|
കാലത്തിന്റെ കരുത്തുമായി 'കറുത്തസുന്ദരി '
Posted on: 22 Jul 2012
വി. രാജഗോപാല്‍

മറ്റൊരു ഒളിമ്പിക്‌സിന് ലണ്ടനില്‍ അരങ്ങുണരുന്നു. എല്ലാ 'കൗണ്ട് ഡൗണുകളും' തീരുകയാണ്. പുതിയ ചാമ്പ്യന്മാരുടെ ഉദയംകാണാന്‍ കായികലോകം കാത്തുനില്‍ക്കുമ്പോള്‍ യുവത്വത്തിന്റെ പോരാട്ടങ്ങളുടെ നിത്യവിസ്മയമായി അവളും കടന്നുവരുന്നു. ട്രാക്കിലെ ഇതിഹാസമാണവള്‍. വളരുന്ന തലമുറയ്ക്ക് മുഴുവനും ആവേശം പകര്‍ന്നുകൊണ്ട് കാലത്തിന്റെ പടവുകളിലൂടെ ചരിത്രത്തിന്റെ നിത്യതയിലേക്ക്. അനന്യമായ കരുത്തിന്റെയും ഇച്ഛാശക്തിയുടെയും സമര്‍പ്പണത്തിന്റെയും ഉജ്ജ്വലപ്രതീകമായി അവള്‍ അമ്പത്തിരണ്ടാം വയസ്സിലും ഓടുകയാണ് -ജമൈക്കയുടെ 'കറുത്ത സുന്ദരി' മെര്‍ലിന്‍ ജോയ്‌സ് ഓട്ടി.
ഇനി ഇങ്ങനെയൊരു അത്‌ലറ്റിനെ കാണാന്‍ കാലം എത്രനാള്‍ കാത്തിരിക്കണം? കഴിയുമെന്ന് തോന്നുന്നില്ല. വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതംപോലെ. ഒളിമ്പിക് ട്രാക്കുകളില്‍ പതിഞ്ഞ കാല്പാടുകളിലൂടെ അവള്‍ ഏറെ ദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഒളിമ്പിക് സ്വര്‍ണംപോലും അവളില്‍നിന്ന് ഏറെ അകലെയാണെങ്കിലും എക്കാലത്തെയും വലിയ വനിതാ സ്പ്രിന്ററായി ഒളിമ്പിക് ട്രാക്കുകളെ അവള്‍ കോരിത്തരിപ്പിക്കുന്നു. സ്റ്റാര്‍ട്ടിങ് ബ്ലോക്കുകളില്‍ കൊളുത്തുന്ന അഗ്‌നിജ്വാലകള്‍ ഫിനിഷിങ് പോയന്റുകളിലെ സ്‌ഫോടനങ്ങളായി ഗാലറികളെ ഇളക്കിമറിക്കുന്ന മെര്‍ലിനോട് ഒപ്പം നില്‍ക്കാന്‍ മെര്‍ലിന്‍ മാത്രമേയുള്ളൂ.
എന്നാണ് ആദ്യം കാണുന്നത്? ശരിക്കും ഓര്‍മയുണ്ട്. മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് മോസ്‌കോ ഗെയിംസിനിടയില്‍ സെന്‍ട്രല്‍ ലെനിന്‍ സ്റ്റേഡിയത്തില്‍. അവിടെ അന്ന് ഞങ്ങള്‍- മൂന്നുപേരുടെ 'കരിയര്‍' ഒന്നിച്ചുതുടങ്ങുന്നു. കായികലോകം കണ്ണിമയ്ക്കാതെ നോക്കിനിന്ന ഇരുന്നൂറ് മീറ്റര്‍ സ്പ്രിന്റ് പോരാട്ടമായിരുന്നു മെര്‍ലിന്. ഞാനാകട്ടെ ഒളിമ്പിക് പ്രസ്സ് ബോക്‌സിലെ ആള്‍ക്കൂട്ടത്തില്‍ തനിയെ. ഇന്ത്യയുടെ ഒരു ഭാഷാ പത്രലേഖകന് എത്തിച്ചേരാനാവാത്ത കായിക വാര്‍ത്തകളുടെ ലോകത്ത് അപരിചിതത്വത്തിന്റെ വെല്ലുവിളികള്‍. ഒളിമ്പിക് ട്രാക്കിലാദ്യമായി ഒരു മലയാളി പെണ്‍കുട്ടി- പി.ടി.ഉഷ ഓടുന്നത് കൊച്ചു കേരളത്തിന്റെ കണ്ണുകളായി കണ്ട ക്രെഡിറ്റുമായി 'പുതിയ ദൂരങ്ങളും ഉയരങ്ങളും വേഗങ്ങളും' തേടുകയായിരുന്നു. ഉഷ നൂറ് മീറ്റര്‍ ഹീറ്റ്‌സില്‍ ഏറ്റവുമൊടുവിലായി പുറന്തള്ളപ്പെട്ടതിന്റെ പിറ്റേന്ന് ജര്‍മന്‍കാരി ബാര്‍ബെല്‍ വോക്കര്‍ക്കും സോവിയറ്റ് താരം നട്യാല വൊച്ചിനക്കും പിന്നില്‍ മെര്‍ലിന് ആദ്യ ഒളിമ്പിക് മെഡല്‍-ഓട്! 400 മീറ്റര്‍ റിലേയില്‍ ആറാം സ്ഥാനം. മെര്‍ലിന് മാത്രമല്ല, അതൊരു വല്ലാത്ത തുടക്കമായിരുന്നു- മൂന്നു പേര്‍ക്കും. പിന്നീടാരും തിരിഞ്ഞുനോക്കിയില്ലെന്നും പറയാം.
മെര്‍ലിന് അന്ന് പ്രായം ഇരുപത്. നാല് കൊല്ലം മുമ്പ് മോണ്‍ട്രിയല്‍ ഗെയിംസില്‍ സ്പ്രിന്റ് സ്വര്‍ണം നേടിയ നാട്ടുകാരന്‍ ഡോണ്‍ക്വാറിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട മെര്‍ലിന്‍ കൊടുങ്കാറ്റായി. പതിനാറാം വയസ്സില്‍ ലെനിന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ജനക്കൂട്ടത്തെ കണ്ടമ്പരന്ന ഉഷയാകട്ടെ ഡല്‍ഹി ഏഷ്യാഡിനുള്ള ഊര്‍ജം നേടിയെടുക്കുകയായിരുന്നു. ഇരുപത്തിയെട്ടുകാരനായ മലയാളി ഒളിമ്പിക് ലേഖകന്റെ അരങ്ങേറ്റത്തില്‍ വിജയകരമായ പോരാട്ടങ്ങള്‍ പകര്‍ന്ന ആവേശം ചെറുതായിരുന്നില്ല. മുന്നില്‍ തുറന്നുകിട്ടിയത് വാര്‍ത്തകളുടെ അത്ഭുതപ്രപഞ്ചം. അതിവേഗത്തില്‍ മാറിമാറിവന്ന വാര്‍ത്താവിനിമയരംഗത്തെ വെല്ലുവിളികള്‍ ഉറച്ചുനിന്ന് നേരിടാനായപ്പോള്‍ സ്വയം മറന്ന് ഒഴുകിയൊഴുകിപ്പോയ പകലുകള്‍, രാത്രികള്‍. രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും വര്‍ണങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം 'ലോകയുവത്വം' ഒത്തുചേരുന്നത് പുതിയൊരു അനുഭവമായിരുന്നു. പുറംലോകത്തോടുള്ള കാഴ്ചപ്പാടിലും സമീപനത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്ന സോവിയറ്റ് നാളുകള്‍.
1984-ലെ ലോസ് ഏഞ്ചലസ് ഗെയിംസ് അമേരിക്കന്‍ മണ്ണില്‍ ഒരു പടികൂടി മുന്നോട്ടുപോയി -മെര്‍ലിന് രണ്ട് ഓട്ടുമെഡല്‍. അമേരിക്കക്കാരികളായ ജാവ്‌ലിന്‍ ആഷ്‌ഫോര്‍ഡിനും ആലിസ് ബ്രൗണിനും പിന്നില്‍ നൂറ് മീറ്ററില്‍ ഓട്. 200 മീറ്ററിലും എതിരാളി അമേരിക്ക തന്നെ. വലേരി ബ്രിസ്‌ക്കോഹുക്‌സും 'ഫ്ലോ ജോ'യും. 400 മീറ്റര്‍റിലേയില്‍ എട്ടാം സ്ഥാനം. ഓട്ടത്തിനുശേഷം കൊളീഷ്യത്തില്‍ വന്ന മെര്‍ലിന് ഏറെനേരം സംസാരിക്കാനേ കഴിഞ്ഞില്ല- അത്രയ്ക്കും തകര്‍ന്നുപോയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യത്തിന്റെ ഗെയിംസായിരുന്നു 1988-ല്‍ സോളിലേത്. 200 മീറ്ററില്‍ നാലാം സ്ഥാനം മാത്രം. കാത്തുനിന്ന പത്രക്കാര്‍ക്ക് മെര്‍ലിന്‍ പിടികൊടുത്തതേയില്ല.
ഗെയിംസ് 1992-ല്‍ ബാര്‍സലോണയിലെത്തുമ്പോള്‍ നിര്‍ഭാഗ്യം ബാക്കിനിന്നു. എങ്കിലും ഒളിമ്പിക് ഗ്രാമത്തില്‍ ചുറ്റിക്കറങ്ങവെ മെര്‍ലിന് കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്നു തോന്നി. നൂറ് മീറ്ററില്‍ അഞ്ചാം സ്ഥാനത്ത്. ഇരുന്നൂറ് മീറ്ററില്‍ ഓട്ടുമെഡല്‍ വീണ്ടെടുത്തത് മാത്രം മെച്ചം. 1996 ശതാബ്ദി ഗെയിംസ് അത്‌ലാന്റയില്‍ അരങ്ങേറിയപ്പോള്‍ നൂറ് മീറ്റര്‍ ഫൈനലില്‍ നിര്‍ഭാഗ്യം അരങ്ങുതകര്‍ത്തു- അമേരിക്കക്കാരി ഗെയ്ല്‍ ഡൈവേഴ്‌സിനൊപ്പം തീപ്പൊരി പാറിയ ഫിനിഷിങ്ങില്‍ ഇരുവരും 10.94 സെക്കന്‍ഡില്‍ ഓടിയെത്തിയിട്ടും സെക്കന്‍ഡിന്റെ ആയിരങ്ങളുടെ അംശത്തിനാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ ഒരു മീറ്ററോളം മെര്‍ലിനെ പിന്തള്ളിയ ഗെയ്ല്‍ ഡൈവേഴ്‌സിനെ അവസാന ഇരുപത് മീറ്ററില്‍ അട്ടിമറിച്ചെങ്കിലും തീരുമാനം ആതിഥേയര്‍ക്കനുകൂലമായിരുന്നു- കാലം പൊറുക്കാത്ത ക്രൂരതയായിരുന്നു അമേരിക്കക്കാരുടേത്.
ഇരുന്നൂറ് മീറ്റര്‍ ഫൈനലിലാകട്ടെ മേരി ജോസ് പെരകിന് പിന്നില്‍ വെള്ളിമെഡല്‍. ഒളിമ്പിക് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരമാണ് സ്പ്രിന്റ് ഫൈനലുകളില്‍ നഷ്ടപ്പെട്ടതെന്ന വിലയിരുത്തലുണ്ടായി. 400 മീറ്റര്‍ റിലേയിലാകട്ടെ അമേരിക്കക്കും ബഹാമസിനും പിന്നില്‍ ഓട്ടുമെഡല്‍. റിലേയിലെ നാലാമത്തെ ഓട്ടക്കാരിയെന്ന നിലയില്‍ കണ്ടെത്തിയ 9.83 സെക്കന്‍ഡ് വേഗംകൂടിയ സമയമായി നില്‍ക്കുന്നു.
ഒടുവില്‍ ജീവിതത്തില്‍ എന്നെന്നുമോര്‍ക്കുന്ന നിര്‍ണായകദിനം-'ഡി' ഡേയുമെത്തുന്നു. ഒളിമ്പിക് ഗെയിംസിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് മാറിനില്ക്കാന്‍ സമയമായി. അറ്റ്‌ലാന്റ ജോര്‍ജിയടെക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ വീണുകിട്ടിയ ഇടവേളയില്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ലോകം ഒരു കൈക്കുമ്പിളിലെന്നോണം. തൃപ്തിയായി.
പതിനാറു വര്‍ഷം. മോസ്‌കോവില്‍നിന്നു തുടങ്ങി ലോസ് ഏഞ്ചലസിലൂടെ സോള്‍ വഴി അറ്റ്‌ലാന്റയിലെത്തുന്ന അഞ്ച് ഒളിമ്പിക്‌സുകള്‍. എത്രയോ നഗരങ്ങള്‍. ആണും പെണ്ണുമായി എത്രയോ അനല്പ കായികതാരങ്ങള്‍, അവര്‍ക്ക് ഊര്‍ജം പകരുന്ന സ്റ്റേഡിയങ്ങള്‍. തകര്‍ന്ന റെക്കോഡുകള്‍, തകരാന്‍ കാത്തുനില്ക്കുന്ന റെക്കോഡുകള്‍ വേറെ. ആധുനിക ഒളിമ്പിക്‌സിന്റെ നിര്‍ണായക വഴിത്തിരിവായി മാറിയ അറ്റ്‌ലാന്റയില്‍ വെച്ചാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ കായികതാരമായ ഉഷ ട്രാക്കില്‍നിന്നു വിടവാങ്ങുന്നത്. 1984 ലോസ് ഏഞ്ചലസ് ഗെയിംസിലെ നാനൂറ് മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് ഓട്ടുമെഡല്‍ നഷ്ടപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് കടന്നുപോയിരിക്കുന്നു. ഇവിടെനിന്നുള്ള ആവേശത്തില്‍ പിന്നീട് ഏഷ്യന്‍ അത്‌ലറ്റിക്‌സ് പിടിച്ചുകുലുക്കിയ ഉഷ സോളിലുമുണ്ടായിരുന്നു.
ബാര്‍സലോണയില്‍ മാറിനിന്നെങ്കിലും അറ്റ്‌ലാന്റയിലാണ് വിടപറയുന്നത്. മോസ്‌കോവിലെ ടെലക്‌സില്‍നിന്നു തുടങ്ങി ഫാക്‌സിലൂടെയും ഇലക്‌ട്രോണിക് മെസ്സേജിങ് സിസ്റ്റത്തിലൂടെയും ഇന്റര്‍നെറ്റിലെത്തിനില്ക്കുന്ന വാര്‍ത്താവിനിമയരംഗത്തെ വിസ്‌ഫോടനത്തില്‍ അമ്പരന്നുനിലേ്ക്ക എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പിലെ ഒരൊറ്റ ക്ലിക്കില്‍ മുന്നില്‍ തെളിയുമ്പോള്‍ കാലത്തിന് മുമ്പേ നടക്കുന്ന പുതിയ തലമുറയുടെ കാലം വന്നെത്തി. മൂന്നു ദശാബ്ദങ്ങളില്‍ കളികളുടെയും കായികതാരങ്ങളുടെയും പിന്നാലെ സമയവുമായുള്ള പന്തയത്തില്‍ കാലം ഏല്പിച്ച പരിക്കുകള്‍ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.
ട്രാക്കില്‍നിന്നു പിന്‍വാങ്ങിയ ഉഷ. ഒളിമ്പിക് പ്രസ്സ് ബോക്‌സില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ മെര്‍ലിന്‍ പതിനാറ് കൊല്ലം മുമ്പത്തെ അതേ ആവേശത്തോടെ ഓടുകയാണ്- ഓടിക്കൊണ്ടേയിരിക്കുന്നു. മോസ്‌കോവില്‍ അവളോടിത്തുടങ്ങുമ്പോള്‍ മുട്ടിലിഴഞ്ഞിരുന്നവര്‍ പിന്നീട് മെര്‍ലിനോട് ഒന്നുപൊരുതി വിസ്മൃതിയിലേക്ക് മറയുന്നു. 2000 സിഡ്‌നി ഗെയിംസില്‍ അപാര ഫോമില്‍. 11.22 സെക്കന്‍ഡില്‍ സെമിഫൈനല്‍ ജയിക്കുമ്പോള്‍ നാല്പതാം വയസ്സില്‍ നൂറുമീറ്റര്‍ ഫൈനല്‍. ഒടുവില്‍ 11.12 സെക്കന്‍ഡില്‍ നാലാം സ്ഥാനം! പിന്നീട് കാലങ്ങള്‍ക്കുശേഷം ഉത്തേജകമരുന്നിന്റെ പേരില്‍ മരിയന്‍ ജോണ്‍സിന്റെ സ്വര്‍ണം തെറിച്ചപ്പോള്‍ അത് ഒരു ഓട്ടുമെഡലായി മാറുന്നു.
ഇരുനൂറ് മീറ്ററിലാകട്ടെ തുടര്‍ച്ചയായി അഞ്ചാം ഒളിമ്പിക് ഫൈനലിനുശേഷം മാറിനിന്ന മെര്‍ലിന്‍ 400 മീറ്റര്‍ റിലെയിലെ 42.13 സെക്കന്‍ഡില്‍ ജമൈക്കക്ക് വെള്ളിമെഡല്‍ സമ്മാനിക്കുന്നു. ഏഴാം ഒളിമ്പിക്‌സിനായി 2004-ലെ ഏഥന്‍സിലെത്തുമ്പോള്‍ സ്ലൊവേനിയയ്ക്കു വേണ്ടി ട്രാക്കിലിറങ്ങിയ മെര്‍ലിന് സ്പ്രിന്റിനങ്ങളില്‍ രണ്ടിലും സെമിഫൈനലിനപ്പുറമെത്താനായില്ല. 2008 ബീജിങ് ഗെയിംസില്‍ 400 മീറ്റര്‍ റിലെയില്‍ സെക്കന്‍ഡിന്റെ ഇരുപത്തിയെട്ട് അംശത്തിലൊന്നിന് 'ക്വാളിഫൈ' ചെയ്യാതെപോയ മെര്‍ലിന്‍ ഓട്ടം അവസാനിപ്പിക്കുന്നില്ല. അവസാന ഗെയിംസിനുവേണ്ടി സ്ലൊവേനിയന്‍ വനിതാ റിലെ ടീമിലൂടെ ലണ്ടന്‍ ഒളിമ്പിക് ട്രാക്കിലെത്താന്‍ രണ്ടും കല്പിച്ച ശ്രമത്തിലുമാണ്.
2011 ഫിബ്രവരിയില്‍ 'മികച്ച തിരിച്ചുവരവിനുള്ള താര'ത്തിനുള്ള ലോറെയ്‌സ് ലോക അവാര്‍ഡിന് നോമിനേഷന്‍ നേടിയ ഓട്ടിയെ അബുദാബി എമിറേറ്റ്‌സ് പാലസില്‍ കണ്ടപ്പോള്‍ വല്ലാത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ''വരും, വരാതിരിക്കില്ല.
ഒരങ്കത്തിനുകൂടി ബാല്യമുണ്ടെ''ന്ന് കൂട്ടിച്ചേര്‍ക്കാനും അവര്‍ മറന്നില്ല. ഇത് വെറും അവകാശവാദമല്ല. പറയുന്നത് മെര്‍ലിനാണ്. രണ്ട് വ്യാഴവട്ടക്കാലത്തിനിടയില്‍ പങ്കെടുത്ത ഏഴ് ഒളിമ്പിക് ഗെയിംസുകളില്‍ അഞ്ചില്‍നിന്ന് മൂന്ന് വെള്ളിയും ആറ് ഓടുമായി ഒമ്പത് ഒളിമ്പിക് മെഡലുകള്‍ നേടിയെടുത്ത ചരിത്രത്തിലെ ഒരേയൊരു ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരമായി മെര്‍ലിന്‍ ഉയര്‍ന്നുനില്ക്കുന്നു-കാള്‍ലൂയിസിനുപോലും എത്തിപ്പിടിക്കാനാവാത്ത ബഹുമതി. ഇതിനു പുറമെയാണ് ആറ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍നിന്നായി മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഏഴ് ഓടും വേറെയും. അതുകൊണ്ടുതന്നെ മെര്‍ലിനോട് ഒപ്പംനില്ക്കാന്‍ മെര്‍ലിന്‍ മാത്രം-ഇന്നലെയും ഇന്നും മാത്രമല്ല നാളെയും മെര്‍ലിന്റേതു തന്നെ. അന്‍പത്തിരണ്ടാമത്തെ വയസ്സിലും ചരിത്രത്തിന്റെ ഇടനാഴികളിലൂടെ കാലത്തിനു മുമ്പെ മെര്‍ലിന്‍ ഓടിക്കൊണ്ടേയിരിക്കുന്നു.
|
|
Other stories in this section:
|
|