a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   സ്റ്റാര്‍ ചെയ്‌സ്‌
ബലിദാനികള്‍ക്കായി രാജ്യമില്ലാ അത്‌ലറ്റിന്റെ ഓട്ടം
Posted on: 24 Jul 2012



ലണ്ടന്‍: സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒരു രാജ്യം പോലുമില്ലാതെ സര്‍വതന്ത്രസ്വതന്ത്രനായി ഒളിമ്പിക്‌സില്‍ ഓടുമ്പോള്‍ ഗൗര്‍ മരിയലില്‍ എന്ന തെക്കന്‍ സുഡാനുകാരന്റെ മനസ്സിലുള്ളത് ഒളിമ്പിക് മെഡലോ റെക്കോഡോ അല്ല. പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ സ്വന്തം നാട്ടുകാരും വീട്ടുകാരും മാത്രമാണ്. നീണ്ടകാലത്തെ പ്രയത്‌നത്തിനുശേഷമാണ് വംശീയ പോരാട്ടം പിച്ചിച്ചീന്തിയെറിഞ്ഞ സുഡാനില്‍ നിന്നുള്ള ഈ അത്‌ലറ്റിനെ സ്വതന്ത്രനായി മാരത്തണില്‍ ഓടാന്‍ ഒളിമ്പിക് കമ്മിറ്റി അനുവദിച്ചത്. ടീമില്‍ ഉള്‍പ്പെടുത്താമെന്ന പഴയ മാതൃരാജ്യമായ സുഡാന്റെ വാഗ്ദാനം തള്ളിക്കളഞ്ഞുകൊണ്ടാണ് മരിയല്‍ സ്വതന്ത്രനായി ഓടുന്നത്. യു.എസില്‍ പരിശീലനം നടത്തിവരുന്ന മരിയല്‍ ഒളിമ്പിക് അസോസിയേഷന്റെ പതാകയേന്തിയാണ് അണിനിരക്കുക. തന്റെ പ്രദേശമായ തെക്കന്‍ സുഡാനു വേണ്ടി ഓടാനായിരുന്നു മരിയലിന്റെ താല്‍പര്യം. എന്നാല്‍, തെക്കന്‍ സുഡാന്‍ ലണ്ടനിലേയ്ക്ക് ടീമിനെ അയക്കാത്തതുകൊണ്ടാണ് സ്വതന്ത്രനായി ഓടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മരിയല്‍ ഒളിമ്പിക് അസോസിയേഷനെ സമീപിച്ചത്. അമേരിക്കയിലെ അരിസോണയിലാണ് മരിയല്‍ പരിശീലനം നടത്തുന്നത്.

സുഡാനെ കശക്കിയെറിഞ്ഞ വംശീയ കലാപത്തിലും ഇക്കാലത്ത് പൊട്ടിപ്പുറപ്പെട്ട മഹാമാരികളിലും മരിയലിന് 28 കുടുംബാംഗങ്ങളെയാണ് നഷ്ടപ്പെട്ടത്. സുഡാന്റെ കൊടിക്കീഴില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കന്നത് കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടും സ്വതന്ത്രമായ തെക്കന്‍ സുഡാനുവേണ്ടി പോരാടിയവരോടും കാട്ടുന്ന അനീതിയാണെന്നു തിരിച്ചറിഞ്ഞാണ് ഒറ്റയ്ക്ക് ഓടാന്‍ മരിയല്‍ അനുമതി തേടിയത്. ഈ ബലിദാനികള്‍ക്കുവേണ്ടിയാണ് ഓരോ ദിവസവും കാലത്ത് ഉണര്‍ന്ന് ഷൂവണിഞ്ഞ് ഞാന്‍ ട്രാക്കിലിറങ്ങി പരിശീലിക്കുന്നത്-മരിയല്‍ പറയുന്നു.

കലാപം കലുഷമാക്കിയ അന്തരീക്ഷത്തിലാണ് മരിയല്‍ ജനിച്ചതും വളര്‍ന്നതും അത്‌ലറ്റായി മാറിയതുമെല്ലാം. കുട്ടിക്കാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനികര്‍ തോക്കിന്‍ചട്ട കൊണ്ട് കുഞ്ഞു താടിയെല്ല് തല്ലിയൊടിച്ചതും തുടര്‍ന്ന് ബോധംകെട്ട് വീണതുമെല്ലാം ഇപ്പോഴും നിരന്തരം വേട്ടയാടുന്ന ഓര്‍മയാണ് മരിയലിന്. എട്ടാം വയസ്സില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച ലേബര്‍ ക്യാമ്പില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെട്ട അനുഭവവുമുണ്ട് ഈ അത്‌ലറ്റിന്. രാത്രി ഒരു ഗുഹയില്‍ ഒളിച്ചിരുന്ന് പകല്‍ മുഴുവന്‍ ഓടിയാണ് മരിയല്‍ വീടുപറ്റിയത്. ഓട്ടത്തെ ഏറെ വെറുത്തിരുന്ന കാലമായിരുന്നു അതെന്ന് മരിയല്‍ അനുസ്മരിക്കുന്നു.

രക്തച്ചൊരിച്ചില്‍ രൂക്ഷമായ സുഡാനില്‍ നിന്നും ആദ്യം ഈജിപ്തില്‍ അഭയം തേടിയ മരിയല്‍ പന്ത്രണ്ട് വര്‍ഷം മുന്‍പാണ് യു. എസിലേയ്ക്ക് ചേക്കേറിയത്. ലൊവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ക്രോസ് കണ്‍ട്രി താരമായിട്ടായിരുന്നു ശ്രദ്ധ നേടിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ മാരത്തണില്‍ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് പിന്നിട്ടു.

റെഫ്യൂജീസ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ശ്രമഫലമായാണ് മരിയലിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. മരിയലിന് പുറമെ ഡച്ച് അധീനതയിലുള്ള കരീബിയന്‍ രാജ്യമായ നെതെര്‍ലാന്‍ഡ്‌സ് ആന്റിലെയിലെ മൂന്ന് താരങ്ങളും സ്വതന്ത്രരായി ഇക്കുറി ഒളിമ്പിക്‌സില്‍ ഓടുന്നുണ്ട്.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.