|
നിറകണ്‍ചിരിയോടെ നമ്മുടെ മേരി
Posted on: 10 Aug 2012
കടല്‍ത്തീരത്താണ് ബോക്‌സിങ് വേദിയായ എക്‌സല്‍. മേരി കോമിന്റെ മത്സരംകഴിഞ്ഞ് കടല്‍ കാണാനിറങ്ങിയപ്പോള്‍ അവിടെയൊരു പൂരം. ചാനലുകള്‍ മേരി കോമിനെ റാഞ്ചിയെടുത്ത് കൊണ്ടുവന്നിരിക്കുകയാണ്. ആദ്യം എല്ലാവരോടുമായി ഒരു പതിനഞ്ച് മിനിറ്റ് സംസാരം. പക്ഷേ, ചാനലുകാര്‍ക്ക് അതുപോരാ. ഓരോ ചാനലിനും പ്രത്യേകം അഭിമുഖം വേണം. ഓരോത്തര്‍ക്കും മൂന്നു മിനിറ്റ് വീതമെന്നു ധാരണയിലെത്തി. ഊഴം തീരുമാനിക്കാന്‍ നറുക്കിടുകയായിരുന്നോ എന്ന് നിശ്ചയമില്ല. എന്തായാലും ആദ്യത്തെയാള്‍ തുടങ്ങി. മേരി ഒരു ബലിയാടിനെപ്പോലെ നിന്നു. ആദ്യത്തെ ചാനല്‍തന്നെ അഞ്ചു മിനിറ്റോളമെടുത്തു. സമയം നോക്കിനിന്ന മറ്റുള്ളവര്‍ കണ്ണുരുട്ടിയപ്പോള്‍ അവര്‍ നിര്‍ത്തി. അടുത്തവര്‍ എത്തി. ആര്‍ക്കും മൂന്നു മിനിറ്റ് പാലിക്കാനായില്ല. അതോടെ കശപിശ തുടങ്ങി. ഹിന്ദിയിലെ വാടാപോടാ വിളികളായി.
അഭിമുഖ മാഹായജ്ഞം തുടര്‍ന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും റെക്കോഡ് ചെയ്തുവെച്ചപോലെ മേരി പറഞ്ഞുതുടങ്ങും. അവസാനമായപ്പോഴേക്കും മാധ്യമങ്ങളുടെ ഇടിയില്‍ മേരി തളര്‍ന്നു. വാക്കുകള്‍ ഞരക്കങ്ങളായി പുറത്തുവന്നു. ആരോ പറയുന്നതുകേട്ടു ''അവരൊരു മനുഷ്യസ്ത്രീയല്ലേ, ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ.'' അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു - ''ഇന്ന് മേരിയുടെ ദിവസമല്ലേ.''
ഇതിനിടെ ഒരു ചാനല്‍ മേരിയെ മറ്റേതോ ഒരു ലൊക്കേഷനിലേക്കു കൊണ്ടുപോയി. അര മണിക്കൂര്‍ കഴിഞ്ഞാണ് വെങ്കലമെഡല്‍ ജേത്രിയെ തിരിച്ചുകിട്ടിയത്. വീണ്ടും അഭിമുഖങ്ങളിലേക്ക്...
സെമിഫൈനല്‍ മത്സരം കഴിഞ്ഞ് വെങ്കലമെഡല്‍ തീരുമാനമായശേഷം ആ ദിവസം മുഴുവന്‍ മാധ്യമങ്ങളുടെ പ്രഭാവലയത്തിലായിരുന്നു മേരി. മത്സരം കഴിഞ്ഞ് നേരേ വന്നുകയറിയത് മീഡിയാ സോണിലേക്കാണ്. മാധ്യമപ്രവര്‍ത്തകര്‍ അര ഡസന്‍ സ്ഥലങ്ങളിലായാണ് നിലയുറപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിനോടും സംസാരിക്കണം. വിയര്‍ത്തുകുളിച്ച് കിതച്ചുനിന്ന മേരി അപ്പോള്‍ തുടങ്ങിയ സംസാരമാണ്.
മേരിയെ ആരും ഇഷ്ടപ്പെട്ടു പോകും. സദാ ചിരിയാണ്. ഒരു വാചകം കഴിഞ്ഞാല്‍ ഉടന്‍ വിടര്‍ന്ന ചിരി. ഇടയ്ക്ക് ചില തമാശകള്‍ പൊട്ടിക്കും. ഒരു തവണ പറഞ്ഞു - ''ഞാന്‍ നല്ല ഇടി കൊടുത്തതാണ്. എന്തുചെയ്യാം ആ റഫറിമാര്‍ കണ്ടില്ല.''
മക്കളെക്കുറിച്ചാണ് ഏറെ ചോദ്യങ്ങളുണ്ടായത്. അഞ്ച് വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാണ് മേരി. ''മക്കളെ ഞാന്‍ വിളിച്ചിരുന്നു. അമ്മയെ ടി.വി.യില്‍ കണ്ട കാര്യമൊക്കെ അവര്‍ പറഞ്ഞു. ഞാനവര്‍ക്ക് ധാരാളം ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വാങ്ങിയിട്ടുണ്ട്. വീട്ടിലെത്തി അവരെ കാണാന്‍ ധൃതിയായി.''
ഭര്‍ത്താവിന്റെ പിന്തുണയാണ് തന്നെ ഇവിടെ എത്തിച്ചതെന്നു മേരി പറഞ്ഞു- ''അദ്ദേഹം എന്നെ ഒരുപാട് സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒളിമ്പിക് മെഡല്‍ നേടില്ലായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുതരുന്ന നല്ല മനസ്സ്''
''ഈ മെഡല്‍ എന്നെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ടതാണ്. ഇന്ത്യക്കാര്‍ മുഴുവന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചില്ലേ. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സിക്കും എല്ലാം ഒരു മെഡലിനായി പ്രാര്‍ഥിച്ചു. അതിന്റെ ഫലമാണ് കണ്ടത്. അഞ്ച് ലോകകപ്പുകളില്‍ ഞാന്‍ ചാമ്പ്യനായി. പക്ഷെ, അതൊന്നും വലിയ വാര്‍ത്തകളായിരുന്നില്ല. ടി.വി.യില്‍ ലൈവുണ്ടായിരുന്നില്ല. ആരാണ് ഈ മേരി കോം എന്ന് ആളുകള്‍ ചോദിച്ചിരുന്ന കാലം. ഒളിമ്പിക്‌സില്‍ ഇതല്ലല്ലോ സ്ഥിതി. ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. ഇന്ത്യക്കാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. മൂന്നോ നാലോ കൊല്ലംകൂടി ഞാന്‍ ഈ വേദിയിലുണ്ടാവും'' -മേരി പറഞ്ഞു.
എല്ലാവര്‍ക്കും അഭിമുഖങ്ങള്‍ നല്‍കി മുഷിച്ചിലില്ലാതെ മേരി മടങ്ങി. അപ്പോള്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ഗെയിംസ് വളണ്ടിയര്‍മാരും മേരിക്ക് കൈയടികള്‍ നല്‍കി. ഇനി നാട്ടിലെ അവസാനിക്കാത്ത ആഘോഷങ്ങളിലേക്ക്.
|
|
Other stories in this section:
|
|