a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഷിവണിനെച്ചൊല്ലി ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍
Posted on: 01 Aug 2012


ലണ്ടന്‍: അത്ഭുതപ്രതിഭയോ അതോ മരുന്നടിക്കാരിയോ? ലണ്ടനില്‍ നീന്തല്‍ക്കുളത്തിലെ വിസ്മയമായി മാറിയ ചൈനീസ് നീന്തല്‍താരം യി ഷിവണാണ് ഇപ്പോള്‍ ഒളിമ്പിക്‌സിലെ വിവാദ നായിക.
വനിതകളുടെ 400 മീറ്റര്‍ മെഡ്‌ലെയില്‍ കായിക ലോകത്തെ അമ്പരപ്പിച്ച പ്രകടനത്തില്‍ ലോകറെക്കോഡോടെ സ്വര്‍ണം നേടിയാണ് ഷിവണ്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. അവസാന ലാപ്പിലെ അസാമാന്യകുതിപ്പില്‍ എതിരാളികളെ അനായാസം പിന്തള്ളിയായിരുന്നു റെക്കോഡോടെയുള്ള സ്വര്‍ണവേട്ട.
ഇതേയിനത്തില്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ റയാന്‍ ലോക്ടെയെപ്പോലും വെല്ലുന്നതായിരുന്നു അവസാന 50 മീറ്ററില്‍ ഷിവണിന്റെ പ്രകടനം. 28.93 സെക്കന്‍ഡിലാണ് അവസാന 50 മീറ്റര്‍ നീന്തിക്കയറിയത്. ഇത്രയും ദൂരം നീന്താന്‍ ലോക്ടെ 29.1 സെക്കന്‍ഡെടുത്തു. ഇതോടെയാണ് ചൈനീസ് താരം സംശയത്തിന്റെ നിഴലിലായത്.
അമേരിക്കന്‍ നീന്തല്‍കോച്ച് ജോണ്‍ ലിയണാര്‍ഡാണ് ഷിവണിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മരുന്നടിക്കാതെ ഇത്തരമൊരു പ്രകടനം നടത്താനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അല്ലെങ്കില്‍ ഷിവണ്‍ സൂപ്പര്‍ വിമണായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ജനിതക വ്യതിയാനത്തലൂടെ പ്രകടനം മെച്ചപ്പെടുത്താനും ചൈനക്കാര്‍ ശ്രമിച്ചേക്കുമെന്ന ആരോപണവും ലിയണാര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈനയും എത്തിയിട്ടുണ്ട്. ലണ്ടനിലെത്തിയതിനുശേഷം നീന്തല്‍ താരങ്ങളടക്കം നൂറോളം ചൈനീസ് അത്‌ലറ്റുകള്‍ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇതിലൊന്നും ആരും കുറ്റക്കാരായി കണ്ടിട്ടില്ലെന്ന് ചൈനീസ് സ്‌പോര്‍ട്‌സ് ഭരണവിഭാഗത്തിലെ ഉത്തേജകവിരുദ്ധസമിതി തലവന്‍ ജിയാങ് ഷിക്‌സു വ്യക്തമാക്കി. ചൈനീസ് അത്‌ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ഉത്തേജകമരുന്ന് ആരോപണവുമായി വരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.