|
യൂണിഫോമില്‍ ഐ എം വിജയന്‍; അത്ഭുതമൂറി അര്‍ജ്ജുനജേതാവ്
Posted on: 30 Jul 2012
ടി.എസ്. ധന്യ
തൃശൂര്‍: വോളിബോളില്‍ തീപ്പൊരി ചിതറിയ സ്മാഷുകളുടെ ഉടമ കെ. സി ഏലമ്മ യൂണിഫോമില്‍ ഐ എം വിജയനെ കണ്ട് അത്ഭുതം മറച്ചുവെച്ചില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് അര്‍ജ്ജുന അവാര്‍ഡ് ജേതാവും റിട്ട. എസ് പി യുമായ കെ.സി ഏലമ്മ. കാക്കി യൂണിഫോമിലെത്തിയ ഫുട്‌ബോളിലെ ആദ്യ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് വിജയനെ കണ്ട് അവര്‍ ആഹ്ലാദത്തോടെ പുറത്തുതട്ടി അഭിനന്ദിച്ചു. കേരളത്തിന്റെ അഭിമാനങ്ങളായ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ സംഗമത്തിന് വനിതാസമ്മേളനം സാക്ഷിയായി.
സെമിനാര്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ച തന്റെ പഴയകാല ചിത്രങ്ങള്‍ കണ്ട് വോളിബോളിന്റെ അഭിമാനതാരം അത്ഭുതംകൂറി. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജഹാന്‍ ഫിറോസ്, അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി രാധാകൃഷ്ണന്‍ എന്നിവരുമായി സൗഹൃദം പുതുക്കി. നാമക്കുഴി സിസ്റ്റേഴ്‌സിന്റെ അഭിമാനതാരം കെ സി ഏലമ്മ മാതൃഭൂമിയോട് അനുഭവങ്ങള്‍ പങ്കുവെച്ചു. അര്‍ജ്ജുന പുരസ്‌കാരം നേടി നീണ്ട മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി. തനിക്കുശേഷം അര്‍ജ്ജുന ബഹുമതി ലഭിച്ചത് ജിമ്മി ജോര്‍ജ്ജ്, സിറില്‍ സി വെള്ളൂര്‍, ഉദയകുമാര്‍, ഐ എം വിജയന്‍ എന്നിവര്‍ക്കാണ്.
കോട്ടയം നാമക്കുഴി ഹൈസ്‌കൂളില്‍ സീനിയേഴ്‌സിന്റെ കൈയ്യില്‍നിന്ന് പുറത്തുവീഴുന്ന പന്ത് പെറുക്കിക്കൊടുത്താണ് വോളിബോളിലേക്ക് പ്രവേശിക്കുന്നത്. അന്നത്തെ കോച്ച് ജോര്‍ജ്ജ് വര്‍ഗ്ഗീസ് തന്റെ ഉത്സാഹം കണ്ട് പരിശീലനം നല്‍കി. പി സി ഏലിയാമ്മ, അന്നക്കുട്ടി, സാറാമ്മ, ലീല, അമ്മിണി, വി കെ ലീല, അച്ചാമ്മ എന്നിവര്‍ ചേര്‍ന്ന് നാമക്കുഴി സിസ്റ്റേഴ്‌സ് ക്ലബ്ബിന് രൂപം നല്‍കി. ദേശീയതലത്തില്‍ ഒരുപാട് മത്സരിച്ചു. പ്രകടനത്തിലെ മികവ് കണ്ട് കേരള ഐ ജി ശിങ്കാരവേലു സാര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നേരിട്ട് പോലീസില്‍ ചേര്‍ത്തു.
പത്ത് വര്‍ഷം കോച്ചും മാനേജരുമായി ടീമിനെ നയിച്ചത് ദേശീയതലത്തില്‍ ടൂര്‍ണ്ണമെന്റുകളില്‍ വിജയം കൊയ്യാന്‍ ഗുണം ചെയ്തു. അര്‍ജ്ജുന പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയൊന്നുമല്ല എട്ടാം ക്ലാസ്സില്‍ വോളിബോള്‍ കളിക്കാനിറങ്ങിയത്. എസ് പി ആവുമെന്ന് കരുതിയുമില്ലെന്നും അവര്‍ പറഞ്ഞു. 75 ല്‍ ഇന്ത്യയുടെ ആദ്യ വനിതക്കുള്ള അര്‍ജ്ജുന പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വയസ്സ് 23. 85 ല്‍ പോലീസ് അസോസിയേഷന്റെ ചേരിത്തിരിവുമൂലം ടീം പിരിച്ചുവിട്ടു. അടുത്തിടെയാണ് ഗവണ്‍മെന്റ് വനിതാടീം പുനരാരംഭിക്കാനുള്ള ഉത്തരവിറക്കിയത്.
എ എസ് ഐ ആയി ഡ്യൂട്ടിയില്‍ പ്രവേശിച്ചത് 76 ല്‍ തൃശൂരിലാണ്. പാലാ നാഷണലില്‍ ജയിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ ഇടപെട്ട് എസ് ഐ ആക്കി സ്ഥാനക്കയറ്റം കിട്ടി. കോഴിക്കോട്, എറണാകുളം, കോട്ടയം, ആലുവ എന്നീ സ്റ്റേഷനുകളില്‍ ജോലിചെയ്തു. ജിമ്മി ജോര്‍ജ്ജ്, ജോസ്, തൃശൂര്‍ ഐ ജി എസ് ഗോപിനാഥ് എന്നിവരായിരുന്നു പുരുഷടീമില്‍. ദേശീയതലത്തില്‍ കളിക്കുമ്പോഴും ടൂര്‍ണ്ണമെന്റ് വിവരങ്ങള്‍ പുറംലോകമറിഞ്ഞിരുന്നത് റേഡിയോ റണ്ണിങ് കമന്ററി വഴിയാണ്. ടെലിവിഷന്‍ അന്ന് പ്രചാരത്തിലില്ല. വല്ലപ്പോഴുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ മിന്നല്‍ പോലെയാണ് വാര്‍ത്തകള്‍ കാണിച്ചിരുന്നത്.
കളിച്ച പത്തുവര്‍ഷവും ഏഷ്യന്‍ ഗെയിംസില്‍ സെലക്ഷന്‍ കിട്ടി. പക്ഷേ ഗവണ്‍മെന്റ് വനിതാടീമിനെ അയച്ചിട്ടില്ല. തിരുവനന്തപുരം ഹോളി ഫാമിലി വോളിബോള്‍ ക്ലബ്ബിന്റെ പരിശീലകയാണ് ഏലമ്മ ഇപ്പോള്‍. വോളിബോളോടുകൂടി മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
കെ സി ഏലമ്മയെ നേരത്തെത്തന്നെ പരിചയമുണ്ടെന്ന് ഐ എം വിജയന്‍. രാമവര്‍മ്മപുരം കെ എ പി ഒന്നാം ബറ്റാലിയന്റെ പരിശീലനത്തിന്റെ ചാര്‍ജ്ജാണ് കാല്‍പ്പന്തുകളിയിലെ കറുത്ത മുത്തിന്. പതിനേഴര വയസ്സില്‍ പോലീസില്‍ ചേര്‍ന്നു. പതിനെട്ടായപ്പോള്‍ കോണ്‍സ്റ്റബിളായി നിയമനം. 2000 ല്‍ അര്‍ജ്ജുന പുരസ്‌കാരം ലഭിച്ചു. മോഹന്‍ബഗാന്‍ ടീമിന് വേണ്ടി കളിക്കാനിറങ്ങി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇരട്ടസ്ഥാനക്കയറ്റം ലഭിക്കാതെപോയതില്‍ നഷ്ടബോധമുണ്ട്. കോഴിക്കോട് സിസേഴ്‌സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോള്‍ സിസര്‍ കട്ടിലൂടെ ഗോള്‍ നേടിയതില്‍ അഭിമാനം കൊള്ളുന്നു.
|
|
Other stories in this section:
|
|