a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഒളിമ്പ്യന് ഇന്ന് ജന്മനാടിന്റെ സ്‌നേഹാദരം
Posted on: 20 Aug 2012


മലപ്പുറം: കുനിയില്‍ നിവാസികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കോലോത്തുംതൊടിയെന്ന വീട്ടുപേരിനെയും കുനിയില്‍ ഗ്രാമത്തെയും ലോക ശ്രദ്ധയിലേക്ക് കൊണ്ടു വന്ന ഇര്‍ഫാന്‍ എന്ന ഒളിമ്പ്യന്റെ വരവും പ്രതീക്ഷിച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് അദ്ദേഹം നാട്ടിലെത്തുക.

ജില്ലയില്‍ നിന്നുള്ള ആദ്യ ഒളിമ്പ്യന്‍ കൂടിയായ ഇര്‍ഫാന് നല്‍കുന്ന വരവേല്‍പ്പ് അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് നാട് ഒന്നടങ്കം. ഒളിമ്പിക്‌സില്‍ നടത്തത്തില്‍ 10-ാം സ്ഥാനത്തെത്തിയ ഇര്‍ഫാനെ സ്വീകരിക്കാന്‍ നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. കെ.ടി. ഇര്‍ഫാന് കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉചിത സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് ഒന്നിന് എത്തുന്ന ഇര്‍ഫാനെ വരവേല്‍ക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം മന്ത്രി മഞ്ഞളാംകുഴി അലി, എം.ഐ. ഷാനവാസ്എം.പി, പി.കെ. ബഷീര്‍ എം.എല്‍.എ, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിവിധ സ്‌പോര്‍ട്‌സ്, ഗെയിംസ് സംഘടനാപ്രതിനിധികള്‍, സ്വാഗതംസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ എത്തിച്ചേരും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടോട്ടി - അരീക്കോട് വഴി അരീക്കോട് കുനിയില്‍ അല്‍ അന്‍വാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ആനയിക്കും. അവിടെ സ്വീകരണ സമ്മേളനവും നടക്കും. ഇര്‍ഫാനെ സ്വാഗതം ചെയ്യുന്ന വലിയ കമാനങ്ങള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അരീക്കോട് മുതല്‍ കുനിയില്‍ വരെയുള്ള മേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ്, എസ്.പി സേതുരാമന്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മുഹമ്മദ്ഹാജി, എം.എസ്.പി കമാന്‍ഡന്‍റ് യു. ഷറഫലി, കമാല്‍ വരദൂര്‍, കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. റംലാബീഗം, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അത്‌ലറ്റിക് സ്‌പോര്‍ട്‌സ് സംഘടനാ പ്രതിനിധികള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.