|
പട്ടിണി മാറ്റാന്‍ ഈ മെഡലുകള്‍
Posted on: 12 Aug 2012
ലണ്ടന്‍ : മുഹമ്മദ് ഫാറയെന്ന ബ്രിട്ടീഷുകാരന് ദൈവം സമ്മാനിച്ചതാവണം രണ്ടു സ്വര്‍ണം. കാരണം പത്തു നാള്‍ കൂടി കഴിഞ്ഞാല്‍ ഫാറയുടെ ജീവതത്തിലേയ്ക്ക് വിരുന്നെത്തുന്നത് ഒന്നല്ല, രണ്ടു പേരാണ്. രണ്ട് ഇരട്ടകള്‍. രണ്ടു പെണ്‍കുഞ്ഞുങ്ങള്‍. ഇനി ഒരു സങ്കടവും കൂടാതെ പക്ഷഭേദം കാട്ടാതെ ഫാറയ്ക്ക് രണ്ടുപേരുടെയും മാറില്‍ ഒരുപോലെ അണിയിക്കാം ഒളിമ്പക്മുദ്ര പതിഞ്ഞ രണ്ടു പൊന്‍പതക്കങ്ങള്‍. പൂര്‍ണഗര്‍ഭിണിയായ ഭാര്യ താനിയ നെല്‍ പത്തു ദിവസത്തിനകം രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും.
5000 മീറ്ററിലും 10000 മീറ്ററിലും ഗോള്‍ഡന്‍ ഡബിള്‍ തികച്ച് മധ്യ, ദീര്‍ഘദൂര ഓട്ടങ്ങളില്‍ ആഫ്രിക്കന്‍ മേധാവിത്തത്തിന് ഫാറ കടിഞ്ഞാണിട്ടതിന്റെ ആഘോഷത്തിലാണ് ബ്രിട്ടന്‍ . എന്നാല്‍ ട്രാക്കില്‍ ചരിത്രം കുറിച്ച നിമിഷം പൊന്‍പ്രഭയില്‍ നിന്ന ഫാറയുടെ മനസ് പാഞ്ഞത് വംശീയപോരാട്ടം ഛിന്നഭിന്നമാക്കിയ സോമാലിയയിലേയ്ക്കാണ്. ബ്രിട്ടീഷ് ആരാധകരുടെ ആര്‍പ്പുവിളികളല്ല, വെള്ളവും ഭക്ഷണവുമില്ലാതെ വലയുന്ന ജിബൗള്‍ട്ടിയിലെയും മൊഗദിഷുവിലെയും പട്ടിണിപ്പാവങ്ങളുടെ ദീനരോദനമാണ് ആ ചെവിയില്‍ മുഴങ്ങിയത്. ലണ്ടന്‍ നല്‍കിയ സൗഭാഗ്യതിന്റെ വലിയൊരു പങ്ക് ഫാറ വച്ചുനീട്ടുന്നത് പിറക്കാന്‍ പോകുന്ന മക്കള്‍ക്ക് മാത്രമല്ല, എട്ടാം വയസ്സില്‍ താനും കുടുംബവും ഉപേക്ഷിച്ചുപോയ ആ ഇരുണ്ട നാടിനുവേണ്ടി കൂടിയാണ്.
രണ്ട് പതിറ്റാണ്ട് മുന്‍പ് അച്ഛന്റെ കൈ പിടിച്ച് ബ്രിട്ടനിലേയ്ക്ക് പോന്നതാണെങ്കിലും ഒരിക്കലും പിറന്ന നാടിനെ മറന്നില്ല ഈ അത്‌ലറ്റ്. ട്രാക്കില്‍ കഠിനാധ്വാനം കൊണ്ട് താന്‍ സമ്പാദിച്ചതിന്റെ നല്ലൊരു പങ്കും ഫാറ സോമാലിയക്ക് തിരിച്ചുനല്‍കിക്കൊണ്ടിരുന്നു. ഇതിനുവേണ്ടി രൂപം നല്‍കിയ മൊ ഫാറ ഫൗണ്ടേഷനിലൂടെയായിരുന്നു ഫാറ സോമാലിയന്‍ ജനതയ്ക്ക് സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ജിബൗള്‍ട്ടിയിലെ തന്റെ ഗ്രാമത്തില്‍ 50 കിണറുകള്‍ നിര്‍മിക്കാനും പ്രതിമാസം ഇരുപതിനായിരം പേര്‍ക്ക് ഭക്ഷണം എത്തിക്കാനും നാല്‍പ്പിനായിരത്തോളം പേര്‍ക്ക് വൈദ്യസഹായം നല്‍കാനുമാണ് ഫൗണ്ടേഷനിലൂടെ പദ്ധയിയിടുന്നത്. ഒളിമ്പിക്‌സ് നേട്ടത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഇതിനുവേണ്ടി വിനിയോഗിക്കാനാണ് ആലോചന. ഇതിന് പുറമെ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ഥം ഒരു ചാരിറ്റി ഷോ നടത്താനും പദ്ധതിയുണ്ട് ബ്രിട്ടന്റെ സെലിബ്രിറ്റി ഓട്ടക്കാരന്. ഈ വര്‍ഷം ആദ്യം ഒരു ടി.വി. ഷോയില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം പൗണ്ട് പദ്ധതിക്കുവേണ്ടി ഇതിനോടകം ഫാറ നീക്കിവച്ചുകഴിഞ്ഞിട്ടുണ്ട്.
അയ്യായിരം മീറ്ററിലും പതിനായിരം മീറ്ററിലും സ്വര്‍ണം നേടിയ ഫറ ട്രാക്കില്‍ വ്യക്തിഗത ഡബിള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ഏഴാമത്തെ അത്‌ലറ്റാണ്. ലണ്ടനില്‍ ഈ നേട്ടം കൈവരിച്ച മറ്റൊരാള്‍ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടാണ്. ഹാന്‍സ് കോലെമെയ്‌നന്‍, എമില്‍ സാട്ടൊപെക്, വഌഡിമിര്‍ കുട്‌സ്, ലാസെ വിരെന്‍, കെനെനിസ ബെകെലെ എന്നിവരാണ് ഈ നേട്ടത്തില്‍ ഇവരുടെ മുന്‍ഗാമികള്‍.
ഫാറയ്ക്ക് എട്ടു വയസ്സുള്ളപ്പോഴാണ് കുടുംബം സോമാലിയ വിട്ട് ഇംഗ്ലണ്ടില്‍ സ്ഥിരം താമസമാക്കുന്നത്. ലണ്ടനിലെ താമസക്കാരനായിരുന്നു അച്ഛന്‍. ലണ്ടനില്‍ വന്നിറങ്ങുമ്പോള്‍ ഒരൊറ്റ ഇംഗ്ലീഷ് വാക്ക് പോലും അറിവുണ്ടായിരുന്നില്ല കുഞ്ഞു ഫാറയ്ക്ക്. ഭാഷ പഠിച്ചുതുടങ്ങുന്ന കാലത്ത് വാക്കുകള്‍ അസ്ഥാനത്ത് ഉപയോഗിച്ച് ഇടിമേടിച്ച ചരിത്രവുമുണ്ട് ഈ അത്‌ലറ്റിന് പണ്ട്. അതു പഴയ ചരിത്രം. അയ്യായിരം മീറ്ററില്‍ ചരിത്രം കുറിച്ച് ഫാറ ഫിനിഷ് ടേപ്പ് തൊട്ടപ്പോള്‍ ഒളിമ്പിക് സ്‌റ്റേഡിയത്തിലെ ബ്രിട്ടീഷുകാര്‍ ഒന്നിച്ചെഴുന്നേറ്റുനിന്ന് ഈ സോമാലിയക്കാരനെ അഭിസംബോധന ചെയ്തത് സര്‍ മുഹമ്മദ് ഫാറ എന്നായിരുന്നു.
|
|
Other stories in this section:
|
|