|
സാനിയ കുടുംബസമേതം
Posted on: 03 Aug 2012
'എന്റെ രാജ്യത്തിനുവേണ്ടി ആരോടൊപ്പം മത്സരിക്കാനും ഞാന്‍ എപ്പോഴും തയ്യാറാണ്'- സാനിയ മിര്‍സ പ്രഖ്യാപിച്ചത് ഒളിമ്പിക്‌സ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പാണ്.
വിംബിള്‍ഡണിലെ ടെന്നീസ് വേദിയില്‍ 11-ാം നമ്പര്‍ കോര്‍ട്ടില്‍ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് ജോഡിയുമായി മത്സരിക്കുകയാണ്. ആദ്യസെറ്റില്‍ നിസ്സാരമായി ഇന്ത്യക്കാര്‍ കീഴടങ്ങിക്കഴിഞ്ഞു.
ഏതാണ്ട് മുപ്പതു മീറ്ററുകള്‍ക്കരികെ പരിശീലന കോര്‍ട്ടാണ്. അവിടെ സാനിയ മിര്‍സ സഹതാരങ്ങളായ സോംദേവ് ദേവ് വര്‍മനും രുഷ്മി ചക്രവര്‍ത്തിക്കുമൊപ്പം പരിശീലനത്തിലാണ്. ഇടയ്ക്ക് സാനിയ തൊട്ടപ്പുറത്തെ കോര്‍ട്ടിലെ സ്‌കോര്‍ബോര്‍ഡിലേക്ക് ആകാംക്ഷയോടെ നോക്കുന്നു, ആവേശം കൊള്ളുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു.
സാനിയ പാകിസ്താന്റെ പുത്രവധുവാണ്. പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷോയബ് മാലിക്കിന്റെ ഭാര്യ. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിനായി ആര്‍ക്കൊപ്പവും മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ താരമാണ് സാനിയ. മെഡല്‍ ലക്ഷ്യമിട്ട് കഠിനമായ പരിശീലനത്തിലാണ്. അവരുടെ കുറച്ച് ഫോട്ടോകള്‍ എടുത്തശേഷം അരികിലെത്തി, കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനാണന്ന് പരിചയപ്പെടുത്തി. ഒപ്പം നിന്നൊരു ഫോട്ടോയുമെടുത്തു. ലണ്ടനില്‍ ഒരു താരത്തിനൊപ്പം ആദ്യമായി ക്യാമറയ്ക്ക് പോസു ചെയ്ത നിമിഷം. മറ്റുള്ളവരും ഒപ്പം കൂടി. എല്ലാവരുമൊത്ത് സാനിയ ഫോട്ടോക്ക് പോസ് ചെയ്തു. സാനിയയെ കാത്തുനിന്ന അമ്മ ആ രംഗങ്ങള്‍ക്കണ്ട് പറഞ്ഞു- 'ഇറ്റ്‌സ് എ പാര്‍ട്ട് ഓഫ് ദ ഗെയിം'.
ഭൂപതിയും ബൊപ്പണ്ണയും തോല്‍ക്കുന്നത് കണ്‍മുന്നില്‍ കണ്ടു. അപ്പോള്‍ ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ പറഞ്ഞു- 'ഈ തോല്‍വി ഒരു കാവ്യനീതി മാത്രം'. സത്യമല്ലേ, മഹേഷ് ഭൂപതിയാണ് എല്ലാം അട്ടിമറിച്ചത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരമായ ലിയാന്‍ഡര്‍ പേസിനൊപ്പം കളിക്കാന്‍ വിസ്സമ്മതിച്ചതിലൂടെ ഭൂപതി ഇന്ത്യന്‍ ടെന്നീസ് പ്രതീക്ഷകളെയാകെ തകിടം മറിച്ചു. തോല്‍വിയോടെ ഒളിമ്പിക്‌സ് അവസാനിപ്പിച്ച് ഭൂപതി ഒരു കൂസലുമില്ലാതെ മടങ്ങുന്നതു കണ്ടു. പേസ്-ഭൂപതി സഖ്യം മത്സരിച്ചിരുന്നെങ്കില്‍ ഡബിള്‍സില്‍ ഇന്ത്യക്കൊരു മെഡല്‍ പ്രതീക്ഷിക്കുന്നതില്‍ എന്തെങ്കിലുംതെറ്റുണ്ടായിരുന്നോ.
സാനിയയ്‌ക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. അമ്മ നസീമ, സാനിയയുടെ മാനേജറാണ്. ഇളയ സഹോദരി ആനവും അമ്മയ്‌ക്കൊപ്പമുണ്ട്. നസീമ എപ്പോഴും സൗഹൃദത്തിലായിരുന്നു. കേരളത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ആനം ക്യാമറ കാണുമ്പോള്‍ ലജ്ജയോടെ നിന്നു. അച്ഛന്‍ ഇമ്രാന്‍ മിര്‍സ ആറാം വയസ്സുമുതല്‍ പരിശീലിപ്പിച്ച സാനിയ ഒളിമ്പിക് വേദിയിലെത്തിയിരിക്കുന്നു.
ക്യാമറയുടെ കണ്‍വെട്ടത്തു നില്‍ക്കുന്ന ഈ പെണ്‍കുട്ടി നിസ്സാരക്കാരിയല്ല. മുന്‍ ലോക ഒന്നാം നമ്പറായ മാര്‍ട്ടീന ഹിംഗിസിനെ തോല്പിച്ചത് ഓര്‍മയില്ലേ. ദിനാര സാഫിന, സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, മരിയന്‍ ബര്‍ത്തോളി തുടങ്ങിയ പ്രമുഖരേയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരം തോല്പിച്ചിട്ടുണ്ട്.
പരിശീലനം കഴിഞ്ഞതോടെ സാനിയയെ മാധ്യമങ്ങള്‍ പൊതിഞ്ഞു. അവരുടെ കണ്ണില്‍പ്പെടാതെ ബാഗൊരുക്കുകയായിരുന്നു സോംദേവ് ദേവ്‌വര്‍മനും രുഷ്മിയും. ഇന്ത്യന്‍ ടെന്നീസ് ചാമ്പ്യനായ സോംദേവിനോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരള പ്രസ് അക്കാദമിയുടെ ജേണലിസം ചോദ്യപ്പേപ്പറില്‍ ഒരു ചോദ്യമുണ്ടായിരുന്നു- താഴെ പ്പറയുന്നവരെക്കുറിച്ച് ഒരു പാരഗ്രാഫില്‍ വിശദീകരിക്കുക എന്ന്. അതില്‍ ആദ്യത്തെ പേര് സോംദേവ് ദേവ് വര്‍മന്റേതായിരുന്നു. എത്രാമതാണെന്ന് ഓര്‍മയില്ല, ഒരു പേര് എന്റേതും. ലോകകപ്പ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലായിരിക്കാം എന്റെ പേര് വന്നത്. സോംദേവിനോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പറഞ്ഞില്ല. സോംദേവിന് അതൊരു തമാശയായി തോന്നിയാലോ.
|
|
Other stories in this section:
|
|