a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ബേബീസ് ഡെയ്‌സ് ഇന്‍ ലണ്ടന്‍
വിംബിള്‍ഡണില്‍ ഒരു ദിവസം
Posted on: 02 Aug 2012



ചൊവ്വാഴ്ച രാവിലെ ലണ്ടനിലെ സ്വപ്നവേദിയായ വിംബിള്‍ഡണിലേക്ക് പുറപ്പെട്ടത് ഇന്ത്യന്‍ താരങ്ങളുടെ ടെന്നീസ് കാണാനാണ്. ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം കളിക്കുന്നുണ്ട്. എന്നാല്‍ സ്ഥലത്തെത്തിയപ്പോഴേക്കും മഴ തുടങ്ങി. ഇങ്ങനെയൊരു മഴ ആദ്യമായാണ് കാണുന്നത്. ആകാശത്തു നിന്ന് നൂലുകള്‍ നൂഴ്ന്നുവരുന്നു. വെള്ളനൂലുകളാല്‍ പ്രകൃതി വിംബിള്‍ഡണ്ണിനെയാകെ തുന്നുന്ന സുന്ദരകാഴ്ച. ക്യാമറയും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് മീഡിയാസെന്‍ററില്‍ വെച്ച് അല്പസമയം പുറത്തുപോയി ആ മഴ കൊണ്ടു. മഴനൂലുകള്‍ വീണത് മനസ്സിലാണ്. ഒരനുഗ്രഹം ചൊരിയപ്പെട്ടതുപോലെവിഷാദങ്ങളെല്ലാം അകന്ന് മനസ്സ് ഊര്‍ജസ്വലമായി.

മഴമൂലം ഇന്ത്യയുടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കപ്പെട്ടിരുന്നു. അപ്പോഴാണ് കൂടെയുള്ള ഉത്തരേന്ത്യക്കാരനായ മാധ്യമസുഹൃത്ത് പറഞ്ഞത്, സെന്‍റര്‍ കോര്‍ട്ടിലേക്ക് പോകാമെന്ന്. അവിടെ മഴയെ തടുക്കുന്ന മേല്‍ക്കൂരകളുണ്ട്. മത്സരങ്ങള്‍ മുടങ്ങില്ല. വിംബിള്‍ഡണ്ണിലെ സെന്‍റര്‍കോര്‍ട്ട് ഒരുസ്വപ്നഭൂമിയാണ്. ഒരു നൂറ്റാണ്ടോളമായി ഈ ഭൂമിയിലുണ്ടായിട്ടുള്ള കേമന്മാരായ ടെന്നീസ് താരങ്ങളെല്ലാം കളിച്ച പുല്‍മൈതാനം. ഇന്ത്യാക്കാരാരും അവിടെ കളിക്കുന്നില്ലെങ്കിലും പോയേക്കാം എന്നു നിശ്ചയിച്ചു. ആരുടെയൊക്കെ മത്സരങ്ങളാണ് നടക്കുന്നതെന്ന് അറിയില്ല.

കാത്തിരുന്നത് ചരിത്രനിമിഷങ്ങളാണ്. ചെന്നപ്പോള്‍ കാണുന്നത് ലോക രണ്ടാം നമ്പര്‍ താരമായ നോവാക് ദ്യോക്കോവിച്ചിനേയും വിംബിള്‍ഡണ്ണില്‍ മൂന്നു ഫൈനലുകള്‍ കളിച്ച ആന്‍ഡി റോഡിക്കിനെയും. ആവേശത്തോടെ ആ മത്സരം കണ്ടു. അതിനുശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് അടുത്ത മത്സരം മരിയ ഷറപ്പോവയുടേതാണെന്ന് അറിയുന്നത്. ഉള്ളൊന്നാന്തി. ദൈവമേ, റഷ്യന്‍ സുന്ദരി ഇതാ കണ്‍മുന്നിലെത്തുന്നു. എന്നെങ്കിലും ഇത്തരമൊരു സന്ദര്‍ഭം പ്രതീക്ഷിച്ചോ, ഇല്ലേയില്ല. മഴനൂലുകളുടെ അനുഗ്രഹം. ഷറപ്പോവ ഒരു വിസ്മയമായി കണ്‍മുന്നിലേക്ക് വന്നു. ലണ്ടനില്‍ കണ്ട ഏറ്റവും സുന്ദരാനുഭവം.

* * * * * * * * * * * * * * *

ആന്‍ഡി റോഡിക്കിനെ വിംബിള്‍ഡണ്ണിലെ സെക്യൂരിറ്റി പോയന്‍റില്‍ വെച്ചു കണ്ടുമുട്ടിയതാണ്. ദ്യോക്കോവിച്ചുമായാണ് മത്സരമെന്ന് മീഡിയാസെന്‍ററില്‍ നെറ്റ് പരതിയപ്പോഴാണ് മനസ്സിലായത്. അപ്പോഴും ആ മത്സരം കാണാമെന്നു വിചാരിച്ചതല്ല. പക്ഷേ, മഴ അവിടെയത്തിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനായിട്ടും എപ്പോഴും പരിമിതികളെക്കുറിച്ചു ചിന്തിക്കുന്നതുകൊണ്ടാവാം അനന്തസാധ്യതകളൊന്നും മനസ്സില്‍ തെളിയാത്തത്. സെന്‍റര്‍ കോര്‍ട്ടിലേക്ക് ആദ്യം കടന്നുവന്നത് റോഡിക്കാണ്, തൊട്ടുപിന്നാലെ ദ്യോക്കോവിച്ചും. ടെന്നീസിന്റെ മാസ്മരിക സൗന്ദര്യം രണ്ടു ലോകോത്തര താരങ്ങളിലൂടെ നേരിട്ടറിഞ്ഞു. ടെലിവിഷനില്‍ കാണുമ്പോള്‍ ഈ അനുഭവം കിട്ടില്ല. പന്തുകളുടെ വേഗവും താരങ്ങളുടെ ചടുലനീക്കങ്ങളും യഥാവിധി അനുഭവിച്ചു. പന്തിന്റെ മുഴക്കങ്ങളും താരങ്ങളുടെ മുരള്‍ച്ചകളും കേട്ടു.

വിംബിള്‍ഡണ്‍ അച്ചടക്കമുള്ള വേദിയാണ്. അനാവശ്യമായ ഒരു വാക്ക് പോലും അവിടെ മുഴങ്ങില്ല. വുവുസേല മാതൃകയില്‍ അസാധാരണ ശബ്ദങ്ങളില്ല, കൂവലുകളില്ല. സര്‍വ് ചെയ്യാന്‍ ആരംഭിച്ചാല്‍ സ്റ്റേഡിയം മൗനത്തിലാഴും. ഒരു ഫോണ്‍ വന്നാല്‍ എടുക്കാന്‍ പറ്റില്ല. എടുക്കുന്നതു ശരിയല്ല. ഓഫീസില്‍ നിന്നുവന്ന ഒരു ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ഉറക്കെ സംസാരിച്ച എന്നെ അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോര്‍ട്ടര്‍ ശകാരിച്ചു. ഒരു പോയന്‍റില്‍ തീരുമാനമായാല്‍ കൈയടികള്‍ മുഴങ്ങുകയായി. പക്ഷെ, ആ കൈയടിക്ക് വുവുസേലയേക്കാള്‍ ഗാംഭീര്യമുണ്ട്. ഇടയ്ക്ക് ഗാലറിയില്‍ നിന്ന് ഇറങ്ങിപ്പോകാനോ തോന്നിയതുപോലെ വന്നുകയറാനോ അനുവാദമില്ല. മത്സരത്തിന്റെ ഇടവേളകളില്‍ താരങ്ങള്‍ വിശ്രമിക്കുന്ന സമയത്തുമാത്രമാണ് ഇതിന് അനുവാദം. ലണ്ടന്‍ വിശേഷങ്ങള്‍ ചോദിക്കാനായി മാതൃഭൂമി ക്ലബ്ബ് എഫ് എമ്മില്‍ നിന്നു വിളിച്ചപ്പോള്‍ ഈ വിഷമം അനുഭവിച്ചു.

പന്തു പെറുക്കാന്‍ നില്‍ക്കുന്ന കുട്ടികള്‍ക്കും നല്ല അധ്വാനമാണ്. ഓടിയോടി അവര്‍ മടുക്കുന്നു. നെറ്റില്‍ കുടുങ്ങുകയോ പുറത്തുപോവുകയോ ചെയ്യുന്ന പന്തിന് പിന്നാലെ ക്ഷണത്തില്‍ പായണം. താരങ്ങള്‍ക്ക് ഡബിള്‍ ഫോള്‍ട്ടു വരുത്താം, അവര്‍ക്കു പാടില്ല. താരങ്ങള്‍ക്ക് ഒരു പോയന്‍േറ പോകൂ, അവര്‍ക്കു ടെന്നീസ് കോര്‍ട്ട് തന്നെ നഷ്ടമാകും. നമ്മുടെ നാട്ടിലെ എന്‍.സി.സി. കേഡറ്റുകളെ പോലെ അവര്‍ക്കും സ്‌കൂളില്‍ ഗ്രേസ്മാര്‍ക്ക് കിട്ടും. അത് അച്ചടക്കത്തിനും അനുസരണയ്ക്കും കിട്ടുന്ന വിലയാണ്. 250 കുട്ടികള്‍ ഊഴമനുസരിച്ച് വിംബിള്‍ഡണില്‍ ഈ ജോലി ചെയ്യുന്നു. ഒന്നര ആഴ്ച കൂടുമ്പോള്‍ 160 പൗണ്ട് വരെ കിട്ടും.

ദ്യോക്കോവിച്ചിന്റെ ചില മാജിക്കുകള്‍ നേരിട്ടനുഭവിച്ചു. ഗാലറികളില്‍ കരഘോഷം. ഒരു സ്വാഭാവികജയത്തിനു ശേഷം ഗാലറിയിലേക്ക് ദ്യോക്കോവിച്ച് ഒരു പന്തടിച്ചുകയറ്റി. റോഡിക് ക്ഷണത്തില്‍ മടങ്ങി. ദ്യോക്കോവിച്ച് ചാനല്‍ അഭിമുഖത്തിനായ് അല്പസമയം കൂടി ചെലവഴിച്ചു.

* * * * * * * * * * * * * * * *

ഇതാ മരിയ ഷറപ്പോവ. എന്നെങ്കിലുമൊരിക്കല്‍ കാണുമെന്നു വിചാരിച്ചതല്ല. നൂറു മീറ്റര്‍ മാത്രമകലെ അവരുണ്ട്. ബ്രിട്ടീഷ് താരം ലോറ റോബ്‌സണാണ് ഷറപ്പോവയുടെ എതിരാളി. ബ്രിട്ടീഷ് പെണ്‍കുട്ടി, സ്വാഭാവികമായും ഗാലറിയുടെ പ്രിയങ്കരി. ദ്യോക്കോവിച്ച്-റോഡിക് മത്സരത്തില്‍ കണ്ടതുപോലെയുള്ള അന്തരീക്ഷമല്ല ഇപ്പോള്‍. ലോ...റാ, ലോ...റാ...വിളികള്‍ തുടര്‍ച്ചയായി മുഴങ്ങി. ലേഡി അമ്പയര്‍ പ്ലീസ്...പ്ലീസ്...ഇനഫ് എന്ന് സൗമ്യമായി പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും ഇടയ്ക്കിടക്ക് കമോണ്‍ ലോറാ...വിളികള്‍ കേട്ടു. നാട്ടുകാരുടെ പിന്തുണയോടെ ലോറ ലോകോത്തര താരത്തെ പ്രതിരോധിച്ചുകൊണ്ടിരുന്നു. ആദ്യസെറ്റ് ടൈബ്രേക്കര്‍ വരെയെത്തിച്ചു. പക്ഷേ, ഷറപ്പോവയുടെ പരിചയസമ്പത്തിന് തലകുനിച്ചു. തിരിച്ചു മുറിയെലെത്തി ഉറങ്ങാന്‍ കിടന്നിട്ടും മരിയ ഷറപ്പോവയുടെ മുരള്‍ച്ചകള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.