|
മോണിക് ഗ്ലാഡിങ് ലണ്ടന്റെ ഡാര്‍ലിങ്
Posted on: 18 Jul 2012
പി.ടി. ബേബി
മരണത്തിലേക്ക് ഊളിയിടുകയായിരുന്നു മോണിക് ഗ്ലാഡിങ്. ഡൈവിങ് പ്ലാറ്റ്‌ഫോമില്‍ തലയടിച്ചുവീണ് ബോധരഹിതയായി അവര്‍ വെള്ളത്തിലേക്ക് ജീവച്ഛവം പോലെ താഴ്ന്നു. മോണിക് തലയടിച്ച് വീഴുന്നതുകണ്ട ബ്രിട്ടീഷ് ഡൈവിങ്താരം നിക്ക് റോബിന്‍സണ്‍ ബേക്കറിനുമുന്നില്‍ മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല. ഡൈവിങ് പൂളിലേക്ക് എടുത്തുചാടിയ നിക്കിന് വെള്ളത്തിനടിയില്‍നിന്നാണ് മോണിക്കിനെ കിട്ടിയത്. മോണിക്കിന്റെ ഭര്‍ത്താവും പരിശീലകനുമായ സ്റ്റീവ് ഗ്ലാഡിങ്ങും റഷ്യന്‍ കോച്ച് സെര്‍ജി കുറ്റ്‌സ്മനോവും അതിനിടെ വെള്ളത്തിലേക്ക് ചാടി. ഇരുവരും ചേര്‍ന്ന് മോണിക്കിനെ കരയ്‌ക്കെത്തിക്കുമ്പോള്‍, ബ്രിട്ടീഷ് ഡൈവിങ് താരം മരിച്ചെന്ന ആശങ്കയിലായിരുന്നു ചുറ്റും നിന്നവര്‍.
2011 ഫിബ്രവരി 26. റഷ്യയിലെ പെന്‍സ നഗരത്തില്‍ നടന്ന വേള്‍ഡ്കപ്പ് ഡൈവിങ് ചാമ്പ്യന്‍ഷിപ്പില്‍ സിംക്രണൈസ്ഡ് ഡൈവിങ്ങില്‍ മത്സരിക്കുകയായിരുന്നു മോണിക് ഗ്ലാഡിങ്. സിംക്രണൈസ്ഡ് ഡൈവിങ്ങിന്റെ മലക്കം മറിച്ചിലിന് ഓടിയെത്തിയ മോണിക് പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുനിന്ന് മുകളിലേക്കുയര്‍ന്നെങ്കിലും തിരിച്ച് അതേ പ്ലാറ്റ്‌ഫോമില്‍ തലയടിക്കുകയായിരുന്നു. തലയോട്ടി പിളര്‍ന്ന് ചോരചീറ്റിയാണ് മോണിക് വെള്ളത്തിലേക്ക് പതിച്ചത്. ബേക്കറും സ്റ്റീവും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച മോണിക്കിന് കൃത്രിമശ്വാസം നല്‍കി ആസ്പത്രിയിലേക്ക് മാറ്റി.
ഭാര്യയെ വെള്ളത്തില്‍നിന്ന് വാരിയെടുക്കുമ്പോള്‍, മോണിക് മരിച്ചെന്നുതന്നെയാണ് താന്‍ കരുതിയതെന്ന് പിന്നീട് സ്റ്റീവ് ഗ്ലാഡിങ് പറഞ്ഞു. 18 ഇഞ്ച് കനമുള്ള കോണ്‍ക്രീറ്റില്‍ തലയടിച്ച് വീഴുകയും അബോധാവസ്ഥയില്‍ ഇരുപതു സെക്കന്‍ഡോളം വെള്ളത്തിനടിയില്‍ കിടക്കുകയും ചെയ്ത മോണിക്കിനെ നെഞ്ചോടുചേര്‍ത്ത സ്റ്റീവിന് എന്തുചെയ്യണമെന്നുപോലും അറിയാത്ത നിലയിലായിരുന്നു. ബേക്കറും കുറ്റ്‌സ്മനോവും ബ്രിട്ടീഷ് ടീമിലെ മറ്റൊരു വനിതാ താരവും ചേര്‍ന്നാണ് മോണിക്കിനെ ചോരയില്‍ച്ചുവന്ന പൂളില്‍നിന്ന് വലിച്ചുയര്‍ത്തിയത്.
മോണിക് അബോധാവസ്ഥയില്‍ വെള്ളത്തിലേക്ക് മുങ്ങിത്താണപ്പോഴും കൂടെ ഡൈവ് ചെയ്ത ടീമംഗം മേഗന്‍ സില്‍വസ്റ്റര്‍ ഇതൊന്നുമറിഞ്ഞതേയില്ല. വെള്ളത്തില്‍ ഊളിയിട്ടുയര്‍ന്ന മേഗന്‍ കൂട്ടുകാരിയെ പരതുമ്പോള്‍, മോണിക് അടിത്തട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.
മരണമുഖത്തേക്ക് ഊളിയിട്ട മോണിക്കിന് തിരിച്ചുവരവുണ്ടാകില്ലെന്ന് കരുതിയവരേറെയാണ്. എന്നാല്‍, അപകടം നടന്ന് രണ്ടുമാസത്തിനകം പരിശീലന വേദിയില്‍ തിരിച്ചെത്തിയ മോണിക് ഒരുവര്‍ഷം തികയുന്നതിനുമുന്നെ അടുത്ത ലോകകപ്പില്‍ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിങ്ങില്‍ മത്സരിച്ചു. കായികവേദിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ മാതൃകയായി മോണിക് വാഴ്ത്തപ്പെട്ടു. ഒളിമ്പിക്‌സില്‍ മത്സരിക്കുകയെന്ന ആത്യന്തികമായ ലക്ഷ്യത്തിലേക്ക് മോണിക് അതിവേഗമാണ് കുതിച്ചെത്തിയത്. ലണ്ടനില്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനായില്ലെങ്കില്‍, അതിലും ഭേദം മരണമെന്ന വിശ്വാസത്തിലായിരുന്നു മോണിക്.
ആ ദൃഢനിശ്ചയം വിജയിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള 12 അംഗ ഡൈവിങ്ടീമില്‍ മോണിക് ഇടം നേടി. ഷെഫീല്‍ഡില്‍ ജൂണ്‍ ആദ്യം നടന്ന ബ്രിട്ടീഷ് ഗ്യാസ് ഡൈവിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്ലാറ്റ്‌ഫോം ഡൈവിങ്ങില്‍ മൂന്നാമതെത്തിയാണ് മോണിക് യോഗ്യത സ്വന്തമാക്കിയത്.
യഥാര്‍ഥത്തില്‍ ആദ്യ രണ്ടുസ്ഥാനക്കാര്‍ക്കായിരുന്നു യോഗ്യത. ഒന്നാമതെത്തിയ സ്റ്റേസി പവലിനു പിന്നാലെ മോണിക്കിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത് അവിശ്വസനീയമായ അവരുടെ തിരിച്ചുവരവിനുള്ള അംഗീകാരമെന്ന നിലയ്ക്കാണ്. രണ്ടാം സ്ഥാനക്കാരിയായ ടോണിയ കൗച്ച് ഇതിനെതിരെ അപ്പീല്‍ കൊടുത്തിരുന്നെങ്കിലും അത് വിജയിച്ചില്ല. സിംക്രണൈസ്ഡ് ഡൈവിങ്ങില്‍ മത്സരിക്കുന്ന ടോണിയ കൗച്ച് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീം ജി.ബി. സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.
|
|
Other stories in this section:
|
|