a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ബേബീസ് ഡെയ്‌സ് ഇന്‍ ലണ്ടന്‍
ഫാനി മുതല്‍ മേരി വരെ
Posted on: 08 Aug 2012


നാട്ടില്‍ നിന്ന് പോരുമ്പോള്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ക്ക് മെഡല്‍ ഉറപ്പിച്ചിരുന്നു -അമ്പെയ്ത്തില്‍ ദീപികാ കുമാരിക്കും ബോക്‌സിങ്ങില്‍ മേരി കോമിനും. രണ്ടുപേരും മെഡല്‍ നേടിയാല്‍ കൊടുക്കാന്‍ ഒരു ഹെഡ്ഡിങ്ങും മനസ്സിലുണ്ടായിരുന്നു. ദീപികാ കുമാരി പറ്റിച്ചു. അവരുടെ അമ്പുകളൊക്കെ പാഴായി. മേരി കോം രക്ഷിച്ചു. അവരിതാ മെഡലിലേക്ക് ഇടിച്ചുകയറിയിരിക്കുന്നു. ഓട്ടുമെഡല്‍ ഉറപ്പിച്ചു. മനസ്സില്‍ വന്ന ഹെഡ്ഡിങ് ഇതാണ് - മേരിക്കുണ്ടൊരു 'കുഞ്ഞോട്'. അത് ഒരുപക്ഷേ, ബുധനാഴ്ച മാത്രമേ കൊടുക്കാനാവൂ. സെമിയില്‍ ജയിച്ചാല്‍ വെള്ളിമെഡല്‍ ഉറപ്പിക്കും, ഫൈനല്‍ ജയിച്ചാല്‍ സ്വര്‍ണവും. സ്വര്‍ണം നേടി, ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം രാജ്യത്തിനു നല്‍കട്ടെ നമ്മുടെ മേരി.

അമ്മമാര്‍ ഒളിമ്പിക് വേദിയില്‍ സ്വര്‍ണം നേടുന്നതില്‍പ്പരം ആഹ്ലാദം മറ്റെന്തുണ്ട്. രണ്ടു മക്കളുടെ അമ്മയായിരിക്കേ, 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം നേടിയ ഫാനി ബ്ലാങ്കേഴ്‌സ് കോയന്റെ കഥയോര്‍മയില്ലേ. 64 വര്‍ഷങ്ങള്‍ക്കിപ്പുറം ലണ്ടനില്‍ ഫാനിക്ക് ഇന്ത്യയില്‍ നിന്ന് ഒരു പിന്‍ഗാമിയുണ്ടായിരിക്കുന്നു - മേരി കോം. അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയാണ് മേരി.

ഒളിമ്പിക്‌സ് ഒരു വിസ്മയവേദിയാണ്. ലോകത്തിന്റെ സ്പന്ദനങ്ങള്‍ ഇവിടെ പ്രതിഫലിക്കുന്നു. പ്രാചീന ഒളിമ്പിക്‌സില്‍ വനിതകള്‍ക്ക് മത്സരം കാണാനുള്ള അനുമതി പോലുമുണ്ടായിരുന്നില്ല. ആകാംക്ഷ അടക്കാന്‍ വയ്യാതെ, ഒളിച്ചുപോയി മത്സരങ്ങള്‍ കണ്ട ഗ്രീക്ക് വനിതകള്‍ നിര്‍ദാക്ഷിണ്യം കൊലചെയ്യപ്പെട്ടു. അത് പഴയകാര്യം. ആധുനിക ഒളിമ്പിക്‌സ് തുടങ്ങുന്നത് 1896-ലാണ്. ആ ഒളിമ്പിക്‌സില്‍ വനിതകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. 1900-ല്‍ പാരീസിലാണ് വനിതകള്‍ക്ക് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ആദ്യമായി അനുമതി നല്‍കുന്നത്. ആ ഒളിമ്പിക്‌സില്‍ ബ്രിട്ടന്റെ ഷാര്‍ലറ്റ് കൂപ്പര്‍ ആദ്യ വനിതാ ഒളിമ്പിക് ചാമ്പ്യനായി. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിന് 35 രാജ്യങ്ങള്‍ പുരുഷ അത്‌ലറ്റുകളെ മാത്രമാണ് അയച്ചത്. കാലക്രമത്തില്‍ ഈ സംഖ്യ കുറഞ്ഞുവന്നു. വനിതാ അത്‌ലറ്റുകളെ അയയ്ക്കാത്ത രാജ്യങ്ങള്‍ അറ്റ്‌ലാന്റയില്‍ 26-ഉം സിഡ്‌നിയില്‍ പത്തുമായിരുന്നു. ആതന്‍സില്‍ അത് നാലോ അഞ്ചോ ആയി കുറഞ്ഞു. ബ്രൂണെ, സൗദി അറേബ്യ, ഖത്തര്‍ എന്നിവര്‍ മാത്രമാണ് ബെയ്ജിങ് ഒളിമ്പിക്‌സില്‍ വനിതകളെ അയയ്ക്കാത്തത്. ലണ്ടനില്‍ ചരിത്രം വഴിമാറി. എല്ലാ രാജ്യങ്ങളുടേയും വനിതാ അത്‌ലറ്റുകള്‍ ഇവിടെ മത്സരിക്കുന്നു. അതില്‍ നമ്മുടെ മേരി കോം ഉള്‍പ്പെടെ ചില അമ്മമാരുമുണ്ട്.

വനിതകളെ മാറ് മറയ്ക്കാന്‍ അനുവദിക്കാത്ത ഒരുകാലം നമ്മുടെ കേരളത്തിലുണ്ടായിരുന്നു. ഭാരതപ്പുഴയിലൂടെ വെള്ളമേറെ ഒഴുകിപ്പോയ ശേഷമുള്ള ഒരു പുരോഗമന കാലത്ത് പയ്യോളിക്കാരിയായ ഒരു മെലിഞ്ഞ പെണ്‍കുട്ടി ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ തലവര മാറ്റിയെഴുതി. ഇന്ത്യയിലും ലോകത്തും ആഴങ്ങളില്‍ പ്രസിദ്ധിയുള്ള മലയാളി ഒരു പുരുഷനല്ല, സ്ത്രീയാണ്. അവള്‍ ലോകം ബഹുമാനിക്കുന്ന കായികതാരമാണ്. ഒളിമ്പിക്‌വേദിയില്‍ പുരുഷന്മാരെക്കാളേറെ നിറഞ്ഞുനിന്നത് മലയാളി വനിതകള്‍.

എന്തെല്ലാമാണ് സ്ത്രീകളെ കായികരംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്നത്? കുടുംബം നോക്കണം, കുട്ടികളെ നോക്കണം, സ്ത്രീയെന്ന നിലയിലുള്ള ശാരീരീക പ്രത്യേകതകള്‍, സുരക്ഷിതത്വം... ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനെയൊക്ക അതിജീവിച്ചാണ് അവര്‍ ഉന്നതങ്ങളെ പ്രാപിക്കുന്നത്.

***

ഒളിമ്പിക് ബോക്‌സിങ്ങിന്റെ ക്വാര്‍ട്ടര്‍ ജയിച്ച് മെഡല്‍ ഉറപ്പിച്ച് മേരി കോം വരികയാണ്. കാഴ്ചയില്‍ സാധുവായ ഒരു സ്ത്രീ. മീഡിയാ സോണിന്റെ നാലു ഭാഗങ്ങളിലും തിങ്ങിനിറഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് അവര്‍ നിറഞ്ഞ മനസ്സോടെ സംസാരിച്ചു. അവരുടെ നിഷ്‌കളങ്കമുഖം മനസ്സിനെ സ്പര്‍ശിച്ചു. സ്‌നേഹത്തോടെ ആ കൈകളില്‍ പിടിച്ചു. ഒരുപാട് ഫോട്ടോകളെടുത്തു.

പ്രിയപ്പെട്ട ഫാനി, ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. പക്ഷേ, ഒളിമ്പിക് റിപ്പോര്‍ട്ടിങ്ങിന്റെ ചുമതല കിട്ടിയതുമുതല്‍ പ്രചോദിപ്പിക്കുന്നത് നിങ്ങള്‍ 1948ല്‍, രണ്ടു മക്കളുടെ അമ്മയായിരിക്കേ, നേടിയ ആ ഒളിമ്പിക് സ്വര്‍ണമെഡലുകളാണ്. ഇന്ത്യയില്‍ നിന്ന് ഫാനിക്കൊരു പിന്‍ഗാമിയുണ്ടാകുമെന്ന് കരുതിയതല്ല. പക്ഷേ, ഇതാ മേരി കോം, ഞങ്ങളുടെ പ്രിയങ്കരി. അടുത്ത രാത്രികളില്‍ ഞങ്ങള്‍ ഉറങ്ങുമായിരിക്കും, പക്ഷേ, ഹൃദയം മേരിക്കുവേണ്ടി ഉറങ്ങാതിരിക്കും.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.