a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഫുട്‌ബോള്‍ സ്വര്‍ണം മെക്‌സിക്കോയ്ക്ക്‌
Posted on: 11 Aug 2012



ലണ്ടന്‍ : ഒളിമ്പിക് സ്വര്‍ണം ബ്രസീലിന് കിട്ടാക്കനി തന്നെ. മഞ്ഞക്കിളിയുടെ സ്വര്‍ണസ്വപ്‌നത്തിന്റെ ചിറകരിയാനുള്ള നിയോഗം ഇക്കുറി മെക്‌സിക്കോയ്ക്കായിരുന്നു. അഞ്ചു വട്ടം ലോകകപ്പ് നേടിയ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് മെക്‌സിക്കോ ആദ്യമായി ഒളിമ്പിക് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിലൂടെയാണ് മെക്‌സിക്കെ ബ്രസീലിനെ വീഴ്ത്തിയത്. കളി തുടങ്ങിയ ഒരു മിനിറ്റാകും മുന്‍പായിരുന്നു ആദ്യഗോള്‍.

ഒളിമ്പിക്‌സില്‍ ഇത് ബ്രസീലിന്റെ മൂന്നാമത്തെ വെള്ളിയാണ്. 1984ലും 88ലുമായിരുന്നു ഇതിന് മുന്‍പ് അവര്‍ക്ക് വള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

സ്‌ട്രൈക്കര്‍ ഒറിബെ പെരാള്‍ട്ടയാണ് ഇരട്ടഗോളിലൂടെ ബ്രസീലിനെ മുക്കി മെക്‌സിക്കോയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ഫൈനലിന്റെ ആദ്യ മിനിറ്റ് കഴിയുംമുന്‍പാണ് പരാള്‍ട്ട ബ്രസീലിന്റെ വലയിലേയ്ക്ക് ആദ്യ ഗോള്‍ തൊടുത്തത്. 76-ാം മിനിറ്റില്‍ മറ്റൊരു മനോഹരമായ ഗോളിലൂടെ വിജയം സ്വന്തമാക്കുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ ആക്രമണപരമ്പര കൊണ്ട് ഗോള്‍ മടക്കാന്‍ ബ്രസീല്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇഞ്ച്വറി ടൈമില്‍ മനോഹരമായ ഒരു ഗ്രൗണ്ടറിലൂഴെ ജിവാനില്‍ഡൊ വിയേര ഡി സൂസ ഒരു ഗോള്‍ മടക്കിയെങ്കിലും വിധിയെഴുത്ത് തിരുത്താന്‍ അതും മതിയാകുമായിരുന്നില്ല.

കിക്കോഫ് വിസില്‍ മുതല്‍ തുടങ്ങിയതാണ് ബ്രസീലിന്റെ കഷ്ടകാലം. കളി തുടങ്ങിയിട്ട് ഒരു മിനിറ്റ് പോലുമായില്ല. ബ്രസീലിന് ഒരു സമ്മര്‍ദ്ദവുമില്ലാത്ത സമയം. വലതു വിംഗില്‍ പന്ത് കിട്ടിയ റാഫേല്‍ പന്തുമായി ഉഴപ്പി അകത്തേയ്ക്ക് ഒരു അനാവശ്യ പാസ് നല്‍കി. സാന്‍ഡ്രോയില്‍ നിന്ന് പന്ത് തട്ടാനുള്ള മെക്‌സിക്കല്‍ മിഡ്ഫീല്‍ഡറുടെ ശ്രമം ചെന്നവസാനിച്ചത് പെരാള്‍ട്ടയുടെ കാലില്‍. പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പെരള്‍ട്ട തൊടുത്ത പന്ത് ഗോളി ഗബ്രിയലിന്റെ കടന്ന് വലയില്‍. ബ്രസീല്‍ ആകെ ഉലഞ്ഞു പോയ നിമിഷമായിരുന്നു ഇത്. ഈ ഞെട്ടലില്‍ നിന്ന് പിന്നീടുള്ള 93 മിനിറ്റും ബ്രസീലിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. മെക്‌സിക്കന്‍ ഏരിയയിലേയ്ക്ക് പല തവണ ഇരച്ചു കയറിയിട്ടും അതൊന്നും ഗോളിലേയ്ക്ക് വഴി മാറ്റാന്‍ ബ്രസീലിനായില്ല. കരുത്തുറ്റ മെക്‌സിക്കന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിലായിരുന്നു ബ്രസീലിയന്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നത്. എന്നാല്‍, ഒട്ടും മോശമായിരുന്നില്ല മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങളും. ഓസ്‌കാറിന്റെയും നെയ്മറുടെ ചില ശ്രമങ്ങള്‍ വഴിതിരിച്ചുവിടാന്‍ മെക്‌സിക്കന്‍ പ്രതിരോധത്തിന് ശരിക്കും വിയര്‍ക്കേണ്ടിവന്നു. മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഒത്തൊരുമയില്ലാതിരുന്നതാണ് ബ്രസീലിന് ശരിക്കും വിനയായത്. മെക്‌സിക്കന്‍ ഏരിയയില്‍ കണ്ടത് ഏറെയും ഒറ്റപ്പെട്ട ചില നീക്കങ്ങളാണ്. അതുകൊണ്ടുതന്നെ ഇതിന്റെ മുനയൊടിക്കാന്‍ മെക്‌സിക്കന്‍ പ്രതിരോധക്കാര്‍ക്ക് അത്രയേറെയൊന്നും ബുദ്ധിമുട്ടേണ്ടിവന്നില്ല. 69-ാം മിനിറ്റില്‍ പെരാള്‍ട്ട വല ചലിപ്പിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് ബ്രസീലിന് ഗുണകരമായി. എന്നാല്‍, ഈ ആശ്വാസം അധികം നീണ്ടുനിന്നില്ല. എഴുപത്തിയഞ്ചാം മിനിറ്റില്‍ പെരാള്‍ട്ട രണ്ടാം ഗോള്‍ ബ്രസീലിന്റെ വലയിലാക്കി. ഗോളി ഇത്തവണയും തീര്‍ത്തും നിസ്സഹായനായിരുന്നു.

തോല്‍വി ഉറപ്പിച്ച ബ്രസീല്‍ പിന്നീട് നിരന്തരം സമ്മര്‍ുദ്ദം ചെലുത്തിനോക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ റാഫേലും യുവാനും തമ്മില്‍ ഗ്രൗണ്ടില്‍ വാക്കേറ്റമുണ്ടായത് ടീമിന് കൂടുതല്‍ നാണക്കേടായി.

തോല്‍വി ഉറപ്പിച്ചെങ്കിലും ഇഞ്ച്വറി ടൈമില്‍ ഒരു ഗോള്‍ മടക്കാനായത് ബ്രസീലിന് പേരിനെങ്കിലും ആശ്വാസമായി. വലതു ബോക്‌സില്‍ മെക്‌സിക്കന്‍ പ്രതിരോധത്തിലെ വിള്ളല്‍ കണ്ടെത്തി ഹള്‍ക്ക് തൊടുത്ത ഷോട്ട് ഗോളി കൊറോണയെയും കടന്ന് നെറ്റിലെത്തി. അവസാന വിസിലിന് തൊട്ടുമുന്‍പ് പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് ഓസ്‌കാറിന് മനോഹരമായ ഒരു ക്രോസ് ലഭിച്ചതാണ്. എന്നാല്‍, ബ്രസീലിന്റെ സ്വപ്നങ്ങള്‍ ചാമ്പലാക്കിക്കൊണ്ട് ഓസ്‌കാറിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ ബാറിന് മുകളിലൂടെ പറക്കുന്നതാണ് ഞെട്ടലോടെ ഗ്യാലറി കണ്ടത്.

മെക്‌സിക്കോ-ബ്രസീല്‍ മത്സരത്തിന്റെ വീഡിയോ

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.