|
ജീവിക്കണം, അതിന് കളി നിര്‍ത്തുന്നു
Posted on: 17 Aug 2012
അനീഷ് പി.നായര്‍
2012 മാര്‍ച്ച് 17 മൗബയ്ക്ക് മറക്കാന്‍ പറ്റാത്ത ദിവസമാണ്. അന്നാണ് ബോള്‍ട്ടനും ടോട്ടനവും തമ്മില്‍ എഫ്.എ. കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിച്ചത്. ബോള്‍ട്ടന്റെ മധ്യനിരയില്‍ 24 കാരനായ ഫബ്രിക് മൗബയും ഉണ്ടായിരുന്നു. കളിക്കിടെ മൗബ കുഴഞ്ഞുവീണു. കടുത്ത ഹൃദയാഘാതമായിരുന്നു കാരണം. കളികാണാന്‍ ഹൃദ്രോഗ വിദഗ്ധനായ ഒരാള്‍ ഉണ്ടായിരുന്നത് താരത്തിന് രക്ഷയായി. പ്രാഥമിക പരിചരണവും, ഒരു നിമിഷം വൈകാതെയുള്ള തുടര്‍ ചികിത്സയും യുവതാരത്തിന്റെ ആയുസ്സ് നീട്ടിയെടുത്തു. കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് വഴങ്ങി കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ബോള്‍ട്ടന്‍താരം വിരമിക്കല്‍ പ്രഖ്യപിച്ചു. കഴിഞ്ഞ ദിവസമാണ് കളിക്കളത്തിലേക്കില്ലെന്ന് മൗബ പ്രഖ്യാപിച്ചത്.
വികാരഭരിതമായ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മൗബ ഇങ്ങനെ പറയുന്നു. ''ഒരിക്കല്‍ കളിക്കളത്തിലേക്ക് മടങ്ങിവരുന്നതും ബോള്‍ട്ടനും രാജ്യത്തിനും വേണ്ടി കളിക്കുന്നതും എന്റെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം എന്റെ സ്വപ്നങ്ങളെ തകിടം മറിക്കുന്നു. വേദനയോടെയാണെങ്കിലും ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ എന്ന കടുത്ത തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാകുന്നു. പന്ത് തട്ടി തുടങ്ങിയ കാലം മുതല്‍ ഫുട്‌ബോളാണെന്റെ ലോകം. ഭാഗ്യവശാല്‍ ചെറുപ്പത്തില്‍ത്തന്നെ ലോകോത്തര നിലവാരത്തില്‍ കളിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും നന്ദിയുണ്ട്. ദൈവമേ നന്ദി..., എന്നെ ചികിത്സിച്ച മെഡിക്കല്‍ ടീമിനും കുടുംബത്തിനും സുഹൃത്തുകള്‍ക്കും ബോള്‍ട്ടന്‍ ക്ലബിനും നന്ദി.''
ഹൃദയം നിലച്ചുപോയിട്ടും ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മൗബയും കുടുംബവും. കളിക്കളത്തില്‍ കുഴഞ്ഞ് വീണവരില്‍ അധികം പേരും തിരിച്ചുവന്നില്ലെന്ന സത്യമാണ് മൗബയ്ക്ക് മുന്നില്‍ മാറിയത്. മധ്യനിരതാരം വീണതോടെ ബോള്‍ട്ടന്‍-ടോട്ടനം കളി ഉപേക്ഷിച്ചു.
കോംഗോയില്‍ ജനിച്ച മൗബ പതിനൊന്നാം വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. ഫുട്‌ബോളിന്റെ ലോകവും വിശാലമായ അവസരങ്ങളും മൗബയ്ക്ക് നല്‍കിയത് ഇംഗ്ലണ്ടിന്റെ സമ്പന്നമായ ഫുട്‌ബോള്‍ സംസ്‌കാരമായിരുന്നു. 2002-ല്‍ ആര്‍സനലിന്റെ യൂത്ത് അക്കാദമിയില്‍ ചേര്‍ന്നതോടെ കളിയെ ഗൗരവത്തിലെടുത്തു. ഏറെ മികവുപുലര്‍ത്തിയ താരമായതിനാല്‍ ചെറുപ്പത്തില്‍ത്തന്നെ അവസരങ്ങള്‍ കൈവന്നു. ഇംഗ്ലണ്ടിന്റെ അണ്ടര്‍-16, 17, 18, 19, 21 ടീമുകളില്‍ കളിച്ചു. 2005-07 സീസണുകളില്‍ ആര്‍സനല്‍ ടീമില്‍ അംഗമായെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് ബര്‍മിങ്ങാം സിറ്റിയിലേക്ക് വായ്പ അടിസ്ഥാനത്തില്‍ മാറി.2008 ലാണ് ബോള്‍ട്ടന്‍ മൗബയെ സ്വന്തമാക്കുന്നത്. ടീമിനായി 130 മത്സരങ്ങളിലായി ബൂട്ട് കെട്ടിയിട്ടുണ്ട്.
ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഭാവിപദ്ധതി എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ജീവനുതുല്യം സ്‌നേഹിക്കുന്നതിനാല്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയാകും മൗബയുടെ മനസ്സിലുണ്ടാവുക.
|
|
Other stories in this section:
|
|