|
തട്ടത്തില്‍ മറയാത്ത വീര്യം
Posted on: 04 Aug 2012
ചൈനക്കാരി യി ഷിവണെപ്പോലെ ഇവര്‍ വിസ്മയങ്ങളായില്ല. മിസ്സി ഫ്രാങ്കഌനെയോ റൂത്ത മില്യൂട്ടിറ്റിനെയോപോലെ മെഡല്‍ വാരി കൈയടി നേടിയുമില്ല. എന്നിട്ടും ലണ്ടനിന്റെ സെന്‍സേഷനായി തലയെടുപ്പോടെ മടങ്ങുകയാണ് ചില വനിതാ അത്‌ലറ്റുകള്‍. ഒരു വെറും മെഡലിനേക്കാള്‍ ആയിരം മടങ്ങ് മറ്റേറിയതാണ് നാട്ടിലെ യാഥാസ്ഥിതകരുടെ എതിര്‍പ്പിനെയും സംഘര്‍ഷങ്ങളെയും മറികടന്ന് ലണ്ടനിലെത്തി ഇവര്‍ നടത്തിയ ധീരോദാത്തമായ പ്രകടനത്തിന്. സൗദിയുടെ ജൂഡോ താരം വാജ്ദാന്‍ ഷഹെര്‍കനിയും സാര അട്ടറും അഫ്ഗാനിസ്താന്റെ തഹമിന കൊസ്താനിയും ഖത്തറിന്റെ നൂര്‍ ഹുസൈന്‍ അല്‍-മാല്‍കിയും ഒമാന്റെ സല അല്‍-ഹബ്‌സിയും യെമന്റെ ഫാത്തിമ സുലൈമാന്‍ ദഹ്മനും സൊമാലിയയുടെ സംസം മുഹമ്മദ് ഫറയുമെല്ലാം അവിശ്വസനീയമായ എതിര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വഴികള്‍ താണ്ടിയാണ് ലണ്ടനിലെത്തിയത്. ഒരു മെഡല്‍ മാത്രമല്ല, യാഥാസ്ഥിതിക നിയമങ്ങളുടെ മറയത്ത് നിന്ന് പുറത്തേയ്ക്ക് വരാന്‍ സ്വന്തം നാട്ടിലെ ആയിരക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കരുത്തു പകരുകകൂടിയാണ് ഇവര്‍ ചെയ്തത്.
ഇവരില്‍ പലര്‍ക്കും യഥാര്‍ഥ മത്സരം ലണ്ടന് മുന്‍പേ തുടങ്ങിയിരുന്നു. സൗദിയുടെ വോജ്ദാനും അഫ്ഗാന്റെ തഹമിനയ്ക്കുമെല്ലാം വര്‍ഷങ്ങളോളം രാഷ്ട്രീയ, മതനേതൃത്വങ്ങളോട് പൊരുതേണ്ടിത്തന്നെ വന്നിട്ടുണ്ട്. സൗദിയുടെ ആദ്യ ഒളിമ്പ്യനാവുകയെന്ന വോജ്ദാന്റെ ശ്രമങ്ങളെ അവസാനനിമിഷം വരെ യാഥാസ്ഥിതിക മത നേതൃത്വം എതിര്‍ത്തിരുന്നു. ജൂഡോയില്‍ പങ്കെടുക്കുമ്പോള്‍ വോജ്ദാന്‍ ധരിക്കുന്ന തട്ടത്തിന്റെ പേരു പറഞ്ഞായിരുന്നു പിന്നെ എതിര്‍പ്പ്. എന്നിട്ടും ദൃഢനിശ്ചയം ഒന്നു കൊണ്ട് മാത്രം വൊജ്ദാന്‍ ഒളിമ്പിക്‌സിനെത്തി, സ്ത്രീകള്‍ക്ക് തനിച്ച് പുറത്തിറങ്ങാനോ ഡ്രൈവ് ചെയ്യാനോ ഒന്നും അനുവാദമില്ലാത്ത സൗദി അറേബ്യയുടെ പ്രതിനിധിയായി. ഒളിമ്പിക്‌സിലെ അഭിസാരികയെന്ന വിശേഷണം വരെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട് പതിനാറുകാരിയായ ഈ താരത്തിന്. ഇവര്‍ സൗദിയുടെ പ്രതിനിധിയല്ലെന്നുവരെ അവര്‍ വാദിച്ചു. ഒളിമ്പിക്‌സിന്റെ പേരില്‍ കുടുംബത്തിനും വലിയ എതിര്‍പ്പുകളെയാണ് നേരിടേണ്ടിവന്നത്. തലയില്‍ ഹിജാബ് ധരിക്കുന്നതായിരുന്നു പിന്നെയുള്ള പ്രശ്‌നം. ഇതിനോട് ജൂഡോ ഫെഡറേഷന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ഏറെ നാളെടുത്ത് ഇവരുടെ പച്ചക്കൊടി കിട്ടാന്‍. ജൂഡോയില്‍ ഇവരുടെ പോരാട്ടം വെറും ഒരു മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും കാണികളുടെ കൈയടി വേണ്ടുവോളം കിട്ടി ഈ പതിനാറുകാരി പോരാളിക്ക്.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയ അഫ്ഗാന്‍ സ്പ്രിന്റര്‍ തഹമിനയ്ക്ക് പുരുഷന്മാരില്‍ നിന്ന് വലിയ അപമാനമാണ് സഹിക്കേണ്ടിവന്നത്. സ്ത്രീകളെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഭീഷണികളിലൊന്നും വഹമിന എന്ന 23 കാരി തളര്‍ന്നില്ല. ലണ്ടനില്‍ വന്ന് മാറ്റുരച്ച് ലോകത്തിന്റെ മുഴുവന്‍ കൈയടിയും നേടി. ചുവപ്പും കറുപ്പും പച്ചയും അടങ്ങുന്ന അഫ്ഗാന്‍ പതാകയുടെ മാതൃകയിലുള്ള ഹിജാബും നീളന്‍ കൈയുള്ള ജെഴ്‌സിയും ജോഗ്ഗിങ് ബോട്ടവുമെല്ലാം ധരിച്ചിറങ്ങിയ കൊഹിസ്താനി ആരാധകര്‍ക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ഗ്യാലറിയുടെ ആര്‍പ്പുവിളികളും പ്രോത്സാഹനവും ഒരത്ഭുതമായിരുന്നു, നാട്ടിലെ പരിശീലനവേളയില്‍ കൂവിവിളകള്‍ കേട്ടു ശീലിച്ച ഈ അഫ്ഗാന്‍ പെണ്‍കൊടിക്ക്. ഒരു അഫ്ഗാന്‍ പെണ്‍കുട്ടി ആയതിനാല്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന തിക്താനുഭങ്ങള്‍ കുറച്ചൊന്നുമല്ലെന്ന് കൊഹിസ്താനി പറയുന്നു. 14,42 സെക്കന്‍ഡിലാണ് കൊഹിസ്താനി ഫിനിഷ് ചെയ്തത്. അടുത്ത ഒളിമ്പിക്‌സ് ആകുമ്പൊഴേയ്ക്കും അഫ്ഗാനിസ്താനില്‍ നിന്ന് കൂടുതല്‍ വനിതാതാരങ്ങള്‍ ഉണ്ടാവണം എന്നതാണ് തന്റെ ആഗ്രമെന്ന് കൊഹിസ്താനി പറയുന്നു.
അഭിമാനത്തോടെയാണ് ട്രാക്കിലിറങ്ങിയതെങ്കിലും അത്ര സുഖകരമായിരുന്നില്ല ഖത്തറിന്റെ ആദ്യ വനിതാ ഒളിമ്പിയനായ അല്‍-മാല്‍കിയുടെ അനുഭവം. നിത്യവും മണിക്കൂറുകള്‍ തന്നെ പരിശീലനത്തിനായി ചിലവിട്ട അല്‍-മാല്‍കിക്ക് സെക്കന്‍ഡുകള്‍ മാത്രമാണ് ട്രാക്കില്‍ നില്‍ക്കാനായത്. മറൂണ്‍ നിറത്തിലുള്ള ഹിജാബും നീളന്‍ കൈയുള്ള ജെഴ്‌സിയും ബോട്ടവുമെല്ലാം ധരിച്ച അല്‍-മാല്‍കി മറ്റുള്ളവരില്‍ നിന്ന് വേറിട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയെങ്കിലും 15 മീറ്റര്‍ പിന്നിടുമ്പൊഴേക്കും പിന്‍വാങ്ങേണ്ടിവന്നു. എങ്കിലും വരുംകാലങ്ങളില്‍ തന്റെ ശ്രമം നാട്ടില്‍ വലിയ ഫലങ്ങളുണ്ടാക്കുമെന്നു തന്നെയാണ് ഈ സ്പ്രിന്ററുടെ വിശ്വാസം.
മാര്‍ച്ച്പാസറ്റില്‍ സോമാലിയയുടെ പതാകാവാഹകയാകാനുള്ള സൗഭാഗ്യം ലഭിച്ചെങ്കിലും ഗ്യാലറിയില്‍ ചിരി പടര്‍ത്തി മടങ്ങാനായിരുന്നു സോമാലിയയുടെ സംസമിന്റെ വിധി. 400 മീറ്ററില്‍ മത്സരം അവസാനിച്ചുവെന്ന് കരുതി ഗ്യാലറിയുടെ നല്ലൊരു പങ്കും എഴുന്നേറ്റതിനുശേഷമാണ് സംസം ഫിനിഷ് ലൈനിലേയ്ക്ക് ഓടിയടുത്തത്. എങ്കിലും വലിയ കരഘോഷത്തോടെയാണ് ഈ സോമാലിയക്കാരിനെ വലിയൊരു വിഭാഗം കാണികള്‍ ഫിനിഷിലേയ്ക്ക് ആനയിച്ചത്. ഏറ്റുമുട്ടലൊഴിഞ്ഞ ഒരു ദിനം പോലുമില്ലാത്ത, ഒന്നു പുറത്തിറങ്ങി പരിശീലനം നടത്താന്‍ പോലും കഴിയാത്ത രാജ്യത്ത് നിന്നാണ് സംസം ഒളിമ്പിക്‌സില്‍ ഓടാനെത്തിയതെന്ന കാര്യം അവരെങ്കിലും ഓര്‍ത്തിരിക്കണം. സ്വന്തം ജീവന്‍ തന്നെ പണയം വച്ചാണ് സംസം ഓടി പരിശീലിച്ചതും ലണ്ടനില്‍ മത്സരിക്കാനെത്തിയതും.
ഒളിമ്പിക്‌സിന്റെ അന്തസ്സത്ത യാഥാര്‍ഥ്യമാകുന്നത് ഫെല്‍പ്‌സിന്റെയോ ഷിവെണിന്റെയോ നേട്ടങ്ങളിലൂടെയല്ല ഇത്തരം ചില ത്യാഗങ്ങളില്‍ കൂടിയാണെന്ന് ഈ വനിതകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
|
|
Other stories in this section:
|
|