a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ടിന്റുവിന് ഇന്ന് സെമന്യയുടെ വെല്ലുവിളി
Posted on: 08 Aug 2012




ലണ്ടന്‍ : ഇരുപത്തിയഞ്ചാണ്ടായിട്ടും പി.ടി.ഉഷയുടെ കണ്ണീര്‍ ഉണങ്ങാത്ത ട്രാക്കില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നുകൊണ്ട് ഉഷയുടെ അരുമശിഷ്യ ടിന്റു ലൂക്ക. വനിതകളുടെ 800 മീറ്ററിന്റെ സെമിഫൈനലില്‍ വീറുറ്റ ഫിനിഷ് നടത്തിയ ടിന്റു സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാമത്തെ ഹീറ്റ്‌സില്‍ 2:01.75 സെക്കന്‍ഡില്‍ മൂന്നാമതായാണ് ആദ്യമായി ഒളിമ്പിക് ട്രാക്കിലിറങ്ങുന്ന ടിന്റു ഫിനിഷ് ചെയ്തത്. വ്യാഴാഴ്ചയാണ് സെമി.

സീസണിലെ തന്റെ മികച്ച സമയമായ 2:01.09 സെക്കന്‍ഡിനൊപ്പമെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശരിക്കും വീരോചിതം തന്നെയായിരുന്നു ടിന്റുവിന്റെ പ്രകടനം. 200 മീറ്റര്‍ പിന്നിട്ടതോടെ തന്നെ ആദ്യ മൂന്ന് പേരില്‍ ഒരാളായി ഓടിയ ടിന്റു ഈ നില അവസാന 600 മീറ്റര്‍ വരെ തളരാതെ കാത്തു. അവസാന 200 മീറ്ററിലെ കുതിപ്പില്‍ മൊറോക്കോയുടെ മലിക അക്കൗയി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളുകയും അവസാന 100 മീറ്ററിലെ സ്പ്രിന്റില്‍ ടിന്റുവിന് മുന്നില്‍ കയറാന്‍ അവസരം നല്‍കാതെ കുതിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പരന്നുതുടങ്ങിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ലാപ്പില്‍ കണ്ട തളര്‍ച്ച ഇവിടെയും ടിന്റുവിനെ പിടികൂടുമെന്ന് ഭയന്ന നിമിഷമായിരുന്നു അത്. എന്നാല്‍, ഈ പിഴവുകളെല്ലാം പഴങ്കഥയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അവസാനത്തെ ഇരുപത് മീറ്ററില്‍ അവിശ്വസനീയമായ കുതിപ്പ് തന്നെയാണ് ടിന്റു നടത്തിയത്. തളരാതെ ഊര്‍ജം വീണ്ടെടുത്ത് കാല്‍ നീട്ടി വലിയ സ്‌ട്രൈഡുകളെടുത്ത് മുന്നേറിയ ടിന്റു അവസാന പത്ത് മീറ്ററില്‍ ശരിക്കും നിശ്ചയദാര്‍ഢ്യം ദൃശ്യമാകുന്ന തരത്തില്‍ മുന്നോട്ടാഞ്ഞ് മൂന്നാമതായി ടേപ്പ് തൊടുകയായിരുന്നു. പഴയ അമച്വര്‍ താരത്തില്‍ നിന്ന് ഒരു പ്രൊഫഷണല്‍ ഓട്ടക്കാരിയിലേയ്ക്കുള്ള പരിവര്‍ത്തനം പ്രകടനമായിരുന്നു ഈ ഫിനിഷില്‍. ടിന്റുവിനേക്കാള്‍ .03 സെക്കന്‍ഡ് പിറകിലാണ് മൊറോക്കോ താരത്തിന് ഫിനിഷ് ചെയ്യാനായത്.

2:01.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മരിയ സവിനോവയാണ് ഈ ഹീറ്റ്‌സില്‍ ഒന്നാമത്. അമേരിക്കയുടെ ആലിസ് സ്‌കിമിഡ്ട് 2:01.75 സെക്കന്‍ഡി ഫിനിഷ് ചെയ്ത് രണ്ടാമതെത്തി. പൂര്‍ത്തിയായ നാല് ഹീറ്റ്‌സിലും ആരും രണ്ട് മിനിറ്റില്‍ താഴെ സമയത്തില്‍ ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ മികച്ച സമയവും ഇന്ത്യന്‍ ദേശീയ റെക്കോഡ് സമയവുമായ 1:59.17 സെക്കന്‍ഡില്‍ സെമി ഓടിയാല്‍ ഫൈനല്‍ ടിക്കറ്റ് ടിന്റുവിന് അപ്രാപ്യമല്ല. രണ്ടു വര്‍ഷം മുന്‍പാണ് ടിന്റു ഈ സമയം കുറിച്ചത്.

ഹീറ്റ്‌സില്‍ മൂന്നാമതെത്തിയെങ്കിലും സെമിയിലേക്ക് മുന്നേറിയ 24 താരങ്ങളില്‍ 13-ാം സ്ഥാനത്താണ് ടിന്റുവിന്റെ പ്രകടനം. അമേരിക്കയുടെ അലീഷ്യ മൊണ്ടാനോ ജോണ്‍സണിന്റേതാണ് ഹീറ്റ്‌സിലെ മികച്ച സമയം (2:00.47). ബെയ്ജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് കെനിയയുടെ പമേല ജലീമോ (2:00.54), കാസ്റ്റര്‍ സെമന്യ (2:00.71) എന്നിവരുടേതാണ് അടുത്ത പ്രകടനങ്ങള്‍.

സെമിയില്‍ രണ്ടാം ഹീറ്റ്‌സിലാണ് ടിന്റുവിന്റെ മത്സരം. 2009-ലെ ലോകചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യയും 2007-ലെ ചാമ്പ്യന്‍ ജാനറ്റ് ജെപ്‌കോസ്ഗിയും ഫൈനലില്‍ കടക്കുമെന്ന് ഏറെക്കുറേ ഉറപ്പുള്ള താരങ്ങളാണ്. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ കൊറിയയിലെ ദെയ്ഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍, സാവിനോവയ്ക്കുപിന്നില്‍ വെള്ളി സെമന്യയും വെങ്കലവും ജെപ്‌കോസ്ഗിയുമാണ് നേടിയത്. ഇതില്‍ നാലാം സ്ഥാനത്തെത്തുകയും ഇവിടെ ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കക്കാരി അലീഷ്യ മൊണ്ടാനോയാണ് മറ്റൊരു വെല്ലുവിളി.
ഫലത്തില്‍, ലോകചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് സ്ഥാനക്കാരുമായി മത്സരിക്കാനുള്ള അവസരമാണ് ടിന്റുവിന് കൈവന്നിരിക്കുന്നത്.
സാവിനോവയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനം ഹീറ്റിസില്‍ കാഴ്ചവെച്ച ടിന്റുവിന്, സെമിയില്‍ ശേഷിച്ച മൂന്നുപേരെ നേരിടുമ്പോള്‍ കൂടുതല്‍ മികവ് കാട്ടാനാകുമെന്നാണ് പ്രതീക്ഷ.

ടിന്റു ലൂക്കയുടെ പ്രകടനത്തിന്റെ വീഡിയോ

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.