a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
എട്ടിലും പൊട്ടിയ 'അര്‍ജുനന്‍'
Posted on: 20 Aug 2012

കെ. വിശ്വനാഥ്

കോഴിക്കോട്: പതിമ്മൂന്നുവര്‍ഷമായി ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ സ്ഥിരം അറ്റാക്കര്‍. 35 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ഇതില്‍ അര ഡസനിലധികം ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയിലെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പല ടൂര്‍ണമെന്റുകളിലും ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ്. രണ്ടു തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരളാ ടീമിന്റെ മുന്നണിപ്പോരാളി. ഇതിനെല്ലാം പുറമേ ദേശീയ ലീഗിലെയും ഫെഡറേഷന്‍ കപ്പിലെയും കിരീട നേട്ടങ്ങളും... ഒരു അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ ഇനിയെന്തു യോഗ്യത വേണം ?

ടോം ജോസഫിനോടാണ് ഈ ചോദ്യമെങ്കില്‍ മറുപടി ഒരു പൊട്ടിച്ചിരിയില്‍ ഒതുങ്ങും. മുകളില്‍ പറഞ്ഞ വിശേഷണങ്ങള്‍ എല്ലാം ടോം ജോസഫിന്റേതാണ്. എട്ടു തവണ ദേശീയ വോളിബോള്‍ ഫെഡറേഷന്‍ ടോമിന്റെ പേര് അര്‍ജുന അവാര്‍ഡിന് നിര്‍ദേശിച്ചു. പക്ഷേ, ഇത്തവണയും 'അര്‍ജുനന്മാരുടെ' ലിസ്റ്റില്‍ ഈ തൊട്ടില്‍പ്പാലത്തുകാരന്റെ പേരില്ല. ''എനിക്കൊരു പരാതിയുമില്ല. കോര്‍ട്ടിലിറങ്ങി കളിക്കാനേ എനിക്കറിയൂ. കഴിയുന്നത്ര കാലം ഇന്ത്യയ്ക്കുവേണ്ടി കളിക്കണം, ജയിക്കണം. അവാര്‍ഡുകള്‍ പോരടിച്ച് വാങ്ങാനുള്ളതല്ലല്ലോ, അറിഞ്ഞു തരേണ്ടതല്ലേ?'' - ടോം ചോദിക്കുന്നു.

ജിമ്മി ജോര്‍ജിനുശേഷം ഇന്ത്യന്‍ വോളി കണ്ട ഏറ്റവും മികച്ച അറ്റാക്കര്‍ ടോം ആണെന്ന് വോളി ആരാധകരും പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കില്‍ ടോമിന്റെ നേട്ടങ്ങള്‍ അത് വിളിച്ചറിയിക്കുന്നു. 1999-ല്‍ നേപ്പാളിലും 2004-ല്‍ പാകിസ്താനിലും 2006-ല്‍ കൊളംബോയിലും നടന്ന സാഫ് ഗെയിംസുകളില്‍ ഇന്ത്യയെ വോളി ചാമ്പ്യന്മാരാക്കിയത് ടോമിന്റെ സ്‌പൈക്കിങ് മികവാണ്. ദുബായിലെ റഷീദ് ഇന്റര്‍ നാഷണല്‍ വോളി ടൂര്‍ണമെന്റില്‍ മൂന്നു തവണ ഇന്ത്യ കിരീടമണിഞ്ഞപ്പോഴും ടോം ടീമിലുണ്ട്. 2002-ല്‍ ഇന്ത്യ ശിവന്തി കപ്പില്‍ ചാമ്പ്യന്മാരായപ്പോഴും അതിനു പിന്നില്‍ ടോമിന്റെ കൈകളുണ്ടായിരുന്നു. 2003-ല്‍ സ്ലോവാക്യയില്‍ നടന്ന ടോമീസ് കപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ബെസ്റ്റ് അറ്റാക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ടോം ആണ്, ബുസാന്‍, ദോഹ ഏഷ്യന്‍ ഗെയിംസുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. കഴിഞ്ഞമാസം ചൈനയില്‍ നടന്ന അന്താരാഷ്ട്ര ചാലഞ്ചര്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ ടീമിന്റെയും പ്രധാന അറ്റാക്കര്‍ ടോമായിരുന്നു.

ഇത്തവണ ദേശീയ കായിക അവാര്‍ഡുകള്‍ നിര്‍ണയിച്ച കമ്മിറ്റിയില്‍ മലയാളിയായി ആരുമില്ലായിരുന്നു. മാത്രമല്ല ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെയും ഒളിമ്പിക്‌സില്‍ മെഡല്‍ സാധ്യതയുണ്ടായിരുന്ന ഇനങ്ങളില്‍ മത്സരിക്കുന്ന താരങ്ങളെയും പരിഗണിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ടോം ജോസഫ് പടിക്കുപുറത്തായി. ''അവാര്‍ഡ് കിട്ടിയവരെല്ലാം അര്‍ഹത ഉള്ളവര്‍ തന്നെ. ഇത് എട്ടാം തവണയാണ് എന്റെ പേര് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്കു മുന്നില്‍ വരുന്നത്. എട്ടിലും ഞാന്‍ പൊട്ടി. അതെന്റെ യോഗം'' - ടോം പറയുന്നു.



Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.