a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ബേബീസ് ഡെയ്‌സ് ഇന്‍ ലണ്ടന്‍
ആസ്ത്മാ രോഗിയുടെ ഒളിമ്പിക് വീരഗാഥ
Posted on: 04 Aug 2012


ഒരാള്‍, കടുത്ത ആസ്ത്മാ ബാധിച്ച് ശ്വാസം കിട്ടാതെ പിടഞ്ഞൊരു ചെറുപ്പക്കാരന്‍. ബാഡ്മിന്റണിനെ അത്രയേറെ സ്‌നേഹിക്കുകയും ഒരുനാള്‍ വലിയൊരു കളിക്കാരനാകുമെന്നു സ്വപ്നം കാണുകയും ചെയ്തകാലത്ത് വിധി ആക്രമിച്ചത് ശ്വാസകോശത്തെ. ഇനി കളിച്ചാല്‍ ജീവന്‍തന്നെ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. രോഗത്തെ മരുന്നുകളിലൂടെ അതിജീവിച്ച് ആ കളിക്കാരന്‍ പരിശീലനം മുടക്കിയില്ല. അവന്‍ ഇന്ത്യക്കാരന്‍ പാറുപ്പള്ളി കശ്യപ് എന്ന പി. കശ്യപ്.

***

മറ്റൊരാള്‍, ബാസ്‌കറ്റ്‌ബോളിനെ പ്രണയിച്ചുനടന്ന കുട്ടി. ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ മകന്‍ വെയിലേറ്റ് വാടുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ബാഡ്മിന്റണിലേക്ക് മാറി. കരിയര്‍ കുതിച്ചുയര്‍ന്നു. അതിനിടയിലാണ് ജീവന്‍തന്നെ അപകടത്തിലായ ഒരു കാറപകടം. പിന്നില്‍ നിന്ന് കുതിച്ചുവന്ന ഒരു വാഹനം ടയറുകള്‍ പൊട്ടി നിയന്ത്രണം വിട്ട് അദ്ദേഹത്തിന്റെ കാറിന്റെ പിന്നിലിടിച്ചു. ചോരയില്‍ കുളിച്ച് അവന്‍ നടുറോഡില്‍ കിടന്നു. തലയ്ക്കായിരുന്നു പരിക്ക്. എങ്ങനെയോ രക്ഷപ്പെട്ടു. അവിടെ നിന്ന് കരകയറി വന്നത് ലോക ഒന്നാം നമ്പര്‍ താരമെന്ന പദവിയിലേക്ക്. അവന്‍ മലേഷ്യക്കാരന്‍ ലീ ചോങ് വെയ്.

***

ഈ രണ്ടുപേരുമാണ് കണ്മുന്നില്‍. രംഗം വെംബ്ലിയിലെ ബാഡ്മിന്റണ്‍ അരീന. മത്സരം പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍. തൊട്ടുമുമ്പാണ് സൈന നെവാള്‍ ഡാനിഷ് എതിരാളി ടിനെ ബോണിനെ നിഷ്‌നപ്രഭയാക്കി സെമിഫൈനലിലേക്ക് കുതിച്ചത്. സൈനയ്ക്കുവേണ്ടി ആരവങ്ങള്‍ മുഴക്കാന്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ടായിരുന്നെങ്കില്‍ കശ്യപിന്റെ കാര്യത്തില്‍ അത്രയും കണ്ടില്ല. അതങ്ങനെയാണ്. വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ക്കു ചുറ്റിലും ആളുകള്‍ തിരക്കുകൂട്ടും.
കശ്യപ് ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരോദയമാണ്. ഒരു പ്രതീക്ഷയുമില്ലാതെ വന്ന് അത്ഭുതങ്ങള്‍ കാണിച്ച താരം. ഒളിമ്പിക്‌സ് പുരുഷവിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍താരമെന്ന ബഹുമതിയുമായാണ് കശ്യപ് രണ്ടാം നമ്പര്‍ കോര്‍ട്ടില്‍ തന്റെ റാക്കറ്റുമായെത്തിയത്. ഒളിമ്പിക് വേദിയില്‍ മൂന്നു മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുക നിസ്സാരമല്ല. കശ്യപില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യറൗണ്ടില്‍തന്നെ ഒരു കളി കഴിഞ്ഞ് ഹൈദരാബാദിലക്ക് മടങ്ങുമെന്ന് നിശ്ചയിച്ചു.
കശ്യപ് കളി തുടങ്ങുന്നത് പ്രാര്‍ഥനയോടെ കണ്ടിരുന്നു. ഹൃദയമിടിപ്പുകള്‍ മുഴുവന്‍ ആ ചെറുപ്പക്കാരന് വേണ്ടിയായിരുന്നു. അതാ കശ്യപ് വിസ്മയം തുടങ്ങിക്കഴിഞ്ഞു. എതിരാളിയെ പിന്നിലാക്കി മുന്നേറുന്നു. ആവേശമായി. മലേഷ്യക്കാരന്‍ നിസ്സാരനാണോ, അല്ലേയല്ല. തുടര്‍ച്ചയായ 199 ആഴ്ച ലോക ഒന്നാം നമ്പര്‍ പദവിയില്‍ ഇരുന്നയാളാണ്, ഇപ്പോള്‍ രണ്ടാം നമ്പര്‍. ബെയ്ജിങ്ങിലെ വെള്ളിമെഡല്‍ ജേതാവ്. നമ്മുടെ താരമാകട്ടെ 21-ാം നമ്പറും. തന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹം കളിച്ചത്. ഇടവേളയില്‍ 11-8ന് മുന്നിലായിരുന്നു. ഡൈവ് ചെയ്യുകയും സ്മാഷ് ചെയ്യുകയും തന്റെ നേരെ വന്ന ഷട്ടിലുകളെല്ലാം തിരിച്ചുപറഞ്ഞയയ്ക്കുകയും ചെയ്ത കശ്യപ് ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
ഇടവേളയ്ക്കുശേഷം കളിമാറി. ഒപ്പത്തിനൊപ്പം പിടിച്ച ലീ സ്‌കോര്‍ 15-15 ആക്കി. പിന്നീട് കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. ഒരിക്കല്‍ 19-18ന് ഇന്ത്യന്‍താരം മുന്നിലെത്തുകയും ചെയ്തു. പക്ഷേ, ലീയുടെ പരിചയസമ്പത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആദ്യമായി ഒളിമ്പിക് വേദിയിലെത്തിയ കശ്യപിന് കഴിഞ്ഞില്ല. രണ്ടു പോയന്റ് വ്യത്യാസത്തില്‍ ഗെയിം കൈവിട്ടു. അടുത്ത ഗെയിമായപ്പോഴേക്കും കശ്യപ് തളര്‍ന്നിരുന്നു. മത്സരം സ്വന്തമാക്കി ലീ സെമിയിലേക്ക്.
ഇത് ഒരു തോല്‍വിയല്ല. താരോദയമാണ്. കളികഴിഞ്ഞ് കശ്യപ് മടങ്ങിവന്നപ്പോള്‍ ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ആവേശത്തോടെ പറഞ്ഞു- കശ്യപ്, നാലു വര്‍ഷത്തിനുശേഷം താങ്കളെ ബ്രസീലിലെ മെഡല്‍ സെറിമണിക്ക് കാണും. കശ്യപ് പതിഞ്ഞ ഒരു ചിരി സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു- ഇതെന്റെ ആദ്യ ഒളിമ്പിക്‌സല്ലേ, ഇതുവരെയെത്താനായതില്‍ ഞാന്‍ സംതൃപ്തനാണ്.
ഇന്ത്യയുടെ കായികമന്ത്രി അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചതാണ് മനസ്സില്‍ തട്ടിയത്-തന്റേതായ ഒരു ദിവസം കശ്യപ് ലോകചാമ്പ്യനാകും.
ലീയേയും നമുക്ക് മറക്കാനാവില്ല, മരണത്തില്‍ നിന്ന് തിരിച്ചുവന്നവനാണ്. ഒളിമ്പിക്‌സിന് ഒരുമാസം മുമ്പും ലീയെ വിധി പരീക്ഷിച്ചു. കാല്‍ക്കുഴയ്ക്ക് ഗുരുതരമായ പരിക്ക്. തോമസ് കപ്പില്‍ നിന്ന് കണ്ണീരോടെ പിന്മാറ്റം. ലണ്ടന്‍ നഷ്ടമാകുമെന്ന് വാര്‍ത്തകള്‍ . പക്ഷേ, ലീ തളര്‍ന്നില്ല. വെംബ്ലി അറീനയില്‍ ലീ തിളങ്ങി നില്‍ക്കുന്നു. കശ്യപ് പോയതോടെ ആര്‍ക്കുവേണ്ടി ഇനി പ്രാര്‍ഥിക്കണം? മലേഷ്യക്കാരനാണെങ്കിലും ലീയും നമ്മുടെ താരം തന്നെ.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.