a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   സ്റ്റാര്‍ ചെയ്‌സ്‌
ജമൈക്കയ്ക്ക് ജൂബിലി സമ്മാനം
Posted on: 06 Aug 2012


ഷെല്ലി ആന്‍ ഫ്രേസര്‍ അതിവേഗപ്പട്ടം നിലനിര്‍ത്തി

ലണ്ടന്‍: ബ്രിട്ടീഷ് കോളനിവാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളിലാണ് ജമൈക്ക. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുനാള്‍ ശേഷിക്കെ, ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഷെല്ലി ആന്‍ ഫ്രേസര്‍-പ്രൈസ് അതിന് തുടക്കമിട്ടു. 30-ാമത് ഒളിമ്പിക്‌സിലെ അതിവേഗക്കാരിയായി ഷെല്ലി ആന്‍ ഫ്രേസര്‍ മാറി. അതും ബെയ്ജിങ്ങിലെ നൂറുമീറ്റര്‍ കിരീടം നിലനിര്‍ത്തിക്കൊണ്ട്.

സ്വര്‍ണംനേടിയതിന്റെ അവിശ്വസനീയത മാറുംമുമ്പേ, ഷെല്ലി പറഞ്ഞതും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചായിരുന്നു. 'അമ്പതാം പിറന്നാളിന് ആശംസകള്‍'. 1962 ആഗസ്ത് ആറിനാണ് ബ്രിട്ടനില്‍നിന്ന് ജമൈക്ക സ്വാതന്ത്ര്യം നേടിയത്.

ലോകചാമ്പ്യനും ഹീറ്റ്‌സിലും സെമിയിലും മികച്ച സമയക്കാരിയുമായ അമേരിക്കയുടെ കര്‍മലീറ്റ ജെറ്ററിനാണ് ഫൈനലില്‍ എല്ലാ സാധ്യതകളും കല്പിക്കപ്പെട്ടിരുന്നത്. സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍നിന്ന് കുതിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ലീഡും കര്‍മലീറ്റ പുലര്‍ത്തി. എന്നാല്‍, അവസാന 20 മീറ്ററില്‍ ഷെല്ലി രാജ്യത്തിനുവേണ്ടി കുതിച്ചു. 10.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. വെറും 0.03 സെക്കന്‍ഡ് മാത്രം പിന്നില്‍ കര്‍മലീറ്റ ജെറ്ററും പാഞ്ഞെത്തി. അതേ വ്യത്യാസത്തില്‍ ജെറ്ററിനുപിന്നില്‍ മറ്റൊരു ജമൈക്കക്കാരി വെറോണിക്ക കാംബല്‍ വെങ്കലത്തിനും അവകാശിയായി.

1992, 1996 ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തിയ അമേരിക്കന്‍ താരം ഗെയ്ല്‍ ഡെവേഴ്‌സിനുശേഷം ആദ്യമായാണ് ഒരു വനിത സ്പ്രിന്‍റ് കിരീടം നിലനിര്‍ത്തുന്നത്. സ്പ്രിന്‍റിനങ്ങളില്‍ ബെയ്ജിങ്ങില്‍ ജമൈക്ക കാഴ്ചവെച്ച വിസ്മയപ്രകടനം ഇക്കുറിയും തുടരുമെന്നതിന്റെ സൂചനയായിരുന്നു ഷെല്ലിയുടെ കുതിപ്പ്.

കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയയിലെ ദെയ്ഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍, ഷെല്ലി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തന്നെ പിന്തള്ളി സ്വര്‍ണം നേടിയ കര്‍മലീറ്റയോട് കണക്കുതീര്‍ക്കാനും ജമൈക്കന്‍ താരത്തിനായി. ലോകചാമ്പ്യന്‍ഷിപ്പില്‍ വെറോണിക്കയാണ് രണ്ടാമതെത്തിയത്. മൂന്നാംസ്ഥാനത്തെത്തിയ ട്രിനിഡാഡിന്റെ കെല്ലി ആന്‍ ബാപ്റ്റിസ്റ്റ് ഇവിടെ ആറാം സ്ഥാനത്തായി.

ഷെല്ലി, രണ്ടാംസ്വര്‍ണമാണ് സ്വന്തമാക്കിയതെങ്കില്‍, വെറോണിക്ക 100 മീറ്ററില്‍ രണ്ടാം വെങ്കലമെഡലാണ് കഴുത്തിലണിയുന്നത്. 2004-ല്‍ വെങ്കലമെഡല്‍ നേടിയ അവര്‍ ഇക്കുറിയും നേട്ടമാവര്‍ത്തിച്ചപ്പോള്‍, എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 100 മീറ്ററില്‍ വെങ്കലം തിരിച്ചെത്തുകയും ചെയ്തു. 2008-ല്‍ ഷെല്ലിക്കുപിന്നില്‍, ജമൈക്കയുടെ ഷെറോണ്‍ സിംസണും കെറോണ്‍ സ്റ്റുവര്‍ട്ടും ഒരേസമയം ഫിനിഷ് ചെയ്ത് വെള്ളിമെഡല്‍ പങ്കുവെക്കുകയായിരുന്നു.

കെറോണ്‍ സ്റ്റുവര്‍ട്ട് ഇവിടെയും മത്സരിച്ചിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. ഇതോടെ, ജമൈക്കന്‍ ആധിപത്യത്തിന് കര്‍മലീറ്റ ജെറ്ററിലൂടെ അമേരിക്ക മറുപടി പറയുമെന്ന വിലയിരുത്തല്‍ ശക്തമാവുകയും ചെയ്തു. എന്നാല്‍, ഷെല്ലിയുടെ കുതിപ്പില്‍, ജെറ്റര്‍ക്കും പിഴച്ചു, ഫിനിഷ് ചെയ്തശേഷം സ്‌കോര്‍ബോര്‍ഡിലേക്കുനോക്കിയ ഷെല്ലിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. നിലത്തുവീണുകരഞ്ഞ അവര്‍, പിന്നീട് ജമൈക്കന്‍ പതാകയുമായി വെറോണിക്കയുടെ അരികിലേക്കോടിയെത്തി. 30-ാം വയസ്സിലും തളരാത്ത പോരാളിയായ വെറോണിക്ക, 200 മീറ്ററില്‍ ഹാട്രിക് കിരീടം തേടുകയാണ് ലണ്ടനില്‍. 100 മീറ്ററിലെ വെങ്കലത്തോടെ അവര്‍ കുതിപ്പിന് തുടക്കമിടുകയും ചെയ്തു.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.