|
സൗദിയും സമ്മതിച്ചു, മത്സരിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം വനിതാ പ്രാതിനിധ്യം
Posted on: 13 Jul 2012
രണ്ടു വനിതാ താരങ്ങളെ ലണ്ടനിലയയ്ക്കാന്‍ സൗദി തീരുമാനം താരങ്ങള്‍ക്കൊപ്പം വനിതാ ഒഫീഷ്യലുകളും
ലണ്ടന്‍: സ്ത്രീശാക്തീകരണത്തിന് ഒരു ഒളിമ്പിക് മാതൃകയായി മാറുകയാണ് ലണ്ടന്‍ ഗെയിംസ്. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളില്‍നിന്നും വനിതാ കായികതാരങ്ങളെത്തുന്ന ചരിത്രത്തിലെ ആദ്യ ഗെയിംസായി ലണ്ടന്‍മേള മാറുകയാണ്. രണ്ട് വനിതാ കായികതാരങ്ങളെ മത്സരിപ്പിക്കാന്‍ സൗദി അറേബ്യകൂടി തീരുമാനിച്ചതോടെയാണിത്. വനിതകളെ പങ്കെടുപ്പിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്ന ബ്രൂണെ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നേരത്തേതന്നെ വനിതാ പ്രാതിനിധ്യം ഉറപ്പിച്ചിരുന്നു.
ജൂഡോയിലും 800 മീറ്ററിലുമാണ് സൗദിയില്‍നിന്നുള്ള താരങ്ങള്‍ മത്സരിക്കുക. 800 മീറ്ററില്‍ സാറ അത്തറും ജൂഡോയില്‍ വോദ്ജാന്‍ അലി സെറേജ് അബ്ദുല്‍റഹിം ശഹര്‍ഖാനിയുമാണ് മത്സരിക്കുക. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് സൗദിയില്‍നിന്നുള്ള വനിതാ കായിക താരങ്ങളുടെ പ്രാതിനിധ്യം പ്രഖ്യാപിച്ചത്. ഇരുതാരങ്ങള്‍ക്കും നേരത്തേ ഐ.ഒ.സി ക്ഷണം ലഭിച്ചിരുന്നു. ഇവരുടെ പേരുകള്‍ കഴിഞ്ഞദിവസം സൗദി അംഗീകരിക്കുകയും ചെയ്തു. രണ്ട് താരങ്ങളെ അയയ്ക്കുന്നതിനൊപ്പം ആദ്യമായി വനിതാ ഒഫീഷ്യലുകളെയും അയയ്ക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.
ഒളിമ്പിക് ചരിത്രത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് ഐ.ഒ.സി അധ്യക്ഷന്‍ ഇതിനെ വാഴ്ത്തിയത്. സൗദി, ഖത്തര്‍, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ഇതുവരെ ഒളിമ്പിക്‌സിന് വനിതാതാരങ്ങളെ അയയ്ക്കാതിരുന്നിട്ടുള്ളത്. എല്ലാ രാജ്യങ്ങളും വനിതകളുടെ ഒളിമ്പിക് പങ്കാളിത്തത്തിന് തയ്യാറാകുന്നത് ആഗോള സ്ത്രീത്വത്തിനുതന്നെ വലിയൊരു മുന്നേറ്റമായാണ് സ്ത്രീപക്ഷ സംഘടനകള്‍ കാണുന്നത്.
ഒളിമ്പിക്‌സിലേക്ക് ആദ്യമായി വനിതകളെ അയയ്ക്കാന്‍ തയ്യാറായ ഖത്തര്‍, ഒരുപടികൂടി കടന്ന് വനിതാ കായികതാരങ്ങളിലൊരാളെ ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ പതാകയേന്താനും നിയോഗിച്ചു. ഷൂട്ടിങ് താരം ബാഹിയ അല്‍ ഹമാദാണ് ചരിത്രനിയോഗത്തിന് അര്‍ഹയായത്. സ്പ്രിന്റര്‍ നൂര്‍ അല്‍മാലിക്കിയാണ് ഖത്തറില്‍നിന്നുള്ള മറ്റൊരു വനിതാതാരം. 400 മീറ്റര്‍ താരം മാസിയ മഹൂസിനാണ് ബ്രൂണെയില്‍നിന്ന് ലണ്ടനിലെത്തുന്ന വനിതാതാരം.
1900 മുതല്‍ക്കാണ് വനിതാ കായികതാരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തുതുടങ്ങിയത്. ടെന്നീസിലും ഗോള്‍ഫിലും സെയ്‌ലിങ്ങിലുമാണ് വനിതകള്‍ മത്സരിച്ചത്. ടെന്നീസില്‍ സിംഗിള്‍സ് ചാമ്പ്യനായ ഷാര്‍ലറ്റ് കൂപ്പറാണ് ഒളിമ്പിക്‌സിലെ ആദ്യ വനിതാചാമ്പ്യന്‍.
|
|
Other stories in this section:
|
|