|
നീന്തല്‍ക്കുളത്തിലെ വിസ്മയമായി യെ ഷിവന്‍
Posted on: 30 Jul 2012
ലണ്ടന്‍: മൈക്കല്‍ ഫെല്‍പ്‌സിന്റെ തോല്‍വിയോ ലോക്‌ടെയുടെ മിന്നുന്ന വിജയമോ ആയിരുന്നില്ല ഒളിമ്പിക്‌സില്‍ ശനിയാഴ്ചത്തെ വാര്‍ത്ത. യെ ഷിവന്‍ എന്ന പതിനാറുകാരി ചൈനീസ് പെണ്‍കുട്ടിയായിരുന്നു ലണ്ടനിലെ താരം. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ലോകറെക്കോഡോടെ സ്വര്‍ണം നേടിയാണ് ഷിവന്‍ തിളങ്ങുന്ന താരമായത്.
നാല് മിനിറ്റ് 28.43 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ലോകറെക്കോഡ് ഇട്ടത്. കഴിഞ്ഞവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച സ്വന്തം സമയത്തില്‍ ഏഴ് സെക്കന്‍ഡ് വെട്ടിക്കുറച്ചായിരുന്നു ലണ്ടനിലെ കുതിപ്പ്.
തന്റെ കൈകളുടെ അസാമാന്യ വലിപ്പം പരമാവധി മുതലെടുത്താണ് ഷിവെന്‍ മുന്നേറിയത്. ആവേശകരമായ അവസാന പാദത്തില്‍ എലിസബത്ത് ബീസലിനെ മറികടക്കാന്‍ ഇതാണ് ടീനേജുകാരിയെ സഹായിച്ചത്. സ്റ്റെഫാനി റൈസിന്റെ ലോകറെക്കോഡ് ഒരു സെക്കന്‍ഡ് കണ്ടാണ് മെച്ചപ്പെടുത്തിയത്.
ലോകറെക്കോഡിട്ട ഷിവന്റെ പ്രകടനം ഇതേയിനത്തിലെ സൂപ്പര്‍ താരങ്ങളായ ലോക്ടെയുടെയും ഫെല്‍പ്‌സിനെയും മറികടക്കുന്നത്. 400 മീറ്റര്‍ മെഡ്‌ലെയിലെ ഒരു പാദമായ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഫെല്‍പ്‌സിനേക്കാള്‍ വേഗത്തിലാണ് ചൈനക്കാരി നീന്തിയത്. അവസാന 50 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ലോക്ടെയേക്കാളും വേഗത്തിലും ഷിവന്‍ നീന്തി.
ശനിയാഴ്ച രാത്രി ഒളിമ്പിക്‌സിലെ ഭക്ഷണശാലയില്‍ നീന്തല്‍ താരങ്ങള്‍ക്കിടയിലെ സംസാരവിഷയം ഷിവന്റെ പ്രകടനമായിരുന്നു.
ചൈന പിന്തുടരുന്ന ചെറുപ്പം മുതലുള്ള ശാസ്ത്രീയമായ പരിശീലനമാണ് നേട്ടത്തിന് പിന്നിലെന്നാണ് ഷിവന്‍ പറയുന്നത്.
|
|
Other stories in this section:
|
|