a mathrubhumi initiative
IST:

ഇംഗ്ലണ്ട് - ദ.ആഫ്രിക്ക

മത്സരം 13 : 19-6-2013

ഹോം   വാര്‍ത്തകള്‍  
അവസാന ലാപ്പും നീന്തിക്കയറി ഇതിഹാസതാരം
Posted on: 06 Aug 2012


ലണ്ടന്‍: ഒളിമ്പിക്‌സിന്റെ നീന്തല്‍ കുളങ്ങള്‍ക്ക് പറയാന്‍ ഒട്ടേറേ കഥകള്‍ നല്‍കി മൈക്കള്‍ ഫെല്‍പ്‌സ് തന്റെ അവസാന ലാപ്പും നീന്തികയറി. നാല് ഒളിമ്പിക്‌സുകളിലായി സൃഷ്ടിച്ച ചരിത്രമാണ് ഇനിയുള്ള കാലം പൂളില്‍ ഫെല്‍പ്‌സിന്റെ വിരേതിഹാസങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ളത്. 18 സ്വര്‍ണമടക്കം 22 മെഡലുകളെന്ന, ഒരു മനുഷ്യായുസ്സില്‍ നേടാനാകുന്നതിന്റെ പരമാവധി നേടിയാണ് അമേരിക്കന്‍ താരം ഒളിമ്പിക്‌സ് നീന്തല്‍ മത്സരത്തോട് വിട പറയുന്നത്.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ബെയ്ജിങ്ങിലെ അത്ഭുതനേട്ടം നിലനിര്‍ത്താനാകുമോയെന്ന ചോദ്യമാണ് ആരാധകര്‍ക്ക് മുന്നിലുണ്ടായിരുന്നത്. 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ മെഡല്‍ നേടാനാകാതെ പിന്തള്ളപ്പെട്ടതും 400-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ആശങ്കകളുയര്‍ത്തിയിരുന്നു. ഇതിനെയൊക്കെ മറികടന്ന് ഫെല്‍പ്‌സ് ശക്തമായി തിരിച്ചുവന്നു. നാല് സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം ആറ് മെഡലുകളോടെ. ഏഴ് ഇനങ്ങളിലാണ് ഫെല്‍പ്‌സ് ഇത്തവണ മത്സരിച്ചത്. ബെയ്ജിങ്ങില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണം നേടിയാണ് ആര്‍ക്കും മറികടക്കാനാകാത്ത റെക്കോഡ് സ്വന്തമാക്കിയിരുന്നത്.

ഫെല്‍പ്‌സിന്റെ മികവാണ് കഴിഞ്ഞ ഒളിമ്പിക്‌സില്‍ നേടിയതിനേക്കാള്‍ സ്വര്‍ണം നീന്തല്‍ക്കുളത്തില്‍ സ്വന്തമാക്കാന്‍ അമേരിക്കയെ സഹായിച്ചത്. 32 ഇനങ്ങളില്‍ 16 സ്വര്‍ണമാണ് ഇത്തവണ ടീമിന് ലഭിച്ചത്. കഴിഞ്ഞ തവണ നീന്തലില്‍ നിന്നുള്ള മൊത്തം മെഡല്‍ വേട്ട 23 ആയിരുന്നെങ്കില്‍ ഇത്തവണയത് 30 ആയി മാറി. ഫെല്‍പ്‌സിനു പുറമേ നാല് സ്വര്‍ണം നേടിയ മിസി ഫ്രാങ്ക്‌ളിന്‍, മൂന്ന് സ്വര്‍ണം നേടിയ അലിസണ്‍ സ്മിറ്റ്, രണ്ട് സ്വര്‍ണം നേടിയ റയാന്‍ ലോക്ടെ എന്നിവരാണ് രാജ്യത്തിനായി മെഡല്‍ കൊയ്ത്ത് നടത്തിയത്.

വിരമിക്കലിനെപ്പറ്റി ഫെല്‍പ്‌സ് ചിന്തിച്ചിട്ടില്ല. എന്നാല്‍, മൈക്കല്‍ ഫെല്‍പ്‌സ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സ്ഥാപനത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. നീന്തല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നീന്തല്‍ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപം നല്‍കിയതാണ് ഫൗണ്ടേഷന്‍. എന്തായാലും ഫെല്‍പ്‌സ് രംഗം വിടുന്നതോടെ ഒരു കാലഘട്ടം ഒളിമ്പിക്‌സില്‍ അവസാനിക്കുകയാണ് ഓളപരപ്പില്‍ മിന്നലുകള്‍ തീര്‍ക്കുന്ന ഒരു സുവര്‍ണമത്സ്യത്തിനായി ഇനി എത്ര ഒളിമ്പിക്‌സുകള്‍ കാത്തിരിക്കേണ്ടി വരും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.