a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ജീന്‍ ഡോപ്പിങ്ങിനെ പേടിച്ച് കായികലോകം
Posted on: 18 Jul 2012


ലണ്ടന്‍: കൂടുതല്‍ വേഗത്തിലും ഉയരത്തിലും കരുത്തിലും മുന്നേറുകയെന്നതാണ് ഒളിമ്പിക്‌സിന്റെ മുദ്രാവാക്യം. എന്നാല്‍, മനുഷ്യസാധ്യമായ പരിധിയോട് റെക്കോഡുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മരുന്നോ, ജനിതക ഡോപ്പിങ്ങോ പോലുള്ള കൃത്രിമ മാര്‍ഗങ്ങളിലൂടെയല്ലാതെ ഇനിയുമേറെ വേഗത്തിലും ഉയരത്തിലും എത്താന്‍ മനുഷ്യനാവില്ലെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞരിലെ ഒരുവിഭാഗം. ജനിതക ഡോപ്പിങ്ങിനെയാണ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ വിഭാഗം (വാഡ) ഏറ്റവുമധികം പേടിക്കുന്നത്. ജനിതക ഉത്തേജകങ്ങളുടെ സഹായത്താല്‍ മനുഷ്യസാധ്യമായതിനപ്പുറമുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞേക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. അമാനുഷിക പ്രകടനം ഏതു കോണില്‍ നിന്നുണ്ടായാലും അതു സംശയത്തിന്റെ നിഴലിലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. പേരിനും പ്രശസ്തിക്കും ഊന്നല്‍ കൊടുക്കുന്ന അത്‌ലറ്റുകള്‍ ഏതു കൂറുക്കുവഴി ഉപയോഗിച്ചും അതു നേടാന്‍ ശ്രമിക്കും. അതുകൊണ്ടു തന്നെ ജനിതക ഉത്തേജകങ്ങളെ തള്ളിക്കയാനുമാവില്ല. ഏതെങ്കിലും പ്രത്യേക പ്രകടനത്തെ സഹായിക്കുന്ന കൃത്രിമ വൈറസുകളെ സൃഷ്ടിച്ച് അവയുടെ സഹായത്തില്‍ മികച്ച സമയമോ ദൂരമോ ഉയരമോ മറ്റോ കൂട്ടാനായേക്കാം. അതാരെങ്കിലും തുടങ്ങിക്കഴിഞ്ഞോയെന്ന് ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്

കാലത്തിനും കരുത്തിനും കീഴടങ്ങാതെ നില്‍ക്കുന്ന ഒട്ടേറെ റെക്കോഡുകളുണ്ട്. അതിലൊന്നാണ് പുരുഷ വിഭാഗത്തിലെ ലോങ്ജമ്പ് റെക്കോഡ്. 1991-ല്‍ അമേരിക്കന്‍ താരം മൈക്ക് പവലാണ് 8.95 മീറ്റര്‍ ചാടി റെക്കോഡിട്ടത്. അതുതന്നെ 1968-ല്‍ അമേരിക്കയുടെ ബോബ് ബീമന്‍ സ്ഥാപിച്ച 8.90 മീറ്ററിന്റെ റെക്കോഡ് മറികടന്ന്. ബീമന്റെ റെക്കോഡ് 23 വര്‍ഷം നിലനിന്നെങ്കില്‍, പവലിന്റേത് ഇതുവരെ 21 വര്‍ഷവും പിന്നിട്ടു. സോവിയറ്റ് താരം ഗാലിന ചിസ്റ്റിയക്കോവ 1988-ല്‍ സ്ഥാപിച്ച 7.52 മീറ്ററിന്റെ റെക്കോഡാണ് വനിതകളില്‍ ഇന്നും ചരിത്രമായി നില്‍ക്കുന്നത്.

പോള്‍വോള്‍ട്ടില്‍ സെര്‍ജി ബൂബ്ക റെക്കോഡുകള്‍ ഒന്നിനു പിന്നാലെ ഒന്നായി തകര്‍ത്തുകൊണ്ടിരുന്ന താരമാണ്. എന്നാല്‍, 1994-ല്‍ ബൂബ്ക സ്ഥാപിച്ച 6.14 മീറ്ററിന്റെ റെക്കോഡ് ഇന്നും ഭദ്രമായി നില്‍ക്കുന്നു. ഇനിയുമുണ്ട് ഇനി സാധ്യമല്ലെന്ന് കരുതുന്ന പ്രകടനങ്ങള്‍. ജാവലിന്‍ ത്രോയില്‍ ചെക്ക് റിപ്പബ്ലിക് താരം യാന്‍ സെലസ്‌നി 1996-ല്‍ കണ്ടെത്തിയ 98.48 മീറ്റര്‍, ഹാമര്‍ ത്രോയില്‍ സോവിയറ്റ് താരം യൂറി സെഡിഖ് 1986-ല്‍ നടത്തിയ 86.74 മീറ്റര്‍ പ്രകടനം ഡിസ്‌കസ് ത്രോയില്‍ കിഴക്കന്‍ ജര്‍മനിയുടെ യര്‍ഗന്‍ ഷൂല്‍ട്‌സ് 1986-ല്‍ സ്ഥാപിച്ച 74.08 മീറ്റര്‍ പ്രകടനം, ഷോട്ട്പുട്ടില്‍ അമേരിക്കയുടെ റാന്‍ഡി ബാണ്‍സ് 1990-ല്‍ സ്ഥാപിച്ച 23.12 മീറ്റര്‍ പ്രകടനം, ട്രിപ്പിള്‍ ജമ്പില്‍ 1995-ല്‍ ബ്രിട്ടന്റെ ജോനാഥന്‍ എഡ്വേര്‍ഡ്‌സ് തീര്‍ത്ത 18.29 മീറ്റര്‍, ഹൈജമ്പില്‍ ക്യൂബയുടെ ഹാവിയര്‍ സോട്ടോമേയര്‍ 1993-ല്‍ ചാടിയ 2.45 മീറ്റര്‍, വനിതകളുടെ 100 മീറ്ററിലും (20.49സെ.) 200 മീറ്ററിലും (21.34സെ.) അമേരിക്കന്‍ താരം ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ 1988 സോള്‍ ഒളിമ്പിക്‌സില്‍ കുറിച്ച റെക്കോഡ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ കെവിന്‍ യങ് സ്ഥാപിച്ച 46.78 സെക്കന്‍ഡ് എന്നിവ ഇന്നും സുരക്ഷിത തീരത്തുനില്‍ക്കുന്നു.

യഥാര്‍ഥത്തില്‍ പുരുഷവിഭാഗം സ്പ്രിന്റിനങ്ങളിലല്ലാതെ കഴിഞ്ഞ ദശാബ്ദത്തിനിടെ റെക്കോഡുകള്‍ വളരെ അപൂര്‍വമായി മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇത് പുരുഷ വിഭാഗത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. വനിതകളിലും പ്രായപൂര്‍ത്തിയായ റെക്കോഡുകളാണ് ഏറെയും. ഫ്ലോറന്‍സ് ഗ്രീഫിത്ത് ജോയ്‌നറെയും ജാക്കി ജോയ്‌നര്‍ കേഴ്‌സിയെയും പോലെ നിത്യഹരിത താരങ്ങളും അവിടെയുണ്ട്. മനുഷ്യ സാധ്യമായ പ്രകടനങ്ങള്‍ ഇതിനിടെ വന്നുകഴിഞ്ഞുവെന്നും ഇനി റെക്കോഡുകള്‍ പിറക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. റെക്കോഡുകള്‍ പിറന്നാല്‍ത്തന്നെ വളരെ നേരീയ വ്യത്യാസമാണ് അവയ്ക്കിടയിലുള്ളത്. ഇത്, പ്രകടനങ്ങള്‍ പരിധിയിലെത്തിയെന്നതിന് തെളിവാണെന്ന് ഷെഫീല്‍ഡ് ഹാലേം സര്‍വകലാശാലയിലെ സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് റിസര്‍ച്ച് ഡയറക്ടര്‍ സ്റ്റീവ് ഹാക്ക് പറയുന്നു.

1896-ലെ ആദ്യ ഒളിമ്പിക്‌സ് മുതലുള്ള താരങ്ങളുടെ പ്രകടനം വിലയിരുത്തിയ പാരീസിലെ ഇന്‍സെപ് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകന്‍ ഗ്രിഗറി ബെര്‍ത്തലോട്ടിന്റെ വിലയിരുത്തലും സമാനമാണ്. പ്രകടനപരിധിയുടെ 99 ശതമാനവും ആര്‍ജിച്ചുകഴിഞ്ഞതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 2027 ആകുന്നതോടെ, എല്ലാ കായിക ഇനങ്ങളിലും റെക്കോഡുകള്‍ പൂര്‍ണതയിലെത്തുമെന്നാണ് ബെര്‍ത്തലോറ്റിന്റെ അനുമാനം.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന്റെയും യോഹാന്‍ ബ്ലെയ്ക്കിന്റെയും വേഗപ്പോരിന് കാത്തിരിക്കുന്ന സ്പ്രിന്റ് പ്രേമികള്‍ക്കുമുണ്ട് മുന്നറിയിപ്പ്. 100 മീറ്റര്‍ ഓട്ടമാണ് മനുഷ്യന്റെ പരമാവധി വേഗത്തിന്റെയും കരുത്തിന്റെയും പരിധിയായി നിശ്ചയിക്കപ്പെട്ടയിനം. ഇതില്‍ 9.4 സെക്കന്‍ഡിനപ്പുറം മനുഷ്യന് ആര്‍ജിക്കാനാവില്ലെന്ന് ബ്ലൂംസ്ബര്‍ഗ് സര്‍വകലാശാലയിലെ റേസ നൗബറി പറയുന്നു. 9.58 സെക്കന്‍ഡിന്റെ ലോകറെക്കോഡ് സ്വന്തമാക്കിയ ബോള്‍ട്ടിന്റെ ഉന്നം 9.4 സെക്കന്‍ഡാണ്.

ഉത്തേജക മരുന്നുപോലുള്ള കുറുക്കുവഴികള്‍ക്കുമാത്രമേ ഇനിയുള്ള കാലത്ത് അമാനുഷിക പ്രകടനങ്ങള്‍ക്ക് വഴിയൊരുക്കാനാവൂ എന്ന് വിശ്വസിക്കുന്നവരേറെയാണ്. എന്നാല്‍, ഉത്തേജക പരിശോധനകള്‍ കര്‍ശനമായതോടെ, ജനിതക ഡോപ്പിങ് പോലുള്ള അന്ത്യന്താധുനിക മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ് കായികരംഗത്തെ സൂത്രശാലികളെന്നും റിപ്പോര്‍ട്ടുണ്ട്. നീന്തലില്‍ അടുത്തിടെ രംഗത്തുവരികയും റെക്കോഡുകളുടെ പെരുമഴയ്ക്കിടയാക്കുകയും ചെയ്ത ഫുള്‍ ബോഡി സ്യൂട്ടുകള്‍ സാങ്കേതികതയുടെ വരവ് പ്രകടനത്തെ സഹായിക്കുന്നതിന് തെളിവായി ശാസ്ത്രലോകം ഉയര്‍ത്തിക്കാട്ടുന്നു. 2008-ല്‍ 29-ഉം 2009-ല്‍ 47-ഉം റെക്കോഡുകള്‍ക്കാണ് ഫുള്‍ ബോഡി സ്യൂട്ട് വഴിവെച്ചത്. ഇത് നിരോധിച്ചതോടെ, നീന്തലിലെ റെക്കോഡുകളും നിലച്ചു.

ഉത്തേജക മരുന്നുപോയഗിച്ചാല്‍ അവ തിട്ടപ്പെടുത്താനുള്ള സംവിധാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ജനിതക ഡോപ്പിങ് കണ്ടുപിടിക്കാന്‍ ഇതുവരെ സംവിധാനങ്ങളായിട്ടില്ല. ഏതെങ്കിലും അത്‌ലറ്റ് ഈ മാര്‍ഗത്തിലൂടെ നേട്ടം കൊയ്തതായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഏതെങ്കിലും താരം അതുപയോഗിക്കുന്നുണ്ടെങ്കില്‍ അവരതു ചെയ്യുന്ന രീതി മനസ്സിലാവണം. അല്ലെങ്കില്‍ ആ വിവരം ആരെങ്കിലും ചോര്‍ത്തി നല്കണം. അങ്ങനെയായാലേ പ്രതിവിധി കണ്ടെത്താനാവൂ. ഒരുവേള വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും ഒരു താരം ജനിതക ഉത്തേജക മാര്‍ഗമുപയോഗിച്ചിരുന്ന കാര്യം ശാസ്ത്രീയമായി തിരിച്ചറിയുക. ഉത്തേജക പരിശോധനയ്‌ക്കെടുക്കുന്ന സാമ്പിളുകള്‍ ദീര്‍ഘകാലം സൂക്ഷിക്കുമെന്നതിനാല്‍ വൈകിയാണെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനാവും.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.