|
തെംസ് ശാന്തമായ് ഒഴുകട്ടെ...
Posted on: 24 Jul 2012
'മനോഹരിയായ തെംസ്,
ശാന്തമായൊഴുകൂ... ഞാനീ
ഗാനം പൂര്‍ത്തിയാക്കും വരേക്കും'
- ടി.എസ്.എലിയറ്റ് (വേസ്റ്റ് ലാന്‍ഡ്)
ഞാനിപ്പോള്‍ ഇതേ തെംസ് നദിയുടെ തീരത്താണ്. മുന്നില്‍ ഒളിമ്പിക്‌സ് എന്ന മഹാദൗത്യം. ആയിരക്കണക്കിന് കൊല്ലങ്ങളുടെ സംസ്‌കൃതികളുറങ്ങുന്ന ഇംഗ്ലീഷ് മണ്ണില്‍ നിന്ന് അവസാന വാക്കുകളെഴുതുമ്പോള്‍ വരേക്കും പ്രിയപ്പെട്ട തെംസ്, ശാന്തമായ് ഒഴുകിക്കൊണ്ടേയിരിക്കുക...
ഒളിമ്പിക് ലഹരി നുരയുന്ന ലണ്ടന്‍ചഷകത്തിലേക്കാണ് വന്നുവീണിരിക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രുവില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഉത്സവവേദിയുടെ നടുമുറ്റത്താണിപ്പോള്‍. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് മനുഷ്യര്‍ ലണ്ടനിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇരമ്പിനില്‍ക്കുന്നു. ഹീത്രു ഒരു അലകടലാണ്. തിരകളിലൊന്നു തുടിച്ചും ഇടക്കൊന്നു മുങ്ങിയും പിന്നീടുയര്‍ന്ന് നിശ്ശ്വസിച്ചും ഒഴുകിപ്പരന്നും നീങ്ങി. ലോകത്തെ സകല സാംസ്‌കാരികതകളേയും ഹീത്രു ഹൃദയപൂര്‍വം സ്വീകരിക്കുന്നു, ഉള്‍ക്കൊള്ളുന്നു. എമിഗ്രേഷനും ഒളിമ്പിക് അക്രഡിറ്റേഷന്‍ നടപടികളും പൂര്‍ത്തിയാക്കി, തീരം ലക്ഷ്യമാക്കി കുതിക്കുന്ന ഒരു തിരയിലേറിയെന്ന പോലെ ഹീത്രുവിന് പുറത്തേക്ക്.
ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഇന്‍ഡൊനീഷ്യന്‍ താരങ്ങളും ഒപ്പമുണ്ടായിരുന്നു. ബാഡ്മിന്റണ്‍, അമ്പെയ്ത്ത് താരങ്ങളായിരുന്നു ഭൂരിഭാഗവും. ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനങ്ങളാണിവ. സൈന നേവാളിന്റെയും ദിജുവിന്റെയും ദീപിക കുമാരിയുടെയുമൊക്കെ വയറ്റത്തടിക്കല്ലേ എന്ന ഭാവത്തില്‍ അവരെ നോക്കിയിരുന്നു. ഗംഭീര സ്വീകരണമാണ് ഹീത്രുവില്‍ ഇന്‍ഡൊനീഷ്യന്‍ ടീമിന് ലഭിച്ചത്.
ലണ്ടന്‍കാരുടെ ആതിഥ്യമര്യാദ ഹൃദയത്തില്‍ തൊടുന്നതാണ്. വിമാനമിറങ്ങിയതുമുതല്‍ അവര്‍ നമ്മളെ ഏറ്റെടുക്കുകയായിരുന്നു. ഹീത്രു എക്‌സ്പ്രസ് ട്രയിനില്‍ താരങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ യാത്രയാണ്. തമിഴ്‌നാട് സ്വദേശി കെ.കാളിയമുത്തുവിനാണ് വരുന്നവരെ ട്രയിനിലേക്ക് നയിക്കേണ്ട ചുമതല. ട്രയിനില്‍ പാടിങ്ടണ്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍, കാറുമായി കാത്തുനില്‍ക്കുകയായിരുന്നു സംഘാടകര്‍. ചോക്‌ളേറ്റുകള്‍ കഴിക്കാന്‍ തന്ന് മധുരമൂറുന്നൊരു സ്വീകരണവും അവരൊരുക്കി.
എനിക്ക് പോകേണ്ട സ്ഥലത്തേയ്ക്ക് മറ്റാരുമില്ലായിരുന്നെങ്കിലും കാത്തുനില്‍ക്കാന്‍ പറഞ്ഞില്ല. ടൊയോട്ട കാറില്‍ സതീഹ് എന്ന ഡ്രൈവര്‍ കിങ്‌സ് ക്രോസ് റോയല്‍ സ്‌കോട്ട് ഹോട്ടലില്‍ എത്തിച്ചു. ലണ്ടന്റെ പേടിസ്വപ്നമായ ട്രാഫിക്ക് കുരുക്കില്‍പ്പെടാതെ താമസ്ഥലത്തെത്താനായത് ആദ്യദിനം അസൗകര്യങ്ങളില്ലാതെ പിന്നിടാന്‍ അവസരമൊരുക്കി.
* * *
ഇതൊരു മഹാസമുദ്രമാണ്, അതിലൊരു തുള്ളിയെങ്കിലും വായനക്കാര്‍ക്ക് പകരാനായെങ്കില്‍. ഇത് അനന്താകാശമാണ്, അതിലൊരു മേഘച്ചിന്തെങ്കിലും നിങ്ങള്‍ക്ക് മുന്നിലെത്തിക്കാനായെങ്കില്‍, ഇത് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉദ്യാനമാണ്, അതില്‍ നിന്നൊരു റോസാപ്പൂവെങ്കിലും നിങ്ങള്‍ക്ക് സമ്മാനിക്കാനായെങ്കില്‍, ഇത് ഫലവൃക്ഷങ്ങളുടെ സമൃദ്ധിയില്‍ തുളുമ്പിനില്‍ക്കുന്ന തോട്ടമാണ്, അതില്‍ നിന്നൊരു കനിയെങ്കിലും നിങ്ങള്‍ക്ക് നല്‍കാനായെങ്കില്‍. ഇത് നിതാന്ത വിസ്മയങ്ങളുടെ അത്ഭുതച്ചെപ്പാണ്, അതില്‍ നിന്നൊരു കുന്നിമണിയെങ്കിലും നിങ്ങള്‍ക്കായി ശേഖരിക്കാനാകുമെങ്കില്‍....അതേയുള്ളൂ പ്രാര്‍ഥന.
ലണ്ടനില്‍ മാത്രമല്ല, ഇംഗ്ലണ്ടിലെമ്പാടും ഒളിമ്പിക്‌സാണ്. സെയിലിങ് നടക്കുന്നത് ലണ്ടനില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. ഫുട്‌ബോള്‍ ബ്രിട്ടനിലെ പ്രശസ്തമായ ഗ്രൗണ്ടുകളിലെല്ലാമുണ്ട്. 36 ലോകചാമ്പ്യന്‍ഷിപ്പുകളാണ് ഒരു കുടക്കീഴില്‍ ഒറ്റയടിക്ക് സാധ്യമാകാന്‍ പോകുന്നത്. കാറ്റത്ത് മാമ്പഴം വീഴുന്നതുപോലെ മെഡലുകള്‍ ഉതിര്‍ന്നുകൊണ്ടിരിക്കും. മറുവശത്ത്, മെഡല്‍നഷ്ടങ്ങളുടെ കണ്ണീര്‍പൊഴിയലുകളും കാണാം. സ്പന്ദനങ്ങളും ആനന്ദങ്ങളും, തേങ്ങലുകളും ഘോഷങ്ങളും, സങ്കടങ്ങളും സന്തോഷങ്ങളും, ഉല്ലാസങ്ങളും ഉന്‍മാദങ്ങളും, കുതിപ്പുകളും കിതപ്പുകളും, നിശ്ശ്വാസങ്ങളും നെടുവീര്‍പ്പുകളും, അതിവേഗങ്ങളും അത്യുന്നതങ്ങളും, അതിമോഹങ്ങളും അതിദുഖങ്ങളും, സ്വര്‍ഗങ്ങളും നരകങ്ങളും, നിറകണ്ണുകളും നിറകണ്‍ചിരികളും...എല്ലാമെല്ലാം ഇംഗ്ലീഷ് ആകാശത്തിന് കീഴില്‍ സംഭവിക്കാന്‍ പോകുന്നു.
എല്ലായിടത്തും ഓടിയെത്തുക അസാധ്യം. എങ്കിലും ആകാശം വാരിപ്പിടിക്കാനെന്നപോലെ ഒരു ചാട്ടത്തിന് മുതിരുകയാണ്. പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ക്ക് വേണ്ടതില്‍ എന്റെ കണ്ണും മനസ്സും പതിയാന്‍ പ്രാര്‍ഥിക്കണേ....
ലണ്ടന്‍ ഒളിമ്പിക്‌സിനെ കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകളും ഈ പംക്തിയെ കുറിച്ചുള്ള അഭിപ്രായങ്ങളും അറിയിക്കുക babyolympics2012@gmail.com
|
|
Other stories in this section:
|
|