|
അഭിമാനത്തിന്റെ വെങ്കലം.കോം
Posted on: 09 Aug 2012
നൂറ്റിയിരുപതുകോടിയുടെ പ്രതീക്ഷയുമായാണ് മേരി കോം റിങ്ങിലേക്കെത്തിയത്. ഇറോം ഷര്‍മിളയെപ്പോലെ, മണിപ്പുരിന്റെ പോരാട്ട വീര്യം ഉയര്‍ത്തിപ്പിടിച്ച, ലോകമെങ്ങും 'ഐക്കണിക്' എന്നുവിളിച്ചാരാധിക്കുന്ന മേരി, പോരാട്ടത്തിനെത്തുമ്പോല്‍, എക്‌സല്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ മുഴക്കിയത് നീണ്ട കരഘോഷം.
തൊട്ടുപിന്നാലെ, പ്രൊഫഷണല്‍ ബോക്‌സര്‍മാരെപ്പോലെ മുഷ്ടി ചുരുട്ടിയെത്തിയ നിക്കോള ആഡംസ് ജേതാവിനെപ്പോലെയാണ് എത്തിയത്. ബ്രിട്ടീഷ് ബോക്‌സിങ് ഹീറോ അമീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംസിനായി യൂണിയന്‍ ജാക്ക് പതാകകള്‍ വീശി.
പോരാട്ടത്തിന്റെ പ്രതീകമാണ് മേരി. അഞ്ചുവയസ്സുള്ള രണ്ടുമക്കളുടെ അമ്മയായിട്ടും ബോക്‌സിങ് റിങ്ങില്‍ അവര്‍ ഇപ്പോഴും തരംഗങ്ങള്‍ തീര്‍ക്കുന്നു. 48 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മേരി ഒളിമ്പിക്‌സിനുവേണ്ടിയാണ് 51 കിലോ വിഭാഗത്തിലേക്ക് മാറിയത്.
അതുകൊണ്ടുതന്നെ അവര്‍ ഫൈനല്‍ പ്രതീക്ഷിച്ചിരിക്കില്ല. കാരണം, ഈ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലെ സ്ഥിരം സാന്നിധ്യമായ റെന്‍ കാന്‍കണും നിക്കോള ആഡംസും ഇവിടെയും ശക്തിദുര്‍ഗങ്ങളായി നില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍, മേരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ആദ്യറൗണ്ടുമുതല്‍ക്ക് മേരി എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി മുന്നേറിക്കൊണ്ടിരുന്നു. നിക്കോളയുടെ വലിപ്പവും കരുത്തും പ്രതിബന്ധമായിട്ടും, മേരി നൂറുശതമാനം കഴിവും പുറത്തെടുത്തു. അത് വിജയത്തിലേക്കെത്തിക്കാനായില്ലെന്നുമാത്രം.
മണിപ്പുരിലെ ബിഷ്ണുപുര്‍ ജില്ലയിലെ മലയോര ഗ്രാമമായ കാങ്‌തേയിയില്‍നിന്ന് തുടങ്ങിയ മേരിയുടെ ജീവിതം അഞ്ച് ലോകകിരീടങ്ങളിലൂടെ ഇപ്പോള്‍ ഒളിമ്പിക് മെഡലിലെത്തി നില്‍ക്കുകയാണ്. കൃഷിയിടത്തില്‍ കഠിനാധ്വാനം ചെയ്താണ് മേരി തന്റെ കുഞ്ഞുശരീരത്തോ പോരാട്ടവഴിയിലേക്ക് പാകപ്പെടുത്തിയത്.
മാരത്തണില്‍ പയറ്റുന്നതിനുവേണ്ടിയാണ് മേരി ഇംഫാലിലെ സായി സെന്ററില്‍ എത്തിയത്. എന്നാല്‍, അനാഥത്വത്തെ ബോക്‌സിങ് റിങ്ങിലൂടെ തോല്‍പിച്ച ഡിങ്കോ സിങ്ങെന്ന മണിപ്പുരുകാരന്റെ ജീവിതം മേരിയെയും റിങ്ങിലെത്തിച്ചു.
സായിയിലെ ഇബോംച സിങ്ങിനുകീഴില്‍ ബോക്‌സിങ് പഠനമാരംഭിച്ച മേരി, 2001-ല്‍ ആദ്യ ലോകചാമ്പ്യന്‍ഷിപ്പുമുതല്‍ മെഡല്‍ ജേത്രിയാണ്. 2001-ല്‍ 45 കിലോ വിഭാഗത്തില്‍ വെള്ളിയിലൂടെ തുടക്കം. അടുത്ത വര്‍ഷം അതേ വിഭാഗത്തില്‍ സ്വര്‍ണം. പിന്നീട് മൂന്ന് തവണ 46 കിലോയില്‍ ലോകജേതാവ്. 2010-ല്‍ 48 കിലോയിലും കിരീടം. ഇക്കുറി ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് 51 കിലോയിലേക്ക് മാറിയെങ്കിലും അവിടെ നിക്കോളയുടെ കരുത്ത് ക്വാര്‍ട്ടറില്‍ വഴി തടഞ്ഞു.
ഓന്‍ലെര്‍ കോമാണ് മേരിയുടെ ഭര്‍ത്താവ്. ബോക്‌സിങ്ങില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഓന്‍ലെറാണ് തുണ. രച്വുന്‍ഗ്വറും ഖുപ്നീവറുമാണ് മക്കള്‍.
|
|
Other stories in this section:
|
|