്‍കിയിട്ടുള്ള ദ്രാവിഡ്/തെണ്ടുല്‍കര്‍ ദ്വയത്തെപ്പോലും പലപ്പോഴും പിന്നിലാക്കിയിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സ്വതവേ ഓടിയൊളിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യയുടെ വാലറ്റക്കാര്‍ അനുസരണയോടെ ലക്ഷ്മണിനോടൊപ്പം സഞ്ചരിച്ചത് കുറെയൊക്കെ അവിശ്വനീയമായ കാഴ്ച്ചകള്‍ തന്നെയായിരുന്നു. അക്കാര്യത്തില്‍ ഭാഗ്യവും ലക്ഷ്മണിനോടൊപ്പം ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ശ്രേഷ്ഠമായ പല തെണ്ടുല്‍കര്‍ ഇന്നിങ്ങ്‌സുകള്‍ക്കും അവ അര്‍ഹിക്കുന്ന മൂല്യം ഇല്ലാതെ പോയത് അവസാനക്കാരുടെ അലസ സമീപനങ്ങള്‍ കൊണ്ടായിരുന്നുവല്ലോ.


തൊണ്ണൂറുകളുടെ ആദ്യത്തില്‍ ദക്ഷിണമേഖലയുടെ സജീവ സാന്നിധ്യങ്ങളായിരുന്ന ലക്ഷ്മണും ദ്രാവിഡുംഅവരില്‍ ആരാദ്യം എന്നത് മാത്രമായിരുന്നു സന്ദേഹം. ഇന്നിങ്‌സുകളുടെ വലിപ്പത്തിലും ആകര്‍ഷണത്വത്തിലും ബഹുദൂരം മുമ്പിലായിരുന്നു ലക്ഷ്മണ്‍ എങ്കില്‍ സ്ഥിരതയായിരുന്നു ദ്രാവിഡിന്റെ മുഖമുദ്ര. രണ്ടുപേരുടെ അന്താരാഷ്ട്ര കരിയറുകളെ ഒന്ന് താരതമ്യം ചെയ്തു നോക്കിയാലും കാര്യങ്ങള്‍ ഏറെക്കുറെ അങ്ങനെത്തന്നെ തുടര്‍ന്ന് പോയതായിട്ട് കാണാന്‍ സാധിക്കും. ഗ്രെയ്‌സ് എന്ന വിശേഷസ്വഭാവത്തിന് മൊഹമ്മദ് അസ്ഹറുദ്ദിന്‍ കൊടുത്ത നിര്‍വചനങ്ങളുടെ ഒരു പിന്‍തുടര്‍ച്ചക്കാരന്‍ മറ്റൊരു ഹൈദെരാബാദുകാരനായത് സ്വാഭാവികം മാത്രം. ലക്ഷ്മണ്‍ അത് പിന്‍തുടരുക മാത്രമല്ല ചെയ്തത്. അസ്ഹറിന്റെ ശൈലിയെ പുനര്‍നിര്‍വചിക്കുക കൂടി ചെയ്തപ്പോഴാണ് ലക്ഷ്മണ്‍ എന്ന ബാറ്റ്‌സ്മാന്‍ പൂര്‍ണ്ണതയില്‍ എത്തിയത്.

ഒരു ബൗളറെ നേരിടുമ്പോഴത്തെ ബാറ്റ്‌സ്മാന്റെ അക്ഷോഭ്യത അയാളുടെ പൂര്‍ണ്ണതയുടെ ഒരു പ്രധാന അളവുകോലായിട്ടെടുക്കാം. ക്രീസിന്റെ ആഴം മുഴുവന്‍ ഉപയോഗിച്ച് പന്തിന്റെ അവസാനചലനവും നിരീക്ഷിച്ച ശേഷം മാത്രം ഒരു സ്‌ട്രോക്കിന് തയ്യാറെടുക്കുന്ന ലക്ഷ്മണിന്റെ രീതികള്‍ ഏത് ആധുനിക ബാറ്റ്‌സ്മാനും അനുകരിക്കാവുന്ന ഒന്നായിരുന്നു. ബദ്ധപ്പെട്ടോ തിരക്ക് പിടിച്ചോ ഉള്ള ഒരു ചലനങ്ങളും ലക്ഷ്മണിന്റെ ഭാഗത്തു നിന്ന് കാണാന്‍ സാധിക്കാറില്ല. ഏറ്റവും കുറച്ച് യത്‌നം. ഏറ്റവും കൂടിയ മൂല്യം അതായിരുന്നു ലക്ഷ്മണിന്റെ പ്രത്യേകത. 'വെരി വെരി സ്‌പെഷല്‍' എന്നത് ആ ശൈലിക്ക് കിട്ടിയ അംഗീകാരവുമായിരുന്നു.ഈ അക്ഷോഭ്യതയ്ക്കും ഒരു തുടര്‍ച്ചയുണ്ട്. അത് ഇന്ത്യയുടെ ഏറ്റവും മികച്ച സ്ലിപ് ഫീല്‍ഡര്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയിലേക്ക് ലക്ഷ്മണിനെ ഉയര്‍ത്തി.


ന്യൂസീലന്‍റ് പരമ്പരയ്ക്ക് മുമ്പ് ധൃതിപിടിച്ച് എന്തിനാണ് ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് എന്നത് ചര്‍ച്ചകള്‍ക്കുള്ള ധാരാളം സാധ്യതകള്‍ തുറക്കുന്നു. ക്യാപ്റ്റനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന പരാമര്‍ശമൊക്കെ ചേര്‍ത്തുവെച്ചാല്‍ അതില്‍ ഒരുപാട് കാര്യങ്ങള്‍ കാണാന്‍ സാധിച്ചേക്കും. അത് ഒരു വിവാദമാക്കി മാറ്റുന്നത് മഹത്തായ ഒരു കരിയറിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു നീതികേടാവും. ഇത് ആസന്നമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കേണ്ടിയിരുന്നത്. തല്‍ക്കാലം അങ്ങനെ കരുതിയിട്ട് നമുക്ക് എണീറ്റു നിന്ന് വണങ്ങാം. അതുല്യനായ ഈ ക്രിക്കറ്ററെ.

 

 

 

Other stories in this section:
 • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 •