|
ലക്ഷ്മണ്‍ റിട്ടയേഡ് 'ഹര്‍ട്ട്'?
Posted on: 20 Aug 2012
ന്യൂഡല്‍ഹി: ഈ വിടവാങ്ങല്‍ പരമ്പരയ്ക്ക് കാത്തുനില്‍ക്കാതെ വി.വി.എസ്. ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സെലക്ഷന്‍ കമ്മറ്റിയുടെയും സമീപനങ്ങളില്‍ മനംനൊന്താണെന്ന് സൂചന. ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ടീമിലുള്‍പ്പെടുത്തിയത് വിടവാങ്ങലിനുള്ള അവസരമായിട്ടാണെന്ന കാര്യം അദ്ദേഹത്തെ ധരിപ്പിക്കുന്നതില്‍ സെലക്ടര്‍മാരും ബോര്‍ഡും വീഴ്ചവരുത്തിയതാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്. സെലക്ടര്‍മാര്‍ക്കുള്ള താക്കീതാണ് ലക്ഷ്മണിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെന്ന് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍ വിവാദത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്.
വിദേശത്ത് ഇന്ത്യ തുടരെ എട്ടു ടെസ്റ്റുകള്‍ തോറ്റ മത്സരങ്ങളില്‍ ലക്ഷ്മണിന്റെ പ്രകടനവും മോശമായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടും ഓസ്‌ട്രേലിയക്കെതിരെ ഒരു അര്‍ധസെഞ്ച്വറിയുമാണ് അദ്ദേഹത്തിന് ഈ മത്സരങ്ങളില്‍ നേടാനായത്. മോശം ഫോമിന്റെ പേരില്‍ ലക്ഷ്മണ്‍ വിരമിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന പരമ്പര വിടവാങ്ങാനുള്ള അവസരമാകുമെന്ന് ആരും അദ്ദേഹത്തെ ധരിപ്പിച്ചിരുന്നില്ല. ടീമിലുള്‍പ്പെടുത്തിയശേഷം മാത്രമാണ് ഇക്കാര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചത്. ഫോമിലേക്ക് തിരിച്ചുവരാന്‍ കടുത്ത പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ലക്ഷ്മണിനെ വൈകിയറിഞ്ഞ ഈ വാര്‍ത്ത വിഷമിപ്പിച്ചു. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ പങ്കെടുത്ത് വിടവാങ്ങാനുള്ള അവസരംപോലും ലക്ഷ്മണ്‍ വേണ്ടെന്നുവെച്ചത് ഈ നീതികേടില്‍ മനംനൊന്താണ്.
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷ്മണ്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇത്തരം സൂചനകളൊന്നുമില്ലെങ്കിലും പരമ്പരയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ക്രിക്കറ്റ് വൃത്തങ്ങളെ അമ്പരപ്പിക്കുന്നതായി. ലക്ഷ്മണിനെ വേദനിപ്പിച്ചതെന്തെന്നറിയില്ലെങ്കിലും കഴിഞ്ഞ ഒന്നുരണ്ടാഴ്ചയ്ക്കിടെ നടന്ന സംഭവവികാസങ്ങളാകാം ഇതിനു പിന്നിലെന്ന് ബി.സി.സി.ഐ.യിലെ ഉന്നതരിലൊരാള്‍ സൂചിപ്പിക്കുന്നു. മുന്‍കാല താരങ്ങളുടെ വിമര്‍ശനമോ, വിടവാങ്ങല്‍ പരമ്പരയാണെന്ന സെലക്ടര്‍മാരുടെ അറിയിപ്പോ ആകാം ഇതിനു പിന്നിലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
16 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീവനാഡികളിലൊന്നായി നിന്ന ലക്ഷ്മണിനോട് വിരമിക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നവരേറെയാണ്. ഫോമിലേക്ക് തിരിച്ചെത്തിയശേഷം, ഉചിതമായ സമയത്ത് വിരമിക്കുകയെന്ന ആഗ്രഹത്തിലായിരുന്നു ലക്ഷ്മണെന്നും നിര്‍ബന്ധിത വിരമിക്കല്‍ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.
ടീമിലെ സീനിയര്‍ താരങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകാന്തിന്റെ വീഴ്ചകളും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഗാംഗുലിയൊക്കെ ആ പക്ഷത്താണ്. വെറും രണ്ടുമത്സരത്തിനുവേണ്ടിയായിരുന്നെങ്കില്‍ ലക്ഷ്മണിനെപ്പോലെ അനുഭവസമ്പത്തുള്ള താരം ഇത്രയേറെ കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. അക്കാര്യം ലക്ഷ്മണിനെ നേരത്തേത്തന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് ഗാംഗുലി പറയുന്നു. ന്യൂസീലന്‍ഡിനെതിരായ ടീമിനെ പ്രഖ്യാപിച്ചശേഷമാണ് സെലക്ടര്‍മാരിലൊരാള്‍ ലക്ഷ്മണിനെ വിളിച്ച് ഇത് വിടവാങ്ങല്‍ പരമ്പരയാണെന്ന് അറിയിച്ചത്. ഇതദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെന്നും ഗാംഗുലി കരുതുന്നു.
ടീമിലെ സീനിയര്‍ താരങ്ങളോടുള്ള സെലക്ടര്‍മാരുടെ നടപടി നേരത്തേയും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കേയാണ് രാഹുല്‍ ദ്രാവിഡിനെ സെലക്ടര്‍മാര്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഇത് അദ്ദേഹം ഏകദിനത്തില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു. ഒരിക്കല്‍ ഫോമില്‍നില്‍ക്കേ, ദ്രാവിഡിനെ ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാര്‍ അദ്ദേഹത്തിന് വിരമിക്കാന്‍ അവസരം നല്‍കാനാണ് വീണ്ടും ടീമിലെടുത്തത്. എന്നാല്‍, ലക്ഷ്മണിന്റെ കാര്യത്തില്‍ ഇത്തരമൊരു പരിഗണന പോലുമുണ്ടായില്ലെന്നും കരുതുന്നവരേറേയാണ്.
തന്റെ സമകാലികരായ ക്രിക്കറ്റ് താരങ്ങളോടുപോലും വിരമിക്കല്‍കാര്യം ലക്ഷ്മണ്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ദ്രാവിഡും ഗാംഗുലിയും സച്ചിനുമൊക്കെ ലക്ഷ്മണിന്റെ വിരമിക്കല്‍ വാര്‍ത്തയെ അത്ഭുതത്തോടെയാണ് കേട്ടത്. അവരുടെ പ്രതികരണങ്ങളില്‍ അത് വ്യക്തവുമായിരുന്നു. വിരമിക്കണമെന്ന് മനസ്സില്‍പ്പോലുമില്ലാതിരുന്ന സാഹചര്യത്തിലാണ് ലക്ഷ്മണ്‍ പടിയിറങ്ങേണ്ടിവന്നതെന്ന് സൂചിപ്പിക്കുന്നതാണ് സച്ചിന്റെയും മറ്റും പ്രതികരണങ്ങള്‍.
|
|
Other stories in this section:
|
|