a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ബേബീസ് ഡെയ്‌സ് ഇന്‍ ലണ്ടന്‍
ജമീലാബീവി @ ഓള്‍ഡ് ട്രാഫഡ്
Posted on: 09 Aug 2012



ഇങ്ങോട്ടു വാടീ...പച്ച മലയാളത്തില്‍ ഒരു ശാസനകേട്ട് കൗതുകത്തോടെ തിരിഞ്ഞുനോക്കി. കാഴ്ചകള്‍ കണ്ട് പതുക്കെ വരുന്ന ഭാര്യയോട് ഭര്‍ത്താവ് ദേഷ്യപ്പെടുകയാണ്. ഒളിമ്പിക്‌സിന്റെ മുഖ്യവേദിയായ സ്ട്രാറ്റ്ഫഡിലെ ട്യൂബ് സ്റ്റേഷനിലേക്കുള്ള കവാടം. ഭാര്യ വേഗം ഭര്‍ത്താവിനോടു ചേര്‍ന്നു നടന്നു. പരിചയപ്പെടാനായില്ല. അവര്‍ വേഗം ആള്‍ക്കൂട്ടത്തിലേക്ക് അലിഞ്ഞുപോയി. മലയാളംകേട്ട സംതൃപ്തിയില്‍ ഒരു ചെറുചിരിയോടെ നടന്നു.

മലയാളികളുടെ സ്വപ്നഭൂമിയാണ് ഇംഗ്ലണ്ട്. എണ്ണമറ്റ കേരളീയര്‍ ഈ രാജ്യത്തിന്റെ സൗഭാഗ്യങ്ങളെ പ്രാപിച്ചവരാണ്. പലരും ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു. സഞ്ചാരങ്ങള്‍ക്കിടയില്‍ നമുക്കു തിരിച്ചറിയാം, ആള്‍ക്കൂട്ടത്തിലൂടെ നീങ്ങുന്നതു ഒരു മലയാളിയാണെന്ന്. ആ സംശയത്തില്‍ ചോദിച്ച പത്തില്‍ ആറു പേരെങ്കിലും മലയാളികള്‍ തന്നെയായിരുന്നു. ബാക്കിയാളുകളുടെ കാര്യത്തില്‍ ചൂളി.

ഇങ്ങനെ നമ്മളെ തിരിച്ചറിയുന്നവരുമുണ്ട്. വിപ്രോയില്‍ ഐ.ടി. കണ്‍സല്‍റ്റന്റായ ഷബീര്‍ കുടുംബവുമൊത്ത് സ്ട്രാറ്റ്ഫഡ് അപ്പോണ്‍ എയ്‌വണില്‍ ഷേക്‌സ്പിയറുടെ വീടു കാണാന്‍ പോയിരുന്നു. അതേ ദിവസമാണ് ഞാനും ആ തീര്‍ഥാടനം നടത്തുന്നത്. ഫോട്ടോയെടുത്തു വിവശനായി നടക്കുന്ന എന്നെ ഷബീര്‍ കണ്ടിരുന്നു. ഇതൊരു മലയാളിയാണെന്നു തോന്നി. പിറ്റേന്നു മാതൃഭൂമിയില്‍ ഷേക്‌സ്പിയര്‍ വാര്‍ത്ത കണ്ടപ്പോള്‍ അവര്‍ ഉറപ്പിച്ചു. മാതൃഭൂമി ഓണ്‍ലൈനിലേക്ക് ഒരു മെസ്സേജ് അയച്ചു. അങ്ങനെ അവരെ കണ്ടെത്തി.

കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ ഷബീര്‍ മൂന്നു വര്‍ഷമായി ഇവിടെയുണ്ട്. ബര്‍മിങ്ങാമിലെ സോളിഹുള്ളിലാണ് ഭാര്യ ഷെല്‍ജയോടൊത്തു താമസിക്കുന്നത്. മൂന്നുമാസമായി ഉമ്മ ജമീലാ ബീവിയും ഇവരോടൊപ്പമുണ്ട്. ഒളിമ്പിക്‌സ് പ്രമാണിച്ചു വന്നതാണ്.

ഷബീര്‍ അയച്ചുതന്ന ഒരു ഫോട്ടോ കൗതുകമുള്ളതായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രസിദ്ധമായ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ മലയാളിയായ ഒരു വീട്ടമ്മ അഭിമാനത്തോടെ നില്‍ക്കുന്നു. ഒളിമ്പിക് ഫുട്‌ബോളില്‍ ജപ്പാനും ഈജിപ്തും തമ്മില്‍ നടന്ന മത്സരം കാണാനാണ് ഷബീര്‍ ഉമ്മയെയും കൂട്ടി സ്റ്റേഡിയത്തിലെത്തിയത്.

ബാക്കിയെല്ലാം ജമീലാബീവി പറയും - ''എനിക്കിപ്പോള്‍ 56 വയസ്സായി. ഇത്രയും നല്ല കാഴ്ചകള്‍ കാണാന്‍ ഭാഗ്യമുണ്ടായില്ലേ. മോനാണ് കൊണ്ടുപോയത്. ഇത്രേം ജനങ്ങളെ കണ്ടപ്പോള്‍ പേടിച്ചുപോയി. പരിശോധനയൊക്കെ നടത്തിയാണ് അകത്തേക്ക് കയറ്റിവിട്ടത്. സ്റ്റേഡിയത്തിലെത്തിയപ്പോള്‍ വല്ലാത്തൊരനുഭവമായിരുന്നു. മോന്റെ കൂടെ ജോലി ചെയ്യുന്ന ചിലരെയും കണ്ടു. ജപ്പാന്‍ ജയിച്ചു. പിന്നെ ഒളിമ്പിക് ദീപശിഖയില്‍ ഒന്നു തൊട്ടുനോക്കാനും പറ്റി. സോളിഹള്ളിലൂടെ കടന്നുപോയപ്പോഴായിരുന്നു അത്. ഒരു പെണ്ണിന്റെ കൈയിലായിരുന്നു ദീപശിഖ. എന്തൊരു തള്ളായിരുന്നു, നമ്മുടെ നാട്ടിലെപ്പോലെ. എങ്കിലും ഞാനൊന്നു തൊട്ടു. ലണ്ടന്‍ മൊത്തത്തില്‍ കൊള്ളാം. തെംസ് നദിയിലൂടെ ബോട്ടിലൊന്നു പോയി. മെയ് 10-നാണ് ഇവിടെ വന്നത്. ഒക്ടോബര്‍ നാലിനു തിരിച്ചുപോകും. ഒന്നുകൂടി വരണമെന്നുണ്ട്.''

വിദേശത്തുള്ള മക്കളോടൊത്തു താമസിക്കാന്‍ എത്രയോ അമ്മമാര്‍ നാട്ടില്‍ നിന്നു വരുന്നു. പക്ഷേ, ജമീലാ ബീവിക്കു കിട്ടിയ ഭാഗ്യം ഒന്നു വേറെ തന്നെ. ജമീലാബീവിക്ക് മൂന്നു മക്കളാണ്. ആദ്യത്തേതു രണ്ടും പെണ്‍കുട്ടികളാണ് - മൂത്തയാള്‍ ജൂനാ ബീഗം, രണ്ടാമത്തെയാള്‍ ലീനാ ബീഗം. ഇളയതാണ് ഷബീര്‍. ഷബീറിന്റെ ബാപ്പ ഷെരീഫ് ഒരു ഫുട്‌ബോള്‍ ആരാധകനാണ്. മഹാരാഷ്ട്ര ടീമിന്റെ മുന്‍ സ്‌ട്രൈക്കറായ ഷബീര്‍ അലിയോടുള്ള ഇഷ്ടം കൊണ്ടാണ് ഷെരീഫ് മകന് അതേ പേരിട്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളികള്‍ കാണാറുണ്ടെന്നു ഷബീര്‍ പറഞ്ഞു.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.