a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   സ്‌പെഷ്യല്‍
ലണ്ടനില്‍ പൂവണിഞ്ഞത് ബെയ്ജിങ്ങിന്റെ കണ്ണീര്‍
Posted on: 30 Jul 2012


ലണ്ടന്‍ : കടപ്പുറത്ത് കുട്ടികളെല്ലാം ബലൂണിനുവേണ്ടി വാശി പിടിച്ചു കരഞ്ഞപ്പോള്‍ ഒരാള്‍ മാത്രം അച്ഛനോട് ചോദിച്ചത് ബലൂണ്‍കാരന്റെ കൈയിലെ കുഞ്ഞു തോക്കിനുവേണ്ടിയാണ്. ബലൂണിനേക്കാള്‍ തോക്കുകളെ സ്‌നേഹിച്ച ആ നാലു വയസ്സുകാരന്റെ ആഗ്രഹം സഫലമാക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു ആ അച്ഛന്. ഒടുവില്‍ സുഖോയ് ജെറ്റിന്റെ പൈലറ്റാകാന്‍ മോഹിച്ചിരുന്ന മകന്‍ പ്രൊഷണല്‍ ഷൂട്ടിങ്ങില്‍ സജീവമാകാന്‍ തീരുമാനിച്ചപ്പോള്‍ വീടുവയ്ക്കാന്‍ വേണ്ടി കണ്ടുവച്ചിരുന്ന ഭൂമി വിറ്റാണ് അച്ഛന്‍ അവനൊരു എയര്‍ പിസ്റ്റള്‍ വാങ്ങിക്കൊടുത്തത്. ഗഗന്‍ നാരംഗ് പക്ഷേ, അച്ഛനെ നിരാശപ്പെടുത്തിയില്ല. ഹൈദരാബാദ് ബീഗംപേട്ടിലെ വീടിന്റെ പിന്നാമ്പുറത്തു പരിശീലനം നടത്തിത്തുടങ്ങിയ യത്‌നം രാജ്യത്തിന് മുഴുവന്‍ അഭിമാനം പകര്‍ന്നാണ് ഇപ്പോള്‍ വെങ്കലമണിഞ്ഞ് ലണ്ടനില്‍ തലയുയര്‍ത്തിനില്‍ക്കുന്നത്. വേദന സമ്മാനിച്ച ആദ്യ രണ്ട് ഒളിമ്പിക്‌സുകള്‍ക്ക് ശേഷമാണ് മൂന്നാമത്തെ ശ്രമത്തില്‍ ഗഗന്‍ വെങ്കലമണിഞ്ഞത്. ബെയ്ജിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒന്‍പതാമതും അതിന് മുന്‍പ് ആതന്‍സില്‍ 12-ാം സ്ഥാനത്തുമായിരുന്നു ഗഗന്‍ ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങില്‍ തലനാരിഴയ്ക്കാണ് ഗഗന് ഫൈനലിന് യോഗ്യത നേടാന്‍ കഴിയാതെപോയത്.

ചെറുപ്പത്തില്‍ നല്ലൊരു പരിശീലകനെ കണ്ടെത്താന്‍ വിഷമിച്ച ഗഗന്‍ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയതത്രയും തനിച്ചാണ്. പിന്നീട് വര്‍ഷങ്ങളോളം പരിശീലനം നടത്തിയതും തനിച്ചുതന്നെ. പക്ഷേ, ഗഗന് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. 1997 ഓടെ തന്നെ പ്രൊഷഷണല്‍ ഷൂട്ടിങ് രംഗത്തെ സജീവ സാന്നിധ്യമായി ഗഗന്‍ മാറി. പിന്നീട് ഗഗന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 2006 ഓടെയാണ് രാജ്യം ഗഗനിലെ ഷൂട്ടറെ ഗൗരവത്തോടെ കണ്ടു തുടങ്ങിയത്. ഈ വര്‍ഷമാണ് ഗഗന്‍ ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്. എന്നാല്‍, ഗഗന്റെ ഏറ്റവും മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചത് ആ വര്‍ഷം തന്നെ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസാണ്. രണ്ട് വ്യക്തിഗത സ്വര്‍ണങ്ങള്‍ ഉള്‍പ്പടെ മൊത്തം നാല് സ്വര്‍ണമാണ് ഗഗന്‍ ഇവിടെ നേടിയത്. വ്യക്തിഗത 10 മീറ്റര്‍ എയര്‍റൈഫിള്‍, 10 മീറ്റര്‍ എയര്‍റൈഫിള്‍ (ജോഡി), വ്യക്തിഗത 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ (ജോഡി) എന്നിവയിലായിരുന്നു ഗഗന്റെ സ്വര്‍ണമെഡല്‍വേട്ട. ആ വര്‍ഷം തന്നെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയും ഗഗന്‍ ചരിത്രം കുറിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഷൂട്ടിങ് മെഡലായിരുന്നു ഇത്.

ലോകചാമ്പ്യന്‍ഷിപ്പില്‍ പിന്നീട് രണ്ടു തവണ കൂടി സ്വര്‍ണം നേടി ഗഗന്‍. 2008ല്‍ ബാങ്കോക്കില്‍ വച്ച് 10 മീറ്റര്‍ എയര്‍റൈഫിളിലും 2009ല്‍ ചാങ്‌വണില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലും. ഇതില്‍ ബാങ്കോക്കില്‍ നേടിയ ലോക കിരീടത്തിന് മധുരം ഇരട്ടിയായിരുന്നു. ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഫൈനലില്‍ യോഗ്യത നേടാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം മാറ്റുന്ന നേട്ടമായിരുന്നു അത്. ഈ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ യോഗ്യതാറൗയിലാണ് മുഴുവന്‍ 600 പോയിന്റും സ്വന്തമാക്കി ഗഗന്‍ പുതിയ റെക്കോഡിട്ടത്. ഇപ്പോഴും നാല് ഷൂട്ടര്‍മാര്‍ മാത്രമേയുള്ളു ലോകത്തില്‍. ഗഗന്‍ അന്നു നേടിയ 703.5 പോയിന്റും ഒരു ലോക റെക്കോഡായിരുന്നു.

ഇതിന് പുറമെ ലോകചാമ്പ്യന്‍ഷിപ്പില്‍ നാലു വെങ്കലവും നേടിയിട്ടുണ്ട് ഗഗന്‍. എല്ലാം 10 മീറ്റര്‍ എയര്‍റൈഫിളില്‍ തന്നെ. 2006ല്‍ ഗ്വാങ്ഷുവിലും 2009ല്‍ ചാങ്‌വണിലും 2010ല്‍ ബെയ്ജിങ്ങിലും അതേ വര്‍ഷം തന്നെ മ്യൂണിക്കിലും. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും ഓരോ വെള്ളിയും നേടിയിരുന്നു.

എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു ഗഗന്റെ എക്കാലത്തെയും മികച്ച വേട്ടയിടം. മെല്‍ബണിലും ഡെല്‍ഹിയിലുമായി മൊത്തം എട്ട് സ്വര്‍ണമാണ് ഗഗന്‍ വെടിവച്ചിട്ടത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാത്തതിന പ്രതിഷേധിച്ച് ഡല്‍ഹില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുക വരെ ചെയ്തിരുന്നു ഗഗന്‍. ഇതിനുശേഷമായിരുന്നു അസുലഭമായ മെഡല്‍നേട്ടം.

രാജ്യം അര്‍ജുന, രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരങ്ങളും പത്മശ്രീയും നല്‍കിയ ആദരിച്ച ഗഗന്‍ ഇപ്പോള്‍ തന്റെ പിന്‍ഗാമിള്‍ക്കായി ഒരു ഷൂട്ടിങ് ആക്കാദമിയും ആരംഭിച്ചിരിക്കുകയാണ്. ഞാന്‍ കൈവരിച്ച നേട്ടങ്ങള്‍ സമൂഹത്തിന് തിരിച്ചുനല്‍കുക എന്ന ആഗ്രഹമാണ് പുണെയിലെ അക്കാദമിയുടെ പിറവിക്ക് പിറകിലെന്ന് ഗഗന്‍ പറയുന്നു. ഇനിയൊരിക്കലും ഒരു അച്ഛനും സ്വന്തം മകന് ഒരു റൈഫിള്‍ വാങ്ങിക്കൊടുക്കാന്‍ തന്റെ ഭൂമി വില്‍ക്കേണ്ടിവരരുത്-ഗഗന്‍ പറയുന്നു.


Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.