a mathrubhumi initiative
IST:
ഹോം   ഫുട്‌ബോള്‍  
യുണൈറ്റഡിനോട് ബെര്‍ബറ്റോവ് ബൈ ബൈ പറയുമോ?
Posted on: 18 Jul 2012

പി .വി. സുരാജ്‌


പുതിയ ഫുട്‌ബോള്‍ സീസണില്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമായിരിക്കെ പ്രമുഖ താരങ്ങളെല്ലാം ക്ലബ്ബുകളില്‍നിന്ന് മറ്റു ക്ലബ്ബുകളിലേക്ക് മാറാനുള്ള നീക്കത്തിലാണ്.

ആരാധകരെയും അധികൃതരെയും ഞെട്ടിപ്പിക്കുന്ന പല തീരുമാനങ്ങളും വന്നുകൊണ്ടിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീനിയര്‍ താരവും സ്‌ട്രൈക്കറുമായ ദിമിത്തര്‍ ബെര്‍ബറ്റോവിന് ക്ലബ്ബിലെ പൊറുതി മതിയായി എന്ന വാര്‍ത്തയാണ് ട്രാന്‍സ്ഫര്‍ വിപണിയെ ചൂടുപിടിപ്പിച്ചിട്ടുള്ളത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പലതും പറയാതെ പറഞ്ഞിരിക്കുകയാണ് താരം.

പ്രമുഖ താരങ്ങളുടെ കടന്നുവരവും ടീം സെലക്ഷനിലെ അവഗണനയുമെല്ലാമാണ് ബെര്‍ബറ്റോവിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ കഴിയാതെ വെറുതെ ടീമിന്റെ ഭാഗമായിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് താരം അഭിപ്രായപ്പെട്ടത്. അവഗണന സഹിച്ച് ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടരുകയില്ലെന്നാണ് ബെര്‍ബറ്റോവിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

യുണൈറ്റഡിലെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ബെര്‍ബറ്റോവിനെ ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരുവര്‍ഷംകൂടി കരാര്‍ നീട്ടാന്‍ ക്ലബ് തീരുമാനിച്ചെങ്കിലും പ്രതിഫലം കുറയ്ക്കാനുള്ള നീക്കം നടന്നുവെന്ന് ബെര്‍ബറ്റോവ് പരാതിപ്പെടുന്നു. കോച്ച് ഫെര്‍ഗൂസനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്.

2008 മുതല്‍ 'റെഡ് ഡെവിള്‍സി'ലെ നിര്‍ണായക സാന്നിധ്യമാണ് ഈ ബള്‍ഗേറിയന്‍ താരം. സാങ്കേതികത്തികവും പാസിങ്ങിലെ കൃത്യതയുമെല്ലാം ബെര്‍ബറ്റോവിനെ വേറിട്ടുനിര്‍ത്തി. അത്ര ചടുലമല്ലാത്ത എന്നാല്‍ ലക്ഷ്യബോധമുള്ള കേളീശൈലിയാണ് ബെര്‍ബറ്റോവിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിച്ചത്. കാര്‍ലോസ് ടെവസിനും വെയ്ന്‍ റൂണിക്കുമൊപ്പം യുണൈറ്റഡിന്റെ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ഫെര്‍ഗൂസന്‍ നിയോഗിച്ചതും ബെര്‍ബറ്റോവിനെത്തന്നെ.

എന്നാല്‍ പുതിയ താരങ്ങളുടെ കടന്നുവരവ് ബെര്‍ബറ്റോവിന് പാരയായി. വെല്‍ബെക്കും ജാവിയര്‍ ഹെര്‍ണാണ്ടസും ഫെര്‍ഗൂസന്റെ ഓമനകളായപ്പോള്‍ ബെര്‍ബറ്റോവിന് സൈഡ്‌ബെഞ്ചിലായി സ്ഥാനം. 2011ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയ്ക്കു മുന്നില്‍ ടീം അടിയറവ് പറയുമ്പോള്‍ ഗ്രൗണ്ടിന് പുറത്തിരുന്ന് കളികാണാനായിരുന്നു താരത്തിന്റെ നിയോഗം. താരത്തെ ടീമിലെടുക്കാത്തതിന് ഫെര്‍ഗൂസന് ഏറെ പഴികേള്‍ക്കേണ്ടിവന്നെങ്കിലും ബെര്‍ബറ്റോവിനോടുള്ള അവഗണന തുടര്‍ന്നു.

കഴിഞ്ഞ സീസണില്‍ 21 മത്സരങ്ങള്‍ മാത്രമാണ് ബെര്‍ബറ്റോവ് കളിച്ചത്. നേടിയതാകട്ടെ ഒന്‍പത് ഗോളും. യുവതാരങ്ങളുടെ ചുറുചുറുക്കോ വേഗമോ ഒന്നും ബെര്‍ബറ്റോവിന് ഉണ്ടാകണമെന്നില്ല. എന്നാല്‍ മാച്ച് വിന്നറാകാനുള്ള ശേഷി ഇപ്പോഴും കൈമോശം വന്നിട്ടില്ല. വെറുമൊരു ഈഗോ പ്രശ്‌നത്തിന്റെ പേരില്‍ ബെര്‍ബറ്റോവ് ഓള്‍ഡ് ട്രാഫോര്‍ഡ് വിടില്ലെന്നു തന്നെയാണ് ആരാധാകര്‍ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാലും ബെര്‍ബറ്റോവ് എന്ന ' ഇന്റലിജന്റ് ഫുട്‌ബോളറെ' ആവശ്യമുള്ള ക്ലബ്ബുകള്‍ ഏറെയുണ്ടാകും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.