|
തോല്‍വി സമ്പൂര്‍ണം: ദേശീയ ദുരന്തമായി ഹോക്കി
Posted on: 11 Aug 2012
ലണ്ടന്‍ : ഈ നാണക്കേടിനോ കഴിഞ്ഞ എട്ടു വര്‍ഷക്കാലം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നത്. ഈ മാനക്കേടിനോ ലക്ഷങ്ങള്‍ ചിലവിട്ട് കോലാഹലങ്ങളത്രുമുണ്ടാക്കി ഒരുക്കങ്ങള്‍ നടത്തിയത്. ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും കിട്ടിയ നാലു മെഡലിന്റെയും പെരുമയും അന്തസ്സുമെല്ലാം കളഞ്ഞുകുളിച്ചു നില്‍ക്കുകയാണ് ഇന്ത്യയുടെ ഹോക്കി ടീം. എട്ട് കൊല്ലത്തിനുശേഷം ഒളിമ്പിക്‌സ് കളിക്കാനെത്തിയവര്‍ എല്ലാ കളികളും തോറ്റ് ഏറ്റവും അവസാനക്കാരായി, പന്ത്രണ്ടാം സ്ഥാനക്കാരായി, ദേശീയ ദുരന്തമായി നില്‍ക്കുകയാണ്. അഞ്ചുവട്ടം പൊന്നിഞ്ഞ ചരിത്രമുള്ള ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം. എട്ടാം സ്ഥാനത്തെത്തിയ അറ്റ്‌ലാന്റയുടെ റെക്കോഡാണ് തിരുത്തപ്പെട്ടത്. 1986ല്‍ ലണ്ടനില്‍ തന്നെ നടന്ന ലോകകപ്പിലും ഏറ്റവും അവസാനക്കാരാകാനായിരുന്നു ഇന്ത്യയുടെ ഗതി.
അവസാനക്കാരെ കണ്ടത്താന്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് അവസാനത്തെ ആണിയടിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു തോല്‍വി. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. എട്ടാം മിനിറ്റില്‍ ആന്‍ഡ്ര്യൂ കോണ്യേയാണ്യാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. പതിനാലാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സന്ദീപ്‌സിങ് ഇന്ത്യയ്ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കി. എന്നാല്‍, 34-ാം മിനിറ്റില്‍ തിമോത്തി ഡ്രമണ്ടിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ലീഡുയര്‍ത്തി. 65-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തെ പതിവ് പോലെ കാഴ്ചക്കാരാക്കിക്കൊണ്ട് ലോയ്ഡ് നോറിസ് ജോണ്‍സ് മൂന്നാം ഗോളും നെറ്റിലെത്തിച്ച് ഇന്ത്യയുടെ വിധിയെഴുതി. രണ്ടു മിനിറ്റിനുള്ളില്‍ ധരംവീര്‍ സിങ് ഒരു ഗോള്‍ മടക്കിയെങ്കിലും ഒരു തിരിച്ചുവരവിനുള്ള സമയമൊന്നും മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ശേഷിച്ചിരുന്നില്ല. പതിനൊന്നാം സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു.
അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോൡന് തോല്‍പിച്ച ന്യൂസീലന്‍ഡ് ഒന്‍പതാം സ്ഥാനവും ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോപിച്ച പാകിസ്താന്‍ ഏഴാം സ്ഥാനവും നേടി.
|
|
Other stories in this section:
|
|