a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   സ്‌പെഷ്യല്‍
മരുഭൂമിയില്‍ തുഴയെറിഞ്ഞ് ചരിത്രത്തിലേക്ക്‌
Posted on: 01 Aug 2012



ലണ്ടന്‍ : ലണ്ടനിലേയ്ക്ക് വരുന്നതിന് മൂന്ന് മാസം മുന്‍പ് ഹമദൗ ജിബൊ ഇസ്സാക്കയെന്ന നൈജറുകാരന്‍ നല്ലൊരു റോവിങ് ബോട്ട് കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. എണ്‍പതു ശതമാനവും സഹാറ മരുഭൂമി വിഴുങ്ങിയ നാട്ടിലാകട്ടെ ഒരു കടപ്പുറമില്ല, വിശാലമായ തടാകങ്ങളോ പുഴകളോ ഇല്ല. എന്നിട്ടും ഹമദൗ ലണ്ടനിലെ ഡോര്‍ണി തടാകത്തില്‍ വഞ്ചിയിറക്കി. ഒളിമ്പിക്‌സില്‍ മാറ്റുരച്ചു. സിംഗിള്‍ സ്‌കള്‍ വിഭാഗത്തിലെ ഹീറ്റ്‌സിലും റെപ്പഷാഗെയിലും ഏറ്റവും ഒടുക്കമാണ് തുഴഞ്ഞെത്തിയതെങ്കിലും എറ്റണ്‍ ഡോര്‍ണിയില്‍ കാണികളുടെ കൈയടിയത്രയും നേടിയത് ഹമദൗ തന്നെ. ഇന്ത്യയുടെ സ്വരണ്‍ സിങ് അടക്കമുള്ള മറ്റുള്ളവര്‍ ഫിനിഷ് ചെയ്ത് ഏതാണ്ട് ഒരു മിനിറ്റ് കഴിഞ്ഞു മാത്രം തുഴഞ്ഞെത്തിയ ഹമൗദയെ വന്‍ കരഘോഷത്തോടും ആര്‍പ്പുവിളികളോടുമാണ് എല്‍റ്റണ്‍ ഡോര്‍ണിയില്‍ കൂടിയ കാണികള്‍ ഫിനിഷ് ലൈനിലേയ്ക്ക് ആനയിച്ചത്. ഒരര്‍ഥത്തില്‍ സിംഗിള്‍ സ്‌കള്‍ റോവിങ്ങിന്റെ താരം തന്നെയായി മാറുകയായിരുന്നു ഈ ആഫ്രിക്കക്കാരന്‍.

തുഴഞ്ഞു തളര്‍ന്ന് ഒരുവിധമാണ് ഫിനിഷ് ലൈന്‍ കടന്നതെങ്കിലും നിമിഷനേരം കൊണ്ടുതന്നെ ഒരു സ്റ്റാറായി മാറുകയായിരുന്നു ഈ താരം. ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ചെന്നു വളയുകയായിരുന്നു ഈ അവസാനക്കാരനെ. കാരണം മറ്റൊന്നുമല്ല. നിശ്ചിയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രം സ്വന്തം രാജ്യത്തിന് ലോകത്തിന് മുന്നില്‍ ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുക്കുകയാണ് ഈ താരം ചെയ്തിരിക്കുന്നത്. ഇന്നു നൈജര്‍ എന്ന കൊച്ചു രാജ്യത്ത് തുഴച്ചിലുമായി ബന്ധമുള്ള ഏക വ്യക്തിയാണ് ഈ 35 കാരന്‍ . ഹമദൗ ഉള്ളതുകാരണം അവിടെ ഒരു റോവിങ് ഫെഡറേഷനും ഉണ്ടായി. അതിന് ഒരു പ്രസിഡണ്ടും.

തലസ്ഥാനമായ നിയാമേയില്‍ തോട്ടക്കാരനും നീന്തല്‍ക്കുളത്തിലെ സഹായിയുമെല്ലാം ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഹമദൗ. തുഴച്ചിലുകാരനാകണമെന്ന മോഹം ഉള്ളിലുദിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും ഒരു ബോട്ടില്‍ കയറുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല ഹമദൗ. ഒരു മീന്‍പിടിത്ത ബോട്ടിലായിരുന്നു പരിശീലനത്തിന്റെ തുടക്കം. നല്ലൊരു നീന്തല്‍താരമായിരുന്നു ഹമദൗവിന്റെ മോഹമറിഞ്ഞതോടെ എല്ലാ പിന്തുണയുമായി നൈജര്‍ നീന്തല്‍ ഫെഡറേഷന്‍ . റോവിങ്ങിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിക്കാന്‍ ആദ്യം ഈജിപ്തിലേക്കും പിന്നീട് വിദഗ്ദ്ധ പരിശീലനത്തിനായി ടുണീഷ്യയിലെ ഇന്റര്‍നാഷണല്‍ റോവിങ് ഡെവലപ്‌മെന്റ് സെന്‍ന്ററിലേയ്ക്കും ഹമദൗവിനെ വിടുകയായിരുന്നു അവര്‍. ഒടുവില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഒരു വൈല്‍ഡ് കാര്‍ഡും സംഘടിപ്പിച്ചുകൊടുത്തു. ആദ്യമായി ബോട്ടില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ വീണ ഹമദൗവിന് ഇതിന് മുന്‍പ് റോവിങ് ടെലിവിഷനില്‍ കണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, മൂന്നു മാസത്തെ ഈ പരിശീലനം തുഴച്ചിലിന്റെ വിദ്യകളൊക്കെ ഏറെക്കുറെ വശത്താക്കാന്‍ ഈ താരത്തിനായി. അങ്ങനെയാണ് ചങ്കൂറ്റത്തോടെത്തന്നെ വന്‍തോക്കുകള്‍ തുഴയെറിയുന്ന ഒളിമ്പിക്‌സിലേയക്ക് വന്നത്. ഹീറ്റ്‌സില്‍ 8:25.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹമദൗ റപ്പഷാഗെ റൗണ്ടില്‍ 8:39.66 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തുടക്കത്തില്‍ വേഗതയില്‍ തുഴഞ്ഞ ഹമദൗ പിന്നീട് തളര്‍ന്ന് പരവശനായി കഷ്ടിച്ചാണ് ഫിനിഷ് ചെയ്തത്.

അവസാനക്കാരനാകേണ്ടിവന്നതില്ല തെല്ലുമില്ല ഹമദൗവിന് സങ്കടം. രാജ്യത്തിന് ലോകത്തിന്റെ മുന്നില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞതിന്റെ മാത്രമല്ല, ഉദ്ഘാടനച്ചടങ്ങടക്കം ലണ്ടന്‍ ഒളിമ്പിക്‌സിനുവേണ്ടി ഒരുക്കിവച്ച വിസ്മയങ്ങളെല്ലാം കണ്ടു നടക്കാന്‍ കഴിഞ്ഞതിന്റെ കൂടെ ചാരിതാര്‍ഥ്യത്തിലാണ് ഈ നൈജറുകാരന്‍. എനിക്കിതിന്റെ വിദ്യകളൊന്നും വശമില്ല. എന്റെ കൈവശമുള്ളത് കരുത്ത് മാത്രമാണ്. തുഴച്ചിലിനേക്കാള്‍ എനിക്കിപ്പോഴും താല്‍പര്യം നീന്തലിനോടു തന്നെയാണ്-മത്സരശേഷം ഹമദൗ പറഞ്ഞു.

2000ലെ സിഡ്‌നി ഒളിമ്പിക്‌സിലെത്തി കൈയടി നേടിയ ഇക്വറ്റോറിയന്‍ ഗിനിയുടെ നീന്തല്‍താരം എല്‍ മൗസബാനിയാണ് ഇക്കാര്യത്തില്‍ ഹമദൗവിന്റെ മുന്‍ഗാമി. ഒളിമ്പിക് നീന്തല്‍ക്കുളത്തിന്റെ വലിപ്പമുള്ള ഒരു നീന്തല്‍ക്കുളം ജീവിതത്തില്‍ ആദ്യമായി കണ്ട മൗസാംബാനി 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഏറ്റവും അവസാനക്കാരനായാണ് നീന്തിയെത്തിയതെങ്കിലും വന്‍ കരഘോഷത്തോടെയായിരുന്നു അന്ന് സിഡ്‌നി വരവേറ്റത്.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.