a mathrubhumi initiative
IST:

ഇന്ത്യ - ശ്രീലങ്ക

മത്സരം 14 : 20-6-2013

ഹോം   വാര്‍ത്തകള്‍  
മേരിക്കുണ്ടൊരു കുഞ്ഞോട്‌
Posted on: 08 Aug 2012



ലണ്ടന്‍ : ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക്, മേരി കോമിന്റെ വീറുറ്റ പോരാട്ടത്തിന് ഒളിമ്പിക്‌സിന്റെ സെമിവരെ മാത്രമേ ആയുസ്സുള്ളൂ. നിക്കോള ആഡംസ് എന്ന കരുത്തുറ്റ ബ്രിട്ടീഷ് കടമ്പക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി തല കുനിക്കേണ്ടിവന്നെങ്കിലും, പത്തര മാറ്റുള്ള തങ്കത്തിന്റെ തിളക്കമുണ്ട് മേരിയുടെ വെങ്കലനേട്ടത്തിന്. ലണ്ടനില്‍ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും.

വെങ്കലനേട്ടം വലുതാണെങ്കിലും സെമിയിലെ മേരിയുടെ പേരാട്ടത്തിന് ശോഭ ഏറെയുണ്ടായിരുന്നില്ല. 6-11 എന്ന സ്‌കോര്‍ സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നു പോരാട്ടം. ലോക രണ്ടാം റാങ്കുകാരിയായ ആഡംസ് ആദ്യ റൗണ്ട് മുതല്‍ തന്നെ മേരിക്കെതിരെ വ്യക്തമായ മേല്‍ക്കൈ നേടി. തന്റെ ഉയരക്കുറവ് മുതലാക്കാന്‍ എതിരാളിക്കടുത്ത് ചെന്ന് ഇടിയുതിര്‍ക്കുന്ന മേരിയുടെ ശൈലി കരുത്തയായ ആഡംസിന് മുന്നില്‍ ഒട്ടും വിലപ്പോയില്ല. കരുത്തുറ്റ കരങ്ങള്‍ കൊണ്ട് മേരിയെ പരമാവധി അകറ്റിനിര്‍ത്താന്‍ ആഡംസിന് കഴിഞ്ഞു. ഈ പ്രതിരോധവലയം ഭേദിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മേരിക്ക്, പക്ഷേ, പിഴവുകളുടെ മേളയായിരുന്നു. പഞ്ചുകള്‍ ഭൂരിഭാഗവും ആഡംസിന്റെ തലയുടെ വശങ്ങളിലൂടെ തെന്നി മാറുകയായിരുന്നു. സഹികെട്ട് അമിതാവേശത്തിലേയക്ക് വഴുതിയപ്പോള്‍ റഫറിയുടെ താക്കീത് വാങ്ങിവയ്ക്കുകയും ചെയ്തു.

മേരിയുടെ സ്‌ട്രെയ്്റ്റ് പഞ്ചുകള്‍ക്ക് ആഡംസ് ഉയര്‍ത്തിയ ഷീല്‍ഡിനെ ഭേദിച്ച് പോയിന്റുകള്‍ സമ്മാനിക്കാനുമായില്ല. ക്വാര്‍ട്ടറില്‍ പ്രദര്‍ശിപ്പിച്ച മനോഹരമായ പദചലനങ്ങളും ഇത്തവണ പുറത്തെടുക്കാന്‍ മേരിക്ക് കഴിഞ്ഞില്ല. നാലോ അഞ്ചോ തവണ ആഡംസ് മേരിയെ മൂലയില്‍ ഒതുക്കി നിസ്സഹായയാക്കി. ഇത്മൂലം ആഡംസിന്റെ പല പഞ്ചുകളും പ്രതിരോധിക്കാനാവാത്ത മേരിക്ക് ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു. മുന്നോട്ടു കയറാന്‍ മേരി ശ്രമിക്കുന്നതിനിടെ ആഡംസ് നടത്തിയ പ്രത്യാക്രമണങ്ങള്‍ ഭൂരിഭാഗവും മേരി പ്രതിരോധിക്കാനാവാതെ ഏറ്റുവാങ്ങുന്നതാണ് കണ്ടത്.

നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റില്‍ മത്സരിച്ചശേഷം ഫ്ലൈവെയ്റ്റിലേക്ക് മാറിയ ആഡംസ കരുത്തു കൊണ്ടും വേഗത കൊണ്ടും നിഷ്പ്രഭമാക്കുകയായിരുന്നു മേരിയെ. മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയില്‍ നിന്ന് 51 കിലോയിലേയ്ക്ക് മാറിയ ആളും. ഈയൊരു വ്യത്യാസം വളരെ പ്രകടനമായിരുന്നു ഇവരുടെ പോരാട്ടത്തില്‍.

കരുത്തിന്റെയും കൈയുടെ നീളക്കൂടുതലിന്റെ കാര്യത്തില്‍ മാത്രമല്ല, ടെക്‌നിക്കിന്റെ കാര്യത്തിലും ആഡംസിനു തന്നെയായിരുന്നു മേല്‍ക്കൈ. ഇത് ഉപയോഗിച്ച് ആദ്യ റൗണ്ട് മുതല്‍ തന്നെ അവര്‍ മേരിയില്‍ സമ്മര്‍ദ്ദം ചെലുത്തി. കരുത്തോടെ മുന്നോട്ടു കയറിയ ആഡംസിന്റെ മുന്നില്‍ നിന്ന് വെട്ടിയൊഴിഞ്ഞു മാറുകയല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ല മേരിക്ക്. ഇടതു, വലതു കൈകള്‍ കൊണ്ടുള്ള മാറിമാറിയുളള ആഡംസിന്റെ പഞ്ചുകളെല്ലാ തന്നെ കിറുകൃത്യമായിരുന്നു. പ്രത്യാക്രമണത്തിലും മാരകമായ വേഗവും പ്രഹരശേഷിയുമാണ് അവര്‍ പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ തന്നെ 3-1 എന്ന സ്‌കോറില്‍ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം. അഞ്ചു പോയിന്റിന്റെ വ്യത്യാസത്തില്‍ ആധികാരികമായി തന്നെയാണ് അവര്‍ ബൗട്ട് അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലും ആഡംസ് മേരിയെ തോല്‍പിച്ചിരുന്നു.

ചൈനയുടെ ലോക ഒന്നാം നമ്പര്‍ കാന്‍കാന്‍ റെന്നുമായാണ് ആഡംസിന്റെ ഫൈനല്‍പോരാട്ടം. ആഗസ്ത് ഒന്‍പതിനാണ് ഫൈനല്‍. സെമിയില്‍ അമേരിക്കയുടെ മാര്‍ലെന്‍ എസ്പാര്‍സയെയാണ് റെന്‍ തോല്‍പിച്ചത് (10-8).

മേരി കോമിന്റെ സെമിഫൈനല്‍ പോരാട്ടം

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.