|
മറ്റുള്ളവരെക്കണ്ട് നാം പഠിക്കണം-രാജ
Posted on: 12 Aug 2012
ഇന്ത്യന്‍ ഒളിമ്പിക് സംഘത്തെ ലണ്ടനില്‍ നയിച്ച ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ
തന്റെ ഒളിമ്പിക് അനുഭവം മാതൃഭൂമി ലേഖകന്‍ പി.ടി. ബേബിയുമായി പങ്കുവെക്കുന്നു
സാമൂതിരി രാജവംശം വീണ്ടും ഭരിച്ചു. ഇളയ തലമുറയിലെ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ ലണ്ടനില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ തലവനാണ്. ദേശീയ ബോക്‌സിങ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായ രാജ ഡെപ്യൂട്ടി ചെഫ് ഡി മിഷനായാണ് ലണ്ടനിലെത്തിയത്. എന്നാല്‍, സംഘത്തലവന്‍ അജിത് പാല്‍ സിങ് രോഗബാധിതനായതോടെ, രാജയ്ക്ക് ആക്ടിങ് ചെഫ് ഡി മിഷനായി സ്ഥാനക്കയറ്റം ലഭിച്ചു. കേരളത്തില്‍നിന്നൊരാള്‍, ഇന്ത്യയുടെ സംഘത്തലവനായി ഒളിമ്പിക്‌സിനെത്തുന്നത് ഇതാദ്യം. 'മലയാളി' എന്ന നിലയില്‍ അഭിമാനത്തോടെ ഒളിമ്പിക് വേദിയില്‍ നടന്ന ദിവസങ്ങള്‍. ഇന്ത്യന്‍ സംഘത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വങ്ങളുമായി ലണ്ടനില്‍ നിറഞ്ഞു നില്‍ക്കുന്ന രാജ രാജ്യത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
* ഇന്ത്യ ഇതുവരെയായി ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ നേടിയത് 24 മെഡലുകളാണ്. മൈക്കല്‍ ഫെല്‍പ്‌സ് എന്ന അമേരിക്കന്‍ നീന്തല്‍താരം ഒറ്റയ്ക്ക് നേടിയതിനേക്കാള്‍ രണ്ടു മാത്രം കൂടുതല്‍. ഈ താരതമ്യം അലോസരപ്പെടുത്തുന്നതാണോ
അങ്ങനെയൊരു താരതമ്യത്തിന്റെ ആവശ്യമില്ല. ഇന്ത്യയുടെ സാഹചര്യങ്ങള്‍ വേറെയാണ്. ഒരു കാലത്ത് ഹോക്കി ടീം മാത്രമാണ് മെഡലുകള്‍ കൊണ്ടുവന്നിരുന്നത്. ലിയാന്‍ഡര്‍ പേസ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കര്‍ണം മല്ലേശ്വരി, ബിന്ദ്ര, വിജേന്ദര്‍, സുശീല്‍ തുടങ്ങിയവരൊക്ക പിന്നീട് വ്യക്തിഗത മെഡലുകള്‍ നേടി. ഇത്തവണ നമുക്ക് നാല് മെഡലായി, എണ്ണത്തില്‍ എക്കാലത്തേയും കൂടുതല്‍. ഇര്‍ഫാന്റെയും കര്‍മകാറിന്റെയും സോണിയാ ചാനുവിന്റെയും സ്വരണ്‍ സിങ്ങിന്റേയും പ്രകടനങ്ങള്‍ മെഡലിലെത്തിയില്ലെങ്കിലും അഭിമാനിക്കാവുന്നതായിരുന്നു. ചൈനീസ് ആധിപത്യത്തെ അതിജീവിച്ച് സൈന നെവാള്‍ മെഡല്‍ നേടിയത് ചരിത്രമല്ലേ.
* ഈ ഒളിമ്പിക്‌സ് ഇന്ത്യക്ക് നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്
ബി.ബി.സി. അടക്കമുള്ള പല അന്താരാഷ്ട്ര മാധ്യമങ്ങളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഇന്ത്യയില്‍ ധാരാളം മികച്ച അത്‌ലറ്റുകള്‍ വളര്‍ന്നുവരുന്നുണ്ടെന്നാണ്. 15 കൊല്ലം മാത്രമേ ആയിട്ടുള്ളൂ നമ്മള്‍ മെഡലുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. നന്നായി വരുന്നുണ്ട്. നിലവിലെ സ്ഥിതികള്‍ സമ്പൂര്‍ണമായി മാറണം.
* എന്തൊക്കെ കാര്യങ്ങളിലാണ് നമ്മള്‍ മാറേണ്ടത്
ഇപ്പോള്‍ നമ്മുടെ അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്നവരെല്ലാം പാര്‍ട്ട്‌ടൈം ജോലിയായാണ് അതു ചെയ്യുന്നത്. ആ സ്ഥിതി മാറണം. യൂറോപ്പിലും മറ്റും അത് ശമ്പളംവാങ്ങി ചെയ്യുന്ന പൂര്‍ണസമയ ജോലിയാണ്. ഞാനിപ്പോള്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്റെ സെക്രട്ടറി ജനറലാണ്. അതേസമയം ആര്‍മിയില്‍ ഓഫീസറുമാണ്. മറ്റു ജോലികള്‍ വേറെയും. മറ്റുള്ളവരുടെ കാര്യവും ഇങ്ങനെത്തന്നെ. ഞാന്‍ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ ഹംഗറിയില്‍ പോയിരുന്നു. അവിടെ ഒരു റോയല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനുണ്ട്. അതു മാതൃകയാക്കേണ്ടതാണ്. ഹംഗറി എന്ന കൊച്ചുരാജ്യം ഇതുവരെ ഒളിമ്പിക്‌സില്‍ നിന്ന് നേടിയത് 160 സ്വര്‍ണമെഡലുകളാണ്. ചൈനയിലും അത്തരം സംവിധാനമുണ്ട്. അവര്‍ ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തുന്നു. അടിസ്ഥാനമുറപ്പിച്ച് ഒരു പിരമിഡ് പോലെയാക്കും. അതുവഴി മെഡല്‍സാധ്യതയുള്ളവരെ വേര്‍തിരിച്ചെടുക്കും. അവരെ സമ്പൂര്‍ണ കായികതാരങ്ങളാക്കി വളര്‍ത്തിയെടുക്കും.
* ഇന്ത്യക്ക് അത്തരം പദ്ധതികള്‍ എന്തെങ്കിലുമുണ്ടോ
നമുക്കുവേണ്ടത് ദീര്‍ഘകാല പദ്ധതിയാണ്. കുറച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കണം. പെട്ടെന്ന് അന്താരാഷ്ട്ര മെഡലുകള്‍ പ്രതീക്ഷിക്കരുത്. ഇപ്പോഴത്തെ പുരോഗതി വെച്ചുനോക്കിയാല്‍ 2020-ല്‍ നാലോ അഞ്ചോ സ്വര്‍ണം പ്രതീക്ഷിക്കാം.
* ഇന്ത്യന്‍ സംഘത്തലവന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍
അജിത്പാല്‍ സിങ്ങിന്റെ അഭാവത്തിലാണ് ഞാനീ ചുമതല ഏറ്റെടുത്തത്. അമ്പതില്‍ക്കൂടുതല്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കുന്ന രാജ്യത്തിന് ഒരു ചീഫ് ഡെ മിഷനെയും ഡെപ്യൂട്ടി ചീഫ് ഡെ മിഷനെയും അനുവദിക്കും. രണ്ടുപേര്‍ ചേര്‍ന്നാലും നല്ല ജോലിയുണ്ട്. അതെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും മാധ്യമങ്ങളുമായുള്ള ഇടപെടല്‍, അത്‌ലറ്റുകളുടെയും ഒഫീഷ്യലുകളുടെയും കാര്യങ്ങള്‍, ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യല്‍. ഇങ്ങനെ രാവിലെ മുതല്‍ രാത്രി വരെ തിരക്കാണ്. ആഫ്രോ ഏഷ്യന്‍ ഗെയിംസിലെയും ലോക മിലിട്ടറി ഗെയിംസിലെയും നടത്തിപ്പുപരിചയം ഇവിടെ പ്രയോജനപ്പെട്ടു. എന്തായാലും സംതൃപ്തിയുണ്ട്.
* നടത്തത്തില്‍ പത്താം സ്ഥാനം നേടിയ ഇര്‍ഫാനെ കേരള സര്‍ക്കാര്‍ ദത്തെടുക്കുന്നത് എങ്ങനെ വിലയിരുത്തുന്നു
ആര്‍മിയില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. ഇര്‍ഫാനും ഇപ്പോള്‍ ആര്‍മിയിലാണ്. ഒരഭിപ്രായം പറയുന്നത് ശരിയാണോ എന്നറിയില്ല. എന്തായാലും ഇര്‍ഫാന് കേരള സര്‍ക്കാര്‍ ഒരു ജോലി നല്‍കി ഏറ്റവും മികച്ച പരിശീലനം നല്‍കിയാല്‍ അത് നല്ല കാര്യമായിരിക്കും. കേരളത്തില്‍ ഒരു ഹീറോയാണ് ഇര്‍ഫാന്‍ എന്നറിയുന്നതുതന്നെ സന്തോഷകരമായ കാര്യം.
***
മൂന്നാം തവണയാണ് രാജ ഒളിമ്പിക്‌സില്‍ എത്തുന്നത്. 2004-ല്‍ ആതന്‍സില്‍ ബോക്‌സിങ് റഫറിയായിരുന്നു. 2008-ല്‍ ബെയ്ജിങ്ങില്‍ ബോക്‌സിങ് ഫെഡറേഷന്റെ പ്രതിനിധിയായെത്തി. ഇപ്പോഴിതാ സംഘത്തലവനായും. സര്‍വീസസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുന്‍ സെക്രട്ടറിയും ആര്‍മി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ രാജ, ഇപ്പോള്‍ പുണെയിലെ ആര്‍മി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ ട്രയിനിങ്ങിന്റെ കമാന്‍ഡന്റാണ്.
|
|
Other stories in this section:
|
|