|
കേരള ഫുട്‌ബോളിലെ ഹിസ് ഹൈനസ് അബ്ദുള്ള
Posted on: 24 Jul 2012
ഡി. ഷൈജുമോന്‍
കൊച്ചി: അബ്ദുള്ള എന്ന വാക്കിന് ദാസന്‍ എന്നര്‍ഥം. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി കേരളാഫുട്‌ബോളിന്റെ വിനീതദാസനായി ടി.ഒ. അബ്ദുള്ള ഇവിടെയുണ്ടായിരുന്നു. ആലുവയിലെ പേരുകേട്ട തറവാടിന്റെ പെരുമയൊന്നും പറയാതെ, വലിയ വ്യവസായ പാരമ്പര്യമൊന്നും അവകാശപ്പെടാതെ.
1971-ലാണ് ടി.ഒ. അബ്ദുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഭരണരംഗത്തേക്കുവരുന്നത്. ചരിത്രത്തിലാദ്യമായി കേരളം ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്മാരാകുന്നതിന് കൊച്ചിയിലെ മഹാരാജാസ് മൈതാനം '73-ല്‍ സാക്ഷ്യം വഹിക്കുമ്പോള്‍ കെ.എഫ്.എ യുടെ പ്രസിഡന്റ് സ്ഥാനത്ത് അബ്ദുള്ളയായിരുന്നു. ഐശ്വര്യം പടികയറിവരുന്ന നാളുകളായിരുന്നു അന്ന് കേരളാ ഫുട്‌ബോളിന്.
'73-ല്‍ കൊച്ചിയില്‍ കേരളം സന്തോഷ് ട്രോഫി ജയിക്കുമ്പോള്‍ കളിക്കാരനായും പിന്നീട് '87-ല്‍ തിരുവനന്തപുരത്ത് ദേശീയഗെയിംസില്‍ കേരളം കിരീടം നേടുമ്പോള്‍ കോച്ചായും ടീമിനൊപ്പമുണ്ടായിരുന്ന സി.സി. ജേക്കബ്ബ് അനുസ്മരിക്കുന്നു. ''ഇത്ര ഫ്രണ്ട്‌ലി ആയ ഒരു കെ.എഫ്.എ പ്രസിഡന്റിനെ എന്റെ കളിജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടില്ല...തിരുവനന്തപുരത്തും കേരളം ജയിക്കുമ്പോള്‍ കെ.എഫ്.എ അധ്യക്ഷ സ്ഥാനത്ത് അബ്ദുള്ള സാറാണ് മൈതാനത്തുവെച്ച് എന്നെ കെട്ടിപ്പിടിച്ച സാറിനോട് ഞാന്‍ പറഞ്ഞു... കേരളം ജയിക്കാന്‍ കാരണം അബ്ദുള്ള സാര്‍ പ്രസിഡണ്ടാവുന്നതാണോ...? തൊട്ടടുത്തുനിന്ന് പി.പി. ലക്ഷ്മണന്‍ അന്ന് പൊട്ടിച്ചിരിച്ചത് ഓര്‍മയുണ്ടെന്നും സി.സി. കൂട്ടിച്ചേര്‍ത്തു.
1947-ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് ടി.ഒ. അബ്ദുള്ള. അതുകൊണ്ടുതന്നെ എന്തിലും ഒരു എന്‍ജിനീയറിങ് വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നയാളായിരുന്നു. എറണാകുളത്തെ മഹാരാജാസ് ഗ്രൗണ്ടില്‍ നെഹ്രു കപ്പിനും സന്തോഷ് ട്രോഫിക്കും കെട്ടിപ്പൊക്കിയിരുന്ന ചൂളമരഗാലറിക്കു പിന്നില്‍ അബ്ദുള്ളയുടെ ബുദ്ധിയുണ്ടായിരുന്നു.
കൊച്ചിയില്‍ '83-ലും '85-ലും നടന്ന നെഹ്രുകപ്പിനും വിവിധ സന്തോഷ് ട്രോഫികള്‍ക്കും ചുക്കാന്‍ പിടിച്ചതും അബ്ദുള്ളയായിരുന്നു. 1973 മുതല്‍ '78 വരെയും '86 മുതല്‍ '94 വരെയും രണ്ട് ഘട്ടങ്ങളില്‍ അബ്ദുള്ള കെ.എഫ്.എ പ്രസിഡന്റായി. 8 വര്‍ഷം എ.ഐ.എഫ്.എഫ്. ഉപാധ്യക്ഷനും. അഖിലേന്ത്യാ ഫെഡറേഷന്റെ റഫറീസ് ബോര്‍ഡ് ചെയര്‍മാന്‍, സീനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.
2011-ല്‍ ആലുവയില്‍ മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്‌ബോള്‍ ഇന്റര്‍ സ്‌കൂള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ടി.ഒ. അബ്ദുള്ളയെ പ്രൈഡ് ഓഫ് ആലുവ ബഹുമതി നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ജന്മനാട്ടില്‍ അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ഇതുതന്നെയാണെന്ന് കോച്ചും മുന്‍ അന്താരാഷ്ട്ര താരവുമായ എം.എം. ജേക്കബ്ബ് പറഞ്ഞു. ആലുവക്കാര്‍ക്ക് പ്രത്യേകിച്ചും ഫുട്‌ബോളിനെ സംബന്ധിച്ച് അവസാനവാക്കായിരുന്നു അബ്ദുള്ള.
വിട്ടുപിരിഞ്ഞത് വലിയൊരു സംഘാടകന്‍ - മുഖ്യമന്ത്രി
കൊച്ചി: ടി.ഒ. അബ്ദുള്ളയുടെ വേര്‍പാടിലൂടെ കേരളത്തിന്റെ ഫുട്‌ബോള്‍, വിദ്യാഭ്യാസ മേഖലകളില്‍ നിന്നു വിട്ടുപിരിഞ്ഞത് മഹാനായൊരു സംഘാടകനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിരവധി അന്താരാഷ്ട്ര ഫുട്‌ബോള്‍മേളകള്‍ സംഘടിപ്പിക്കുകയും അതൊക്കെ ആയിരക്കണക്കായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആനന്ദം പകരുകയും ചെയ്തു. എം.ഇ.എസ്സിന്റെ വളര്‍ച്ചയ്ക്കും ടി.ഒ. അബ്ദുള്ളയുടെ സംഭാവന നിസ്തുലമാണ്. ഉമ്മന്‍ചാണ്ടി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
സുവര്‍ണ്ണകാലഘട്ടത്തിന്റെ പ്രതിനിധി -കെ. ബാബു
കൊച്ചി: ടി.ഒ.അബ്ദുള്ള കെ.എഫ്.എ പ്രസിഡന്റായിരുന്ന കാലം കേരള ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുകയെന്ന് മന്ത്രിയും എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ. ബാബു അഭിപ്രായപ്പെട്ടു. '73-ല്‍ കേരളം ആദ്യമായി ദേശീയ ചാമ്പ്യന്മാരായത് അബ്ദുള്ള പ്രസിഡന്റായിരിക്കുമ്പോഴാണ്. കൊച്ചിയില്‍ അബ്ദുള്ളയുടെ നെടുനായകത്വത്തിന്‍ കീഴില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ അരങ്ങേറി. അനവധി താരങ്ങളെയും അബ്ദുള്ള വളര്‍ത്തിയെടുത്തു -മന്ത്രി ബാബു അനുസ്മരിച്ചു.
നഷ്ടമായത് മികച്ച ഫുട്‌ബോള്‍ സംഘാടകനെ - പി.വി. ചന്ദ്രന്‍
കോഴിക്കോട്: കേരള ഫുട്‌ബോളിന് എക്കാലത്തെയും മികച്ച സംഘാടകരിലൊരാളെയാണ് ടി.ഒ. അബ്ദുള്ളയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അബ്ദുള്ള എ.ഐ.എഫ്.എഫ്. വൈസ് പ്രസിഡന്റായിരിക്കേ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ഒപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മികച്ച കളിക്കളങ്ങളും ടൂര്‍ണമെന്റുകളും യാഥാര്‍ഥ്യമായതില്‍ അബ്ദുള്ളയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഫുട്‌ബോളിന് നല്‍കിയ ആത്മാര്‍ഥമായ സേവനങ്ങളുടെ പേരില്‍ ടി.ഒ. അബ്ദുള്ള എക്കാലവും ഓര്‍മിക്കപ്പെടുമെന്നും പി.വി. ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കഠിനാധ്വാനിയായ ഭരണകര്‍ത്താവ് - കെ.എം.ഐ.മേത്തര്‍
കൊച്ചി: കഠിനാധ്വാനിയായ ഫുട്‌ബോള്‍ ഭരണകര്‍ത്താവായിരുന്നു ടി.ഒ. അബ്ദുള്ളയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മികച്ച സംഘാടനത്തിന്റെ തണലില്‍ എത്രയെത്ര ടൂര്‍ണമെന്റുകളാണ് കേരളത്തില്‍ അരങ്ങേറിയത്. കൊച്ചിയില്‍ '83-'85 വര്‍ഷങ്ങളില്‍ നടന്ന നെഹ്രുകപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റിനും വിവിധ കാലങ്ങളിലായി നടന്ന സന്തോഷ് ട്രോഫികള്‍ക്കുമെല്ലാം ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു.- മേത്തര്‍ പറഞ്ഞു.
നഷ്ടമായത് മികച്ച സംഘാടകനെ -പി.പി. ലക്ഷ്മണന്‍
കണ്ണൂര്‍: കേരള ഫുട്‌ബോളിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും വളര്‍ച്ചയ്ക്കുംവേണ്ടി പ്രയത്‌നിച്ച മികച്ച സംഘാടകനായിരുന്നു ടി.ഒ. അബ്ദുള്ളയെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ സെക്രട്ടറി പി.പി. ലക്ഷ്മണന്‍ അനുസ്മരിച്ചു. ടി.ഒ. അബ്ദുള്ളയുടെ കാലത്താണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതെന്നും അദ്ദേഹം പറഞ്ഞു.
|