a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഇറ്റലി വീണ്ടും ഇംഗ്ലണ്ടിനെതിരെ
Posted on: 15 Aug 2012


സൗഹൃദ ഫുട്‌ബോള്‍: സ്‌പെയിന്‍, ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന ഇന്ന് കളത്തില്‍



ബേണ്‍(സ്വിറ്റ്‌സര്‍ലന്‍ഡ്): ഫുട്‌ബോള്‍കളത്തില്‍ ഇംഗ്ലണ്ടും ഇറ്റലിയം ബുധനാഴ്ച വീണ്ടും നേര്‍ക്കുനേര്‍. യൂറോ ഫുട്‌ബോള്‍ ക്വാര്‍ട്ടറിന്റെ ആവര്‍ത്തനമാവും ഇരു ടീമുകളും തമ്മില്‍ ബേണില്‍ നടക്കുന്ന സൗഹൃദ മത്സരം. 52 ദിവസം മുമ്പ് നടന്ന കളിയില്‍ ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇറ്റലി സെമിയില്‍ കടന്നത്. സ്‌പെയിന്‍, ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വമ്പന്മാരും ബുധനാഴ്ച ശക്തിപരീക്ഷണത്തിന് ഇറങ്ങുന്നുണ്ട്.

യൂറോ തോല്‍വിക്ക് പകരംവീട്ടല്‍ ലക്ഷ്യമിട്ടല്ല പ്രീമിയര്‍ ലീഗ് സീസണ് മൂന്ന് ദിവസം മുമ്പ് റോയ് ഹഡ്‌സന്റെ ടീം ബേണില്‍ കളിക്കാനിറങ്ങുന്നത്. യുറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഇരു ടീമുകള്‍ക്കും മുന്നില്‍ വെല്ലുവിളിയായുള്ളത്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി, ക്യാപ്റ്റന്‍ സ്റ്റീഫന്‍ ജെറാര്‍ഡ് സെന്റര്‍ ബാക്ക് ജോണ്‍ ടെറി തുടങ്ങിയ മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇംഗ്ലീഷ് പട കളിക്കാനിറങ്ങുന്നത്. ഒളിമ്പിക്‌സില്‍ കളിച്ച ബ്രിട്ടീഷ് ടീമിലെ നാല് യുവതാരങ്ങളായ ജാക്ക് ബുട്ട്‌ലണ്ട്, റയാന്‍ ബിര്‍ട്രന്‍ഡ്, സ്റ്റീവന്‍ കുള്‍ക്കര്‍, ടോം ക്ലവര്‍ലി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ ബ്രിട്ടന്‍ ക്വാര്‍ട്ടറില്‍ കീഴടങ്ങുകയായിരുന്നു.

യൂറോ ഫൈനല്‍ പ്രവേശം ഇറ്റലിക്ക് ഭാവിയെക്കുറിച്ച് ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഫൈനലില്‍ സ്‌പെയ്‌നിനോടേറ്റ നാലുഗോള്‍ തോല്‍വിയില്‍ നിന്ന് സിസേര്‍ പ്രാന്‍ഡെല്ലിയുടെ ടീമിന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പരിചയസമ്പത്തില്ലാത്ത യുവനിരയാണ് ഇറ്റലിയും പരീക്ഷിക്കുന്നത്. ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ പങ്കെടുക്കുന്നതിനാല്‍ യൂവന്റസിന്റെയും നപ്പോളിയുടെയും കളിക്കാരാരും ടീമിലില്ല. പരിക്കുള്ള മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ മാരിയോ ബലോട്ടെല്ലിയും കളിക്കില്ല. അടുത്തമാസം ഏഴിന് ബള്‍ഗേറിയയുമായാണ് അസൂറികളുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം.മൊള്‍ഡോവയുമായാണ് ഇംഗ്ലണ്ടിന്റെ തുടക്കം.

ബുധനാഴ്ച മറ്റു പ്രധാന സൗഹൃദ മത്സരങ്ങളില്‍ ലോക-യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ പ്യൂര്‍ട്ടോറിക്കയെയും ഫ്രാന്‍സ് ഉറുഗ്വായെയും ജര്‍മനി അര്‍ജന്റീനയെയും ബെല്‍ജിയം ഹോളണ്ടിനെയും സ്വീഡന്‍ ബ്രസീലിനെയും നേരിടും.



Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.