a mathrubhumi initiative
IST:

ഇംഗ്ലണ്ട് - ദ.ആഫ്രിക്ക

മത്സരം 13 : 19-6-2013

ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌  
ഗോ ഫോര്‍ ഗോള്‍ഡ്‌
Posted on: 27 Jul 2012

പി.ടി. ഉഷ


പലതുകൊണ്ടും ശ്രദ്ധേയമാണ് ലണ്ടന്‍ ഒളിമ്പിക്‌സ്. അതിലേറ്റവും പ്രധാനം നൂറുശതമാനം വനിതാ പങ്കാളിത്തത്തോടെ നടക്കുന്ന ആദ്യ ഗെയിംസെന്നതുതന്നെയാണെന്ന് ഞാന്‍ കരുതുന്നു. യാതൊന്നിന്റെയും വ്യത്യാസങ്ങളില്ലാതെ മനുഷ്യര്‍ പോരാടുന്ന ഇടമെന്ന വിശാലമായ ഒളിമ്പിക് സങ്കല്പമാണ് ലണ്ടനില്‍ വിജയം വരിച്ചിരിക്കുന്നത്. ലോകമഹാമേളയില്‍ വനിതാ പങ്കാളിത്തം ആരംഭിച്ച് 112-ാമത്തെ വര്‍ഷമാണ് അത്തരത്തിലൊരു നേട്ടം ലോകം കൈവരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍, അതെത്രത്തോളം വിലപ്പെട്ടതാണെന്ന വസ്തുതയാണ് വെളിപ്പെടുന്നത്.
സൗദി അറേബ്യയും ഖത്തറും ബ്രൂണെയുമായിരുന്നു സ്ത്രീകളെ ഒളിമ്പിക്‌സിന് അയക്കുന്നതില്‍ ഇതേവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. ആ മൂന്ന് രാജ്യങ്ങളും മറ്റെല്ലാ ചിന്താഗതികളും മാറ്റിവെച്ച് ഒളിമ്പിക് സ്പിരിറ്റിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനുപിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നമുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നവര്‍ നടത്തിയ നിരന്തരമായ സമ്മര്‍ദവുമുണ്ട്. ആ നിലയ്ക്ക് ഇതൊരു വലിയ വിജയമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളവും വനിതാ പങ്കാളിത്തം ഇക്കുറി ഏറെ ശ്രദ്ധേയമാണ്. മെഡല്‍ പ്രതീക്ഷിക്കാവുന്നതോ ഉറപ്പിക്കാവുന്നതോ ആയ ഏറെയിനങ്ങളില്‍ നമ്മുടെ വനിതാ താരങ്ങള്‍ മത്സരിക്കുന്നു. അഞ്ചുവട്ടം ബോക്‌സിങ് ലോകചാമ്പ്യനായ മേരി കോം, അമ്പെയ്ത്തിലെ ലോക ഒന്നാം നമ്പര്‍ ദീപിക കുമാരി, ബാഡ്മിന്റണില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ചതാരം സൈന നേവാള്‍, ടെന്നീസില്‍ ലോക റാങ്കിങ്ങില്‍ മുന്‍നിരയിലെത്തിയ സാനിയ മിര്‍സ, ഡിസ്‌കസ് ത്രോയില്‍ മുന്‍നിര താരങ്ങളായ കൃഷ്ണ പൂണിയ, സീമ ആന്റില്‍, ഗുസ്തിയില്‍ ഗീത ഫൊഗട്ട് തുടങ്ങിയവര്‍.



അത്‌ലറ്റിക്‌സില്‍, ഞാന്‍ പരിശീലിപ്പിക്കുന്ന ടിന്റു ലൂക്കയുടെ പ്രകടനവും ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്. ടിന്റു ലോകത്തെ ഒന്നാംനിര 800 മീറ്റര്‍ താരമാണെന്ന കാര്യം പലവട്ടം തെളിയിച്ചുകഴിഞ്ഞു. ഒളിമ്പിക്‌സിലും മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ലണ്ടനിലെത്തുന്നത്. മെഡല്‍ ഉറപ്പിക്കാം എന്നു ഞാന്‍ പറയുന്നില്ലെങ്കിലും ഭാഗ്യവും പ്രാര്‍ഥനയുമൊക്കെ തുണച്ചാല്‍ അത്ഭുതങ്ങള്‍ അകലെയല്ല. ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുന്ന മയൂഖയുടെ പ്രകടനവും ഞാന്‍ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.


നമ്മുടെ പുരുഷ താരങ്ങള്‍ മോശമാണെന്നല്ല ഇതിനര്‍ഥം. തീര്‍ച്ചയായും വനിതകളെക്കാള്‍ മെഡല്‍ സാധ്യതയുള്ള പുരുഷ താരങ്ങള്‍ നമുക്കുണ്ട്. അഭിനവ് ബിന്ദ്ര ബീജിങ്ങില്‍ അത് തെളിയിച്ചു. ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗും രോഞ്ചന്‍ സോധിയും ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും ബോക്‌സിങ്ങില്‍ വിജേന്ദറും ശിവഥാപ്പയുമൊക്കെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു.
കേരളത്തില്‍നിന്ന് ആറു താരങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ടിന്റുവിനെപ്പോലെ ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പിന്തുണയും പ്രാര്‍ഥനയുമുണ്ട്. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് എനിക്ക് നഷ്ടമായ ഒളിമ്പിക് മെഡല്‍, ഇവരിലാരെങ്കിലും തിരിച്ച് പിടിച്ച് നമ്മുടെ കൊച്ചു കേരളത്തെ ഉയരത്തിലെത്തിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ഥന.
എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ. ഒളിമ്പിക്‌സ് വലിയൊരു വേദിയാണ്. അവിടെ നേരിയ പിഴവുകള്‍ക്കുപോലും കൊടുക്കേണ്ടിവരുന്ന വില വലുതാണ്. ഏറ്റവും വലിയ ലക്ഷ്യത്തിലേക്ക് ഏകാഗ്രതയോടെ മുന്നേറുക. ഗോ ഫോര്‍ ഗോള്‍ഡ്.
*

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.