a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ഇന്ത്യ @ ലണ്ടന്‍
നിരാശാഭരിതം, ജയം കശ്യപിനും സൗമ്യജിത്തിനും മാത്രം
Posted on: 29 Jul 2012


ആദ്യ മത്സരദിനം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി.
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി. കശ്യപും ടേബിള്‍ ടെന്നീസില്‍ സൗമ്യജിത്തും മാത്രമാണ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നത്. ബോക്‌സിങ്ങില്‍ ശിവ ഥാപ്പയുടെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായി


കശ്യപിന് വിജയം


ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യവിജയം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി. കശ്യപ് കൈവരിച്ചു. പുരുഷ സിംഗിള്‍സിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ബെല്‍ജിയത്തിന്റെ യുവാന്‍ ടാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് പരാജയപ്പെടുത്തിയത് (21-14, 21-12). ഗ്രൂപ്പ്‌ജേതാക്കള്‍ക്കാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കുക.
ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ചൊവ്വാഴ്ച വിയറ്റ്‌നാമിന്റെ ലോക പതിനൊന്നാം നമ്പര്‍ താരം എന്‍ഗുയേന്‍ ടീമിന്‍ മിന്നിനെയാണ് കശ്യപിന് നേരിടേണ്ടത്. മിന്നിനെതിരെ അഞ്ചുമത്സരങ്ങള്‍ കളിച്ചതില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെന്ന മുന്‍തൂക്കം കശ്യപിനുണ്ട്.

ദിജു-ജ്വാലാ സഖ്യത്തിന് തോല്‍വി


ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ വി. ദിജു-ജ്വാലാ ഗുട്ട സഖ്യത്തിന് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വി.
ഇന്‍ഡൊനീഷ്യയുടെ ലോക മൂന്നാം നമ്പര്‍ തന്റോവി അഹമ്മദ്-ലിലിയാന നറ്റ്‌സിര്‍ ജോഡിയോട് 21-16, 21-12 നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.
ഞായറാഴ്ച ഡെന്‍മാര്‍ക്കിന്റെ തോമസ് ലെബോണ്‍-കാമില റൈറ്റര്‍ ജോഡിയാണ് ദിജു-ജ്വാല സഖ്യത്തിന് നേരിടേണ്ടത്.

ഡബിള്‍സിലും തോല്‍വി


ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ആദ്യ മത്സരത്തില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് ആദ്യ മത്സരത്തില്‍ തോല്‍വി. ജപ്പാന്റെ മിസൂക്കി ഫൂജി-റെയ്ക കാക്കിവ ജോഡിയോട് നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ സഖ്യം തോറ്റത് (21-16, 21-18). ചൈനീസ് തായ്‌പേയി ജോഡിയാണ് തിങ്കളാഴ്ച ജ്വാല-അശ്വിനി സഖ്യത്തിന്റെ എതിരാളികള്‍.

സൗമ്യജിത്തിന് ജയം


ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സൗമ്യജിത്ത് ഘോഷിന് ആദ്യറൗണ്ടില്‍ ജയം (4-2). ബ്രസീലിന്റെ ഗുസ്താവോ സുബോയ്‌യെയാണ് സൗമ്യജിത്ത് തോല്പിച്ചത്. സ്‌കോര്‍: 11-9, 14-12, 11-7, 10-12, 11-5, 12-10.
എന്നാല്‍, വനിതകളില്‍ ഇന്ത്യയുടെ അങ്കിത ദാസിന് ആദ്യ റൗണ്ടില്‍ തോല്‍വി. സ്പാനിഷ് താരം സാറ റാമിറസിനോട് 11-9, 11-8, 11-7, 8-11, 11-2നാണ് അങ്കിത പരാജയം സമ്മതിച്ചത്.

അമ്പെയ്ത്തില്‍ പുരുഷ ടീമിന് തോല്‍വി


അമ്പെയ്ത്ത് ടീമിനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം പൊരുതിത്തോറ്റു. പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ ജപ്പാനോട് നിശ്ചിത അമ്പുകളുടെ റൗണ്ടില്‍ 214-214ന് തുല്യത പാലിച്ചെങ്കിലും ഷൂട്ട്ഓഫില്‍ 27-29ന് പരാജയപ്പെടുകയായിരുന്നു. രാഹുല്‍ ബാനര്‍ജി, ജയന്ത താലൂക്ദര്‍, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
ഷൂട്ട്ഓഫില്‍ ഓരോ താരത്തിനും ഒരമ്പ് വീതമാണ് തൊടുക്കാന്‍ കിട്ടുക. ജപ്പാന്റെ രണ്ടുപേര്‍ ബുള്‍സ്‌ഐ നേടിയപ്പോള്‍, ഇന്ത്യയുടെ മൂന്ന് താരങ്ങളുടെയും അമ്പുകള്‍ ബുള്‍സ് ഐയ്ക്ക് പുറത്താണ് കൊണ്ടത്.

റോവിങ്ങില്‍ സര്‍വന്‍ സിങ് റെപ്പഷാഗെ റൗണ്ടില്‍


റോവിങ്ങില്‍ സിംഗിള്‍സ് സ്‌കള്ളില്‍ മത്സരിച്ച സര്‍വന്‍ സിങ് റെപ്പഷാഗെ റൗണ്ടിലേക്ക് മുന്നേറി. ആദ്യഹീറ്റ്‌സില്‍ നാലാമതാണ് സര്‍വനെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു. ഞായറാഴ്ചയാണ് റെപ്പഷാഗെ ഹീറ്റ്‌സ്. ഇതില്‍ മുന്നിലെത്തിയാല്‍ ഇന്ത്യന്‍താരത്തിന് ക്വാര്‍ട്ടറില്‍ കടക്കാനാകും.

ഷൂട്ടിങ്ങില്‍ ആദ്യദിനം നിരാശ


ഷൂട്ടിങ് റേഞ്ചില്‍ ആദ്യദിനം ഇന്ത്യന്‍ പ്രതിനിധിയായ വിജയ് കുമാറിന് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടക്കാനായില്ല. 44 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ 31-ാം സ്ഥാനത്താണ് വിജയകുമാര്‍ എത്തിയത്.

സോണിയ ചാനു ഏഴാമത്


വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ മത്സരിച്ച സോണിയ ചാനു ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. സ്‌നാച്ചില്‍ 74 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 97 കിലോയുമാണ് സോണിയ ഉയര്‍ത്തിയത്.

ശിവഥാപ്പ ആദ്യ റൗണ്ടില്‍ പുറത്ത്


ലണ്ടനിലെ ബോക്‌സിങ് റിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് പ്രതീക്ഷിച്ച ഇന്ത്യക്ക് ആദ്യദിനം അപ്രതീക്ഷിത തിരിച്ചടി. 56 കിലോ വിഭാഗത്തില്‍ മെക്‌സിക്കോയുടെ ഓസ്‌കര്‍ വാല്‍ഡെസ് ഫിയേറോയുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് ശിവ ഥാപ്പയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ പൊലിഞ്ഞത്. 14-9നാണ് മെക്‌സിക്കന്‍ താരം ശിവഥാപ്പയെ വീഴ്ത്തിയത്. മുന്‍ ലോക യൂത്ത് ചാമ്പ്യനാണ് മെക്‌സിക്കന്‍ താരം.
ആദ്യ റൗണ്ടില്‍ 4-2ന് പിന്നിട്ടുനിന്ന ശിവ, തിരിച്ചിടിച്ച് രണ്ടാം റൗണ്ട് 4-3ന് സ്വന്തമാക്കി. എന്നാല്‍, മൂന്നാം റൗണ്ടില്‍ മികച്ച പഞ്ചുകളുതിര്‍ത്ത മെക്‌സിക്കന്‍ താരം ശിവയുടെ പ്രതിരോധം അപ്പാടെ തകര്‍ക്കുകയും 7-3ന് റൗണ്ട് സ്വന്തമാക്കുകയും ചെയ്തു. ഒളിമ്പിക്‌സില്‍ ഇക്കുറി ഏറെ പ്രതീക്ഷയര്‍പ്പിച്ച മെഡലായിരുന്നു ശിവഥാപ്പയുടേത്. അപ്രതീക്ഷിതമായി പിണഞ്ഞ തോല്‍വി ഇന്ത്യന്‍ ക്യാമ്പിനെ മൂകമാക്കി.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.