a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
റിങ്ങില്‍ വിവാദത്തിന്റെ പഞ്ചുകള്‍
Posted on: 05 Aug 2012



ലണ്ടന്‍ : ബോക്‌സിങ് റിങ്ങില്‍ നിന്നുയരുന്നത് വിജയങ്ങളേക്കാള്‍ വിവാദങ്ങളുടെ ഇടിമുഴക്കമാണ്. ഇന്ത്യയുടെ വികാസ്‌കൃഷ്ണനില്‍ നിന്ന് വിജയം തട്ടിപ്പറിച്ചതിന്റെ പുകയടങ്ങുംമുന്‍പ് മറ്റൊരു വിവാദം കൂടി തല പൊക്കിയിരിക്കുകയാണ്. 64 കിലോ ലൈറ്റ്‌വെല്‍റ്റര്‍ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ ഇന്ത്യയുടെ തന്നെ മനോജ്കുമാറാണ് ഇക്കുറി പരാതിക്കാരന്‍. വിധികര്‍ത്താക്കള്‍ പോയിന്റുകള്‍ നല്‍കാതെ തന്നെ വഞ്ചിച്ചിരിക്കുകയാണെന്ന ആരോപണവുമായി മനോജ് രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍, ഇതിനെതിരെ ഔദ്യോഗികമായി പരാതി നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യന്‍ ടീം.

മത്സരം കഴിഞ്ഞ് ക്ഷുഭിതനായാണ് മനോജ്കുമാര്‍ റിങ് വിട്ടത്. വിധികര്‍ത്താക്കള്‍ എന്നോട് നീതി കാട്ടിയില്ല. ഒരേദിശയില്‍ ഇടികള്‍ ഉതിര്‍ത്തുകൊണ്ടിരുന്ന സ്‌റ്റോക്കര്‍ക്ക് അനാവശ്യമായാണ് അവര്‍ പോയിന്റുകള്‍ നല്‍കിയത്. ഇതിന് പലതിനും അയാള്‍ അര്‍ഹനായിരുന്നില്ല. ഇത് കൊടിയ വഞ്ചനതന്നെയാണ്-മനോജകുമാര്‍ പറഞ്ഞു. ആദ്യ രണ്ട് റൗണ്ടുകളില്‍ നേടിയ (7-4, 9-5) ഏഴു പോയിന്റിന്റെ ലീഡിലാണ് സ്‌റ്റോക്കര്‍ മനോജിനെ തോല്‍പിച്ചത്. അവസാന റൗണ്ടില്‍ 7-4 എന്ന സ്‌കോറില്‍ മനോജ്കുമാറിനായിരുന്നു മേല്‍ക്കൈ. 20-16 എന്ന സ്‌കോറില്‍ നാലു പോയിന്റിന്റെ വ്യത്യാസത്തിലാണ് ബൗട്ട് അവസാനിച്ചത്.

ഇത് ഒളിമ്പിക്‌സല്ല. നിറയെ തട്ടിപ്പ് അരങ്ങേറുന്ന ഒരു ജില്ലാ മത്സരത്തിന്റെ നിലവാരമേ ഇതിനുള്ളൂ-ക്ഷുഭിതനായ മനോജ്കുമാര്‍ പറഞ്ഞു.

ഔദ്യോഗികമായി പരാതിയൊന്നും നല്‍കുന്നില്ലെങ്കിലും വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ വിധിപ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ടീമിനും കടുത്ത നിരാശയാണുള്ളത്. അനാവശ്യമായാണ് മനോജിന്റെ എതിരാളിക്ക് ചില പോയിന്റുകള്‍ നല്‍കിയതെന്ന് അവരും വിലയിരുത്തുന്നു. കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച അവസാന റൗണ്ടിലേതുപോലെ തന്നെയാണ് മനോജ്കുമാര്‍ ആദ്യ രണ്ട് റൗണ്ടുകളിലും ഇടിച്ചത്. അതുകൊണ്ട് അതിലും ഇതുപോലെ തന്നെ പോയിന്റുകള്‍ ലഭിക്കേണ്ടതായിരുന്നു. അത് എന്തുകൊണ്ട് ഉണ്ടായില്ല. വളരെ മോശപ്പെട്ട വിധിയെഴുത്താണ്-ഇന്ത്യയുടെ ക്യൂബന്‍ പരിശീലകന്‍ ബ്ലാസ് ഇഗ്ലെഷ്യസ് അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം തന്നെയാണ് ദേശീയ പരിശീലകന്‍ ഗുര്‍ബക്‌സ് സിങ്ങും പ്രകടിപ്പിച്ചത്.

81 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുമിത് സംഗ്‌വാനായിരുന്നു മോശം വിധിയെഴുത്തിന് ഇരയായ മറ്റൊരു ഇന്ത്യന്‍ ബോക്‌സര്‍. ഇതിനെതിരെ ഇന്ത്യ നല്‍കിയ പരാതി അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ തള്ളിയിരുന്നു. ഇതിനുശേഷമാണ് വികാസ് കൃഷ്ണന്റെ സംഭവമുണ്ടായത്. ആദ്യം വികാസിനെ വിജയിയായി പ്രഖ്യാപിച്ച വികാസിനെ അമേരിക്കന്‍ ബോക്‌സറുടെ പരാതി പരിഗണിച്ച് പിറ്റേ ദിവസം തോല്‍പ്പിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലും തള്ളുകയാണുണ്ടായത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.