|
ബംഗുറാമിന്റെ മകന്‍
Posted on: 10 Aug 2012
ശ്യാം ബഹാദൂര്‍
ബംഗുറാം തികഞ്ഞ രാജ്യസ്‌നേഹിയായ സൈനികനാണ്. 'എനിക്കും എന്റെ കുടുംബത്തിനും എല്ലാം തന്നത് ഇന്ത്യന്‍ ആര്‍മിയാണ്. അപ്പോള്‍ ആര്‍മിക്കും രാജ്യത്തിനുമായി എന്തെങ്കിലുമൊക്കെ തിരിച്ചു നല്‍കേണ്ടേ? എന്റെ കുടുംബം രാജ്യത്തിന് നല്‍കുന്ന സമ്മാനമാണ് ഈ ഒളിമ്പിക്‌സ് മെഡല്‍', തികഞ്ഞ അഭിമാനത്തോടെയാണ് ആ വിമുക്ത ഭടന്‍ ഇതു പറയുന്നത്. അതെ ബംഗുറാം ശര്‍മയുടെ മകന്‍ വിജയ് കുമാര്‍ ഈ മഹാരാജ്യത്തിന് ആഘോഷിക്കാനും അഭിമാനിക്കാനും പോന്ന വലിയൊരു നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ അയല്‍ക്കാരായ ചൈന മെഡലുകള്‍ വാരിക്കൂട്ടുകയും ഉറച്ച ഇന്ത്യന്‍ പ്രതീക്ഷകള്‍ ഒന്നൊന്നായി പൊലിഞ്ഞു വീഴുകയും ചെയ്തപ്പോഴാണ് അപ്രതീക്ഷിതമായി വിജയ് ഒരു വെള്ളി മെഡല്‍ വെടിവെച്ചിട്ടത്.
സിംലയില്‍ നിന്ന് നാലഞ്ച് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് വേണം ശിവാലിക് കുന്നുകളുടെ താഴ്‌വരയിലുള്ള ഹസൂറിലെത്താന്‍. ഹിമാചല്‍ പ്രദേശിലെ ഈ ഗ്രാമത്തിലേക്ക് പുറത്തു നിന്ന് അധികം പേര്‍ വരാറില്ല. കാരണം വ്യാവസായികമായോ സാംസ്‌കാരികമായോ ഒന്നും വലിയ സവിശേഷതകളില്ലാത്ത ഒരു തനി നാട്ടിന്‍പുറം. പക്ഷെ ഒരൊറ്റ വൈകുന്നേരം കൊണ്ട് ഹസൂര്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഞങ്ങള്‍ അങ്ങോട്ട് ചെല്ലുമ്പോള്‍ അവിടെ ആഘോഷം തകര്‍ക്കുകയാണ്. നിര്‍ത്താതെ പൊട്ടുന്ന പടക്കങ്ങളുടേയും ഉച്ച സ്ഥായിയിലുള്ള ഡോലക്കിന്റേയും ഘോഷം. താളത്തിനൊത്ത് നൃത്തചുവടുകള്‍ വെക്കുന്ന ഗ്രാമീണര്‍ക്കൊപ്പം വിജയിന്റെ അമ്മ റോഷ്‌നി ദേവിയും മുത്തശ്ശി ബ്രഹ്മി ദേവിയും കൂടിയിരിക്കുന്നു. ബംഗുറാമിന്റെ വകയായി മധുര വിതരണവും.
അവര്‍ക്ക് ഈ ദിവസം ആഘോഷം അവസാനിക്കുന്നില്ല. എങ്കിലും ആ തിരക്കുകള്‍ക്കിടയിലും ബംഗുറാം ഞങ്ങളോട് സംസാരിക്കാന്‍ സമയം കണ്ടെത്തി.
ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായിരുന്നു അദ്ദേഹം. 2003-ല്‍ 49-ാം വയസ്സില്‍ 16 ദോഗ്‌റ റജിമെന്‍രില്‍ നിന്ന് റിട്ടയര്‍ ചെയ്തു. കുടുംബത്തിന്റെ സൈനിക പാരമ്പര്യം തുടരണമെന്ന ആഗ്രഹം കൊണ്ടാണ് മൂത്ത മകന്‍ വിജയിനേയും ആര്‍മിയില്‍ ചേര്‍ത്തത്. 'അവനും അതിന് പൂര്‍ണ സമ്മതമായിരുന്നു. അവന്‍ ഒരു ഷാര്‍പ്പ് ഷൂട്ടറും ഇപ്പോള്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായി തീര്‍ന്നത് ആര്‍മിയുടെ പിന്തുണ കൊണ്ടുതന്നെയാണ്. ആര്‍മി നല്‍കിയ പിസ്റ്റളുമായി തന്നെയാണ് അവന്‍ എല്ലാ മല്‍സരങ്ങളിലും പങ്കെടുത്തത്. വിജയിന് ഒരു ചേച്ചിയും അനിയനുമുണ്ട്. ചേച്ചി റീനാ ദേവി വീട്ടമ്മയാണ്. അനിയന്‍ അജയ് ശര്‍മ ചണ്ഡീഗഢില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറും.'
റോഷ്‌നി ദേവിയുടെ വലിയ സന്തോഷം മകന്‍ ഇനി വിവാഹത്തിന് തയ്യാറവുമെന്നതാണ്. 'ഒളിമ്പിക്‌സ് മെഡല്‍ എന്ന വലിയ ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് അവന്‍ സമ്മതിച്ചിരുന്നു. ദൈവം അവനേയും ഞങ്ങളേയും അനുഗ്രഹിച്ചു.', വികാരത്തള്ളിച്ച കൊണ്ട് ആ അമ്മയുടെ വാക്കുകള്‍ മുറിയുന്നു.
തോക്കെടുത്ത് വെടിവെച്ചാല്‍ മെഡല്‍ കിട്ടുമെന്ന് ഹസൂറുകാര്‍ അറിയുന്നത് തന്നെ സമീപ കാലത്താണ്. സമീപ ദേശത്തൊന്നും ഒരു ഷൂട്ടിങ് റേഞ്ചില്ല. ചെറുപ്പത്തില്‍ ഗ്രാമത്തിലെ മറ്റു കുട്ടികളെ പോലെ ക്രിക്കറ്റിലും വോളിബോളിലുമായിരുന്നു വിജയിന് താല്‍പര്യം. ഇടയ്ക്ക് പട്ടാളക്കാരനായ അച്ഛന്റെ തോക്ക് താല്‍പര്യത്തോടെ വീക്ഷിച്ചിരുന്നു എന്നതൊഴിച്ചാല്‍ ഷൂട്ടിങ്ങില്‍ ഒരു താല്‍പര്യവും അവന്‍ പ്രകടിപ്പിച്ചിരുന്നില്ല. 18-ാം വയസ്സില്‍ സിപ്പായി ആയി മിലട്ടറിയില്‍ ചേര്‍ന്നതോടെയാണ് തോക്ക് കൈയ്യിലെടുത്തത്. ആദ്യമായി വെടിവെച്ചത് റൈഫിള്‍ കൊണ്ടായിരുന്നു. പിന്നീട് ആംഡ് ഫോഴ്‌സ് ട്രെയ്‌നിങ് കമാണ്ടിലേക്ക് സെലക്ഷന്‍ കിട്ടിയ ശേഷമായിരുന്നു പിസ്റ്റള്‍ കൈയ്യിലെടുക്കുന്നത്.
'ഷൂട്ടിങ്ങില്‍ താല്‍പര്യം ജനിച്ചപ്പോഴും കൂടുതല്‍ പോപ്പുലറായ റൈഫിള്‍ ഷൂട്ടിങ്ങില്‍ ശ്രദ്ധവെക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എപ്പോഴും എവിടെ വെച്ചും ട്രെയിന്‍ ചെയ്യുന്നതിനേ വേണ്ടി ആയുധം കൂടെ വേണമെന്ന നിര്‍ബന്ധത്തിലാണ് കൊണ്ടു നടക്കാന്‍ കൂടുതല്‍ സൗകര്യമുള്ള പിസ്റ്റളിലേക്ക് മാറിയതെന്ന് തോന്നുന്നു.', ബംഗുറാം പറഞ്ഞു.
'കോമണ്‍ വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം മെഡല്‍ നേടിയപ്പോഴും അവന്‍ തൃപ്തനായിരുന്നില്ല. അപ്പോഴെല്ലാം അവന്‍ പറഞ്ഞിരുന്നത്, ഒളിമ്പിക്‌സാണ് യഥാര്‍ത്ഥ മല്‍സരം എന്നാണ്.'
'കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി അവന്‍ വീട്ടില്‍ വന്നത്. അതും രണ്ടു ദിവസത്തേക്ക്. ഒളിമ്പിക്‌സിനുള്ള പരിശീലനം മുടങ്ങാതിരിക്കാന്‍ പെട്ടെന്നു തന്നെ തിരിച്ചു പോയി. അപ്പോഴും അവനൊരു ദു:ഖമുണ്ടായിരുന്നു, രാജ്യത്തിന് വേണ്ടി ഇത്രയൊക്കെ നേടിയിട്ടും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കായിക ബഹുമതി പരശുറാം അവാര്‍ഡിന് അവനെ പരിഗണിച്ചില്ലെന്ന നിരാശ',
ബംഗുറാം പറഞ്ഞു.
ഏതായാലും വിജയ് ഒളിമ്പിക്‌സ് മെഡല്‍ നേടി മണിക്കൂറുകള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ അതിന് പ്രയശ്ചിത്തം ചെയ്തു. ഞങ്ങള്‍ ആ വീട്ടില്‍ നിന്നു മടങ്ങുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ പ്രഖ്യാപനം വന്നു- വിജയിന് ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായി ഹിമാചല്‍ ഗൗരവ് അവാര്‍ഡും...
|
|
Other stories in this section:
|
|