TUESDAY, JANUARY 27, 2015
ഒളിമ്പിക്‌സ്-ചാട്ടം പിഴച്ച കേരളം
Posted on: 13 Aug 2012

കെ.വിശ്വനാഥ്


രണ്ട് വെള്ളി, നാല് വെങ്കലം- ചരിത്ര നേട്ടവുമായാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘം ലണ്ടനില്‍ നിന്നു തിരിച്ചെത്തുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ഗ്രാഫ് മുകളിലേക്കാണെന്ന വസ്തുതക്ക് അടിവരയിടുന്ന പ്രകടനം. 1984ല്‍ ലോസ് ആഞ്ചലസിലും 88ല്‍ സോളിലും 92ല്‍ ബാഴ്‌സലോണയിലും നിന്ന് ഇന്ത്യന്‍ സംഘം വെറും കൈയോടെ അപമാനിതരായി മടങ്ങിയെത്തിയ ശേഷം പടിപടിയായുള്ള വളര്‍ച്ച. 96 ലെ അറ്റ്‌ലാന്റ ഗെയിംസില്‍ ലിയാണ്ടര്‍ പേസ് വെങ്കല മെഡല്‍ നേടിക്കൊണ്ടാണ് തുടക്കം. പിന്നീട് സിഡ്‌നിയില്‍(2000) കര്‍ണം മല്ലേശ്വരിക്ക് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെങ്കലം. 2004ലെ ആതന്‍സ് ഗെയിംസില്‍ നേട്ടം വെള്ളിയിലേക്ക് ഉയര്‍ന്നു.

2008ലാവട്ടെ ആദ്യമായി ഒളിമ്പിക്‌സില്‍ ഇന്ത്യ രണ്ടിലധികം മെഡല്‍ നേടി. ഷൂട്ടിങ്ങിലൂടെ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണ മെഡലിന് പത്തര മാറ്റ് തിളക്കമായിരുന്നു. ആദ്യമായായിരുന്നു ഇന്ത്യ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്. ആ മൂന്നു മെഡല്‍ ഇപ്പോള്‍ ആറു മെഡലായിരിക്കുന്നു. മാത്രമല്ല മറ്റു ചിലര്‍ക്ക് നേരിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടമായത്. 50 മീറ്റര്‍ മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഷൂട്ടിങ്ങില്‍ നേരിയ വ്യത്യാസത്തിന് നാലാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ ജോയ്ദീപ് കാര്‍മാര്‍ക്കറും ബോക്‌സിങ് ക്വാര്‍ട്ടറില്‍ വീണുപോയ വിജേന്ദറും ദെവേന്ദ്രോയും ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ യുക്രൈയിന്‍ സഖ്യത്തോട് തോറ്റു പോയ പേസും സാനിയയുമെല്ലാം മെഡല്‍ അര്‍ഹിച്ചിരുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ പുതിയൊരു ചരിത്രം രചിക്കപ്പെടുന്നുണ്ട്്.

അപ്പോള്‍ ഒരു ചോദ്യമുയരുന്നു-നമ്മുെട കേരളമോ ? ഇന്ത്യന്‍ കായിക രംഗത്ത്് അവഗണിക്കാനാവാത്ത കരുത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു കേരളം. പി ടി ഉഷയും അഞ്ജുവും ഉള്‍പ്പെടെയുള്ളവരുടെ മണ്ണ്. ഇപ്പോള്‍ പക്ഷെ പറയേണ്ടി വരുന്നു ' അതെല്ലാം മറന്നേക്കൂ 'ഇത്തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരങ്ങളില്‍ രണ്ടു പേര്‍ ആന്ധ്രയില്‍ നിന്നാണ്. സൈന നേവാളും ഗഗന്‍ നരംഗും. പിന്നെ മണിപ്പൂരില്‍ നിന്ന് മേരി കോം. ഹരിയാനയില്‍ നിന്ന് യോഗേശ്വര്‍ ദത്ത്, ഹിമാചലില്‍ നിന്ന് വിജയ്കുമാര്‍, ഒപ്പം ഡല്‍ഹിക്കാരന്‍ സുശീലും. സ്‌പോര്‍ട്‌സില്‍ വന്‍ ശക്തികളല്ലെന്നു കരുതിയിരുന്ന ഹിമാചല്‍ പ്രദേശിന് പോലും ഇന്നൊരു ഒളിമ്പിക് ചാമ്പ്യന്‍ സ്വന്തമായുണ്ട്. നമ്മള്‍ പണ്ടെങ്ങോ ഹോക്കിയില്‍ മെഡല്‍ നേടിയ ടീമിലംഗമായിരുന്ന മാനുവല്‍ ഫ്രെഡറിക്‌സിനെ സ്വന്തമാക്കി അഭിമാനിക്കുന്നു.

ഇത്തവണ ഒളിമ്പിക്‌സിന് പോയ ഇന്ത്യന്‍ സംഘത്തില്‍ ആറ് മലയാളികള്‍ ഉണ്ടായിരുന്നു. നാല് അത്‌ലറ്റുകളും ഒരു ഹോക്കി ഗോള്‍കീപ്പറും ഒരു ബാഡ്മിന്റണ്‍ താരവും. ജ്വാലാ ഗുട്ടയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് കളിക്കാനിറങ്ങിയ വി ദിജുവിന് ഒരു മാച്ചും ജയിക്കാനായില്ല. നിലവിലെ റാങ്കിങ് അനുസരിച്ച് അങ്ങനെയൊരു പ്രകടനം മാത്രമേ ദിജു-ജ്വാലാ സഖ്യത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം നടത്തിയ ചരിത്രമുള്ള ഈ സഖ്യം തങ്ങളുടെ മികച്ച ഫോം പിന്നിട്ടു കഴിഞ്ഞുവെന്നു തന്നെ വേണം കരുതാന്‍. ശ്രീജേഷ് ഉള്‍പ്പെട്ട ഹോക്കി ടീം കളിച്ച എല്ലാ മാച്ചുകളും തോറ്റ് അവസാന സ്ഥാനക്കാരായാണ് മടങ്ങിയത്. അത്‌ലറ്റിക്‌സില്‍ ഇര്‍ഫാന്‍ നടന്ന് നേടിയ പത്താം സ്ഥാനമാണ് ലണ്ടനില്‍ കേരളത്തിന്റെ ഹൈലൈറ്റ്. 800 മീറ്ററില്‍ മല്‍സരിച്ച ടിന്റു ലൂക്കയും മികച്ച പ്രകടനത്തിലൂടെ സെമിഫൈനല്‍ വരെയെത്തി മാനം കാത്തു. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ മയൂഖാ ജോണിക്ക് തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ ആയില്ല.രഞ്ജിത്തിന്റെ കൊലച്ചതി

ഇതിനേക്കാളൊക്കെ ദയനീയമായിരുന്നു പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ മല്‍സരിച്ച രഞ്ജിത്ത് മഹേശ്വരിയുടെ അവസ്ഥ. നേരെചൊവ്വേ ഒന്നു ചാടാന്‍ പോലൂമാകാതെയാണ് രഞ്ജിത്ത് ലണ്ടന്‍ സന്ദര്‍ശിച്ച് മടങ്ങിയത്. ആദ്യ രണ്ടു ചാട്ടം ഫൗള്‍. മൂന്നാമത്തെ ചാട്ടത്തിന് റണ്ണപ്പെടുത്ത രഞ്ജിത്ത് ചാടാതെ മടങ്ങി. രഞ്ജിത്തിന്റെ ഈ പെര്‍ഫോമന്‍സ് വിവാദങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നു. ഫിറ്റ്‌നസ് തെളിയിക്കാന്‍ അവസാന ഘട്ടത്തില്‍ കൂടി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ ട്രെയ്‌നിങ് ക്യാമ്പില്‍ നടത്തിയ ട്രയല്‍സില്‍ ഫിറ്റ്‌നസ് തെളിയിച്ചാണ് രഞ്ജിത്ത് പിന്നീട് ലണ്ടനിലേക്ക് പാസ് വാങ്ങിയത്. രഞ്ജിത്ത് രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ എല്ലാം മനസ്സില്‍ വെച്ച് ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. വിദേശത്തെ പരിശീലനത്തിനും ലണ്ടനിലേക്കുള്ള യാത്രയ്ക്കുമായി വന്‍ തുക ചിലവഴിച്ച ശേഷം ഒളിമ്പിക് വേദി സന്ദര്‍ശിച്ചുള്ള ഈ മടക്കം അപഹാസ്യമാണ്.

ഇതൊരു ദേശീയ കായിക താരത്തിന് ഭൂഷണമല്ല. രഞ്ജിത്ത് ഒളിമ്പിക്‌സ് മെഡല്‍ നേടുമെന്നോ അല്ലെങ്കില്‍ ആദ്യ അഞ്ചു സ്ഥാനത്തിനുള്ളില്‍ എത്തുമെന്നോ ഒന്നും ആരും പ്രതീക്ഷിച്ചിട്ടില്ല. ' മെഡല്‍ ലക്ഷ്യമിട്ട് രഞ്ജിത്ത് ' എന്നുള്ള തലവാചകങ്ങളും ടി.വി സ്‌ക്രോളുകളുമെല്ലാം വെറും മീഡിയാ ഹൈപ്പ് മാത്രമായിരുന്നുവെന്ന് ലോക അത്‌ലറ്റിക്‌സിനെ കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കുമറിയാം. പക്ഷെ രഞ്ജിത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ് ആയ 17.07 മീറ്ററിന് അടുത്തെത്തുന്ന ഒരു ചാട്ടം ഉണ്ടായിരുന്നെങ്കില്‍ ഫൈനലിലേക്ക് യോഗ്യത നേടാമായിരുന്നു. യോഗ്യതാ റൗണ്ടില്‍ രഞ്ജിത്ത് ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയവരില്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ ഫ്രഞ്ചുകാരന്‍ ബെഞ്ചമിന്‍ കോമ്പോര്‍ ചാടിയത് 17.06 മീറ്ററായിരുന്നു. ആദ്യ രണ്ട് ചാട്ടം ഫൗള്‍ ആയതിന് രഞ്ജിത്തിനെ പഴിക്കുന്നില്ല. പക്ഷെ അവസാന അവസരത്തില്‍ ചാടാന്‍ ശ്രമിക്കാതിരുന്നതിന് എന്ത് ന്യായം പറയും? ഓര്‍ക്കണം ഈ രാജ്യത്തെ ദരിദ്രനാരായണന്‍മാരുടെ നികുതിപ്പണം ചിലവഴിച്ചാണ് നമ്മുെട കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതും മല്‍സരങ്ങള്‍ക്ക് അയക്കുന്നതും.

ഇര്‍ഫാന്‍ നല്‍കുന്ന പ്രതീക്ഷ

22കാരനായ ഇര്‍ഫാന്റെ ആദ്യ പ്രധാന അന്താരാഷ്ട്ര മീറ്റായിരുന്നു ഈ ഒളിമ്പിക്‌സ്. വാക്ക് റെയ്‌സില്‍ ഇര്‍ഫാന്‍ ഹരിശ്രീ കുറിച്ചിട്ട് അധിക നാളായിട്ടില്ല. ലണ്ടനില്‍ 56 അത്‌ലറ്റുകള്‍ മല്‍സരിച്ച 20 കിലോ മീറ്റര്‍ നടത്തത്തില്‍ പത്താം സ്ഥാനത്താണ് ഈ അരീക്കോടുകാരന്‍ ഫിനിഷ് ചെയ്തത്. ഈ പത്താം സ്ഥാനം വലിയൊരു തുടക്കമാണ്. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ മെഡലാക്കി മാറ്റാവുന്ന തുടക്കം. അതിനു വേണ്ടി ഈ യുവ അത്‌ലറ്റിനെ എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നതാണ് പ്രധാനം. വെറുതെ 'ദത്തെടുത്തതു' കൊണ്ടൊ സര്‍ക്കാര്‍ ജോലി നല്‍കിയതു കൊണ്ടോ കാര്യമായില്ല. പരിചയ സമ്പന്നനായ മികച്ചൊരു പേഴ്‌സണല്‍ കോച്ചിനെ കണ്ടെത്തി, ഏറ്റവും നൂതനമായ പരിശീലന സൗകര്യങ്ങള്‍ ഇര്‍ഫാന് നല്‍കാനാവണം. അതിനു കഴിഞ്ഞാല്‍ നാലുവര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സ് മെഡലുമായി ഒരു മലയാളി പുഞ്ചിരിച്ചു നില്‍ക്കുന്ന ദൃശ്യം കണ്‍നിറയെ കണ്ട് നമുക്ക് നിര്‍വൃതി അടയാം. അല്ലെങ്കില്‍ ആദ്യമേ പറഞ്ഞപോലെ അതെല്ലാം മറന്നേക്കൂ....


 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •