|
വീണ്ടും ആഗസ്ത് എട്ട്; വീണ്ടും സെക്കന്‍ഡിന്റെ നൂറിലൊരംശം
Posted on: 09 Aug 2012
ലണ്ടന്‍: ഇരുപത്തെട്ടുവര്‍ഷം മുമ്പ് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് പി.ടി. ഉഷയ്ക്ക് ഒളിമ്പിക്‌സില്‍ സ്വപ്നമെഡല്‍ നഷ്ടമായത്. 1984 ആഗസ്ത് എട്ടിനായിരുന്നു അത്. ഇപ്പോഴിതാ, മറ്റൊരു ആഗസ്ത്എട്ടിന് സെക്കന്‍ഡിന്റെ നൂറിലൊരംശം വീണ്ടും ഉഷയെത്തേടിയെത്തിയിരിക്കുന്നു. ഇക്കുറി അത് ഭാഗ്യമായെന്നുമാത്രം.
ഉഷയുടെ ശിഷ്യയും പ്രതീക്ഷയുമായ ടിന്റു ലൂക്ക 800 മീറ്റര്‍ ഹീറ്റ്‌സില്‍നിന്ന് മുന്നേറിയത് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റയത്ര വ്യത്യാസത്തില്‍ എതിരാളിയെ പിന്തള്ളിയാണ്. മൂന്നാംസ്ഥാനത്തിനുവേണ്ടി നടന്ന നിര്‍ണായക പോരാട്ടത്തില്‍, വെറും 0.03 സെക്കന്‍ഡിന്റെ വ്യത്യാസമാണ് ടിന്റുവിനെ മൂന്നാം സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തിയത്.
ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലമെഡല്‍ ഉഷയ്ക്ക് നഷ്ടമായത് തലനാരിഴയ്ക്കായിരുന്നു. വെറും 0.01 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍. അവിടെ റുമാനിയക്കാരി ക്രിസ്റ്റീന കൊയോകാരു 55.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍, 55.42 സെക്കന്‍ഡിലാണ് ഉഷ നാലാമതായത്. സെക്കന്‍ഡിന്റെ നൂറിലൊരംശമെന്ന, നേര്‍ത്ത വ്യത്യാസത്തില്‍.
ഹീറ്റ്‌സില്‍ ടിന്റു ലൂക്ക അവസാനഘട്ടത്തില്‍ നടത്തിയ കുതിപ്പില്‍ രണ്ടുമിനിറ്റ് 01.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍, മൂന്നാം സ്ഥാനം ഉറപ്പിച്ച് ഓടിയ മൊറോക്കോയുടെ മലൈക അക്കൗവിയെ പിന്തള്ളിയത് 0.03 സെക്കന്‍ഡിലാണ്. മികച്ച നാലാം സ്ഥാനക്കാരിലൊരാളായി അക്കൗവിയും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.
|
|
Other stories in this section:
|
|