a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   അഭിമുഖം
ടിന്റു ഒരിക്കല്‍ മെഡല്‍ നേടും
Posted on: 03 Aug 2012


ഇന്ത്യയുടെ ഒളിമ്പിക്‌സ് സാധ്യതകളെക്കുറിച്ച് പി.ടി. ഉഷ സംസാരിക്കുന്നു


* ഇതിഹാസതാരം മില്‍ഖാ സിങ്ങും ഉഷയുമാണ് ഒളിമ്പിക്‌സില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച അത്‌ലറ്റുകള്‍. 1984-ലെ ലോസ് ആഞ്ജലീസിലെ അനുഭവത്തെക്കുറിച്ച്

തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു ഗംഭീര പ്രകടനം തന്നെയാണ്. കാരണം 400 മീറ്ററിലേക്കും 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്കും ഞാന്‍ മാറിയിട്ട് അധികകാലമായിരുന്നില്ല. 1982-ലെ ഏഷ്യന്‍ ഗെയിംസിനുശേഷമായിരുന്നു ഇത്. അന്താരാഷ്ട്ര മത്സരപരിചയമില്ലാതെയാണ് ഒളിമ്പിക്‌സിനിറങ്ങിയത്. അതുണ്ടായിരുന്നെങ്കില്‍ ലോസ് ആഞ്ജലീസില്‍നിന്ന് ഞാന്‍ വെറുംകൈയോടെ മടങ്ങുമായിരുന്നില്ല.

* ഇതിഹാസതുല്യമായ കരിയറിലെ ഏറ്റവും തിളക്കമുള്ള ഓര്‍മകള്‍ ഏതൊക്കെയാണ്?

നിരവധി ഓര്‍മകളുണ്ട്. 1985-ലെ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലെ പ്രകടനമാണ് ഏറ്റവും പ്രിയപ്പെട്ടത്. അന്ന് പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞാന്‍ സ്വര്‍ണം നേടി. 1986 ഏഷ്യന്‍ ഗെയിംസിലെ പ്രകടനവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. 1984-ലെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാകാത്തതുമാത്രമാണ് എന്റെ ഏക ദുഃഖം. അതെന്റെ കൈയെത്തും ദൂരത്തായിരുന്നു.

* 1988-ലെ സോള്‍ ഒളിമ്പിക്‌സില്‍ താങ്കള്‍ തിളക്കമുള്ള പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് 1984-'86 കാലത്തെ മിന്നുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍. എവിടെയാണ് കുഴപ്പം പറ്റിയത്.

പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും ഒരു അത്‌ലറ്റ് നല്ല പ്രകടനം നടത്തുമ്പോള്‍ പ്രതീക്ഷ ഉയരുന്നത് സ്വാഭാവികമാണ്. പരിക്കുകളാണ് പ്രശ്‌നമായത്. 1986-നുശേഷം നിര്‍ണായകമായ സന്ദര്‍ഭങ്ങളിലൊക്കെ എനിക്ക് പരിക്കുകളുണ്ടായി. സോള്‍ ഒളിമ്പിക്‌സിന്റെ സമയത്ത് എനിക്ക് ഫോമിന്റെ ഉന്നതിയില്‍ എത്താനായില്ല.

* കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടിന്റുവിനെ പരിശീലിപ്പിക്കുന്നു. ആ പ്രതിഭ എങ്ങനെ.

കാര്യങ്ങളില്‍ പുരോഗതിയുണ്ട്. ഒളിമ്പിക്‌സിന് മുന്നോടിയായി കുറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ടിന്റുവിനെ പങ്കെടുപ്പിക്കാനായി. കുറെ മത്സരങ്ങളില്‍ക്കൂടി പങ്കെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ നല്ലതായിരുന്നു. എങ്കിലും നല്ല തയ്യാറെടുപ്പാണ് ഞങ്ങള്‍ നടത്തിയത്. ടിന്റു നമ്മുടെ അഭിമാനമുയര്‍ത്തുമെന്നുതന്നെയാണ് വിശ്വാസം.

* ടിന്റു മികച്ച 400 മീറ്റര്‍ ഓട്ടക്കാരിയായിരുന്നു. എന്തുകൊണ്ടാണ് 800 മീറ്ററിലേക്ക് മാറ്റിയത്.

ടിന്റു നന്നായി 400 മീറ്റര്‍ ഓടിയിരുന്നെങ്കിലും ആയിനത്തില്‍ ലോകനിലവാരത്തിലെത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. 4ന്ദ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടുകയല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം.ടിന്റുവിന്റെ മികവ് കണ്ടെത്തുകയായിരുന്നു. ഇന്ത്യക്ക് ഒരിക്കല്‍ ഒളിമ്പിക്‌മെഡല്‍ സമ്മാനിക്കാന്‍ ടിന്റുവിനാകുമെന്നുതന്നെയാണ് എന്റെ വിശ്വാസം.


* ഇക്കുറി 14 ഇന്ത്യന്‍ അത്‌ലറ്റുകള്‍ ലണ്ടനില്‍ മത്സരിക്കുന്നുണ്ട്. ആര്‍ക്കൊക്കെ മെഡല്‍ പ്രതീക്ഷയുണ്ട്

ലണ്ടനില്‍ അത്‌ലറ്റിക്താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യത കുറവാണ്. ഒന്നോ രണ്ടോ പേര്‍ ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ട്. ദേശീയ റെക്കോഡും പിറന്നേക്കാം. ഇതുതന്നെ മികച്ച നേട്ടമാണ്. ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും കൃഷ്ണണ പൂണിയയും ഫൈനലില്‍ കടക്കും. ടിന്റുവും സുധാ സിങ്ങും ദേശീയ റെക്കോഡിടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

* ഇന്ത്യ കണ്ട ചില മികച്ച അത്‌ലറ്റുകള്‍ക്ക് കേരളം ജന്മം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതുപോലെ വിജയിക്കാനാകാത്തത് എന്തുകൊണ്ടാണ്.

കേരളത്തില്‍ സ്‌പോര്‍ട്‌സിനെ വളരെ ഗൗരവകരമായിട്ടാണ് എടുത്തിട്ടുള്ളത്. അച്ചടക്കത്തോടെയുള്ള സമീപനവും അവര്‍ സ്വീകരിക്കുന്നു. സ്‌കൂള്‍ തലത്തിലും സര്‍വകലാശാലാ തലത്തിലും ദേശീയതലത്തിലുമൊക്കെ അവര്‍ വിജയം കൊയ്യുന്നു. അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ വെക്കാന്‍ അത്‌ലറ്റുകളെ സഹായിക്കുന്നു.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.