a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
ഗിഗ്‌സിന് കോച്ചാകാന്‍ മോഹം
Posted on: 20 Jul 2012

പി.ജെ.ജോസ്‌

സ്‌പോക്കസ്
ക്ലബ്ബ് തലത്തില്‍ കരിയറില്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരത്തിന് സ്വന്തമാക്കാന്‍ കഴിയുന്ന നേട്ടങ്ങളെല്ലാം കരഗതമാക്കിയ താരമാണ് റയാന്‍ ഗിഗ്‌സ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നണിപ്പോരാളിയായി നിന്ന് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഒരു താരത്തിന് സ്വന്തമാക്കാന്‍ കഴിയുന്നതെല്ലാം അദ്ദേഹം നേടി . 12 പ്രീമിയര്‍ ലീഗ് കിരീടങ്ങളും നാല് എഫ്.എ. കപ്പ് ട്രോഫികളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഇത്രയൊക്കെ നേട്ടങ്ങളുണ്ടാക്കിയിട്ടും വന്‍കിട ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ഗിഗ്‌സിനെപ്പോലൊരു പ്രതിഭയ്ക്ക് സാധിച്ചില്ലെന്നത് വിധിവൈപരീത്യമായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ ദുര്‍ബലരായ വെയ്ല്‍സ് ടീമിലെ അംഗമായിപ്പോയി എന്നതായിരുന്നു ഗിഗ്‌സിന് സംഭവിച്ച ദുര്യോഗം. താരത്തിന്റെ കരിയറിലിതുവരെ വെയ്ല്‍സ് യൂറോ കപ്പിനോ ലോകകപ്പിനോ യോഗ്യത നേടിയില്ല.

പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുക്കാതെ ഫുട്‌ബോളിനോട് വിടപറയേണ്ടി വരുമോ എന്ന ദുര്യോഗത്തിലായിരുന്നു ഗിഗ്‌സ്. ഒളിമ്പിക്‌സിനുള്ള ബ്രിട്ടീഷ് ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയതോടെ ഇത്തരമൊരു നിരാശാജനകമായ സ്ഥിതിവിശേഷത്തില്‍ നിന്ന് അദ്ദേഹം മോചിതനായിരിക്കുകയാണ്. ബ്രിട്ടീഷ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് ഗിഗ്‌സിന് ലഭിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന് ഇരട്ടി നേട്ടവുമായി.

ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായാണ് വെയ്ല്‍സ്ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. ഇതാണ് ഗിഗ്‌സിന് ഒളിമ്പിക്‌സ് ടീമിലേക്കുള്ള വഴി തുറന്നത്. ഗിഗ്‌സിനെക്കൂടാതെ ജോ അലന്‍, ക്രെയ്ഗ് ബെല്ലാമി, ആരണ്‍ റാംസേ,നീല്‍ ടെയ്‌ലര്‍ എന്നീ വെയ്ല്‍സ് താരങ്ങളും ബ്രിട്ടന്റെ ഒളിമ്പിക്‌സ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

കരിയറിലെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റിനെ ഏറേ പ്രതീക്ഷയോടെയാണ് ഗിഗ്‌സ് കാണുന്നത്. ടൂര്‍ണമെന്റില്‍ ബ്രിട്ടനെ വിജയത്തിലെത്തിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള ഒരു ചുവടുവെപ്പായും താരം ഈ അവസരത്തെ കാണുന്നു.

പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം കോച്ചിങ് രംഗത്തേക്ക് തിരിയാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ തീരുമാനം. കഴിഞ്ഞ സീസണില്‍ യുവേഫയുടെ കോച്ചിങ് എ ലൈസന്‍സ് താരം നേടിയിരുന്നു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം കോച്ച് സ്റ്റുവര്‍ട്ട് പിയേഴ്‌സില്‍ നിന്ന് തന്ത്രങ്ങള്‍ മനസ്സിലാക്കാമെന്ന പ്രതീക്ഷയിലാണ് ഗിഗ്‌സ്. ഇതിനൊപ്പം മറ്റു കായിക ഇനങ്ങളില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ടീമുകളുടെ രീതികളും താരം മനസ്സിലാക്കും.

ഭാവിയില്‍ മികച്ച ഒരു പരിശീലകനാകാന്‍ ഇതൊക്കെ തന്നെ സഹായിക്കുമെന്ന വിശ്വാസം ഗിഗ്‌സിനുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും വെയ്ല്‍സ് ടീമിന്റെയും ഭാവി പരിശീലകനായാണ് ഗിഗ്‌സ് വിലയിരുത്തപ്പെടുന്നത്.

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.