|
ബോക്‌സിങ് : ദേവേന്ദ്രോ പുറത്തായി
Posted on: 09 Aug 2012
ലണ്ടന്‍ : ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ മേരിക്കോമിന്റെ വെങ്കലം മാത്രം. ഉശിരന്‍ പോരാളിയായി അവസാനം വരെ വീറുറ്റ പോരാട്ടം കാഴ്ചവച്ച എല്‍ . ദേവേന്ദ്രോ സിങ് 49 കിലോഗ്രാം വിഭാഗം ലൈറ്റ്‌വയ്റ്റ് വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി. ബെയ്ജിങ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അയര്‍ലന്‍ഡിന്റെ പാഡി ബാണ്‍സാണ് തീചീതറിയ പോരാട്ടത്തില്‍ ദേവേന്ദ്രോയെ തോല്‍പിച്ചത്. സ്‌കോര്‍ : 23-18.
അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് തോറ്റതെങ്കിലും ആവേശകരമായിരുന്നു ദേവേന്ദ്രോയുടെ പോരാട്ടം. എന്നാല്‍, ഈ ആവേശം ഫലപ്രദമായി പോയിന്റുകളായി പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യയുടെ നാളത്തെ ഇടിവീരന് കഴിഞ്ഞില്ല. മുന്‍ റൗണ്ടുകളില്‍ കണ്ട ദേവേന്ദ്രോയുടെ അമിതാവേശത്തിനൊത്ത തന്ത്രങ്ങള്‍ പയറ്റിയാണ് കൂടുതല്‍ പരിചയസമ്പത്തുള്ള പാഡി ബാണ്‍സ് വിജയം രചിച്ചത്. കളി കൈവിട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടും അവസനം വരെ പോരാടിയത് മാത്രമാണ് ദേവേന്ദ്രോയ്ക്ക് മേനി പറയാനുള്ളത്. ഉയരക്കുറവും പഞ്ചുകളിലെ കൃത്യതയില്ലായ്മയും അക്ഷമയുമായിരുന്നു ദേവേന്ദ്രോയുടെ പ്രധാന പ്രശ്‌നങ്ങള്‍ . പതിത് പോലെ നൂറ് ശതമാനം ആക്രമണാത്മകമായിരുന്നു ദേവേന്ദ്രോയുടെ ശൈലി. മുഖം പൂര്‍ണമായി ഷീല്‍ഡ് ചെയ്തുകൊണ്ടുള്ള പ്രതിരോധത്തിലും വലിയ വിള്ളലുകള്‍ വീണിരുന്നില്ല. എന്നാല്‍, ഈ ആക്രമണാത്മശൈലി ബാണ്‍സിന്റടുത്ത് അധികം വിലപ്പോയില്ല. നീളക്കുറവുള്ള ദേവേന്ദ്രോയുടെ പഞ്ചുകളില്‍ നിന്ന് എളുപ്പത്തില്‍ ഒഴിഞ്ഞുമാറാന്‍ ബാണ്‍സിന് കഴിഞ്ഞു. ഇതിനെതിരെ തുരുതുരെ ഇടിച്ചുകൊണ്ടായിരുന്നു ദേവേന്ദ്രോ കത്തിക്കയറാന്‍ ശ്രമിച്ചത്. എന്നാലിത് ദേവേന്ദ്രോയുടെ ഊര്‍ജ്ജം പാഴാക്കി എന്നല്ലാതെ മറ്റ് ഗുണങ്ങളൊന്നും ഉണ്ടായില്ല. വിരളമായേ ബാണ്‍സിന്റെ ഷീല്‍ഡിനെ ഭേദിക്കാന്‍ ദേവേന്ദ്രോയുടെ ഹുക്കുകള്‍ക്ക് കഴിഞ്ഞുള്ളൂ. മറുഭാഗത്ത് തക്കം പാര്‍ത്തുകഴിഞ്ഞ ബാണ്‍സാകട്ടെ തെന്നിമാറിയ ദേവേന്ദ്രോയുടെ പഞ്ചുകള്‍ക്കിടയിലൂടെ പ്രതിരോധത്തില്‍ നല്ല വിള്ളലുകള്‍ കണ്ടെത്തി നന്നായി ഇടിയുതിര്‍ത്തു. പോയിന്റുകള്‍ വാരി.
ആദ്യ റൗണ്ടില്‍ മൂന്ന് പോയിന്റിന്റെ ലീഡ് വഴങ്ങേണ്ടിവന്നതോടെ രണ്ടാം റൗണ്ടില്‍ കൂടുതല്‍ വേഗത്തിലായി ദേവേന്ദ്രോയുടെ ആക്രമണം. എന്നാലിതും ബാണ്‍സിനെ കുഴക്കാന്‍ പോന്നതായില്ല. അസ്ഥാനത്തുള്ള ഇടിക്ക് റഫറി രണ്ട് പോയിന്റ് ദേവേന്ദ്രോയില്‍ നിന്ന് പിടിച്ചുവാങ്ങുകയും ചെയ്തു പിഴയായി. 17-10 എന്ന സ്‌കോറിലാണ് ഈ റൗണ്ട് അവസാനിച്ചത്.
തോല്‍വി അവസാനിച്ചുവെന്ന് ഉറപ്പായിട്ടും വിട്ടുകൊടുക്കാന്‍ ദേവേന്ദ്രോ തയ്യാറായിരുന്നില്ല. എന്നാല്‍, പതിവ് ഹുക്കുകളല്ലാതെ ഒരു അപ്പര്‍കട്ടിനൊന്നും ദേവേന്ദ്രോ കാര്യമായി ശ്രമിച്ചില്ല. ഏന്തിവലിഞ്ഞ് അതിന് തുനിഞ്ഞപ്പോഴെല്ലാം മികച്ച പ്രത്യാക്രമണത്തിലൂടെ ബാണ്‍സിന് പോയിന്റുകള്‍ നേടാനും കഴിഞ്ഞു. എങ്കിലും 8-6 എന്ന രണ്ട് പോയിന്റിന്റെ നേരിയ ലീഡില്‍ ഈ റൗണ്ട് ഫിനിഷ് ചെയ്യാന്‍ ദേവേന്ദ്രോയ്ക്ക് കഴിഞ്ഞു. ഇതില്‍ ബാണ്‍സിന് റഫറി രണ്ട് പോയിന്റ് പിഴയിട്ടിരുന്നു.
ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഷിമിങ് സുവോയുമായാണ് ബാണ്‍സിന്റെ സെമിഫൈനല്‍ ഇടി.
|
|
Other stories in this section:
|
|