|
മെഡല്‍, മക്കള്‍ക്ക് പിറന്നാള്‍ സമ്മാനം
Posted on: 07 Aug 2012
ലണ്ടന്‍: അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയാണ് ബോക്‌സിങ് റിങ്ങില്‍ ഇടിയുതിര്‍ക്കുന്നത്. എതിരാളിക്കുമേല്‍ സമ്പൂര്‍ണ ആധിപത്യം. എക്‌സലിലെ ബോക്‌സിങ് റിങ്ങില്‍ മണിപ്പുരുകാരി മേരി കോം ഇടിച്ച ഇടി കണ്ട് പുളകം കൊള്ളാത്ത ഇന്ത്യാക്കാരുണ്ടാവില്ല. ഇരട്ടആണ്‍മക്കളായ രെചുംഗ്വാറിന്റെയും ഖുപ്നിവരന്ദിന്റെയും പിറന്നാളായിരുന്നു ഞായറാഴ്ച. അമ്മ മക്കള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഒളിമ്പിക് മെഡല്‍. ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനമുണ്ടോ?
രണ്ട് മിനിറ്റ് വീതമുള്ള നാല് റൗണ്ടുകള്‍ക്കൊടുവില്‍ ടുണീഷ്യക്കാരിയായ മറൂവ റഹാലിയെ നിലംതോടാന്‍ അനുവദിക്കാതെ കീഴടക്കിയ മേരി കോം ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് ഉറപ്പാക്കിയത്. പ്രലോഭനങ്ങളായി വെള്ളിയും സ്വര്‍ണവും ഇന്ത്യയ്ക്കും മേരിക്കും മുന്നിലുണ്ട്.
നീലക്കുപ്പായമണിഞ്ഞ് മേരി വന്നപ്പോള്‍ ഇന്ത്യാ...ഇന്ത്യാ...വിളികള്‍ ഗ്യാലറിയിലുയര്‍ന്നു. ത്രിവര്‍ണ പതാകകള്‍ പാറി. റിങ്ങിലേക്ക് വലതുകാല്‍ വെച്ചു കയറിയ ഉടനെ ഏതാനും സെക്കന്‍ഡുകള്‍ പ്രാര്‍ഥിച്ചു. മേരിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. അതവര്‍ പ്രാവര്‍ത്തികമാക്കി. നാലു റൗണ്ടുകളിലും മേരി തന്നെയായിരുന്നു മുന്നില്‍.
മേരിയുടെ വിജയംകാണാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് വിജയ്കുമാര്‍ മല്‍ഹോത്ര അടക്കമുള്ള ഇന്ത്യന്‍സംഘം എത്തിയിരുന്നു.
മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയിലെ പിന്നാക്ക ഗ്രാമമായ കാങ്ങതെയിലാണ് മേരി ജനിച്ചത്. രണ്ട് അനിയത്തിമാരും ഒരു അനിയനുമടക്കം ആറുപേരടങ്ങിയ കുടുംബത്തിന്റെ ജീവിതം കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. അച്ഛനമ്മമാര്‍ക്ക് മക്കളെ പഠിപ്പിക്കാനുള്ള പണമില്ലായിരുന്നു. പത്താം വയസ്സില്‍ മേരി ഒരു വിറകുവെട്ടുകാരിയായി. കാട്ടില്‍ പോയി വിറകുവെട്ടി കെട്ടാക്കി ടൗണില്‍ കൊണ്ടുപോയി വില്‍ക്കും.
ഡിങ്കോസിങ് എന്ന ബോക്‌സറാണ് മേരിയുടെ വഴികള്‍ തിരിച്ചുവിട്ടത്. അനാഥാലയത്തില്‍ വളര്‍ന്ന ഡിങ്കോ 1998-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതോടെ ദേശീയ ഹീറോ ആയി. ഡിങ്കോയെ മാതൃകയാക്കി മേരി ബോക്‌സിങ്ങിലേക്കു വന്നു. പിന്നീടു മണിപ്പുര്‍ കണ്ടത് മേരിയുടെ കുതിപ്പാണ്. രാജ്യത്തെ വനിതാ ബോക്‌സിങ്ങിന്റെ മുഖമായി മേരി മാറി. ഡിങ്കോയ്ക്ക് ഏഷ്യന്‍ സ്വര്‍ണത്തിനേ കഴിഞ്ഞുള്ളൂവെങ്കില്‍ മേരിയിതാ ഒളിമ്പിക് മെഡല്‍ വരെയെത്തി നില്‍ക്കുന്നു.
യുവ ബോക്‌സര്‍മാര്‍ക്കായി ഇംഫാലില്‍ മേരി കോം ഒരു അക്കാദമി നടത്തുന്നുണ്ട്. മുപ്പതോളം പേര്‍ അവിടെ പരിശീലിക്കുന്നു. 2005-ലായിരുന്നു മേരിയുടെ വിവാഹം. ഭര്‍ത്താവ് ഓങ്കോലാറാണ് അക്കാദമിയുടെ കാര്യങ്ങള്‍ നോക്കുന്നത്.
|
|
Other stories in this section:
|
|